
സ്വന്തം മകൻ ഈ പിതാവിന് ഒരു പാഠവും പാഠപുസ്തകവുമായിരുന്നു. അവന്റെ അവസ്ഥയിലൂടെ അയാൾ അനേകരുടെ അവസ്ഥയിലേക്കു സഞ്ചരിച്ചു. അവരുടെ പ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞു. അവർക്കായി ജീവിക്കാൻ തീരുമാനിച്ചു...
ഒരു കർഷകൻ തന്റെ തോട്ടത്തിൽ ആലിന്റെയും ചൈനീസ് മുളയുടെയും രണ്ട് വിത്തുകൾ നട്ടു. മഴ പെയ്തു... വെയിൽ കത്തി... കാലങ്ങൾ മാറി. ആൽമരം മുളച്ചു. ചില്ലകൾ വിരിച്ചു വളർന്നു. എന്നാൽ, ചൈനീസ് മുളയുടെ വിത്തിൽനിന്ന് നാമ്പുപോലും പുറത്തുവന്നില്ല. അഞ്ച് വർഷമായിട്ടും ഭൂമിക്കുമുകളിൽ ഒന്നും കാണാനില്ല. അയൽക്കാർ പരിഹസിച്ചു: ''വെറുതേ വെള്ളമൊഴിക്കുകയാണ്...ഇത് ഒരിക്കലും വളരില്ല...'' എന്നാൽ, കർഷകൻ വിശ്വാസം കൈവിട്ടില്ല. വെള്ളമൊഴിക്കുന്നത് നിർത്തിയില്ല.
അഞ്ചാംവർഷം... പ്രകൃതി അതിന്റെ രഹസ്യം വെളിപ്പെടുത്തി. ചൈനീസ് മുള പൊട്ടിമുളച്ചു. ഏതാനും ആഴ്ചകൾക്കുള്ളിൽ അത് കുതിച്ചുയർന്നു. എല്ലാവരും അദ്ഭുതത്തോടെ ചോദിച്ചു:
''ഇത്ര വേഗം എങ്ങനെ വളർന്നു?'' -കർഷകൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു:
''അത് ഏതാനും ആഴ്ചകൾക്കൊണ്ട് വളർന്നതല്ല. കഴിഞ്ഞ അഞ്ചുവർഷമായി ഭൂമിക്കടിയിൽ അതിന്റെ വേരുകൾ വളരുകയായിരുന്നു. ലോകം കണ്ടത് ഭൂമിക്കുമുകളിലുള്ള വളർച്ചയാണ്; ഞാൻ കണ്ടത് അതിന്റെ തയ്യാറെടുപ്പായിരുന്നു''
ഇത് സെൻകഥയോ, ഈസോപ്പ് കഥയോ, പഞ്ചതന്ത്രകഥയോ അല്ല. ജീവിതം നസീർ വെളിയിലിന് പകർന്നുകൊടുത്ത പാഠമാണ്.
അദ്ദേഹം തുടരുന്നു:
''പ്രിയപ്പെട്ട മാതാപിതാക്കളേ... നിങ്ങളുടെ കുട്ടിയും ആ ചൈനീസ് മുളപോലെയാണ്''
ആളുകൾ ചോദിച്ചേക്കാം...
''ഇപ്പോഴും സംസാരിച്ചില്ലേ?''
''കണ്ണിൽ നോക്കുന്നില്ലേ?''
''എഴുതാൻ പഠിച്ചില്ലേ?''
''സാധാരണ കുട്ടികളെപ്പോലെയായില്ലേ?'' എന്നാൽ, അവർ കാണാതെ പോകുന്ന ഒരു സത്യമുണ്ട്. നിങ്ങളുടെ കുഞ്ഞ് ഓരോ ദിവസവും വേരുകൾ വളർത്തുകയാണ്. ഓരോ തെറാപ്പിയും... ചെറിയ വാക്കും... കണ്ണോട്ടവും... പുഞ്ചിരിയും... ചെറിയ മുന്നേറ്റവും... അവന്റെ ജീവിതത്തെ ശക്തിപ്പെടുത്തുന്ന വേരുകളാണ്. ഒരു ദിവസം... ആ വേരുകളുടെ കരുത്ത് ലോകം കാണും.
ഈ കഥ നസീർ പറയുന്നത് സവിശേഷ കുട്ടികളുടെ മാതാപിതാക്കളോട് മാത്രമല്ല; മനുഷ്യസമൂഹത്തോടാകെയാണ്. ഓരോ കുട്ടിയുടെയും ഉള്ളിൽ ഒരു അദ്ഭുതമുണ്ട്. അത് കണ്ടെത്താൻ ക്ഷമയും സ്‌നേഹവും വിശ്വാസവും മാത്രമാണ് വേണ്ടത് എന്ന സന്ദേശമാണ് അദ്ദേഹം പങ്കുവെക്കുന്നത്. കരുനാഗപ്പള്ളിയിലെ നിഹാൽ വെളിയിൽ ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്‌പെക്ട്രം ഹാർട്സ് ഇന്ന് 173 സവിശേഷ കുട്ടികൾക്ക് സൗജന്യമായി വിവിധ തെറാപ്പികളും പരിശീലനങ്ങളും നൽകുന്നു. ഇതേപോലെ പത്തനാപുരം ഗാന്ധിഭവനിൽ 200 കുട്ടികളുടെ സ്‌കൂളിന്റെ നടത്തിപ്പിനും അദ്ദേഹം നേതൃത്വംനൽകുന്നു. ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുള്ള മാജിക് പ്ലാനറ്റിൽ പ്രത്യേക പരിഗണനവേണ്ട കുട്ടികൾക്കായി ഒരുക്കിയ നിഹാൽ സിംഫണിയിൽനിന്നുയരുന്നതും ഇദ്ദേഹത്തിന്റെ സ്വപ്നത്തിൽനിന്ന് യാഥാർഥ്യമായ മനുഷ്യസ്‌നേഹത്തിന്റെ സംഗീതമാണ്.
ഈ ജീവിതവഴിയിലേക്ക് എങ്ങനെയാണ് എത്തിച്ചേർന്നത്
= ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയശേഷം അധ്യാപകനാകുക എന്നതായിരുന്നു എന്റെ സ്വപ്നം. എന്നാൽ, ജീവിതം മറ്റൊരു വഴിതുറന്നുതന്നു. തൊഴിൽമേഖലയിലേക്കുള്ള യാത്ര വിദേശത്തെത്തിച്ചു. പഠിക്കാനുള്ള ആഗ്രഹം അവസാനിച്ചില്ല. മാനേജ്‌മെന്റ് മേഖലയോടുള്ള താത്പര്യം വീണ്ടും വിദ്യാർഥിയാക്കി. എം.ബി.എ.യും തുടർന്ന് ഐ.ഐ.എം. ഇന്ദോറിൽനിന്ന് അഡ്വാൻസ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. ദുബായിൽ ഒരു അന്താരാഷ്ട്ര കമ്പനിയിൽ ജോലി ആരംഭിച്ചു. പിന്നീട് ആഗോള വിപണിയിൽ വിശ്വാസ്യതയുള്ള ബ്രാൻഡ് വളർത്തിയെടുക്കാൻ സ്വന്തം സംരംഭങ്ങളിലേക്കും തിരിഞ്ഞു. 1998-ൽ വിവാഹിതനായി, ജീവിതം മനോഹരമായി മുന്നോട്ടുപോകുന്നതിനിടെയാണ് മകൻ നിഹാലിന്റെ ജനനം. അവന് മൂന്ന് വയസ്സായപ്പോൾ പനി കാരണം ഡോക്ടറെ സമീപിച്ചു. പരിശോധനകൾക്കൊടുവിൽ ഡോക്ടർ ഓട്ടിസത്തിന്റെ സാധ്യതയെക്കുറിച്ച് സൂചിപ്പിച്ചു. ആ നിമിഷം ജീവിതത്തിന്റെ ദിശ മാറി. തുടർന്നുള്ള ദിവസങ്ങൾ സംശയങ്ങളുടെയും പരിശോധനകളുടെയും ആശങ്കകളുടെയും കാലമായിരുന്നു. എന്നാൽ, കാലക്രമേണ വലിയ സത്യം തിരിച്ചറിയുകയായിരുന്നു: ''ജീവിതം തരുന്ന ഓരോ അവസ്ഥയെയും ആദ്യം സ്വീകരിക്കണം. അവിടെയാണ് പ്രതീക്ഷയുടെ തുടക്കം.'' ഓട്ടിസം ഒളിച്ചുവെക്കേണ്ട ഒന്നല്ലെന്നും, അതിനെക്കുറിച്ച് അറിയുകയും മനസ്സിലാക്കുകയും ചെയ്യേണ്ടതാണെന്നും വിശ്വസിച്ചു. വിദഗ്ധരിൽനിന്ന് കേട്ടറിഞ്ഞു, പുസ്തകങ്ങൾ വായിച്ചു, മാതാപിതാക്കളുമായി സംസാരിച്ചു, സ്വന്തം അനുഭവങ്ങളെ അറിവാക്കിമാറ്റി. അതാണ് ഒരു സാമൂഹികദൗത്യമായി വളർന്നത്.
മകന്റെ ജനനസവിശേഷത താങ്കളുടെ ജീവിതത്തെ ഏതെല്ലാം നിലയിൽ സ്വാധീനിച്ചു
= നിഹാൽ മകൻമാത്രമായിരുന്നില്ല; ഒരു ഗുരുവായിരുന്നു. പുസ്തകങ്ങളിൽനിന്ന് പഠിക്കാനാകാത്ത അനേകം പാഠങ്ങൾ എന്നെ പഠിപ്പിച്ചു. സവിശേഷകുട്ടികളുടെ ലോകം അദ്ഭുതകരമാണ്. അവിടെ മനുഷ്യരെ അളക്കാൻ സ്ഥാനമാനങ്ങളില്ല, സമ്പത്തില്ല, പദവികളില്ല, ഗുരുവും ശിഷ്യനുമില്ല, മേലധികാരിയോ കീഴ്ജീവനക്കാരനോ ഇല്ല, ജാതിയില്ല, മതമില്ല, ഭാഷയുടെ അതിരുകളുമില്ല. എല്ലാവരും ഒരുപോലെ സ്‌നേഹിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്യുന്ന ഹൃദയങ്ങളുടെ ലോകമാണത്. അളവുകളില്ലാത്ത രാജ്യത്തെ പൗരന്മാരാണ് അവർ. ഹൃദയത്തിന്റെ നന്മയാണ് മതം; സ്‌നേഹമാണ് ഭാഷ. ഓരോ നോട്ടത്തിലും പുഞ്ചിരിയിലും നിശ്ശബ്ദതയിലും സ്പർശനത്തിലും അവൻ ജീവിതത്തിന്റെ ആഴമേറിയ സത്യങ്ങൾ എന്നെ പഠിപ്പിച്ചു. ആ ലോകത്ത് ഞങ്ങൾ ഭൂമിയിലെ സ്വർഗം അനുഭവിച്ചു. ആ അനുഭവങ്ങളാണ് ചില തിരിച്ചറിവിലേക്കും നയിച്ചത്. നാം എല്ലാവരും ഭൂമിയിലേക്കെത്തുന്നത് ഒരു പേടകത്തിലൂടെയാണ്. അത് ഗർഭപാത്രമാണ്. അത് ഫാത്തിമയുടേതായിരിക്കാം സരസ്വതിയുടേതായിരിക്കാം മേരിയുടേതായിരിക്കാം. ഏത് വീട്ടിലോ, മതത്തിലോ, സംസ്‌കാരത്തിലോ ജനിക്കുകയെന്നത് നമ്മുടെ തിരഞ്ഞെടുപ്പല്ല; ജീവിതത്തിന്റെ നിയോഗമാണ്. അതുകൊണ്ടാണ് ജാതിയും മതവും ഭാഷയും ദേശവും മനുഷ്യൻ ജനിച്ചശേഷം ലഭിക്കുന്ന വിലാസങ്ങൾ മാത്രമാണെന്ന് ഞാൻ വിശ്വസിക്കുന്നത്. ഭൂമിയിൽ നിന്ന് മടങ്ങിപ്പോകുമ്പോൾ ആ വിലാസങ്ങളൊന്നും നമ്മോടൊപ്പമുണ്ടാകില്ല. അവശേഷിക്കുന്നത് നമ്മൾ മനുഷ്യരായി ജീവിച്ചോ എന്ന ചോദ്യമാണ്. അതുകൊണ്ടാണ് നിഹാൽ ഫൗണ്ടേഷൻ ജാതിക്കും മതത്തിനും അതീതമായി മനുഷ്യനെമാത്രം കാണുന്നത്. ഞങ്ങൾക്ക് എല്ലാ കുട്ടികളും സ്വന്തം കുടുംബാംഗങ്ങളാണ്. ഓരോ പുഞ്ചിരിയും ഞങ്ങളുടെ സന്തോഷമാണ്, ഓരോ കണ്ണീരും ഒപ്പുകയെന്നത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്.
നിഹാലിന്റെ കഴിവുകൾ കണ്ടെത്തിയത് എങ്ങനെയാണ്
= നിഹാലിന് ഓട്ടിസമാണെന്ന് തിരിച്ചറിഞ്ഞതോടെ ഞങ്ങളുടെ ലക്ഷ്യം അവനെ മറ്റാരെയെങ്കിലുംപോലെ മാറ്റുക എന്നതായിരുന്നില്ല; അവന്റെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന കഴിവ് കണ്ടെത്തുകയായിരുന്നു. വിവിധ തെറാപ്പികൾക്കിടയിലാണ് ഒരു കാര്യം ശ്രദ്ധയിൽപ്പെട്ടത്. ചെവിയിൽ ഫോൺ വെച്ച് സംഗീതം കേൾക്കുമ്പോൾ നിഹാൽ തന്റേതായ ലോകത്ത് മുഴുകിപ്പോകും. സംഗീതത്തോടുള്ള അസാധാരണമായ ഇഷ്ടമാണ് അവന്റെ കഴിവിലേക്കുള്ള ആദ്യ വാതിൽ തുറന്നത്. അവിടെനിന്നാണ് അവനെ കീബോർഡിന്റെ ലോകത്തേക്ക് പരിചയപ്പെടുത്തിയത്. പിന്നീട് സംഗീതം അവന്റെ ഭാഷയായി മാറി. നിഹാൽ ഒട്ടേറെ വേദികളിൽ കീബോർഡ് അവതരിപ്പിച്ചിട്ടുണ്ട്. ഒരു ഹ്രസ്വചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കാനും കഴിഞ്ഞു.
പരിശീലനത്തിന് ആരുടെയെങ്കിലും സഹായം ഉണ്ടായിട്ടുണ്ടോ
= ഈ യാത്രയിൽ പ്രത്യേകം നന്ദിയോടെ ഓർക്കേണ്ട ഒരാളുണ്ട് -ബേണി ബി. ജോർജ്. നിഹാലിന്റെ സംഗീതപരിശീലകനായി അദ്ദേഹം ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്നത് അധ്യാപകനായിട്ടല്ല; നിഹാലിന്റെ കഴിവ് തിരിച്ചറിയുകയും അത് ഫലവത്താക്കാൻ സ്‌നേഹത്തോടെയും ക്ഷമയോടെയും വഴികാട്ടിയ ഒരു ഗുരുവായിട്ടാണ്. നിഹാലിന്റെ സംഗീതത്തിലുള്ള ഓരോ നേട്ടത്തിനു പിന്നിലും ആ സമർപ്പണത്തിനും വലിയ പങ്കുണ്ട്. ഈ അനുഭവം എന്നെ ഒരു വലിയ സത്യം പഠിപ്പിച്ചു. ഓരോ കുട്ടിയുടെയും ഉള്ളിൽ ഒരു കഴിവ് ഉറങ്ങിക്കിടക്കുന്നുണ്ട്. ആ കഴിവിനെ കണ്ടെത്തുകയും വളർത്തുകയും ചെയ്യുക എന്നതാണ് മാതാപിതാക്കളുടെയും അധ്യാപകരുടെയും സമൂഹത്തിന്റെയും ഏറ്റവും വലിയ ഉത്തരവാദിത്വം. അതുകൊണ്ടുതന്നെ ഞാൻ സവിശേഷകുട്ടികളുടെ മാതാപിതാക്കളോട് എപ്പോഴും പറയാറുണ്ട്:
''നിങ്ങളുടെ കുട്ടിയുടെ പരിമിതികൾ അന്വേഷിക്കരുത്; അവരുടെ കഴിവുകൾ അന്വേഷിക്കൂ. പരിമിതികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ നിരാശമാത്രമേ കാണൂ. കഴിവുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ അദ്ഭുതങ്ങളാകും നിങ്ങളെ കാത്തിരിക്കുക''
സ്‌പെക്ട്രം ഹാർട്ട്‌സ് ആരംഭിക്കണമെന്ന ആശയം രൂപപ്പെട്ടത് എപ്പോഴാണ്
= സ്‌പെക്ട്രം ഹാർട്ട്‌സ് ഒരു ദിവസത്തെ തീരുമാനത്തിന്റെ ഫലമല്ല. വർഷങ്ങളായി സവിശേഷകുട്ടികളോടും അവരുടെ കുടുംബങ്ങളോടും ചേർന്ന് നടന്ന അനുഭവങ്ങളുടെ സ്വാഭാവികമായ തുടർച്ചയാണ്.തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന ഡിഫറന്റ് ആർട്ട് സെന്ററിനൊപ്പം വർഷങ്ങളായി സഹകരിച്ച് പ്രവർത്തിക്കാൻ അവസരം ലഭിച്ചു. ആ കുട്ടികൾക്ക് കഴിവുകൾ സ്വതന്ത്രമായി പ്രകടിപ്പിക്കാൻ ഒരുവേദി വേണമെന്ന ആഗ്രഹത്തിലാണ് 'നിഹാൽ സിംഫണി' എന്ന സംഗീതവേദി ഒരുക്കിക്കൊടുത്തത്. അവരുടെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന കഴിവുകൾ ലോകത്തിനുമുന്നിൽ അവതരിപ്പിക്കാനുള്ള വേദിയായി അത് മാറി. അതോടൊപ്പം, നാല് വർഷത്തിലേറെയായി ഗാന്ധിഭവൻ സ്‌പെഷ്യൽ സ്‌കൂളിന്റെ ചെയർമാനായി പ്രവർത്തിക്കുന്നു. സ്‌കൂളിന്റെ പ്രവർത്തനങ്ങളും ജീവനക്കാരുടെ പ്രതിമാസചെലവുകളും ഉൾപ്പെടെ ഒട്ടേറെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തുകൊണ്ട് ആ കുട്ടികളുടെയും കുടുംബങ്ങളുടെയും ജീവിതം അടുത്തറിഞ്ഞു. അതിനിടയിലാണ് കരുനാഗപ്പള്ളി എം.എൽ.എ.യുടെ അഭ്യർഥനപ്രകാരവും സവിശേഷ കുട്ടികളുടെ രക്ഷിതാക്കളുടെ ഒരു സംഘം നേരിട്ടുവന്ന് സഹായം അഭ്യർഥിച്ചത്. അവരുടെ വേദന കേട്ടപ്പോൾ ഒറ്റപ്പെട്ട സഹായങ്ങൾ നൽകുന്നതിലുപരി ദീർഘകാല പരിഹാരം സൃഷ്ടിക്കണമെന്ന ചിന്ത മനസ്സിൽ ശക്തമായി. അങ്ങനെയാണ് നിഹാൽ വെളിയിൽ ഫൗണ്ടേഷന്റെകീഴിൽ, സവിശേഷ കുട്ടികൾക്കായി പൂർണമായും സമർപ്പിക്കപ്പെട്ട സ്‌പെക്ട്രം ഹാർട്ട്‌സ് എന്ന ആശയം ജനിച്ചത്.
അതിന്റെ പ്രവർത്തനരീതി എങ്ങനെയാണ്. എന്തൊക്കെ രീതിയിലുള്ള പരിശീലനങ്ങളാണ് നൽകുന്നത്.
= സ്പീച്ച് തെറാപ്പി, ഒക്കുപ്പേഷണൽ തെറാപ്പി, ഫിസിയോതെറാപ്പി, ബിഹേവിയർ തെറാപ്പി, സ്‌പെഷ്യൽ എജുക്കേഷൻ തുടങ്ങി വിവിധ പരിശീലനങ്ങൾ നൽകുന്നു. ഇരുപതിലധികം ഉയർന്ന യോഗ്യതയുള്ള, സമർപ്പണബോധമുള്ള തെറാപ്പിസ്റ്റുകളുടെ സ്‌നേഹപൂർവമായ സേവനമാണ് ശക്തി. അവർ ജോലിചെയ്യുകയല്ല, ഓരോ കുട്ടിയുടെയും ജീവിതത്തിൽ പ്രതീക്ഷയുടെ പുതിയ അധ്യായങ്ങൾ എഴുതുകയാണ്. ഇവിടെ ഒരു രൂപപോലും ഈടാക്കുന്നില്ല. 'ഒരു സവിശേഷകുട്ടിക്ക് ശരിയായ പിന്തുണ ലഭിച്ചാൽ മാറുന്നത് ആ കുട്ടി മാത്രമല്ല; ഒരു കുടുംബവും ഒരു സമൂഹവും ഒരു തലമുറയും കൂടിയാണ്' അതാണ് സ്‌പെക്ട്രം ഹാർട്ട്‌സിന്റെ ദൗത്യമെന്നും ഞങ്ങൾ വിശ്വസിക്കുന്നു.
ഇത്തരം പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തികം കണ്ടെത്തുന്നത് എങ്ങനെയാണ്
= സ്‌പെക്ട്രം ഹാർട്ട്‌സിന്റെയും നിഹാൽ വെളിയിൽ ഫൗണ്ടേഷന്റെയും പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക പിന്തുണ പൂർണമായും ഞങ്ങളുടെ ബിസിനസ് സ്ഥാപനങ്ങളിൽനിന്നാണ്. വ്യവസായം ലാഭംമാത്രം സൃഷ്ടിക്കാനുള്ള സംവിധാനമല്ല; സമൂഹത്തിന് നന്മകൾ നൽകാനുള്ള ഉത്തരവാദിത്വം കൂടിയുണ്ടെന്നാണ് ഞാൻ കരുതുന്നത്. ഒരു കുട്ടിയുടെയും കുടുംബത്തിന്റെയും ജീവിതത്തിൽ പ്രതീക്ഷവിരിയുന്നത് കാണുമ്പോളുള്ളതിനെക്കാൾ വലിയ പ്രതിഫലം മറ്റൊന്നുമില്ല.
ഏതൊക്കെ മേഖലകളിലാണ് താങ്കളുടെ ബിസിനസ്.
= എന്റെ സംരംഭകയാത്ര ആരംഭിച്ചത് 'റെഡിങ്ടൺ ഇന്റർനാഷണൽ' എന്ന സ്ഥാപനത്തിലൂടെയാണ്. തുടർന്ന് യുണൈറ്റഡ് കിങ്ഡം ആസ്ഥാനമായി 'ബോർഗ് റോൾസ് വാർണർ മിഡിൽ ഈസ്റ്റ് എൽ.എൽ.സി.' സ്ഥാപിച്ചു. പിന്നീട് 'ജോൺറീ ഓട്ടോമോട്ടീവ്' ഉൾപ്പെടെ വിവിധ സംരംഭങ്ങളിലൂടെ ഓട്ടോമൊബൈൽ മേഖലയിലെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തി. ഇന്ന് ഞങ്ങളുടെ സ്ഥാപനങ്ങൾ മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്നു. പ്രീമിയം വാഹനങ്ങൾക്കായുള്ള ഉയർന്ന നിലവാരമുള്ള സ്‌പെയർ പാർട്സുകളുടെ നിർമാണത്തിലും വിതരണത്തിലും ഗുണമേന്മയുടെയും വിശ്വാസ്യതയുടെയും പ്രതീകമായി മാറാൻ കഴിഞ്ഞതാണ് നേട്ടം. അതുകൊണ്ടാണ് നവീകരണം, ഗുണമേന്മ, ഉപഭോക്തൃസംതൃപ്തി, പരിസ്ഥിതിസൗഹൃദ സമീപനം, ധാർമിക ബിസിനസ് മൂല്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഒരു വ്യവസായ സംസ്‌കാരം ഞങ്ങൾ വളർത്തിയെടുത്തത്. ഓരോ ഉത്പന്നത്തിന്റെയും പിന്നിൽ വിശ്വാസമുണ്ടാകണം; ഓരോ തീരുമാനത്തിന്റെയും പിന്നിൽ ഉത്തരവാദിത്വമുണ്ടാകണം എന്നതാണ് ഞങ്ങളുടെ നയം. വ്യവസായം ലാഭംമാത്രം സൃഷ്ടിക്കരുത്; പ്രതീക്ഷയും സൃഷ്ടിക്കണം. ഒരു കമ്പനി വളരുമ്പോൾ സമൂഹവും വളരണം. സ്‌പെക്ട്രം ഹാർട്ട്‌സ് ഒരു തെറാപ്പി സെന്റർ മാത്രമല്ല. ഓട്ടിസമുള്ള കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും ജീവിതത്തിൽ പ്രതീക്ഷയും ആത്മവിശ്വാസവും പകരുന്ന ഒരു അഭയകേന്ദ്രമായി അത് വളരണമെന്നാണ് എന്റെ ആഗ്രഹം.
കഥയിൽ തുടങ്ങിയ വർത്തമാനം കഥയിലേക്കുതന്നെ വഴുതിയെത്തി. 1947-ൽ അമേരിക്കയിൽ മേരി ടെമ്പിൾ ഗ്രാൻഡിൻ എന്ന കുട്ടി ഉണ്ടായിരുന്നു. അവൾക്ക് ഓട്ടിസം ആയിരുന്നു. സാധാരണ ജീവിതം നയിക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. പക്ഷേ, അവളുടെ അമ്മ വിശ്വാസം കൈവിട്ടില്ല. പഠിപ്പിച്ചു... പ്രോത്സാഹിപ്പിച്ചു. കഴിവുകൾ കണ്ടെത്തി. ടെമ്പിൾ ഗ്രാൻഡിൻ ലോക പ്രശസ്ത ശാസ്ത്രജ്ഞയായി. നൂറുകണക്കിന് സർവകലാശാലകളിൽ പ്രഭാഷണം നടത്തി. ലക്ഷക്കണക്കിന് മാതാപിതാക്കൾക്ക് പ്രതീക്ഷയേകി. അമ്മയുടെ വിശ്വാസം ഒരു കുട്ടിയുടെ ഭാവി മാറ്റിമറിച്ചതിന്റെ ജീവിക്കുന്ന ഉദാഹരണമായിരുന്നു ഇത്. അതുകൊണ്ടുതന്നെ ഓട്ടിസം വന്ന കുട്ടികളുടെ മാതാപിതാക്കളോട് നസീറിന് ഒന്നേ പറയാനുള്ളൂ: ''പ്രതീക്ഷ ഒരിക്കലും കൈവിടരുത്. നിങ്ങളുടെ കുട്ടിയുടെ അദ്ഭുതം മറ്റാരെങ്കിലും കണ്ടെത്താൻ കാത്തിരിക്കരുത്. ആദ്യം അത് നിങ്ങൾ കാണുക. നിങ്ങൾ വിശ്വസിക്കുക. ലോകവും ഒരുനാൾ അത് തിരിച്ചറിയും. നിങ്ങളുടെ കുഞ്ഞ്, അമ്മ എന്ന് വിളിച്ചില്ലായിരിക്കാം. പക്ഷേ, നിങ്ങളുടെ കൈ മുറുകെപ്പിടിക്കുമ്പോൾ... അവൻ പറയുന്നത്... ഞാൻ നിന്നെ സ്‌നേഹിക്കുന്നു എന്നാണ്. പ്രിയപ്പെട്ട അച്ഛാ... നിങ്ങളുടെ കുട്ടി മെഡൽ നേടിയില്ലായിരിക്കാം... പക്ഷേ, ഓരോ ദിവസവും മറ്റുള്ളവർക്ക് സങ്കല്പിക്കാനാവാത്ത വെല്ലുവിളികളെ ജയിക്കുന്ന അവൻ ഇതിനകം വിജയിയാണ്. ഒരിക്കലും താരതമ്യം ചെയ്യരുത്.''
Content Highlights: Naseer Veliyil shares his journey of raising an autistic son and building support systems for special children., Spectrum Hearts in Karunagappally provides free therapies like speech, occupational, and physical therapy to 173 children., Business success can be leveraged for social welfare, funding philanthropic initiatives entirely through corporate profits., Emphasizes focusing on a child's hidden talents rather than their limitations.
Published: 17 Aug 2026, 12:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented