ന്യൂഡൽഹി: ഫിഫ ലോകകപ്പിനുള്ള ഔദ്യോഗിക ഗാനം ചിട്ടപ്പെടുത്തിയ ആദ്യ ഇന്ത്യൻ കൊറിയോഗ്രാഫറായി മലയാളിയായ രജിത് ദേവ്. 2026 ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ആൽബത്തിലെ 18 ഗാനങ്ങളിൽ ഒന്നായ "സീർ സീർ" എന്ന ഗാനത്തിന്റെ കൊറിയോഗ്രഫിയാണ് രജിത് നിർവഹിച്ചത്. ബോളിവുഡ് ഗായിക നോറ ഫത്തേഹി, ഫ്രഞ്ച് ഗായികയും ഗാനരചയിതാവുമായ വെജ്ഡ്രീം, സംഗീത സംവിധായകൻ സഞ്ജോയ് എന്നിവരുൾപ്പെടെയുള്ള ലോകത്തെ വൻ പ്രതിഭകളുടെ നിര ഈ ഗാനത്തിന്റെ പിന്നിലുണ്ട്.

To advertise here,

മുംബൈയിലാണ് രജിത് ജനിച്ചുവളർന്നതെങ്കിലും കുടുംബത്തിന്റെ വേരുകൾ കേരളത്തിലുമുണ്ട്. ഷൊർണൂറിലാണ് കുടുംബം താമസിച്ചിരുന്നത്. ചെറുപ്പകാലത്ത് ഫുട്ബോൾ കളിക്കാരനായിരുന്ന രജിത് ഒരു ലോകകപ്പ് ഗാനത്തിന്റെ കൊറിയോഗ്രഫി നിർവഹിച്ചതിന്റെ സന്തോഷത്തിലാണ്. വക്കാ വക്കാ, വേവിങ് ഫ്ലാഗ് തുടങ്ങിയ ഗാനങ്ങൾ കേട്ടാണ് വളർന്നതെന്നും ഇത് വലിയൊരു ഭാഗ്യമായി കരുതുന്നുവെന്നും രജിത് പ്രതികരിച്ചു. ഒരു പതിറ്റാണ്ടോളമായി നോറ ഫത്തേഹിയുമായി ചേർന്ന് പ്രവർത്തിക്കുന്നയാളാണ് രജിത്. അതിനാൽ തന്നെ നോറയ്ക്ക് ഇങ്ങനെയൊരു അവസരം ലഭിച്ചപ്പോൾ തന്നെ ഇതിന്റെ ഭാഗമാക്കുകയായിരുന്നുവെന്നും രജിത് പറഞ്ഞു.

നോറ ബോളിവുഡിലെ അവരുടെ പാട്ടുകൾക്ക് കൊറിയോഗ്രഫി ചെയ്യുന്നതിൽ നല്ല പിന്തുണ നൽകിയിട്ടുണ്ട്. അതിനാൽ അവരുടെ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ അവസരം ലഭിച്ചപ്പോൾ, ഫിഫ ലോകകപ്പ് ഗാനത്തിന് കൊറിയോഗ്രഫി ചെയ്യാൻ എന്നെ ഒപ്പം കൂട്ടി. ഒരു ടീം എന്ന നിലയിൽ ഞങ്ങൾ വളരെ ശക്തരാണ്. അവർ എന്റെ ചുവടുകൾക്ക് മാന്ത്രികസ്പർശം നൽകുന്നു. ഇപ്പോഴിതാ ലോകം മുഴുവൻ എന്റെ ഈ ചുവടുകൾ വെക്കാനൊരുങ്ങുകയാണ്. അതിന്റെ എല്ലാ ക്രെഡിറ്റും നോറ ഫത്തേഹിക്കാണ്. - രജിത് ദേവ് കൂട്ടിച്ചേർത്തു.

ടൊറന്റോയിൽ ജൂൺ 12 ന് നടക്കുന്ന ചടങ്ങിൽ ഈ ഗാനത്തിന് നോറ ഫത്തേഹി ചുവടുവെച്ചേക്കും. എല്ലാ ആതിഥേയരാജ്യങ്ങളിലും ആദ്യമത്സരത്തിന് മുൻപ് ഉദ്ഘാടനപരിപാടികൾ നടക്കുന്നുണ്ട്. മെക്സിക്കോയിൽ വ്യാഴാഴ്ച ഇന്ത്യൻ സമയം രാത്രി 11 മണിക്ക് ആസ്ടെക്കയിലാണ് ഉദ്ഘാടനച്ചടങ്ങ്. കൊളംബിയൻ പോപ് ഗായിക ഷക്കീറയാണ് ഇക്കുറിയും ഉദ്ഘാടനച്ചടങ്ങളിലെ പ്രധാന ആകർഷണം. നൈജീരിയൻ ഗായകൻ ബർണാ ബോയും ഷാക്കിറയൊപ്പം അണിനിരക്കും. ഇരുവരും ചേർന്ന് 'ദായ് ദായ്' എന്നുതുടങ്ങുന്ന ഗാനം ആലപിക്കും. ഇവർക്കൊപ്പം മറ്റൊരു സംഘം സംഗീതജ്ഞരുമുണ്ടാകും. മെക്സിക്കൻ പരമ്പരാഗത കലാരൂപ മായ 'പാപ്പൽ പിക്കാഡോ' മാതൃകയിലാകും ചടങ്ങ്.