ജീവിതപങ്കാളികൾ സന്തോഷകരമായ ലൈംഗികജീവിതം നയിക്കാൻ ആഴ്ചയിൽ എത്ര തവണ ശാരീരികബന്ധത്തിലേർപ്പെടണം? ദിവസവും ലൈംഗികബന്ധത്തിലേർപ്പെടുന്നത് ആരോഗ്യത്തെ ബാധിക്കുമോ? എപ്പോഴാണ് സെക്സ് അമിതമാകുന്നത്? ലൈംഗികജീവിതത്തെക്കുറിച്ച് പലരുടെയും മനസ്സിൽ നിരവധി ചോദ്യങ്ങളുണ്ട്. എന്നാൽ, മാസത്തിൽ ഇത്ര തവണയോ ആഴ്ചയിൽ ഇത്ര തവണയോ ലൈംഗികബന്ധത്തിലേർപ്പെടണമെന്നതിന് കൃത്യമായ കണക്കൊന്നുമില്ല. ഓരോ വ്യക്തിയുടെയും താൽപര്യങ്ങളും ശാരീരികാവസ്ഥയും പങ്കാളികൾ തമ്മിലുള്ള ബന്ധവുമെല്ലാം ഇതിൽ പ്രധാനമാണ്. എങ്കിലും, ലൈംഗികബന്ധം ശരീരത്തെയും മനസ്സിനെയും ബാധിക്കുന്നുണ്ടെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് റിലേഷൻഷിപ്പ് വിദഗ്ധയായ കനുഷ വൈ.കെ.പറയുന്നു.

To advertise here,

എത്ര തവണ സെക്സ് ആകാം?

ലൈംഗികബന്ധത്തിന്റെ ആവൃത്തി ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും. ചിലർക്ക് കൂടുതൽ തവണ ലൈംഗികബന്ധത്തിലേർപ്പെടാൻ താൽപര്യമുണ്ടാകാം. മറ്റുചിലർക്ക് അതിനോട് താൽപര്യം കുറവായിരിക്കാം. ഇതിലൊന്നും സ്വാഭാവികമായി തെറ്റില്ല. പങ്കാളികൾ ഇരുവരും താൽപര്യത്തോടെയും സമ്മതത്തോടെയും ബന്ധത്തിലേർപ്പെടുന്നുണ്ടോ എന്നതാണ് പ്രധാനം. എത്ര തവണ ലൈംഗികബന്ധത്തിലേർപ്പെടുന്നു എന്നതിനെക്കാൾ, അത് ഇരുവർക്കും സുഖകരവും ആരോഗ്യകരവുമാണോ എന്ന് മനസ്സിലാക്കുകയാണ് വേണ്ടത്. അതേസമയം ആഴ്ചയിൽ ഒരു ദിവസം സെക്സിലേർപ്പെടുന്നത് മാനസിക സന്തോഷം കൂട്ടുമെന്നും ആരോഗ്യപ്രദവുമാണെന്നും ജേണൽ ഓഫ് സോഷ്യൽ സൈക്കോളജിക്കൽ ആന്റ് പേഴ്സാണിലിറ്റി സയൻസ് നടത്തിയ ഗവേഷണത്തിൽ പറയുന്നുണ്ട്.

ശരീരം നൽകുന്ന മുന്നറിയിപ്പുകളെ ശ്രദ്ധിക്കാം

ലൈംഗികബന്ധം അമിതമാകുന്നുണ്ടോ എന്ന് തിരിച്ചറിയാൻ എല്ലാവർക്കും ബാധകമായ ഒരു കണക്കില്ല. എന്നാൽ ശരീരം ചില സൂചനകൾ നൽകും. ലൈംഗികബന്ധത്തിനു ശേഷം വേദന, ചർമത്തിൽ നീറ്റൽ, പേശിവേദന, ആവശ്യത്തിന് ലൂബ്രിക്കേഷൻ ഇല്ലാത്തതുമൂലമുള്ള അസ്വസ്ഥത എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. ഇത്തരം ലക്ഷണങ്ങൾ അവഗണിച്ച് ലൈംഗികബന്ധത്തിൽ തുടരുന്നത് കൂടുതൽ ബുദ്ധിമുട്ടുകൾക്ക് കാരണമായേക്കാം.

മൂത്രമൊഴിക്കുമ്പോൾ നീറ്റൽ, ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നൽ തുടങ്ങിയ ലക്ഷണങ്ങളും ശ്രദ്ധിക്കണം. ഇവ മൂത്രനാളിയിലെ അണുബാധ ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിക്കാം. ഇത്തരം ലക്ഷണങ്ങൾ ഉണ്ടായാൽ ലൈംഗികബന്ധത്തിന്റെ എണ്ണം മാത്രമാണ് കാരണമെന്ന് കരുതാതെ വൈദ്യസഹായം തേടുന്നതാണ് ഉചിതം.

ലൈംഗികബന്ധത്തിനിടെ ഉദ്ധാരണം ലഭിക്കാതിരിക്കുകയോ ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്യുന്നത് ചിലരിൽ ശാരീരികമോ മാനസികമോ ആയ ക്ഷീണവുമായി ബന്ധപ്പെട്ടിരിക്കാം. എന്നാൽ ഇതിന് സമ്മർദം, ഉറക്കക്കുറവ്, ചില ആരോഗ്യപ്രശ്‌നങ്ങൾ, മരുന്നുകളുടെ ഉപയോഗം തുടങ്ങിയ പല കാരണങ്ങളുമുണ്ടാകാം. അതിനാൽ ലൈംഗികബന്ധം കൂടുതലായതാണ് ഇതിനു കാരണമെന്ന് സ്വയം തീരുമാനിക്കരുത്. പ്രശ്‌നം ആവർത്തിക്കുന്നുണ്ടെങ്കിൽ ഡോക്ടറുടെ സഹായം തേടണം.

മനസ്സിനെ നിയന്ത്രിക്കുന്ന അവസ്ഥയുണ്ടോ?

ലൈംഗികതയെക്കുറിച്ച് ചിന്തിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ ലൈംഗികചിന്തകളും ആഗ്രഹങ്ങളും നിയന്ത്രിക്കാൻ കഴിയാതെ വരികയും അവ ജോലി, പഠനം, വ്യക്തിബന്ധങ്ങൾ, ദൈനംദിന ജീവിതം എന്നിവയെ ബാധിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അതിനെ ഗൗരവത്തോടെ കാണണം. പ്രതികൂല ഫലങ്ങൾ ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും അപകടസാധ്യതയുള്ള ലൈംഗിക പെരുമാറ്റം ആവർത്തിക്കുക, അതിനെച്ചൊല്ലി കുറ്റബോധമോ വിഷമമോ അനുഭവപ്പെടുക തുടങ്ങിയവയും ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളാണ്.അതേസമയം, ലൈംഗികബന്ധത്തിൽ താൽപര്യം കുറയുന്നതോ അത് വിരസമായി തോന്നുന്നതോ മാത്രം ഒരു മാനസികാരോഗ്യപ്രശ്‌നത്തിന്റെ തെളിവല്ല. വ്യക്തിയുടെ സാഹചര്യവും അനുഭവങ്ങളും പരിഗണിച്ചുവേണം ഇക്കാര്യങ്ങൾ വിലയിരുത്താൻ.

ലൈംഗികതയുമായി ബന്ധപ്പെട്ട പെരുമാറ്റങ്ങൾ സ്വന്തം നിയന്ത്രണത്തിന് അതീതമാകുന്നുവെന്ന് തോന്നിയാൽ ചില അതിരുകൾ നിശ്ചയിക്കേണ്ടതുണ്ട്. അപകടസാധ്യതയുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക, സ്വന്തം ശാരീരികവും മാനസികവുമായ അവസ്ഥ ശ്രദ്ധിക്കുക, ആവശ്യമെങ്കിൽ കൗൺസലിങ്ങിന്റെ സഹായം തേടുക എന്നിവ ഗുണകരമാകാം. മദ്യവും മറ്റ് ലഹരിവസ്തുക്കളും തീരുമാനങ്ങളെയും ലൈംഗിക പെരുമാറ്റത്തെയും സ്വാധീനിക്കാമെന്നതും ഓർക്കണം. പങ്കാളിയുടെ സമ്മതം, പരസ്പര ബഹുമാനം, തുറന്ന ആശയവിനിമയം എന്നിവ ആരോഗ്യകരമായ ലൈംഗികബന്ധത്തിൽ നിർണായകമാണ്. ഒരാൾക്ക് താൽപര്യമുള്ള കാര്യം മറ്റൊരാൾക്കും നിർബന്ധമായും താൽപര്യമുണ്ടാകണമെന്നില്ല. അതിനാൽ സ്വന്തം ആഗ്രഹങ്ങൾ പങ്കാളിയുമായി തുറന്നു സംസാരിക്കുകയും ഇരുവരുടെയും അതിരുകൾ മാനിക്കുകയും വേണം.

ചുരുക്കത്തിൽ, സെക്സ് എത്ര തവണയാകാം എന്നതിന് എല്ലാവർക്കും ബാധകമായ ഒരുത്തരമില്ല. ശരീരത്തിന് വേദനയോ അസ്വസ്ഥതയോ ഉണ്ടാകുന്നുണ്ടോ, ലൈംഗികത ദൈനംദിന ജീവിതത്തെ ബാധിക്കുന്നുണ്ടോ, സ്വന്തം പെരുമാറ്റം നിയന്ത്രിക്കാൻ കഴിയുന്നുണ്ടോ എന്നതാണ് ശ്രദ്ധിക്കേണ്ടത്. എണ്ണത്തേക്കാൾ പ്രധാനം പരസ്പര സമ്മതവും സുരക്ഷയും ശാരീരിക-മാനസികസൗഖ്യവുമാണ്.