ലണ്ടൻ: പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ആഴ്‌സണലിനെ തകർത്ത് ബ്രൈറ്റൻ ആന്റ് ഹോവ് ആൽബിയോൺ. സ്വന്തം മൈതാനത്ത് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ഇത്തവണ 125-ാം വാർഷികം ആഘോഷിക്കുന്ന ബ്രൈറ്റന്റെ വിജയം.
വാർഷികത്തോടനുബന്ധിച്ച് പ്രത്യേക പതിപ്പ് ജേഴ്‌സി ധരിച്ച് കളത്തിലിറങ്ങിയ ഫാബിയൻ ഹർസലറുടെ ബ്രൈറ്റൻ ടീം മത്സരത്തിൽ ഉടനീളം ആധിപത്യം പുലർത്തി. 1903-ന് ശേഷം ആദ്യമായി ഒരു സീസണിന്റെ തുടക്കത്തിൽ തുടർച്ചയായ എട്ടാം വിജയം ലക്ഷ്യമിട്ടിറങ്ങിയ ആഴ്‌സണലിന് ഈ തോൽവി വൻ തിരിച്ചടിയായി. ഈ തോൽവിയോടെ ആഴ്‌സണലിന് ലീഗിലെ ഒന്നാം സ്ഥാനവും നഷ്ടമായി.
31-ാം മിനിറ്റിൽ പാസ്‌കൽ ഗ്രോസ് ബ്രൈറ്റനായി ആദ്യ ഗോൾ നേടി. 45-ാം മിനിറ്റിൽ ചരലാമ്പോസ് കോസ്റ്റൂലാസ് ടീമിന്റെ ലീഡുയർത്തി. തുടർന്ന് 57-ാം മിനിറ്റിൽ ഗ്രോസിന്റെ കോർണർ കിക്കിൽ നിന്ന് ചെമ ആന്ദ്രേസ് ഹെഡറിലൂടെ ടീമിന്റെ ഗോൾ പട്ടിക തികച്ചു.
ബ്രൈറ്റൺ അർഹിച്ച വിജയമാണിതെന്നും ടീമിന് ഇതൊരു വലിയ പാഠമാണെന്നും മത്സരശേഷം ആഴ്‌സണൽ പരിശീലകൻ മികേൽ അർട്ടേറ്റ പ്രതികരിച്ചു. കഴിഞ്ഞ രണ്ട് സീസണുകളിൽ ലിവർപൂളും മാഞ്ചസ്റ്റർ സിറ്റിയും തോറ്റ ബ്രൈറ്റന്റെ അമെക്‌സ് സ്റ്റേഡിയത്തിൽ തുടർച്ചയായ മൂന്നാം വർഷമാണ് ചാമ്പ്യന്മാർ തോൽവി അറിയുന്നത്. മിഡ്വീക്കിൽ ലീഗ് കപ്പിൽ മാഞ്ചെസ്റ്റർ യുണൈറ്റഡിനെതിരെ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ച് ജയിച്ച ആത്മവിശ്വാസത്തിലാണ് ബ്രൈറ്റൺ കളത്തിലിറങ്ങിയത്.
മറ്റൊരു മത്സരത്തിൽ ടോട്ടനം ഹോട്‌സ്പറിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ആസ്റ്റൺ വില്ല പരാജയപ്പെടുത്തി. ഈ സീസണിലെ ആദ്യ ലീഗ് ജയം സ്വന്തമാക്കിയ ആസ്റ്റൺ വില്ലയ്ക്കായി യൊഹാൻ മാൻസാംബി, നിക്കോളാസ് ജാക്‌സൺ, എമി ബ്യൂണ്ടിയ എന്നിവർ ഗോളുകൾ നേടി. ആസ്റ്റൺ വില്ല ഗോൾകീപ്പർ സിയോൺ സുസൂക്കിയുടെ പ്രകടനവും നിർണായകമായി.
മറ്റൊരു മത്സരത്തിൽ ചെൽസിക്കെതിരേ ബ്രെന്റ്‌ഫോർഡ് മിന്നുന്ന ജയം നേടി. ഈ സീസണിൽ ചെൽസിയെ ഗോളടിക്കുന്നതിൽ നിന്ന് തടയുന്ന ആദ്യ ടീമായി ബ്രെന്റ്‌ഫോർഡ് മാറി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ബ്രെന്റ്‌ഫോർഡിന്റെ ജയം. ജയത്തോടെ സീസണിൽ തോൽവിയറിയാത്ത കുതിപ്പ് തുടരുന്ന ബ്രെന്റ്‌ഫോർഡ് ലീഗ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. അതേസമയം, പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ ജയം നേടാനാകാതെ സാബി അലോൺസോയുടെ ചെൽസി ഒമ്പതാം സ്ഥാനത്താണ്.
61-ാം മിനിറ്റിൽ ജയ്ഡൺ ആന്റണിയും 83-ാം മിനിറ്റിൽ ഇഗോർ തിയാഗോയും ഇൻജുറി ടൈമിൽ ഫാബിയോ കാർവാലോയുമാണ് ബ്രെന്റ്‌ഫോർഡിനായി സ്‌കോർ ചെയ്തത്.
Content Highlights: Brighton defeated Arsenal 3-0 in a dominant performance during their 125th anniversary., Arsenal lost their top position in the Premier League standings following the defeat., Chelsea suffered a 3-0 defeat against Brentford, dropping to ninth place in the league., Aston Villa secured their first league win of the season against Tottenham Hotspur.
Published: 20 Sept 2026, 08:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented