
സിഡ്‌നി: മസാജ് പാർലറിലെത്തിയ 61 സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ഇന്ത്യക്കാരനായ ഉഴിച്ചിൽകാരന് കഠിനതടവ്. ഡൽഹി സ്വദേശിയായ സുമിത് സതീഷ് റസ്‌ത്തോഗി(39)യെയാണ് സൗത്ത് ഓസ്‌ട്രേലിയ ജില്ലാ കോടതി 13 വർഷവും 10 മാസവും തടവിന് ശിക്ഷിച്ചത്. ഇതിൽ പത്തുവർഷവും പത്തുമാസവും പരോളില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. തടവുശിക്ഷയ്ക്ക് ശേഷം ഇയാളെ ഓസ്‌ട്രേലിയയിൽനിന്ന് നാടുകടത്തിയേക്കും.
2021 ഒക്ടോബർ മുതൽ 2022 ജൂലായ് വരെയുള്ള കാലയളവിലാണ് അഡെലെയ്ഡിലെ ഒരു മസാജ് പാർലറിൽവെച്ച് പ്രതി 61-ഓളം സ്ത്രീകളെ ലൈംഗികമായി ചൂഷണംചെയ്തത്. മസാജ് പാർലറിലെത്തിയ സ്ത്രീകളെ ലൈംഗികമായി ചൂഷണംചെയ്ത പ്രതി, ചില സ്ത്രീകളുടെ സ്വകാര്യദൃശ്യങ്ങളും രഹസ്യമായി പകർത്തിയിരുന്നു. മസാജ് പാർലറിലെ ജോലിക്കിടെ ലൈംഗികാതിക്രമം തുടർന്ന പ്രതി 2022 ജൂലായിലാണ് അറസ്റ്റിലായത്.
2011-ലാണ് സുമിത് സതീഷ് റസ്‌ത്തോഗി ഡൽഹിയിൽനിന്ന് ഓസ്‌ട്രേലിയയിൽ എത്തിയതെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. അതേസമയം, മസാജ് പാർലറിൽ മസാജ് തെറാപ്പിസ്റ്റായി ജോലിചെയ്തിരുന്ന പ്രതിക്ക് ഇതിനുള്ള യോഗ്യതയില്ലായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
മസാജിനെത്തുന്ന സ്ത്രീകളെ മോശമായരീതിയിൽ സ്പർശിച്ചും അടിവസ്ത്രങ്ങൾക്കുള്ളിൽ കൈക്കടത്തിയുമാണ് ഇയാൾ ഉപദ്രവിച്ചിരുന്നത്. സ്ത്രീകൾ അറിയാതെ ഇവരുടെ ദൃശ്യങ്ങളും പകർത്തി സൂക്ഷിച്ചു. പ്രതിയുടെ അതിക്രമത്തിനിരയായ ഒട്ടേറെ സ്ത്രീകളാണ് കോടതിയിൽ വിചാരണയ്ക്കിടെ മൊഴി നൽകിയത്. പ്രതിയിൽനിന്ന് നേരിട്ട അതിക്രമം ഇന്നും മാനസികമായി വേട്ടയാടുന്നുണ്ടെന്നായിരുന്നു പലരുടെയും വെളിപ്പെടുത്തൽ.
കേസിലെ ഇരയായ ഒരുസ്ത്രീയ്ക്ക് തന്റെ ഹണിമൂണിനിടെയാണ് മസാജ് പാർലറിൽനിന്ന് ദുരനുഭവമുണ്ടായത്. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിനങ്ങളിലാണ് ഇത്തരമൊരു ദുരനുഭവമുണ്ടായതെന്നും അത് ഇപ്പോഴും വേദനിപ്പിക്കുന്ന ഓർമയാണെന്നും ഇവർ പറഞ്ഞു. മസാജ് പാർലറിലെ അതിക്രമത്തിനുശേഷം പുരുഷന്മാരായ ആരോഗ്യപ്രവർത്തകരിൽ വിശ്വാസം നഷ്ടപ്പെട്ടെന്നായിരുന്നു മറ്റൊരു സ്ത്രീയുടെ മൊഴി. ഇത് വിവാഹജീവിതത്തെവരെ ബാധിച്ചെന്നും ഇവർ പറഞ്ഞു.
Content Highlights: Sumit Satish Rastogi sentenced to 13 years and 10 months in prison., Convicted of sexually assaulting 61 women at an Adelaide massage parlor., Offenses occurred between October 2021 and July 2022., Defendant secretly recorded private footage of victims., Court ordered deportation following the completion of the prison sentence.
Published: 17 May 2026, 02:23 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented