
സ്പാനിഷ് പ്രതിരോധനിരയിലെ കരുത്തുറ്റ താരമാണ് മാർക്ക് കുകുറെയ്യ. ലെഫ്റ്റ് ബാക്ക് ആ കാലുകളിൽ ഭദ്രം. എതിരാളികളുടെ മുന്നേറ്റങ്ങളെ പല ടാക്കിളുകളിലൂടെയും വീഴ്ത്തുന്ന കുകുറെയ്യ പക്ഷേ ജീവിതം മുന്നോട്ടുവെച്ച ടാക്കിളിൽ ഒരിക്കൽ പകച്ചുനിന്നിട്ടുണ്ട്. തന്റെ മൂത്ത മകൻ മത്യാവുവിന്റെ രൂപത്തിലായിരുന്നു ആ പരീക്ഷണം. ഓട്ടിസം ബാധിച്ച അവനെ ചുറ്റിപ്പറ്റിയായിരുന്നു പിന്നീട് കുകുറെയ്യയുടെ ജീവിതം. കളിക്കളത്തിൽപോലും അത് തുടർന്നു.
കുകുറെയ്യയുടെ നീട്ടിവളർത്തിയ മുടി തന്നെ മകനോടുള്ള സ്‌നേഹമാണ്. നീണ്ട മുടി മകന് ഇഷ്ടമുള്ളതിനാലും ഗ്രൗണ്ടിൽ അവൻ തിരിച്ചറിയാനുമാണ് മുടി വളർത്തിയത്. 'എന്റെ മകന് ഓട്ടിസമുണ്ട്. എന്റെ എല്ലാ സമ്പാദ്യവും നഷ്ടപ്പെട്ടാലും അവന് ആരോഗ്യമുള്ള ജീവിതം തിരികെ കിട്ടണമെന്നാണ് ഞാൻ എപ്പോഴും ആഗ്രഹിക്കുന്നത്. അവന് ഇഷ്ടമുള്ളതുകാണ്ട് മാത്രമാണ് ഞാൻ മുടി നീട്ടിവളർത്തുന്നത്. നാളെ ഒരിക്കൽ അവന്റെ ഓർമകളിൽ നിന്ന് ഞാൻ മാഞ്ഞുപോയാലും എന്റെ ഈ നീണ്ട മുടി കാണുമ്പോഴെങ്കിലും അവൻ എന്നെ തിരിച്ചറിയുമായിരിക്കും. ഗ്രൗണ്ടിലിറങ്ങുമ്പോൾ മുടി കെട്ടിവെയ്ക്കാത്തതും അതിനാലാണ്.' -ലോകകപ്പ് വിജയത്തിനുശേഷം ഒരു സ്പാനിഷ് ടെലിവിഷൻ ചാനലിനോട് കുകുറെയ്യ പറഞ്ഞത് ഇങ്ങനെയാണ്.
അവന് 13 മാസം പ്രായമുള്ളപ്പോൾ തന്നെ അവൻ സാധാരണ കുഞ്ഞുങ്ങളെ പോലെയല്ലെന്ന് കുകുറെയ്യയും പങ്കാളി ക്ലോഡിയ റോഡ്രിഗസും തിരിച്ചറിഞ്ഞിരുന്നു. ഒരിക്കൽ വീട്ടിൽ ഉച്ചത്തിൽ പാട്ട് വെച്ചപ്പോഴായിരുന്നു അത്. പാട്ട് കേട്ട് മത്യാവു അമിതാവേശത്തോടെ കൈകൾ കൂട്ടിയടിച്ചുകൊണ്ടേയിരുന്നു. അതിലെന്തോ ഒരു അസാധാരണത്വം അവർക്ക് തോന്നി. പിന്നീട് അവൻ പേര് വിളിച്ചാൽ പ്രതികരിക്കുകയോ മുഖത്ത് നോക്കി സംസാരിക്കുകയോ ചെയ്യാത്തത് ശ്രദ്ധിച്ചു. ഡോക്ടറുടെ പരിശോധനയ്ക്കുശേഷം അവന് ഓട്ടിസമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
അതിനുശേഷമുള്ള ആദ്യ മാസങ്ങളിൽ താൻ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നതായി കുകുറെയ്യ പറയുന്നു. 'എങ്ങനെയാണ് അവനെ സഹായിക്കേണ്ടത് എന്നറിയാതെ നിസ്സഹായനായി നിൽക്കേണ്ടി വരുന്നതായിരുന്നു വേദനിപ്പിച്ചത്. പിന്നീട് ഞങ്ങളെല്ലാവരും ഓട്ടിസത്തെ കുറിച്ച് കൂടുതൽ പഠിക്കാൻ തുടങ്ങി. മറ്റ് കുട്ടികളുമായി താരമത്യപ്പെടുത്തുന്നതിന് പകരം അവന്റെ വളർച്ചയിൽ ഞങ്ങൾ സഹായിക്കാൻ തുടങ്ങി. അതിനായി പ്രത്യേക റൂട്ടിൻ തന്നെ തയ്യാറാക്കി.'-കുകുറെയ്യ പറയുന്നു.
തെറാപ്പിക്ക് പോകുന്നതും ഡോക്ടറെ കാണുന്നതുമെല്ലാം വീട്ടിലെ പതിവുകാര്യങ്ങളാകാൻ തുടങ്ങി. എല്ലാവരും അത് ആസ്വദിക്കാനും ശ്രമിച്ചു. ക്ലബ്ബുകളിലെ തന്റെ ട്രാൻസ്ഫർ സമയത്തും മത്യാവുവിനായിരുന്നു കുകുറെയ്യ പ്രാധാന്യം നൽകിയിരുന്നത്. ആ നഗരത്തിൽ മികച്ച തെറാപ്പി ക്ലിനിക്കുകളും സ്‌പെഷ്യൽ സ്‌കൂളുകളും ഉണ്ടെന്ന് ഉറപ്പുവരുത്തിയിട്ടേ കുകുറെയ്യ ഓഫറുകൾ സ്വീകരിക്കുമായിരുന്നുള്ളു.
Content Highlights: Marc Cucurella grows his hair long specifically because his autistic son loves it., The hairstyle helps his son identify him easily during football matches., Cucurella prioritizes his son's therapy and specialized education when choosing clubs., The footballer and his partner, Claudia Rodriguez, advocate for understanding autism.
Published: 24 Jul 2026, 02:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented