നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം ഉന്നയിച്ച നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന. ഡൽഹി ആസ്ഥാനമായുള്ള എൻസിഎം ഇന്ത്യ കൗൺസിൽ ഫോർ മെൻ അഫയേഴ്‌സ് എന്ന എൻജിഒ ആണ് മുംബൈ പോലീസിനോട് ഇക്കാര്യം എക്‌സിലൂടെ ആവശ്യപ്പെട്ടത്. പുരുഷന്മാരുടെ അവകാശങ്ങൾക്കും ലിംഗസമത്വത്തിനുമായി പ്രവർത്തിക്കുന്ന എൻജിഒ ആണ് ഇത്.

To advertise here,

വേറേയും നിരവധി പേർ സോഷ്യൽ മീഡിയയിൽ ശിൽപ്പാ ഷിൻഡെയെ വിമർശിച്ച് രംഗത്തെത്തി. സ്വാർഥയായ സ്ത്രീയാണെന്നും ഒരു പുരുഷന്റെ ജീവിതം തകർത്തുവെന്നും ഇപ്പോൾ മുതലക്കണ്ണീർ പൊഴിക്കുന്നുവെന്നുമാണ് ഒരാൾ കുറിച്ചത്. 'ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണം' എന്ന് മറ്റൊരാൾ. 'ആരോപണവിധേയനായിരുന്ന നിർമാതാവ് മാനനഷ്ടത്തിന് കേസ് കൊടുക്കണം' എന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം.

കഴിഞ്ഞ ദിവസമാണ് ഒരു പോഡ്കാസ്റ്റിൽ ശിൽപ്പാ ഷിൻഡെ കുറ്റസമ്മതം നടത്തിയത്. ഭാഭിജി ഘർ പർ ഹേ എന്ന ടെലിവിഷൻ സിറ്റ്കോമിന്റെ നിർമാതാവ് സഞ്ജയ് കോലിക്കെതിരെ മുമ്പ് ഉന്നയിച്ച ലൈംഗികാരോപണം തെറ്റായിരുന്നുവെന്നാണ് അവർ പറഞ്ഞത്. പത്ത് വർഷങ്ങൾക്ക് ശേഷമാണ് ശിൽപ്പാ ഷിൻഡെയുടെ കുറ്റസമ്മതം. എന്തുകൊണ്ടാണ് താൻ ഇത്തരത്തിൽ വ്യാജ ആരോപണം ഉന്നയിച്ചത് എന്നും അവർ പോഡ്കാസ്റ്റിൽ വിശദീകരിച്ചു.

അഭിനയിച്ചതിനുള്ള പ്രതിഫലം നിർമാതാവ് തനിക്ക് തന്നില്ല എന്ന് താരം പറഞ്ഞു. തുടർന്ന് പോലീസിനെ സമീപിച്ചു. 'എഫ്ഐആർ രജിസ്റ്റർ ചെയ്യണമെങ്കിൽ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കണമെന്ന് പോലീസ് എന്റെ മുഖത്ത് നോക്കി പറഞ്ഞു. അതുകൊണ്ടാണ് ഞാൻ അത്തരമൊരു ആരോപണം ഉന്നയിച്ചത്. നിയമം അറിയാവുന്നതിനാൽ ആ നടപടിക്രമങ്ങൾ എനിക്ക് മനസിലായി. ഞാൻ എന്താണ് ചെയ്യുന്നതെന്ന ബോധ്യമുണ്ടോ എന്ന് എന്റെ സുഹൃത്തുക്കൾ പോലും അന്ന് എന്നോട് ചോദിച്ചിരുന്നു.' -ശിൽപ ഷിൻഡെ പറഞ്ഞു.