പാരീസ്: പോള്‍ പോഗ്ബയും കൈലിയന്‍ എംബാപ്പെയും ഉള്‍പ്പെട്ട ഒരു വിവാദം ഫ്രഞ്ച് ഫുട്ബോളില്‍ പുകയുന്നു. എംബാപ്പെക്ക് പരിക്കുപറ്റാന്‍ ആഭിചാരം ചെയ്യുന്നതിനായി പോഗ്ബ ഒരു മന്ത്രവാദിയെ സമീപിച്ചെന്നാണ് ആരോപണം. യുവന്റസ് താരത്തിനെതിരേ ആരോപണം ഉന്നയിച്ചത് സഹോദരന്‍ മത്യാസ് പോഗ്ബയാണ്. 2018 ലോകകപ്പ് നേടിയ ഫ്രഞ്ച് ടീമിലെ അംഗങ്ങളാണ് പോഗ്ബയും എംബാപ്പെയും.

To advertise here,

എന്നാല്‍, അസംബന്ധമായ ആരോപണങ്ങള്‍ ഉന്നയിച്ച് തന്നെ ബ്ലാക്ക്മെയില്‍ ചെയ്യുകയാണെന്നാണ് പോള്‍ പറയുന്നത്. ഇതിനുപിന്നില്‍ ഒരു ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും പണം പിടുങ്ങാനാണ് ശ്രമമെന്നും പോള്‍ ആരോപിക്കുന്നു. താന്‍ ചില വിവരങ്ങള്‍ പുറത്തുവിട്ടാല്‍ പോളിന്റെ കരിയര്‍ തകരുമെന്ന് മത്യാസിന്റെ വീഡിയോയില്‍ പറയുന്നു. പോളിനെ ചതിയനെന്നും ഹിപ്പോക്രാറ്റ് എന്നും മത്യാസ് വിശേഷിപ്പിക്കുന്നു. കുടുംബത്തിലെ സംഘര്‍ഷങ്ങളാവാം സഹോദരനെതിരേ തിരിയാന്‍ മത്യാസിനെ പ്രേരിപ്പിച്ചതെന്ന് പലരും കരുതുന്നു.

പോളിന്റെ (29) മൂത്ത സഹോദരന്മാരാണ് ഇരട്ടകളായ മത്യാസും ഫ്ളോറന്റീനും (32). മൂന്നുപേരും ഫുട്ബോള്‍ താരങ്ങളാണ്. ഫ്ളോറന്റീന്‍ ഇപ്പോള്‍ കളിക്കുന്നത് എ.ടി.കെ. മോഹന്‍ ബഗാനിലാണ്. മത്യാസ് കൂടുതല്‍ കാലവും കളിച്ചത് ഇംഗ്ലീഷ് ക്ലബ്ബുകളിലാണ്. ലോകകപ്പിന് മൂന്നുമാസം മാത്രം ശേഷിക്കെ വിവാദം ഫ്രഞ്ച് ടീമില്‍ അസ്വസ്ഥതയുണ്ടാക്കുന്നു. മത്യാസ് ഇനി എന്തെല്ലാം വെളിപ്പെടുത്തുമെന്ന ആശങ്കയിലാണ് ഫ്രഞ്ച് ഫുട്ബോള്‍.