അസെർബൈജാൻ: ഫിഫയിൽ തനിക്ക് ഇപ്പോഴും ഭൂരിപക്ഷം അംഗങ്ങളുടെയും പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട് പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. ലോകകപ്പുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് രാജി ആവശ്യം ശക്തമായ സാഹചര്യത്തിലാണ് ഇൻഫാന്റിനോയുടെ പ്രതികരണം. ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ രാജി ആവശ്യം ഇൻഫാന്റിനോ തള്ളിക്കളഞ്ഞു.

To advertise here,

ലോകകപ്പിന്റെ ലാഭവിഹിതം വിറ്റഴിക്കാൻ ശ്രമിച്ച ഇൻഫാന്റിനോയുടെ നിലപാടിനെതിരെ യൂറോപ്പ്, വടക്കേ അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിലെ പ്രമുഖ ഫുട്‌ബോൾ അസോസിയേഷനുകൾ ശക്തമായി രംഗത്തുവന്നിരുന്നു. തുടർന്ന് ഫിഫ കൗൺസിൽ യോഗത്തിൽ ഇൻഫാന്റിനോക്ക് പരസ്യമായി മാപ്പുപറയേണ്ട സാഹചര്യവും ഉണ്ടായി.

'ലോകമെമ്പാടുമുള്ള 211 അംഗ അസോസിയേഷനുകൾ ചേർന്നാണ് എന്നെ തിരഞ്ഞെടുത്തത്. ഫിഫ പോലുള്ള ഒരു സംഘടനയിൽ ഭിന്നഭിപ്രായങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ എല്ലാവർക്കും ഒരു വോട്ടും തുല്യ ശബ്ദവുമുണ്ടെന്ന് വിശ്വസിക്കുന്ന ജനാധിപത്യ പ്രക്രിയയോട് നമുക്ക് ആത്മാർഥതയുണ്ടെങ്കിൽ, ഇവിടുത്തെ വൻ ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തെയും നമ്മൾ ബഹുമാനിക്കേണ്ടതുണ്ട്,' ഇൻഫാന്റിനോ പറഞ്ഞു.

വരുന്ന മാർച്ച് മാസത്തിലാണ് ഫിഫ പ്രസിഡന്റ് പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. അടുത്തിടെ ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷൻ ഇൻഫാന്റിനോക്ക് വീണ്ടും പിന്തുണ പ്രഖ്യാപിച്ചിരുന്നു.