
ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചെസ്റ്റർ സിറ്റിയുടെ കളിയുടെ താളം നിയന്ത്രിച്ച ലോകചാമ്പ്യൻ. പെപ് ഗ്വാർഡിയോളയുടെ കളിക്കൂട്ടത്തിലെ ഏറ്റവും നിർണായക താരങ്ങളിലൊരാൾ. 2024-ലെ ബാലൺ ദ്യോർ ജേതാവ്. ഇപ്പോൾ സ്പെയിനിന്റെ ലോകകപ്പ് വിജയത്തിന്റെ നായകനും ടൂർണമെന്റിലെ മികച്ച താരവും. റോഡ്രിഗോ ഹെർണാണ്ടസ് കാസ്‌കാന്റെ റോഡ്രി ഏഴ് വർഷത്തെ ഇംഗ്ലീഷ് ജീവിതത്തിന് വിരാമമിട്ട് സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയുടെ പടിവാതിൽക്കലാണ്. സിറ്റിയും ബാഴ്സയും തമ്മിൽ റോഡ്രിയുടെ കാര്യത്തിൽ തത്വത്തിൽ ധാരണയായതായാണ് റിപ്പോർട്ടുകൾ.
ഓഗസ്റ്റ് 16-ന് പുറത്തുവന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം സിറ്റി ബാഴ്‌സലോണയുടെ പുതിയ ബിഡ് അംഗീകരിച്ചിട്ടുണ്ട്. 65.4 ദശലക്ഷം പൗണ്ട് വിലമതിക്കുന്ന ബിഡാണ് സിറ്റി അംഗീകരിച്ചതെന്നാണ് റിപ്പോർട്ട്. 60 ദശലക്ഷം യൂറോ ഉറപ്പുള്ള തുകയും വിവിധ ആഡ് ഓണുകൾ ഉൾപ്പെടെ ആകെ തുക 75 ദശലക്ഷം യൂറോ വരെ ഉയരാവുന്ന രീതിയിലുമാണ് ധാരണ. റോഡ്രിക്ക് നാലു വർഷത്തെ കരാർ നൽകാനാണ് ബാഴ്സയുടെ പദ്ധതി. എങ്കിലും ഇക്കാര്യത്തിൽ ഇരു ക്ലബ്ബുകളുടെ ഭാഗത്തു നിന്നും ഔദ്യോഗിക പ്രഖ്യാപനം വരേണ്ടതുണ്ട്.
ശരിക്കും ഈ സമ്മർ ട്രാൻസ്ഫറിൽ റോഡ്രിയെ സ്വന്തമാക്കാൻ മുന്നിലുണ്ടായിരുന്നത്. ബാഴ്സയുടെ ബദ്ധവൈരികളായ റയൽ മാഡ്രിഡായിരുന്നു. എന്നാൽ നാടകീയ ട്വിസ്റ്റിൽ ബാഴ്സലോണ രംഗത്തെത്തിയതോടെ ട്രാൻസ്ഫർ പോരാട്ടം പുതിയ തലത്തിലേക്ക് എത്തുകയായിരുന്നു. പരിശീലകൻ ഹാൻസി ഫ്ലിക്കും സ്‌പോർട്ടിങ് ഡയറക്ടർ ഡെക്കോയും റോഡ്രിയുമായി നേരിട്ട് ആശയവിനിമയം നടത്തുകയായിരുന്നു.
സിറ്റിയുമായുള്ള റോഡ്രിയുടെ നിലവിലെ കരാർ 2027-ൽ അവസാനിക്കാനിരിക്കുകയാണ്. പുതിയ കരാറിൽ ധാരണയാകാത്ത സാഹചര്യവും സ്പെയിനിലേക്ക് മടങ്ങാനുള്ള താരത്തിന്റെ താൽപര്യവും സിറ്റിയെ ഈ വേനൽക്കാലത്ത് വിൽപ്പന പരിഗണിക്കാൻ നിർബന്ധിതരാക്കിയ ഘടകങ്ങളാണ്. ബാഴ്‌സയുടെ ആദ്യ 45 ദശലക്ഷം യൂറോയുടെ ഓഫറും പിന്നീട് ഏകദേശം 60 ദശലക്ഷം യൂറോയുടെ ഓഫറും സിറ്റി തള്ളിയശേഷമാണ് പുതിയ ബിഡിൽ ധാരണയായത്.
ഒരു വർഷം കൂടി കാത്തിരുന്നാൽ സിറ്റിയുമായുള്ള റോഡ്രിയുടെ കരാർ അവസാനിക്കുമായിരുന്നു. എന്നാൽ മിഡ്ഫീൽഡർ ഫ്രെങ്കി ഡിയോങ്ങിന്റെ പരിക്കാണ് ബാഴ്സയെ റോഡ്രിക്കായി ഇപ്പോൾ തന്നെ രംഗത്തിറങ്ങാൻ പ്രേരിപ്പിച്ചത്. ബാഴ്‌സയുടെ ഔദ്യോഗിക സ്‌ക്വാഡിൽ പെഡ്രി, ഗാവി, ഡിയോങ്, മാർക്ക് ബെർണാൽ എന്നിവരാണ് പ്രധാന സെൻട്രൽ മിഡ്ഫീൽഡ് ഓപ്ഷനുകൾ. എന്നാൽ പ്രതിരോധത്തിനുമുന്നിൽ നിന്ന് ഒരേസമയം പന്ത് വീണ്ടെടുക്കാനും, പ്രസ്സിനെ മറികടക്കാനും, കളിയുടെ വേഗം തീരുമാനിക്കാനും, എതിർ ടീമിന്റെ ലൈനുകൾ തകർക്കുന്ന പാസുകൾ നൽകാനും കഴിയുന്ന റോഡ്രിയുടെ മികവാണ് ബാഴ്സയെ ആകർഷിച്ച ഘടകം. നിലവിൽ ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച ഡിഫൻസീഫ് മിഡ്ഫീൽഡർമാരിൽ ഒരാളാണ് റോഡ്രി.
2024-ൽ ബാലൺദ്യോർ നേടിയതിനു പിന്നാലെയാണ് കരിയറിനു പോലും വെല്ലുവിളിയായേക്കാമായിരുന്ന പരിക്ക് റോഡ്രിക്ക് സംഭവിക്കുന്നത്. കാൽമുട്ടിലേറ്റ പരിക്ക് സിറ്റിക്കായി ഒരു ഭൂരിഭാഗം സീസൺ തന്നെ നഷ്ടപ്പെടുത്തിയെങ്കിലും അതിൽനിന്ന് മടങ്ങിയെത്തി 2026 ലോകകപ്പിൽ സ്പെയിനെ കിരീടത്തിലേക്ക് നയിച്ചതോടെ റോഡ്രി തന്റെ മികവിന് കോട്ടമൊന്നും തട്ടിയിട്ടില്ലെന്ന് തെളിയിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ ലോകകപ്പിൽ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ റോഡ്രിക്കായിരുന്നു. ലോകകപ്പിൽ 756 വിജയകരമായ പാസുകളാണ് താരം പൂർത്തിയാക്കിയത്. 1966 മുതൽ ലഭ്യമായ കണക്കുകളിൽ ഒരു ലോകകപ്പിൽ ഏതൊരു താരവും പൂർത്തിയാക്കിയതിൽ ഏറ്റവും കൂടുതൽ പാസുകളാണിത്. അതിലും ശ്രദ്ധേയമായ കണക്ക് ഇതാണ്. ആ ടൂർണമെന്റിൽ റോഡ്രിക്ക് 122 ലൈൻ ബ്രേക്കിങ് പാസുകളുണ്ടായിരുന്നു. എതിരാളിയുടെ രണ്ട് താരങ്ങൾ അടുത്തെത്തിയാലും പന്ത് സ്വീകരിക്കാനുള്ള ആത്മവിശ്വാസമാണ് റോഡ്രിയുടെ ഏറ്റവും വലിയ ശക്തി. വലിയ അപകടസാധ്യതയുള്ള ഹൈലൈൻ ഡിഫൻസ് കളിക്കുന്ന ടീമാണ് ഹാൻസി ഫ്ളിക്കിന്റെ ബാഴ്സലോണ. അതിനാൽ തന്നെ ക്ലബ്ബിന് റോഡ്രിയെ പോലെ ഒരു താരത്തിന്റെ സാന്നിധ്യം വളരെ വലുതാണ്. എതിരാളികൾ ശക്തമായി പ്രസ്സ് ചെയ്യുമ്പോൾ സെന്റർബാക്കുകൾക്ക് മുന്നിലുള്ള റോഡ്രിയെ കണ്ടെത്താനായാൽ ആദ്യ പ്രസ്സിങ് ലൈൻ തന്നെ മറികടക്കാൻ കഴിയും. ഉയർന്ന പ്രെസ്സിങ് നടത്തുകയും പന്ത് നഷ്ടപ്പെട്ടാൽ വേഗത്തിൽ തിരിച്ചുപിടിക്കുകയും ചെയ്യുന്നതാണ് ഫ്ലിക്കിന്റെ ബാഴ്‌സയുടെ ശൈലി. റോഡ്രിയെപ്പോലൊരു മിഡ്ഫീൽഡറെ ഈ ശൈലിക്ക് ആവശ്യമാണ്.
റോഡ്രി ബാഴ്സലോണയിലെത്തിയാൽ ടീമിന്റെ മധ്യനിരയുടെ രൂപം തന്നെ മാറും. ഡീപ് ലൈയിങ് പ്ലേമേക്കറായി റോഡ്രിയും ക്രിയേറ്റീവ് മിഡ്ഫീൽഡറായി പെഡ്രിയുമുള്ള മധ്യനിര ബാഴ്‌സയുടെ കരുത്ത് വർധിപ്പിക്കും. ഡാനി ഓൽമോയ്‌ക്കോ അല്ലെങ്കിൽ ഫെർമിൻ ലോപ്പസിനെ ബോക്‌സ് ടു ബോക്‌സ് കളിക്കാനും സാധിക്കും. ഇങ്ങനെ സംഭവിച്ചാൽ അത് ബാഴ്സയ്ക്ക് കൂടുതൽ നിയന്ത്രിതമായ പന്തടക്കം നൽകും.
ഫ്ളിക്കിന്റെ ബാഴ്‌സ സാധാരണയായി 4-2-3-1 അടിസ്ഥാനഘടനയിൽ നിന്ന് പന്ത് കൈവശമുള്ളപ്പോൾ വ്യത്യസ്ത രൂപങ്ങളിലേക്ക് മാറുന്ന ടീമാണ്. റോഡ്രിയും പെഡ്രിയും മധ്യനിരയിൽ കളി നിയന്ത്രിക്കും. റോഡ്രി പ്രതിരോധത്തിന് മുന്നിൽ നിന്ന് ആദ്യ പാസ് നൽകുകയും കൗണ്ടർ അറ്റാക്ക് തടയാനുള്ള പൊസിഷനിങ് എടുക്കുകയും ചെയ്യും. അതോടെ പെഡ്രിക്ക് പന്ത് മുന്നോട്ട് കൊണ്ടുപോകാനും ഫൈനൽ തേർഡിൽ ഇപ്പോഴുള്ളതിൽ കൂടുതൽ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാനും കഴിയും. പെഡ്രി എവിടെ പോകുമ്പോഴും പിന്നിൽ സുരക്ഷിതമായ ഒരു റഫറൻസ് പോയിന്റായി റോഡ്രി ഉണ്ടാകും. ബാഴ്‌സയുടെ ആക്രമണത്തിലെ റിസ്‌ക് എടുക്കാനുള്ള ശേഷി ഇതോടെ ഉയരും.
എതിരാളികളുടെ നിരവധി താരങ്ങളെ ഒരൊറ്റ പാസിലൂടെ മറികടക്കുന്ന റോഡ്രിയുടെ മികവ് പ്രീമിയർ ലീഗിലും ലോകകപ്പിലും നമ്മൾ കണ്ടതാണ്. ഇവിടെയാണ് ബാഴ്‌സയിലെ ലമിൻ യമാൽ, കരീം അഡെയേമി, ഫെർമിൻ ലോപ്പസ്, റഫീഞ്ഞ്യ, ഡാനി ഓൽമോ തുടങ്ങിയ അറ്റാക്കർമാർക്ക് റോഡ്രി വലിയ സഹായമാകുക. പന്ത് വിങ്ങുകളിലേക്ക് എത്തുന്നതിന് മുമ്പ് മൂന്നു-നാല് പാസുകൾ ആവശ്യമുള്ള സാഹചര്യത്തെ ഒരൊറ്റ പാസിലേക്ക് ചുരുക്കാൻ റോഡ്രിക്കാകും.
റോഡ്രിയുടെ പ്രതിരോധം എല്ലായ്‌പ്പോഴും സ്ലൈഡിങ് ടാക്കിളുകളല്ല. ഏറ്റവും കുറവ് ടാക്കിളുകൾ പ്രയോഗിക്കുന്ന താരങ്ങളിൽ ഒരാളാണ് റോഡ്രി. എതിരാളിയുടെ കൗണ്ടർ എവിടെ ആരംഭിക്കുമെന്ന് മുൻകൂട്ടി മനസിലാക്കി ആ പാസിങ് ലൈനിൽ എത്തുന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത. പൊസിഷണൽ ഇന്റലിജൻസാണ് താരത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.
പരമ്പരാഗത ഹോൾഡിങ് മിഡ്ഫീൽഡർമാരെ പോലെ സെന്റർ സർക്കിളിനടുത്ത് മാത്രം നിൽക്കുന്ന താരമല്ല റോഡ്രി. പെപ്പിന്റെ കീഴിൽ അദ്ദേഹത്തിന്റെ റോളിൽ കാര്യമായ മാറ്റമുണ്ടായിരുന്നു. എതിർ ബോക്‌സിൽ റോഡ്രിയുടെ ടച്ചുകൾ സിറ്റിയിലുള്ള ആദ്യ സീസണെ അപേക്ഷിച്ച് കഴിഞ്ഞ സീസണുകളിലായി ഏകദേശം മൂന്ന് മടങ്ങായി വർധിച്ചിരുന്നു. നിർണായക മത്സരങ്ങളിൽ ഗോളുകൾ നേടാനുള്ള കഴിവും റോഡ്രിയെ വ്യത്യസ്തനാക്കുന്ന ഘടകങ്ങളിലൊന്നാണ്.
റോഡ്രി ബാഴ്‌സയിലെത്തുമ്പോൾ സ്വാഭാവികമായും സെർജിയോ ബുസ്‌ക്വെറ്റ്‌സുമായുള്ള താരതമ്യം അദ്ദേഹത്തിന് നേരിടേണ്ടി വരും. രണ്ടുപേരും ടീമിന്റെ പ്രതിരോധത്തിനുമുന്നിലുള്ള കേന്ദ്രബിന്ദുവാണ്. സമ്മർദത്തിനിടയിൽ പന്ത് സ്വീകരിക്കൽ, അടുത്ത പാസ് മുൻകൂട്ടി തയ്യാറാക്കൽ, മത്സരത്തിന്റെ വേഗം നിയന്ത്രിക്കൽ എന്നിവ കണക്കിലെടുക്കുമ്പോൾ ഇരുവരുടെയും ശൈലികൾ തമ്മിൽ സാമ്യവുമുണ്ട്. എന്നാൽ ബാഴ്‌സയിലെ ബുസ്‌ക്വെറ്റ്സ്സിന്റെ കോപ്പിയല്ല റോഡ്രി.
റോഡ്രിയുടെ പൊസിഷണൽ ഡിസിപ്ലിൻ ആക്രമണത്തിന് കൂടുതൽ താരങ്ങളെ നിയോഗിക്കാൻ ബാഴ്‌സയെ സഹായിക്കും. അതായത് യമാലിനും മറ്റ് അറ്റാക്കർമാർക്കും റിസ്‌ക് എടുക്കാനുള്ള സ്വാതന്ത്ര്യം വർധിപ്പിക്കുന്ന സൈനിങ്ങാകും റോഡ്രിയുടേത്.
നിലവിലെ ബാഴ്‌സ താരങ്ങളിൽ പലരും ലോകകപ്പിൽ റോഡ്രിക്കൊപ്പം കളിച്ചവരാണ്. പെഡ്രി, യമാൽ, ഡാനി ഓൽമോ, പാവു കുബാർസി എന്നിവരെല്ലാം ഇത്തരത്തിൽ ലോകകപ്പ് ടീമിൽ കളിച്ചവരാണ്. ദേശീയ ടീമിലെ പരിചയം ക്ലബ് തലത്തിലെ പൊരുത്തപ്പെടൽ വേഗത്തിലാക്കാൻ സഹായകമാകും.
എങ്കിലും ഈ ട്രാൻസ്ഫറിൽ ബാഴ്‌സയ്ക്കു മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി റോഡ്രിയുടെ ഫിറ്റ്‌നസാണ്. 2024 സെപ്റ്റംബറിലുണ്ടായ ഗുരുതര എസിഎൽ പരിക്ക് റോഡ്രിയെ ദീർഘകാലം പുറത്തിരുത്തിയതാണ്. പിന്നീട് കളിക്കളത്തിലേക്ക് തിരിച്ചെത്തിയ 2025-26 കാലത്തും പേശീവലിവ് കാരണം സീസണിൽ മുഴുവനും കളിക്കാനായിരുന്നില്ല. പിന്നാലെ ഇത്തവണത്തെ ലോകകപ്പിനു ശേഷം പുറംവേദനയ്ക്ക് താരം സർജറിക്ക് വിധേയനായിരുന്നു. ഇക്കാരണങ്ങളാൽ തന്നെ ബാഴ്‌സയിൽ റോഡ്രിയുടെ മെഡിക്കൽ പരിശോധന സാധാരണ നടപടി ക്രമങ്ങളേക്കാൾ നിർണായകമാകും.
ഇനി ബാഴ്‌സയിലെത്തിയാൽ റോഡ്രിയുടെ വർക്ക്‌ലോഡ് മാനേജ്‌മെന്റും നിർണായകമാകും. ഫ്ലിക്കിന്റെ ഹൈ-ഇന്റൻസിറ്റി പ്രസ്സിങ് സംവിധാനത്തിൽ റോഡ്രിക്ക് എത്രത്തോളം പൊരുത്തപ്പെടാനാകുമെന്നത് കണ്ടറിയണം. 30 വയസും കഴിഞ്ഞ രണ്ട് വർഷത്തെ പരിക്കുകളുടെ ചരിത്രവും പരിഗണിക്കുമ്പോൾ റോഡ്രിയെ എല്ലാ പ്രസ്സിങ് നീക്കങ്ങളിലും ഉൾപ്പെടുത്താൻ ബാഴ്‌സയ്ക്ക് ഒരുപക്ഷേ സാധിച്ചെന്ന് വരില്ല.
ബാഴ്സയുടെ ലാ ലിഗ സീസൺ ഓഗസ്റ്റ് 23-ന് എൽഷെയ്ക്കെതിരായ മത്സരത്തോടെയാണ് ആരംഭിക്കുന്നത്. അതിനകം റോഡ്രി ബാഴ്‌സ താരമായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുമോ എന്നതാണ് ഇനി അറിയാനുള്ളത്.
Content Highlights: Manchester City and Barcelona have reached an agreement in principle for Rodri's transfer worth around 65.4 million pounds., Hansi Flick plans to use Rodri as the defensive anchor to control tempo and enable high-intensity pressing., Rodri's injury history and recent back surgery make his upcoming medical examination crucial for Barcelona.
Published: 17 Aug 2026, 02:07 pm IST
ABOUT THE AUTHOR

Abhinath Thiruvalath
tabhinath@mpp.co.inGet Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented