മയാമി: ദേശീയ ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ശേഷം ആദ്യമായി ക്ലബ്ബ് ഫുട്‌ബോളിൽ കളിക്കാനിറങ്ങി സൂപ്പർ താരം ലയണൽ മെസ്സി. എംഎൽഎസ്സിൽ അറ്റ്‌ലാന്റ യുണൈറ്റഡിനെതിരേയാണ് മെസ്സി ബൂട്ടുകെട്ടിയത്. മത്സരം സമനിലയിൽ കലാശിച്ചെങ്കിലും ഇന്റർ മയാമിക്കായി ഒരു അസിസ്റ്റ് നേടാൻ മെസ്സിക്ക് സാധിച്ചു.

To advertise here,

ഇരുടീമുകളും രണ്ട് ഗോൾ വീതമടിച്ചാണ് സമനിലയിൽ പിരിഞ്ഞത്. മത്സരത്തിന്റെ 32-ാം മിനിറ്റിൽ കാസമിറോയിലൂടെ മയാമിയാണ് ആദ്യം ലീഡെടുക്കുന്നത്. മെസ്സിയുടെ കോർണറിൽ കാസമിറോ തകർപ്പൻ ഹെഡറിലൂടെ വലകുലുക്കി. എന്നാൽ 35-ാം മിനിറ്റിൽ മിഗ്വേൽ അൽമിറോണിലൂടെ അറ്റ്‌ലാന്റ തിരിച്ചടിച്ചു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ലൂയിസ് സുവാരസിലൂടെ മയാമി ലീഡ് രണ്ടാക്കി. രണ്ടാം പകുതിയുടെ അവസാനം ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ബ്രീൽ എംബോളോ അറ്റ്‌ലാന്റയ്ക്ക് സമനില സമ്മാനിച്ചു.

അർജന്റീനയ്ക്കായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന നേട്ടത്തോടെയാണ് മെസ്സി ദേശീയ ടീമിൽ നിന്ന് പടിയിറങ്ങിയത്. 207 മത്സരങ്ങളിൽ നിന്ന് 125 ഗോളുകളാണ് മെസ്സി നേടിയത്. മാത്രമല്ല, മാറഡോണയ്ക്ക് ശേഷം അർജന്റീനയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത നായകനുമാണ് മെസ്സി. രണ്ട് കോപ്പ അമേരിക്ക കിരീടങ്ങളും മെസ്സിക്ക് കീഴിൽ അർജന്റീന നേടി.

അതേസമയം യുവതാരം നിക്കോ പാസ് മെസ്സിക്ക് ശേഷം അർജന്റീനയുടെ പത്താം നമ്പർ കുപ്പായം അണിയുമെന്നാണ് പുറത്തുവരുന്ന വിവരം. ഇത് സംബന്ധിച്ച് ധാരണയായതായാണ് വിവരം. കോച്ച് സ്‌കലോണി തന്നെ അടുത്ത പത്താം നമ്പറുകാരനായി നിക്കോ പാസിനെ തിരഞ്ഞെടുത്തതായാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇറ്റാലിയൻ ക്ലബ്ബ് കോമോയ്ക്കായി കളിക്കുന്ന നിക്കോ പാസ് അർജന്റീനയുടെ ഭാവി സൂപ്പർതാരമാകുമെന്ന വിലയിരുത്തലിലാണ് ഒട്ടുമിക്ക ഫുട്‌ബോൾ നിരീക്ഷകരും.