ന്യൂഡൽഹി: പ്രണയബന്ധം അവസാനിച്ചാൽ അതിനുമുൻപ് പരസ്പരസമ്മതത്തോടെ നടന്ന ലൈംഗികബന്ധത്തെ ബലാത്സംഗമായി ചിത്രീകരിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി. പ്രണയ കാലത്തുണ്ടായ ശാരീരിക അടുപ്പത്തെ ബന്ധം വേർപിരിയുമ്പോൾ കുറ്റകൃത്യമായി മുദ്രകുത്താനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ബന്ധങ്ങൾ തകരുമ്പോൾ പങ്കാളിക്കെതിരെ പരാതി നൽകി ക്രിമിനൽ കേസുകൾ ചുമത്തുന്ന പ്രവണത വർധിച്ചുവരുന്നതിൽ സുപ്രീം കോടതി ആശങ്ക രേഖപ്പെടുത്തി.
മലയാളിയായ സന്തോഷ് കുമാർ എൻ.പി. സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർണായക ഉത്തരവ്. പ്രണയം നടിച്ച് വഞ്ചനയിലൂടെ ലൈംഗിക ബന്ധത്തിന് സമ്മതം നേടിയെടുക്കുന്ന കേസുകളും, ബന്ധം അവസാനിച്ചതുകൊണ്ടുമാത്രം മുൻകാലങ്ങളിൽ നടന്ന ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തെ കുറ്റകൃത്യമായി ചിത്രീകരിക്കുന്ന കേസുകളും തമ്മിൽ വേർതിരിച്ചു കാണേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ക്രിമിനൽ നിയമസംവിധാനത്തെ ഇത്തരത്തിൽ ഉപയോഗിക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തെയും വ്യക്തിത്വത്തെയും ബാധിക്കുമെന്നും കോടതി വ്യക്തമാക്കി.
ബന്ധങ്ങൾ തകരുമ്പോഴെല്ലാം ബലാത്സംഗ ആരോപണങ്ങൾ ഉന്നയിക്കുന്നത് യഥാർഥ ബലാത്സംഗ കുറ്റകൃത്യങ്ങളുടെ ഗൗരവം കുറയ്ക്കുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നൽകി. ആദ്യവിവാഹം മറച്ചുവെച്ച് കർണാടകയിലെ മൈസൂരിൽ വെച്ച് സന്തോഷ് കുമാർ തന്നെ രണ്ടാമത് വിവാഹം കഴിച്ചുവെന്നാരോപിച്ചാണ് കേസിലെ പരാതിക്കാരി കോടതിയെ സമീപിച്ചത്. 1996 മുതൽ 2003 വരെ ഒരുമിച്ച് താമസിച്ച കാലയളവിൽ ഭർത്താവ് തന്നെ വഞ്ചിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് പരാതിയിലുണ്ടായിരുന്നു.
എന്നാൽ, തനിക്കെതിരെയുള്ള ക്രിമിനൽ കേസുകൾ വ്യാജമാണെന്നും ഇത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സന്തോഷ് കുമാർ നൽകിയ ഹർജി കേരള ഹൈക്കോടതി തള്ളിയിരുന്നു. തുടർന്ന്, ഉത്തരവിനെ ചോദ്യംചെയ്ത് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്. ഇതിനെത്തുടർന്ന് ബലാത്സംഗം, വഞ്ചന എന്നീ കുറ്റങ്ങളിൽനിന്ന് സന്തോഷ് കുമാറിനെ ഒഴിവാക്കി.
Content Highlights: Supreme Court clarifies that the breakdown of a consensual relationship does not turn past physical intimacy into rape., Expressed concern over the increasing trend of converting failed personal relationships into criminal cases., Differentiated between initial fraudulent consent and subsequent regret over consensual acts., Quashed criminal proceedings and rape charges against Kerala native Santosh Kumar.
Published: 30 Oct 2026, 04:40 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented