1992 ജൂൺ. പിഎസ്‌വി ഐന്തോവനെ അടുപ്പിച്ച് രണ്ടുതവണ ഡച്ച് ഫുട്‌ബോൾ ലീഗ് ജേതാക്കളാക്കിയ ശേഷം സ്‌പോർട്ടിംഗ് ലിസ്ബൺ ക്ലബ്ബിന്റെ മാനേജരായി ചാർജെടുക്കാൻ സർ ബോബി റോബ്‌സൺ വരികയാണ്. 1986, 1990 ലോകകപ്പുകളിൽ ഇംഗ്ലണ്ട് ദേശീയ ടീമിനെ പരിശീലിപ്പിച്ച (90-ൽ ടീം സെമിഫൈനലിലെത്തി) പ്രഗത്ഭ പരിശീലകന് ഒരു പ്രശ്‌നമുണ്ട്, മരുന്നിനുപോലും പോർച്ചുഗീസ് അറിയില്ല. പരിഹാരം തേടി അദ്ദേഹം ലിസ്ബണിൽ തന്റെ ഒന്നാം അസിസ്റ്റന്റായ പ്രശസ്ത മുൻകളിക്കാരൻ മാനുവൽ ഫെർണാണ്ടസിനെ വിളിച്ചു. അയാൾ പറഞ്ഞു, ഇംഗ്ലീഷ് പച്ചവെള്ളം പോലെ സംസാരിക്കുന്ന ഒരു യുവാവുണ്ട്, പരിശീലകനായി പിച്ചവെക്കുന്ന ജോസെ മൗറീഞ്ഞോ. വിവർത്തനം ചെയ്യാൻ മാത്രമല്ല, പരിശീലനവേളയിൽ അങ്ങയെ സഹായിക്കാനും അവന് പറ്റും!

To advertise here,

ജോസെ മാരിയോ ഡോസ് സാന്റോസ് മൗറീഞ്ഞോ ഫെലിക്‌സ് പത്തു വർഷത്തിനകം ലോകഫുട്‌ബോളിനെ മാറ്റിമറിക്കുമെന്ന് അന്ന് ആരും കരുതിക്കാണില്ല. ലിസ്ബൺ വിമാനത്താവളത്തിൽ തന്നെ സ്വീകരിക്കാൻ കാത്തുനിന്ന 29-കാരനെ റോബ്‌സൺ ഓർമിച്ചതിങ്ങനെ: 'തലയെടുപ്പുള്ള സുന്ദരനായ ചെറുപ്പക്കാരനായിരുന്നു അയാൾ. വളരെ ആകർഷകമായ പെരുമാറുന്ന മര്യാദക്കാരൻ, പിഴവറ്റ ഇംഗ്ലീഷാണ് സംസാരിക്കുന്നത്. പെട്ടെന്ന് ആകർഷിച്ച കാര്യം അവൻ വെറുതെ വാക്കുകൾ പരിഭാഷപ്പെടുത്തുകയായിരുന്നില്ല എന്നതാണ്. സ്വന്തം ജീവൻ രക്ഷിക്കാനാണ് കുറിപ്പുകളെടുക്കുന്നത് എന്ന് തോന്നിക്കുന്നത്ര തീക്ഷ്ണമായ ശ്രദ്ധയോടെയാണ് അയാൾ ഞാൻ പറയുന്നത് കേട്ടത്.'

ദ്വിഭാഷിയിൽ നിന്നും ലോകം കീഴടക്കിയ പരിശീലകനിലേക്കുള്ള യാത്ര തികച്ചും അസാധാരണമായ ഒന്നാണ്. ഏറെക്കുറെ അസംഭാവ്യമായ ഒന്ന്. കളിക്കാരനെന്ന നിലയിൽ വലിയ നേട്ടങ്ങളൊന്നും ജോസെയുടെ പേരിലില്ല. പോർച്ചുഗലിലെ ശരാശരിയിലും താഴെയുള്ള ക്ലബ്ബുകളിൽ മിഡ്ഫീൽഡറായിരുന്നു. ഗോൾകീപ്പറും കോച്ചുമായിരുന്ന പിതാവ് ജോസെ ഫെലിക്‌സ് മൗറീഞ്ഞോയുടെ ക്ലബുകളുടെ റിസർവ് ടീമുകളിലും കളിച്ചു. കളിക്കാരനെന്ന നിലയിൽ മികച്ച പശ്ചാത്തലമില്ലെന്ന് തുറന്നു പറയാൻ അദ്ദേഹത്തിന് മടിയില്ലായിരുന്നു. 'ഞാൻ ഒരു മികച്ച കളിക്കാരൻ അല്ലാതിരുന്നതിൽ എനിക്ക് നിരാശയുണ്ടെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവർക്ക് തെറ്റി. ഒരു കളിക്കാരനാണ് ഞാനെന്ന് ഒരിക്കലും എനിക്ക് തോന്നിയിട്ടില്ല. എപ്പോഴും മാനേജരായാണ് സ്വയം കണ്ടത്.'

നെപ്പോളിയൻ വരുന്നു…! മൗറീഞ്ഞോ വീണ്ടും റയലിൽ, കാത്തിരിക്കുന്നത് സാമ്രാജ്യമോ വാട്ടർലൂവോ?  

കളിക്കളത്തിനും പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിനും അപ്പുറത്തെ അണിയറയിൽ നിന്നും മാനേജർമാരെ പുറത്തുകൊണ്ടു വന്ന താൻപോരിമയുടെ ഒരു യുഗത്തിന് തുടക്കം കുറിച്ച ആ മനുഷ്യന്റെ കരിയർ ആരംഭിച്ചത് റോബ്‌സന്റെ പിന്നിൽ നിന്നായിരുന്നു. ആ യുവാവിൽ വ്യത്യസ്തമായ എന്തോ കഴിവുണ്ടെന്ന് തുടക്കത്തിലേ റോബ്‌സൻ തിരിച്ചറിഞ്ഞു. തന്റെ നിർദ്ദേശപ്രകാരം എതിരാളികളെക്കുറിച്ച് പഠിച്ച് മൗറീഞ്ഞോ തയ്യാറാക്കിയ റിപ്പോർട്ടുകൾ കണ്ട് അദ്ദേഹം അമ്പരന്നു. എതിരാളികളുടെ തന്ത്രപരമായ ശീലങ്ങൾ, സെറ്റ്പീസിലെ ബലഹീനതകൾ, ഓരോ കളിക്കാരുടെയും കുറവുകൾ എന്നിവ സമാനതകളില്ലാത്ത കൃത്യതയോടെ രേഖപ്പെടുത്തിയ റിപ്പോർട്ടുകൾ. റോബ്‌സന്റെ വാക്കുകൾ മാത്രമല്ല, അദ്ദേഹത്തിന്റെ മാനസികനിലയും വികാരങ്ങളും കൂടിയാണ് മൗറീഞ്ഞോ കളിക്കാർക്ക് പരിഭാഷപ്പെടുത്തി നൽകിയത്.

സ്‌പോർട്ടിംഗ് ലിസ്ബൺ ക്ലബിൽ കാര്യങ്ങൾ പെട്ടെന്നാണ് മാറിമറിഞ്ഞത്. 1993 ഡിസംബറിൽ പോർച്ചുഗൽ ലീഗിൽ ഒന്നാംസ്ഥാനത്തായിരുന്നെങ്കിലും യുവേഫ കപ്പിൽ നേരത്തേ പുറത്തായത് ക്ലബ് പ്രസിഡന്റ് ജോസെ സിൻട്രയെ പ്രകോപിപ്പിച്ചു, അദ്ദേഹം വിമാനത്തിൽ വെച്ച് റോബ്‌സനെ പുറത്താക്കി. അടുത്ത മാസം, 1994 ജനുവരിയിൽ സ്‌പോർട്ടിംഗിന്റെ ചിരവൈരികളായ പോർട്ടോ ക്ലബ് റോബ്‌സണെ മാനേജരായി ക്ഷണിച്ചപ്പോൾ, റോബ്‌സൺ മുഖ്യ അസിസ്റ്റന്റായി മൗറീഞ്ഞോ വേണമെന്ന് നിർബന്ധം പിടിച്ചു. മാസങ്ങൾക്കുള്ളിൽ പോർച്ചുഗീസ് കപ്പ് ഫൈനലിൽ സ്‌പോർട്ടിംഗിനെ തോൽപ്പിച്ച് റോബ്‌സണും ശിഷ്യനും പ്രതികാരം വീട്ടി.

പോർട്ടോയ്‌ക്കൊപ്പം തുടർച്ചയായി രണ്ട് ലീഗ് കിരീടങ്ങൾ നേടിയ ശേഷമാണ് ബാഴ്‌സലോണയിൽ നിന്നും വിളി വന്നത്.അവിടെയും റോബ്‌സൺ, മൗറീഞ്ഞോയെ കൂടെക്കൂട്ടി. അവിടെ മൗറീഞ്ഞോയുടെ ചുമതലകൾ കേവലം പരിഭാഷകൻ എന്നതിനപ്പുറം കോച്ചിംഗ് ഉത്തരവാദിത്തങ്ങളിലേക്ക് വളർന്നു. റോബ്‌സന്റെ അസാന്നിധ്യത്തിൽ പരിശീലനവേളകൾ നയിക്കുന്നതടക്കം. കറ്റാലൻ ക്ലബ്ബിൽ നിന്ന് റോബ്‌സൺ പടിയിറങ്ങിയ ശേഷം വന്ന പ്രശസ്ത ഡച്ച് പരിശീലകൻ ലൂയി വാൻഗാൽ യുവപോർച്ചുഗീസ് തന്ത്രജ്ഞനെ നിലനിർത്തി. ആറുവർഷം അസിസ്റ്റന്റ് കോച്ചായി. വളരെ വ്യത്യസ്തമായ രണ്ട് യൂറോപ്യൻ കോച്ചിംഗ് പാരമ്പര്യങ്ങൾ - റോബ്‌സന്റെ ഊഷ്മളതയും വ്യക്തികളെ നയിക്കാനുള്ള ശേഷിയും വാൻഗാലിന്റെ കണിശതയും തന്ത്രപരമായ ഘടനയും. ഈ പരിശീലനം ഏറെക്കുറെ സമ്പൂർണമായ ഒരു അധ്യയനം മൗറീഞ്ഞോയ്ക്ക് നൽകി. അദ്ദേഹത്തിന്റെ ശൈലിയിൽ രണ്ട് ഗുരുക്കന്മാരുടെയും സ്വാധീനം കണ്ടെത്തുക പ്രയാസമല്ല.

മൗറീഞ്ഞോയുടെ തലമുറയിലെ പ്രമുഖ യൂറോപ്യൻ കോച്ചുകളിൽ പലരും ഉയർന്ന തലത്തിൽ ഫുട്‌ബോൾ കളിച്ചവരും, വളർച്ചയ്ക്ക് തങ്ങളുടെ പ്രശസ്തിയെക്കൂടി ഉപയോഗപ്പെടുത്തിയവരുമായിരുന്നു. എന്നാൽ അദ്ദേഹത്തിന് സ്വന്തം കഠിനാധ്വാനമല്ലാതെ വേറെയൊന്നും ആശ്രയിക്കാനുണ്ടായിരുന്നില്ല. എതിരാളികളെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ടുകൾ, മറ്റു ക്ലബ്ബുകളിൽ സാധാരണമാകുന്നതിനും വളരെ മുൻപേ തുടങ്ങിയ വീഡിയോ വിശകലനങ്ങൾ, സൂക്ഷ്മമായ തയ്യാറെടുപ്പുകൾ. വ്യവസ്ഥാപിത രീതികളെ കഠിനാധ്വാനം കൊണ്ട് തോൽപ്പിച്ച 'ഔട്ട്‌സൈഡർ' ആയി സ്വയം അടയാളപ്പെടുത്താൻ മൗറീഞ്ഞോയെ പ്രാപ്തനാക്കിയത് ഈ പശ്ചാത്തലമാണ്.

പോർട്ടോയിലെ മഹാത്ഭുതം

ബാഴ്‌സലോണയുടെ ഡ്രസ്സിംഗ് റൂമിൽ റൊണാൾഡോ (ബ്രസീലിയൻ), ലൂയിസ് ഫിഗോ, റിവാൾഡോ, പെപ് ഗ്വാർഡിയോള തുടങ്ങിയ താരങ്ങൾക്ക് പിന്നിൽ നിഴലായി നിന്ന മൗറീഞ്ഞോയെ വാൻഗാലിന് വളരെ ഇഷ്ടമായിരുന്നു. ക്ലബിന്റെ ബി ടീമിന്റെയും ഒന്നാം ടീമിന്റെ ചില കളികളുടെയും ചുമതല നൽകി. വർഷം രണ്ടായിരമാവുമ്പോൾ മൗറീഞ്ഞോയ്ക്ക് തോന്നി, ഒരു പ്രൊഫഷണൽ ക്ലബിന്റെ പ്രധാനകോച്ചാകാൻ സമയമായെന്ന്. ആദ്യം അദ്ദേഹത്തെ വിളിച്ചത് സ്വന്തം നാട്ടിലെ ബെൻഫിക്കയാണ്. പക്ഷേ, ഏതാനും മാസങ്ങൾക്കകം തുടക്കം പൊളിഞ്ഞു. പിന്നെ, യുണിയാവോ ഡി ലീറിയയിൽ കുറച്ചുകൂടി ഭേദപ്പെട്ട മറ്റൊരു ഘട്ടവും കഴിഞ്ഞ് 2002-ൽ പോർട്ടോയിലെത്തി.

ആഗ്രഹിച്ച വലിപ്പമുള്ള വേദി ആദ്യമായി ലഭിച്ചത് മൗറീഞ്ഞോ ആഘോഷിച്ചു. അദ്ദേഹത്തിന്റെ ആദ്യത്തെ പൂർണ സീസണിൽ തന്നെ പോർട്ടോ പോർച്ചുഗീസ് ലീഗ് ചാമ്പ്യൻമാരായി. തൊട്ടടുത്ത വർഷം അത് നിലനിർത്തുന്നതിനു പുറമേ യുവേഫ കപ്പ് ഉയർത്താനുമായി. അടുത്തവർഷം, 2004ൽ ആധുനിക ഫുട്‌ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും അമ്പരപ്പിക്കുന്ന അട്ടിമറികളിലൊന്ന് മൗറീഞ്ഞോയും കുട്ടികളും പൂർത്തിയാക്കി. സാമ്പത്തിക ശക്തിയും താരമൂല്യവും വച്ചുനോക്കിയാൽ വൻകരയിലെ മറ്റ് ക്ലബ്ബുകളോട് ഒരു തരത്തിലും മത്സരിക്കാൻ ശേഷിയില്ലാതിരുന്ന ഒരു പോർച്ചുഗീസ് ക്ലബ്ബ് ചാമ്പ്യൻസ് ലീഗ് കിരീടം നേടി! മൗറീഞ്ഞോയ്ക്ക് അന്ന് വയസ്സ് നാൽപ്പത്തിയൊന്ന്! ദ്വിഭാഷി യൂറോപ്യൻ ചാമ്പ്യനായി മാറാനെടുത്ത സമയം പന്ത്രണ്ട് വർഷത്തിൽ താഴെ!

പിൽക്കാലത്ത് മൗറീഞ്ഞോയുടെ ബാഹ്യവ്യക്തിത്വത്തെ നിർവചിച്ച നിരവധി പ്രകടനങ്ങളുടെ മിന്നലാട്ടം ആ ടൂർണമെന്റിൽ പുറത്തുവന്നു. പ്രകടനപരതയുള്ള കലഹപ്രിയനും അപ്രവചനീയനുമായ പ്രതിഭ. ടൂർണമെന്റിന്റെ നോക്കൗട്ട് റൗണ്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ അവസാന നിമിഷത്തിൽ പോർട്ടോ നേടിയ നാടകീയ വിജയത്തിന് ശേഷം, കൈകൾ ഇരുവശത്തേക്കും നീട്ടിപ്പിടിച്ച് ഓൾഡ് ട്രാഫോർഡിന്റെ ടച്ച്‌ലൈനു സമാന്തരമായി അദ്ദേഹം നടത്തിയ ഓട്ടം ക്യാമറകൾക്ക് വരുന്നായി. ആസൂത്രിതമായിരുന്നിരിക്കാം ആ പ്രകടനപരത, എങ്കിലും അത് ആ വ്യക്തിത്വത്തിന് നിറം പകർന്നു. ആഴ്ചകൾക്കുള്ളിൽ ഇംഗ്ലീഷ് ക്ലബ് ചെൽസിയുടെ ഉടമ റോമൻ അബ്രാമോവിച്ച് അദ്ദേഹത്തെ വിലക്കെടുത്തു, ലോക ഫുട്‌ബോളിലെ അക്കാലത്തെ ഏറ്റവും ഉയർന്ന പ്രതിഫലം നൽകി.

ചെൽസിയും 'സ്‌പെഷ്യൽ വൺ' പ്രഖ്യാപനവും

ചെൽസിയിൽ 2004-ൽ എത്തുമ്പോൾ അദ്ദേഹം നടത്തിയ പ്രഖ്യാപനം ഒരുപക്ഷേ, ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലിയെ ഓർമിപ്പിക്കുന്നതായിരുന്നു. 'ദയവായി എന്നെ അഹങ്കാരിയെന്ന് വിളിക്കരുത്, കാരണം ഞാൻ പറയുന്നത് സത്യമാണ്. ഞാൻ യൂറോപ്യൻ ചാമ്പ്യനാണ്, വെറും ശരാശരിക്കാരനല്ല. ഞാനൊരു സവിശേഷവ്യക്തിയാണെന്ന് (സ്‌പെഷൽ വൺ) കരുതുന്നു-'അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. സ്‌പെഷൽ വൺ അദ്ദേഹത്തിന്റെ വിളിപ്പേരായി പിന്നീട്. ആ വാക്കുകളിലെ അഹങ്കാരത്തോളം പോന്ന ആത്മവിശ്വാസത്തെ അന്വർത്ഥമാക്കുന്നതായിരുന്നു ചെൽസിയുടെ കളി. ആദ്യ സീസണിൽ തന്നെ പ്രീമിയർ ലീഗ് കിരീടം നേടി. തൊട്ടടുത്ത വർഷം അതാവർത്തിച്ചു.

മൂന്നു വർഷക്കാലം മൗറീഞ്ഞോയുടെ ചെൽസി എതിരാളികൾ ഏറ്റവും ഭയപ്പെട്ടിരുന്ന ഇപിഎൽ ടീമായിരുന്നു. അത്യധികം ദൃഢമായ പ്രതിരോധ സംവിധാനമാണ് അദ്ദേഹം കെട്ടിപ്പടുത്തത്. 2004-2005 സീസണിൽ ടീം വഴങ്ങിയത് 15 ഗോൾ മാത്രമായിരുന്നു! 'ഞാൻ പറയുന്നത് ചെയ്താൽ നാം ജയിക്കും' എന്ന് അദ്ദേഹം കളിക്കാരോട് പറഞ്ഞു, അതവർ വിശ്വസിച്ചു. ഒരു പരിശീലകനെ കളിക്കാർ അത്രയും വിശ്വസിച്ച അനുഭവം മുമ്പുണ്ടായിട്ടില്ലെന്ന് അന്നത്തെ ക്യാപ്റ്റനായിരുന്ന ജോൺ ടെറി പിൽക്കാലത്ത് പറഞ്ഞു. ശക്തമായ പ്രതിരോധം, ആര്യൻ റോബൻ, ദിദിയർ ദ്രോഗ്ബ എന്നിവർ നയിക്കുന്ന അതിവേഗ പ്രത്യാക്രമണങ്ങൾ, ചെൽസിയെ പേടിക്കാതിരിക്കുക അസാധ്യമായിരുന്നു.

മുതലാളി അബ്രാമോവിച്ചുമായുള്ള ബന്ധം വഷളായതിനെ തുടർന്ന് 2007ൽ അദ്ദേഹം ചെൽസി വിട്ടു. ചുമതലയേറ്റ രണ്ടോ മൂന്നോ വർഷത്തിനകം ക്ലബ്ബുമായുണ്ടായ ഭിന്നത പിന്നീട് അദ്ദേഹം പരിശീലകനായ മിക്ക ക്ലബ്ബുകളിലും വ്യത്യസ്ത രൂപങ്ങളിൽ ആവർത്തിച്ചു. പക്ഷേ, ചെൽസി വിടുമ്പോഴും അദ്ദേഹത്തിന്റെ പ്രശസ്തി അത്യുന്നതങ്ങളിലായിരുന്നു. നാൽപ്പതുകളുടെ തുടക്കത്തിൽ തന്നെ വ്യത്യസ്ത രാജ്യങ്ങളിൽ ലീഗ് കിരീടങ്ങൾ നേടിയ, ആരെയും ഭയമില്ലാത്ത പ്രതിഭാശാലിയായ കോച്ച്.

ഇന്റർ മിലാനിലെ 'ട്രെബിൾ'

മൗറീഞ്ഞോയുടെ കരിയറിലെ ഇതുവരെയുള്ള ഏറ്റവും മികച്ച സീസൺ ഇന്റർ മിലാനിലായിരുന്നു. 2009-2010 സീസൺ. ഒരു ഇറ്റാലിയൻ ക്ലബ്ബിന്റെ ചരിത്രത്തിലാദ്യമായി ക്ലബ്ബ് ട്രെബിൾ നേടി. സീരി എ, കോപ്പ ഇറ്റാലിയ, പിന്നെ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ. ഫുട്‌ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ക്ലബ്ബ് ടീമുകളിലൊന്നായിരുന്ന ബാഴ്‌സലോണയുടെ ആക്രമണ നിരയ്‌ക്കെതിരെ, അങ്ങേയറ്റം അച്ചടക്കമുള്ള പ്രതിരോധം കൊണ്ട് മിലാൻ നേടിയ സെമിഫൈനൽ വിജയം ഇന്നും തന്ത്രങ്ങളുടെ മാസ്റ്റർക്ലാസ് ആയി കരുതപ്പെടുന്നു. മുമ്പ് ബാർസെലോണയിൽ ഉപ പരിശീലകനായിരുന്നപ്പോൾ ടീമിലുണ്ടായിരുന്ന പെപ് ഗ്വാർഡിയോളയുമായുള്ള 'കുടിപ്പക'യിലെ ശ്രദ്ധേയമായ ഒരധ്യായമായി അത്.

രണ്ടാംപാദ മത്സരത്തിൽ ചുവപ്പുകാർഡ് കണ്ട് പത്തുപേരായി ചുരുങ്ങിയിട്ടും ബാഴ്‌സലോണയുടെ ആക്രമണത്തിരകളെ ചെറുത്തുതോൽപ്പിച്ച് ഇന്റർ ഒരു ഗോളിന്റെ ലീഡ് നിലനിർത്തുകയായിരുന്നു. മൗറീഞ്ഞോയുടെ ആത്മവിശ്വാസവും തന്ത്രപരമായ മികവും പൂർണമായും സമ്മേളിച്ച നിമിഷമായിരുന്നു ആ വിജയം. രണ്ടു വ്യത്യസ്ത രാജ്യങ്ങളിലെ 'അണ്ടർഡോഗുകൾ' എന്ന് മാത്രം പറയാവുന്ന രണ്ട് വ്യത്യസ്ത ക്ലബ്ബുകളുമായി അദ്ദേഹം ചാമ്പ്യൻസ് ലീഗ് കിരീടം നേടി. എതിരാളികളെ തകർക്കുന്നതിനേക്കാൾ അവരുടെ കളി ഇല്ലാതാക്കുക എന്ന ആശയത്തിൽ അധിഷ്ഠിതമായ ഒരു ഫുട്‌ബോൾ ശൈലി-പോർട്ടോയുടെയും ഇന്ററിന്റെയും വിഭവപരിമിതികൾക്ക് തികച്ചും അനുയോജ്യമായത്, ആയിരുന്നു അദ്ദേഹം അവലംബിച്ചത്.

മാഡ്രിഡിലെ അവതാരപുരുഷനും ഗ്വാർഡിയോളയുടെ തളർച്ചയും

റയലിലെത്തുമ്പോഴേക്കും മൗറീഞ്ഞോ ഇതിഹാസമായി മാറിക്കഴിഞ്ഞിരുന്നു. മെസ്സി-ഗ്വാർഡിയോള യുഗം കത്തിജ്വലിക്കുന്ന കാലം. സ്പാനിഷ് ഫുട്‌ബോളിലും യൂറോപ്പിലും ബാഴ്‌സലോണയുടെ സമ്പൂർണ ആധിപത്യമായിരുന്നു. എന്തുവില കൊടുത്തും ബാർസയെ തറപറ്റിക്കണമെന്നായിരുന്നു പ്രസിഡന്റ് പെരെസിന്. റയൽ മാഡ്രിഡിന്റെ ആഴമറിയാത്ത ഖജനാവിനും വമ്പൻ കളിക്കാർക്കും പരിഹരിക്കാൻ കഴിയാതിരുന്ന പ്രശ്‌നം പരിഹരിക്കാൻ 'അവതാര പുരുഷൻ' എത്തി എന്ന തോന്നലായിരുന്നു റയൽ ആരാധകർക്ക്.

മൗറീഞ്ഞോയുടെ ആദ്യസീസണിൽ ഒരു ആഭ്യന്തര കപ്പായിരുന്നു നേട്ടം. രണ്ടാം സീസൺ ചരിത്രമായി. പോയിന്റുനേട്ടത്തിൽ റെക്കോഡുമായി ലാ ലിഗ കിരീടം! തകർക്കാൻ കഴിയില്ലെന്ന് തോന്നിച്ച ബാഴ്‌സലോണയുടെ ആധിപത്യത്തെ പ്രതിരോധ അച്ചടക്കവും നിർദയമായ കൃത്യതയും കൊണ്ട് അരിഞ്ഞു വീഴ്ത്തിയായിരുന്നു മൗറീഞ്ഞോ ആ വിജയം പിടിച്ചെടുത്തത്. കരിയറിലേക്കും മികച്ച ഫോമിലായിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ യന്ത്രമനുഷ്യനെന്നോണം ഗോളുകൾ അടിച്ചുകൂട്ടി. 2011ലെ കോപ്പ ഡെൽ റേ ഫൈനലിൽ റൊണാൾഡോയുടെ ഗോളിൽ ബാഴ്‌സയെ വീഴ്ത്തി മൗറീഞ്ഞോ ആദ്യ കിരീടം നേടി. 2012 ഏപ്രിലിൽ നൗ ക്യാമ്പിൽ ബാഴ്‌സയെ തകർത്ത് (2-1) റൊണാൾഡോ നടത്തിയ 'കാൽമ' (Calma) ആഘോഷം (90,000 ബാഴ്‌സ ആരാധകരോട് അടങ്ങാനാവശ്യപ്പെട്ടത്) അവരുടെ നെഞ്ചകം തകർത്തു. ഈ തോൽവി ബാഴ്‌സയുടെ ലീഗ് ആധിപത്യം അവസാനിപ്പിച്ചു.

പക്ഷേ, അതേ സീസണിൽ തന്നെ 'എൽ ക്ലാസിക്കോ' വൈരത്തിന്റെ ദീർഘകാല ചരിത്രത്തിലെ ഏറ്റവും കടുപ്പമേറിയതും എന്നാൽ നിയന്ത്രണം നഷ്ടമായതുമായ ചില മത്സരങ്ങൾ നടന്നു. ക്ലബ്ബ് ആഗ്രഹിച്ച വിജയം അദ്ദേഹം നൽകിയെങ്കിലും, ആ സംഭവങ്ങൾ മൗറീഞ്ഞോയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചു, റയൽ ആരാധകരിൽ ഒരു വിഭാഗത്തിനും അത് ഇഷ്ടമായില്ല. അതിനിടെ ഗോൾ കീപ്പർ ഇക്കർ കസിയസിനെയും റൊണാൾഡോയെയും പോലുള്ള മുതിർന്ന താരങ്ങളുമായുള്ള ബന്ധം വഷളായി. 2013ൽ മൂന്ന് വർഷത്തെ കരാർ അവസാനിക്കുമ്പോഴേക്കും മൗറീഞ്ഞോ ഏറെക്കുറെ അനഭിമതനായി കഴിഞ്ഞിരുന്നു. നാലുവർഷം മുമ്പ് 'അവതാര പുരുഷനായി' വാഴിച്ച അതേ ക്ലബ്ബ് നിസ്സംഗമായാണ് അദ്ദേഹത്തെ യാത്രയാക്കിയത്; റയൽ മാഡ്രിഡ് ടീമും ആരാധകരും വിജയലഹരിയിൽ എന്നതിനെക്കാൾ ക്ഷീണിച്ചുപോയിരുന്നു.

അതിനുമുമ്പ്, 2012 ഏപ്രിൽ 27ന്, ഗ്വാർഡിയോള ബാർസയിൽ നിന്നും വിടവാങ്ങൽ പ്രഖ്യാപിച്ചു. ഫുട്‌ബോളിൽ നിന്നും ഒരുവർഷത്തെ ഇടവേളയെടുത്തതിന് അദ്ദേഹം പറഞ്ഞ കാരണം നാലുവർഷം ബാഴ്‌സയെ പരിശീലിപ്പിച്ചതിന്റെ മാനസികക്ഷീണമാണ്. മൗറീഞ്ഞോയുടെ നിരന്തരമായ മാനസിക സമ്മർദ്ദം താങ്ങാനാവാതെയാണ് ഗ്വാർഡിയോള ബാഴ്‌സലോണ വിട്ടതെന്ന് വിശ്വസിക്കപ്പെടുന്നു. ഗ്വാർഡിയോളയുടെ സ്ഥാനത്ത് ആരായിരുന്നാലും തകർന്നുപോവുമായിരുന്നു. മൗറീഞ്ഞോയുടെ റയലിനോടേറ്റ തോൽവികൾ ബാഴ്‌സലോണയ്ക്ക് കേവലം കളിയിലെ പരാജയങ്ങൾ മാത്രമായിരുന്നില്ല, കടുത്ത മാനസിക ആഘാതങ്ങളുമായിരുന്നു. പെപ് ഗ്വാർഡിയോളയുടെ 'ടിക്കിടാക്ക' ശൈലിയെ തകർക്കാൻ മൗറീഞ്ഞോ കടുത്ത ശാരീരിക ആക്രമണ തന്ത്രങ്ങളും മനശാസ്ത്ര യുദ്ധവുമാണ് അഴിച്ചുവിട്ടത്.

ഓരോ കയറ്റത്തിനും ഓരോ ഇറക്കവുമുണ്ടാവും എന്നാണ് ചൊല്ല്. മൗറീഞ്ഞോ എന്ന അതുല്യ പരിശീലകനെയും കാത്ത് പരാജയത്തിന്റെ ഗർത്തങ്ങൾ കാത്തിരിപ്പുണ്ടായിരുന്നു. (അദ്ദേഹത്തിന്റെ നിലവാരം വെച്ചു മാത്രമേ അവയെ പരാജയമായി കൂട്ടാനാവൂ എങ്കിലും.) (തുടരും)