സാഗ്രെബ് (ക്രൊയേഷ്യ): കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്‍ താരവും ഇന്ത്യന്‍ ഡിഫന്‍ഡറുമായ സന്ദേശ് ജിംഗാന്റെ ക്രൊയേഷ്യന്‍ ക്ലബ്ബിലെ അരങ്ങേറ്റം വൈകും. 

To advertise here,

എച്ച്എന്‍കെ സിബെനിക്കിലേക്കുള്ള ട്രാന്‍സ്ഫര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ടീമിന്റെ ഭാഗമായതിന്റെ മൂന്നാം ദിവസം തന്നെ ജിംഗാന് പരിക്കേറ്റു.

ക്രൊയേഷ്യയിലെ ഒന്നാം ഡിവിഷനില്‍ റിജെക്ക എഫ്.സിക്കെതിരായ മത്സരത്തില്‍ അരങ്ങേറ്റം കുറിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് താരത്തിന് പരിക്കേല്‍ക്കുന്നത്.

ജിംഗാന് പരിക്കേറ്റ കാര്യം കോച്ച് മാരിയോ റോസാസാണ് അറിയിച്ചത്. പരിക്ക് ഗുരുതരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ഞായറാഴ്ചയാണ് ജിംഗാന്‍ ക്രൊയേഷ്യയിലെത്തിയത്. പിന്നാലെ താരത്തിന്റെ രജിസ്ട്രേഷന്‍, വര്‍ക്ക് പെര്‍മിറ്റ് തുടങ്ങിയ കാര്യങ്ങള്‍ ശരിയാക്കാന്‍ സമയമെടുത്തിരുന്നു. ഇതിനു പിന്നാലെ ടീമിനൊപ്പം പരിശീലനം ആരംഭിച്ചതിനു പിന്നാലെയാണ് പരിക്ക്. നിലവില്‍ 2022 വരെയാണ് താരത്തിന്റെ കരാര്‍. 

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബ് എടികെ മോഹന്‍ ബഗാനില്‍ നിന്നാണ് താരം എച്ച്എന്‍കെ സിബെനിക്കിലേക്ക് പോയത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന ഡിഫന്‍ഡറായിരുന്നു ജിംഗാന്‍. എടികെയുമായി നാലു വര്‍ഷത്തെ കരാര്‍ ബാക്കിയുള്ളപ്പോഴാണ് ജിംഗാന്‍ കൊല്‍ക്കത്ത വിട്ടത്.

Content Highlights: Sandesh Jhingan injured after joining Croatian club HNK Sibenik