ഫ്ളോറന്റീനോ പെരെസ് പ്രധാന തീരുമാനങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് സന്തിയാഗോ ബെർണബ്യൂവിൽ പരക്കുന്ന ഒരു പ്രത്യേകതരം ശാന്തതയുണ്ട്. 2026 ജൂണിലും ആ നിശബ്ദത മാഡ്രിഡിൽ നിറഞ്ഞുനിന്നു. റയൽ മാഡ്രിഡിന്റെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട പെരെസ് ലോകത്തോട് പ്രഖ്യാപിച്ചു: പരിശീലകനായി ജോസെ മൗറീഞ്ഞോ മടങ്ങിയെത്തുന്നു!

To advertise here,

ഈ പരിശീലകന്റെ തിരിച്ചുവരവ് ക്ലബ് എത്ര വിലമതിക്കുന്നുവെന്നതിന് തെളിവാണ് കരാർ വ്യവസ്ഥകൾ. ബെൻഫിക്ക ക്ലബ്ബിന് ഏതാണ്ട് പതിനഞ്ച് ദശലക്ഷം യൂറോ നൽകിയാണ് റയൽ അദ്ദേഹത്തെ കൊണ്ടുവന്നത്. വിപണിമൂല്യത്തേക്കാൾ വിലയുണ്ടെന്നും പകുതിവഴിയിൽ സ്വന്തമാക്കുന്നത് അന്തിമമമായി ലാഭകരമാണെന്നും (ക്ലബിനും ഭാരവാഹികൾക്കും!) ബോധ്യപ്പെട്ടാൽ മാത്രമേ ക്ലബ്ബുകൾ സാധാരണ ഇത്രയും വലിയ തുക മുടക്കൂ. നല്ലകാലം പിന്നിട്ട 63-കാരനായ മൗറീഞ്ഞോയിൽനിന്നു ക്ലബ് ഏറെ പ്രതീക്ഷിക്കുന്നുണ്ടെന്നു വ്യക്തം.

ആഞ്ചലോട്ടിയുടെ രണ്ടാം ഭരണത്തിലെയും സാബി അലോൻസോയുടെ ഹ്രസ്വകാലത്തെയും നിരാശാജനകമായ പ്രകടനങ്ങൾക്ക് ശേഷം ക്ലബ്ബിന്റെ പ്രതാപം വീണ്ടെടുക്കുമെന്ന വാഗ്ദാനത്തിലാണ് പെരസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. മൗറീഞ്ഞോയെ തിരികെ കൊണ്ടുവന്നത് ഒരു സ്പോർട്ടിംഗ് ഡയറക്ടറുടെ തീരുമാനം മാത്രമല്ല; വോട്ടർമാർക്ക് നൽകിയ വാഗ്ദാനം പാലിക്കലായിരുന്നു എന്നർത്ഥം. ഉദ്ദേശിച്ചതു പോലുള്ള മത്സരഫലങ്ങൾ വരാൻ വൈകിയാൽ മൗറീഞ്ഞോയ്ക്ക് എത്രകാലം തുടരാനാവുമെന്ന് പറയാനാവില്ല. എന്തായാലും തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ ഭാഗമായി എത്തുന്നതിനാൽ സാധാരണ ഒരു പരിശീലകന് കിട്ടുന്നതിനെക്കാൾ ഉയർന്ന സംരക്ഷണം അദ്ദേഹത്തിന് കിട്ടിയേക്കും! മൂന്ന് വർഷത്തെ കരാറും ലോകകപ്പ് ആരംഭിക്കുന്ന അതേദിവസം നടത്തിയ ഔദ്യോഗിക പ്രഖ്യാപനവും ക്ലബ്ബിന് അദ്ദേഹത്തിലുള്ള വിശ്വാസം വ്യക്തമാക്കുന്നു.

മൗറീഞ്ഞോ തിരിച്ചെത്തുന്നത് അദ്ദേഹം വിട്ടുപോയ പഴയ ക്ലബ്ബിലേക്കല്ല. ക്രിസ്റ്റിയാനോ റൊണാൾഡോയും കരിം ബെൻസേമയും റാമോസും മോഡ്രിച്ചും ഗാരെത് ബെയ്ലും ടോണി ക്രൂസും പോലുള്ള പ്രതിഭാധനൻമാർ നിറഞ്ഞ രണ്ടാം ഗാലക്ടിക്കോസല്ല ലോക ഫുട്ബോളിലെ ഏറ്റവും സമ്പന്നമായ ക്ലബ്ബ് ഇന്ന്. റയലിന്റെ കഴിഞ്ഞ സീസൺ ഒരു നാണംകെട്ട തോൽവിയോടെയാണ് അവസാനിച്ചത്. ചാമ്പ്യൻസ് ലീഗിൽനിന്നുള്ള പുറത്താകൽ, സീസൺ തീരുംമുമ്പേ ബാഴ്സലോണയ്ക്ക് മുന്നിൽ അടിയറവെച്ച ലീഗ് കിരീടം, ഇടയ്ക്കിടെയുള്ള മാനേജർമാരുടെ മാറ്റങ്ങൾ. ബ്രസീൽ ടീമിന്റെ പരിശീലകനായി കാർലോ ആഞ്ചലോട്ടി പോയപ്പോൾ വീരനായകന്റെ പരിവേഷത്തോടെ ചുമതലയേറ്റ അലോൻസോ എട്ട് മാസത്തിനുള്ളിൽ തെറിച്ചു. പിന്നെ കരുതൽ പരിശീലകനായി ആൽവാരോ അർബെലോവ താത്കാലികമായി ചുമതലയേറ്റു. സമീപകാലത്ത് ക്ലബിനു പരിചയമില്ലാത്ത ആ ശൂന്യതയിലേക്കാണ് മൗറീഞ്ഞോയെ പെരസ് കൊണ്ടുവരുന്നത്.

തന്നെ നാടുകടത്തിയ എൽബ ദ്വീപിൽനിന്ന് 1815-ൽ ഫ്രാൻസിന്റെ തീരത്തിറങ്ങിയ നെപ്പോളിയനെ ഫ്രഞ്ച് പടയാളികൾ നെഞ്ചിലേറ്റിയതുപോലെ, റയൽ മാഡ്രിഡിന്റെ ആരാധകരും ടീമിലെ താരങ്ങളും ആ പോർച്ചുഗീസുകാരനെ ആവേശത്തോടെ സ്വീകരിക്കുമോ? സഖ്യകക്ഷികളോട് തോറ്റ നെപ്പോളിയൻ ചക്രവർത്തി 1814 ഏപ്രിലിലെ ഫോണ്ടൻബ്ലോ സന്ധിപ്രകാരം സിംഹാസനം വിട്ടൊഴിഞ്ഞ് മെഡിറ്ററേനിയൻ കടലിലെ ദ്വീപായ എൽബയുടെ 'പരമാധികാരി'യായി പോകാൻ നിർബന്ധിതനായി. ഇന്റർ മിലാനും റയൽ മാഡ്രിഡും ചെൽസീയും മാഞ്ചസ്റ്റർ യുനൈറ്റഡും പോലുള്ള ലോകോത്തര ടീമുകളെ പരിശീലിപ്പിച്ചിരുന്ന മൗറീഞ്ഞോ അവസാനം പരിശീലിപ്പിച്ച ടീമുകൾ ടോട്ടനവും റോമയും ബെൻഫിക്കയും പോലുള്ള ശരാശരിയോ അതിലും താഴെയോ ഉള്ള ടീമുകളെയാണ്. പത്തുമാസം കഴിഞ്ഞാണ് നഷ്ടമായ കിരീടവും പ്രതാപവും തിരിച്ചുപിടിക്കാൻ ഫ്രഞ്ച് ചക്രവർത്തി എത്തിയതെങ്കിൽ ഈ പോർച്ചുഗീസുകാരൻ വരുന്നത് പതിമൂന്ന് വർഷത്തെ 'അജ്ഞാതവാസത്തിനു' ശേഷമാണ്. 2013-ൽ പടിയിറങ്ങിപ്പോയ അതേ മാർബിൾ ഇടനാഴികളിലൂടെ കിടയറ്റ ആ തന്ത്രജ്ഞൻ തിരിച്ചു നടക്കുമ്പോൾ ലോകം ഉറ്റുനോക്കുകയാണ്: വരാനിരിക്കുന്നത് ഒരു സാമ്രാജ്യത്തിന്റെ പുനർജനിയോ അതോ മൗറീഞ്ഞോയുടെ വാട്ടർലൂവോ?

എംബാപ്പെയും വിനീഷ്യസും ബെല്ലിങാമും മൗറീഞ്ഞോയെ ഉൾക്കൊള്ളുമോ?

