സിയോൺ: വിദേശ റഫറിമാർക്ക് ലൈംഗിക വിനോദങ്ങൾ നൽകിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെ മാപ്പു പറഞ്ഞ് ദക്ഷിണ കൊറിയൻ ഫുട്‌ബോൾ അസോസിയേഷൻ (കെഎഫ്എ). 2011-ൽ നടന്ന വിവിധ അന്താരാഷ്ട്ര മത്സരങ്ങൾക്ക് മുന്നോടിയായി വിദേശ റഫറിമാർക്ക് കൊറിയൻ ഫുട്‌ബോൾ അസോസിയേഷൻ നിയമവിരുദ്ധമായി ലൈംഗിക വിനോദങ്ങൾ നൽകിയിരുന്നെന്നാണ് പുറത്തുവന്ന റിപ്പോർട്ട്. അസോസിയേഷന്റെ കോർപ്പറേറ്റ് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചാണ് ഇതിനായുള്ള പണം നൽകിയിരുന്നതെന്ന് പ്രമുഖ വാർത്താ മാധ്യമമായ ജെടിബിസിയാണ് റിപ്പോർട്ട് ചെയ്തത്.

To advertise here,

സംഭവം വിവാദമായതോടെ ഖേദം പ്രകടിപ്പിച്ചുകൊണ്ട് കെഎഫ്എ ഔദ്യോഗിക പ്രസ്താവനയിറക്കി. പത്ത് വർഷം മുമ്പ് നടന്ന ഇത്തരം കാര്യങ്ങളെക്കുറിച്ച് നിലവിലെ പല ഭാരവാഹികൾക്കും അറിവില്ലായിരുന്നുവെന്നും ഇപ്പോൾ അത്തരം തെറ്റായ നടപടികൾ അസോസിയേഷനിൽ നടക്കുന്നില്ലെന്നും അവർ വ്യക്തമാക്കി. അക്കാലത്ത് ഇത് ഒരു 'സാധാരണ രീതി' ആയിരുന്നു എന്നാണ് അന്നത്തെ ഒരു കെഎഫ്എ ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. നിലവിൽ ഇത്തരം കാര്യങ്ങൾ തടയാൻ കർശനമായ ആഭ്യന്തര മാർഗനിർദേശങ്ങൾ നടപ്പിലാക്കിയിട്ടുണ്ടെന്നും അസോസിയേഷൻ അറിയിച്ചു.

2014-ലെ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ, 2012-ലെ ലണ്ടൻ ഒളിമ്പിക്‌സ് യോഗ്യതാ മത്സരങ്ങൾ, കൂടാതെ ചില അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾ എന്നിവയ്ക്ക് മുന്നോടിയായാണ് ഈ സംഭവങ്ങൾ നടന്നത്. റിപ്പോർട്ടുകൾ പ്രകാരം, ആ വർഷം നടന്ന ഏഴ് മത്സരങ്ങളിലായി പങ്കെടുത്ത പത്തോളം വിദേശ റഫറിമാർക്കായി ഇത്തരം സൗകര്യങ്ങൾ അസോസിയേഷൻ ഏർപ്പാടാക്കിയിരുന്നു. സിയോളിലെ ഗംഗ്‌നം ജില്ല, ചാങ്വോൺ, ഉൽസാൻ എന്നിവിടങ്ങളിലെ അഡൾട്ട് എന്റർടൈൻമെന്റ് സെന്ററുകളിലാണ് ഇവർക്കായി വിനോദങ്ങൾ ഒരുക്കിയത്. ഇതിനായി ദശലക്ഷക്കണക്കിന് വോൺ അസോസിയേഷൻ ചെലവാക്കിയതായും 2016-ലെ സാംസ്‌കാരിക, കായിക, വിനോദസഞ്ചാര മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.

ഗഗ്‌നം ജില്ലയിലെ ഒരു മസാജ് പാർലറിൽ ഒരു ദിവസം ക്രെഡിറ്റ് കാർഡ് കൊണ്ട് അഞ്ച് ലക്ഷം വോൺ (ഏകദേശം അന്നത്തെ 30,000) രൂപ പൊടിച്ചെന്നാണ് കണക്ക്. ജപ്പാനിൽ നിന്നുമുള്ള ഒരു റഫറിയാണ് ഇതിന് പിന്നിലെന്ന് പറയപ്പെടുന്നു. കൊറിയയിലെത്തിയ പല റഫറിമാരും ഇത്തരം സ്വീകരണങ്ങൾ ആവശ്യപ്പെടാറുണ്ടെന്നും റിപ്പോർട്ടുണ്ട്.

ജപ്പാൻ, യുഎഇ, ബഹ്റൈൻ, ഉസ്‌ബെക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള പത്തോളം വിദേശ ഉദ്യോഗസ്ഥർ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. ഖത്തർ, ഒമാൻ എന്നിവരുമായുള്ള ഒളിമ്പിക് യോഗ്യതാ മത്സരങ്ങളും കുവൈറ്റുമായുള്ള ലോകകപ്പ് യോഗ്യതാ മത്സരവും ഈ പട്ടികയിൽ ഉൾപ്പെടുന്നു.