കഴിഞ്ഞ ഒന്നര വർഷമായി റയലിൽ മൗറീഞ്ഞോയുടെ തിരിച്ചുവരവിനെക്കുറിച്ച് അഭ്യൂഹങ്ങളുണ്ടായിരുന്നു, അവയെ അദ്ദേഹം പരസ്യമായി തള്ളിക്കളയുകയും ചെയ്തു. പോർച്ചുഗലിലെ ബെൻഫിക്കയിലായിരുന്നപ്പോൾ റയലിലേക്ക് മടങ്ങുമോ എന്ന ചോദ്യത്തിന് കഥ എങ്ങോട്ടാണ് പോകുന്നതെന്നറിയാതെ നീണ്ടുപോകുന്ന ഒരു മെഗാസീരിയലിനോട് അദ്ദേഹം ഉപമിച്ചിരുന്നു. തുർക്കിയിലെ ഫെനർബാച്ചി ക്ലബിലായിരുന്നപ്പോൾ കൂടുതൽ നയതന്ത്രപരമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. റയൽ പരിശീലകൻ ആഞ്ചലോട്ടി ലോകത്തിലെ ഏറ്റവും മികച്ച പരിശീലകനാണ്, മാഡ്രിഡിന്റെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് പെരെസാണ്, അദ്ദേഹത്തിന് ഒരിക്കലും തെറ്റുപറ്റിയിട്ടില്ല എന്നൊക്കെയായിരുന്നു മറുപടി. പെരെസിന്റെ പ്രഖ്യാപത്തിന് മുൻപ് മാധ്യമങ്ങൾക്ക് ഒരു വാർത്തയും നൽകാൻ മൗറീഞ്ഞോ തയ്യാറായില്ല.

2010-ൽ ഇറ്റലിയിലെ സീരീ എ ലീഗിൽ ഇന്റർ മിലാനൊപ്പം ട്രെബിൾ കിരീടം നേടിയാണ് മൗറീഞ്ഞോ റയലിൽ എത്തിയത്. ഇന്ന് വളരെ വ്യത്യസ്തമാണ് കാര്യങ്ങൾ. പ്രത്യേകിച്ച് അദ്ദേഹത്തിന് ലഭിക്കുന്ന ടീമിന്റെ ഘടനയിൽ. അന്ന് ആക്രമണം നയിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ഉണ്ടായിരുന്നു; മധ്യനിരയിൽ മുന്നേറ്റങ്ങൾ മുൻകൂട്ടി കണ്ട് പന്ത് നൽകാൻ സാബി അലോൻസോയും പ്രതിരോധനിരയെ നയിക്കാൻ സെർജിയോ റാമോസും ഉണ്ടായിരുന്നു. അന്ന് മൗറീഞ്ഞോ കെട്ടിപ്പടുത്ത ആ കരുത്തുറ്റ അടിത്തറ ഇല്ലാതായിട്ട് വർഷങ്ങളായി. ഇന്ന് മികച്ച താരങ്ങളുണ്ടെങ്കിലും എന്തോ ഒരു കുറവുള്ളതുപോലെ.

റയൽ മാഡ്രിഡിന് സമ്പത്തുണ്ട്, പുതിയ സ്റ്റേഡിയമുണ്ട്, ലോകത്തിലെ ഏറ്റവും മികച്ച യുവതാരങ്ങളുമുണ്ട്. എന്നാൽ, പഴയ ഗാലക്റ്റിക്കോസ് യുഗം ബെർണബ്യൂവിന് നൽകിയിരുന്ന ആരെയും ഭയപ്പെടുത്തുന്ന പ്രതാപവും രാജകീയമായ അഹങ്കാരവും എവിടെയോ നഷ്ടമായിരിക്കുന്നു. ആഞ്ചലോട്ടിയുടെ ശാന്തതയും സിദാന്റെ ലാളിത്യവും അവർക്ക് ഒട്ടേറെ കിരീടങ്ങൾ നൽകിയെങ്കിലും എതിരാളികളുടെ നെഞ്ചിൽ തീ കോരിയിട്ടിരുന്ന ആ പോരാട്ടവീര്യം മാഞ്ഞുപോയിരിക്കുന്നു. പുതിയ സൂപ്പർതാരങ്ങൾക്ക് തന്ത്രങ്ങൾ ഉപദേശിക്കുന്ന ഒരു കോച്ചിനെയല്ല ആവശ്യം; മറിച്ച് ലോകത്തെ മുഴുവൻ വെല്ലുവിളിക്കാൻ പോന്നൊരു പടത്തലവനെയാണെന്ന്‌ പെരെസ് തിരിച്ചറിഞ്ഞു കാണണം. ഏറെ കുഴപ്പങ്ങളുണ്ടെങ്കിലും സൂപ്പർ താരങ്ങളിൽനിന്നു സൂപ്പർ പ്രകടനങ്ങൾ പിടിച്ചെടുക്കാൻ മൗറീഞ്ഞോയല്ലാതെ മറ്റൊരു സൂപ്പർ കോച്ചും പെരസിന്റെ മനസ്സിലുണ്ടായിരുന്നില്ലെന്നു വ്യക്തം. നിർണായകമത്സരങ്ങളിൽ 'ഗിയർ മാറ്റുന്നതെ'ങ്ങനെയെന്ന് കളിക്കാർക്ക് പറഞ്ഞുകൊടുക്കാൻ പറ്റുന്നൊരാൾ. പക്ഷേ, 'ഒരു കളിക്കാരനും ക്ലബ്ബിനേക്കാൾ വലുതല്ല' എന്ന് തെളിയിച്ചിട്ടുള്ള മൗറീഞ്ഞോയെ വിനീഷ്യസും ബെല്ലിങാമും അടങ്ങുന്ന പുതിയ യുവനിര എങ്ങനെ സ്വീകരിക്കുമെന്ന് കണ്ടറിയണം.

ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയെ മാറ്റിനിർത്തിയാൽ ഇനിയും സ്വന്തം സ്വത്വം കണ്ടെത്തിയിട്ടില്ലാത്ത ഒരു പുതിയ സംഘമാണ് അവിടെയുള്ളത്. കാര്യങ്ങളോട് വൈകാരികമായി പ്രതികരിക്കുന്ന വിനീഷ്യസ് ജൂനിയർ, സിദാനുശേഷം റയൽ കണ്ട ഏറ്റവും മികച്ച മധ്യനിരക്കാരനായ ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങാം, പൂർണ്ണ കായികക്ഷമതയിലേക്ക് മടങ്ങിയെത്തുന്ന യുവ ബ്രസീലിയൻ താരം എൻഡ്രിക്, ലിവർപൂളിൽനിന്ന് വന്ന ട്രെന്റ് ആർനോൾഡ്, യുവതാരങ്ങളായ ഡീൻ ഹുയിസെൻ, ഫ്രാങ്കോ മസ്താംതുവോണോ എന്നിവരും ഫെഡെ വാൽവെർദെ, ആർഡ ഗുലേർ, എഡർ മിലിറ്റാവോ തുടങ്ങിയ പഴയ താരങ്ങളുമുണ്ട്. മാഞ്ചസ്റ്റർ സിറ്റിക്കു കളിക്കുന്ന സ്പാനിഷ് താരം റോഡ്രിയെ (ഇക്കഴിഞ്ഞ ലോകകപ്പിലെ താരം) റയൽ വലവീശുന്നതായി റിപ്പോർട്ടുണ്ട്. അതുകൂടി നടന്നാൽ മൗറീഞ്ഞോയ്ക്ക് കൈമോശം വന്ന മാന്ത്രികദണ്ഡ് തിരിച്ചുകിട്ടാനും അദ്ദേഹം ഫുട്ബോൾ പിച്ചിൽ വീണ്ടും അത്ഭുതം സംഭവിപ്പിക്കാനും എല്ലാ സാധ്യതയുമുണ്ട്!

എൽ ക്ലാസിക്കോയിൽ തീ പടർത്താൻ പഴയ പടക്കുതിരയ്ക്ക് കഴിയുമോ?

13 വർഷം മുമ്പ് ഇറ്റലിയിൽനിന്നു വീരപരിവേഷത്തോടെ സ്പെയിനിലെത്തിയ തോൽവിയറിയാത്ത അതുല്യ പരിശീലകനല്ല ഇന്ന് മൗറീഞ്ഞോ. ടോട്ടനം, റോമ, ഫെനർബാച്ചി തുടങ്ങിയ ഇടത്തരം ക്ലബ്ബുകളിൽ സമ്മിശ്രവിജയങ്ങൾ മാത്രം നേടിയ പഴയ പടക്കുതിര. ബെൻഫിക്കയിലെ ഭേദപ്പെട്ട കാലയളവാണ് അദ്ദേഹത്തിന്റെ തിരിച്ചുവരവിന് വഴിതുറന്നത്. പൂർണ്ണമല്ലാത്ത ടീമും കാത്തുനിൽക്കാത്ത മത്സരക്രമങ്ങളുംവെച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരു പുതിയ സാമ്രാജ്യം കെട്ടിപ്പടുക്കുക എന്ന വലിയ ദൗത്യമാണ് അദ്ദേഹത്തിന് മുന്നിലുള്ളത്. പരമ്പരാഗത വൈരികളായ ബാഴ്സലോണ മികച്ച ഫോമിൽ തുടരുമ്പോൾ മൗറീഞ്ഞോയ്ക്ക് മുന്നിൽ പിഴവുകൾക്ക് ഒട്ടും സ്ഥാനമില്ല. സമ്മർദ്ദം മൗറീഞ്ഞോയ്ക്ക് ഒരിക്കലും പ്രശ്നമായിരുന്നില്ല. പക്ഷേ, റയലിൽ തിരിച്ചടികൾക്ക് സമയമില്ല. പരാജയപ്പെട്ടാൽ സീസൺ തീരുംമുമ്പ് പരിശീലകരുടെ കസേര തെറിക്കും. മൗറീഞ്ഞോയുടെ കരിയറിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് മുന്നിൽ.

ഒരുകാലത്ത് ഗ്വാർഡിയോളയുടെ ബാഴ്സലോണയും മൗറീഞ്ഞോയുടെ റയലും തമ്മിൽ നടന്നിരുന്ന വീറും വാശിയും പകയും തിളച്ചു മറിഞ്ഞ ആ നാടകീയ പോരാട്ടങ്ങളുടെ നട്ടെല്ല് ലാ ലിഗയ്ക്ക് നഷ്ടമായിരിക്കുന്നു. എതിർ മാനേജരുടെ കണ്ണിൽ വിരൽകൊണ്ടു കുത്താനും ദൈവങ്ങളെപ്പോലെ ആരാധിക്കപ്പെടുന്ന സൂപ്പർതാരങ്ങളെ തെരുവിൽ വിചാരണ ചെയ്യാനും മടിക്കാത്ത പഴയ 'വില്ലൻ' തിരികെയെത്തുമ്പോൾ, നഷ്ടപ്പെട്ടുപോയ ആദിമ മത്സരവീര്യം സ്പാനിഷ് ഫുട്ബോളിൽ വീണ്ടും പുകഞ്ഞുതുടങ്ങുകയാണ്. പന്തുകളി മൈതാനങ്ങളിൽ തീപടർത്താൻ വീണ്ടും എൽ ക്ലാസിക്കോകൾക്കാവുമോ? ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ കാത്തിരിക്കുന്നു!

'നമ്മൾ എങ്ങനെ കളിക്കുന്നു എന്നതിലല്ല കാര്യം. നിങ്ങളുടെ കാർ ഫെരാരിയും എന്റേത് ചെറിയ കാറുമാണെങ്കിൽ പന്തയത്തിൽ നിങ്ങളെ തോൽപ്പിക്കാൻ ഞാൻ നിങ്ങളുടെ കാറിന്റെ വീൽ തകർക്കുകയോ ടാങ്കിൽ പഞ്ചസാര ഇടുകയോ ചെയ്തേ മതിയാവൂ.' 2023-ൽ എഎസ് റോമയും സെവിയ്യയും തമ്മിലുള്ള യൂറോപ്പ ലീഗ് ഫൈനലിനു മുമ്പ് മൗറീഞ്ഞോ പറഞ്ഞതാണ്. തങ്ങളെക്കാൾ എന്തുകൊണ്ടും ശക്തരായ ടീമുകളെ നേരിടാൻ ചിലപ്പോൾ അമിതപ്രതിരോധത്തിലൂന്നിയ, ചന്തം കുറഞ്ഞ കളി വേണ്ടിവരുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു അന്ന് റോമയുടെ പരിശീലകനായിരുന്ന അദ്ദേഹം. അതായത്, ഏതു തന്ത്രത്തെയും സാധൂകരിക്കാൻ വിജയത്തിനാവുമെന്ന സന്ദേശം. ഫൈനലിൽ റോമ ഷൂട്ടൗട്ടിൽ തോറ്റെന്ന കാര്യം വേറെ.

'ഇഫ് ഐ സ്പീക്ക്, ഐ ആം ഇൻ ബിഗ് ട്രബിൾ' എന്ന് പറഞ്ഞ് റഫറിമാരെ വിറപ്പിച്ച ടച്ച്ലൈനിനപ്പുറത്തെ 'ഭീകരനാണോ' അതോ പക്വതയുള്ള പടത്തലവനാണോ മാഡ്രിഡിൽ രണ്ടാമൂഴത്തിന് ഇറങ്ങുക? സ്പെയിനെയും ഇംഗ്ലണ്ടിനെയും വിറപ്പിച്ച കൊടുങ്കാറ്റു വിതച്ച ഭൂതകാലം അടുത്ത ഭാഗത്തിൽ.

(തുടരും)