തൊടുപുഴ: ഇതുവരെ കാര്യമായ മഴക്കെടുതികളുണ്ടാകാത്ത വട്ടവട പോലെയുള്ള മഴനിഴൽപ്രദേശങ്ങളിൽ ഞായറാഴ്ചയുണ്ടായ അതിശക്തമായ മഴയും പ്രളയവും കാലാവസ്ഥവ്യതിയാനത്തിന്റെ ശക്തമായ സൂചനയെന്ന് വിദഗ്ധർ. തമിഴ്‌നാട്, കേരള അതിർത്തിയോട് ചേർന്ന് പശ്ചിമഘട്ടത്തിന് കിഴക്കുഭാഗത്തായുള്ള വട്ടവടയിൽ മറ്റിടങ്ങളെ അപേക്ഷിച്ച് മഴ കുറവാണ്. എന്നാൽ, കിഴക്കുനിന്നെത്തുന്ന ഈർപ്പമുള്ള വായുവും, കാലാവസ്ഥാവ്യതിയാനം മൂലമുണ്ടാകുന്ന അന്തരീക്ഷത്തിലെ ചൂടും കാരണം മലനിരകൾക്ക് മുകളിൽ ലംബമായി വളരുന്ന ക്യുമുലോനിംബസ് മേഘങ്ങളാണ് (ശക്തമായ കൂമ്പാരമേഘങ്ങൾ) വട്ടവടയിൽ പെട്ടെന്നുള്ള ശക്തമായ മഴയ്ക്ക് കാരണമായതെന്ന് കാലാവസ്ഥ വിദഗ്ധർ പറയുന്നു.
മഴനിഴൽപ്രദേശങ്ങൾ കാലാവസ്ഥമാറ്റത്തിന്റെ പ്രത്യാഘാതത്തിൽ പെടുന്നത് നല്ല സൂചനയല്ല. അതിനാൽ കേരളത്തിൽ പ്രാദേശികമായി നിരീക്ഷണസംവിധാനങ്ങൾ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും, പെട്ടെന്നുള്ള അതിതീവ്ര മഴ തിരിച്ചറിയാൻ ഇതാണ് നല്ല മാർഗമെന്നും കുസാറ്റ് അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്‌മോസ്ഫറിക് റഡാർ റിസർച്ച് ഡയറക്ടർ പ്രൊഫ.എസ്.അഭിലാഷ് പറയുന്നു.
ഞായറാഴ്ച ഇടുക്കിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. 115 മില്ലീമീറ്റർ വരെ കനത്തമഴ പെയ്യാമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. ഞായറാഴ്ച രാവിലെ മുതൽ ചെറിയ തോതിൽ മഴയുണ്ടായെങ്കിലും വട്ടവട പോലെയുള്ള മേഖലകളിൽ ഇത് പ്രതീക്ഷിച്ചില്ല. വൈകീട്ട് നാലരയോടെ കൊട്ടക്കമ്പൂർ മേഖലയിൽ മേഘക്കൂമ്പാരം രൂപപ്പെടുകയായിരുന്നു. പെട്ടെന്നുണ്ടായ മഴയിൽ മണ്ണിടിഞ്ഞാണ് രണ്ടുപേർ മരിച്ചത്.
ശുഷ്‌കം നിരീക്ഷണസംവിധാനം
ഞായറാഴ്ച അപകടമുണ്ടായ വട്ടവടയിൽ പെയ്ത മഴ എത്രയാണെന്ന് തിട്ടപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. കാലാവസ്ഥാ നിരീക്ഷണവകുപ്പിന്റെ മഴമാപിനികൾ ആറ് കേന്ദ്രങ്ങളിൽ മാത്രമേയുള്ളൂ. ചില താലൂക്കുകളിൽ ദുരന്തനിവാരണ അതോറിട്ടിയുടെ ഓട്ടോമാറ്റിക് മഴമാപിനികളുമുണ്ട്. ഇത് കൂടാതെ ഏലപ്പാറ, പീരുമേട്, ബൈസൺവാലി എന്നിവിടങ്ങളിലെ തോട്ടങ്ങളിലും നിരീക്ഷണമുണ്ട്. 2017-ന് ശേഷം ജില്ലയിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും പെട്ടെന്നുള്ള മഴ അപകടമുണ്ടാക്കി. ഓഗസ്റ്റ് ഒന്നിന് കുടയത്തൂരിൽ ഇത്തരത്തിൽ ഉരുൾപൊട്ടി വീട്ടമ്മ മരിച്ചു. കൂമ്പാരമേഘങ്ങൾ ഒരുമിച്ച് പ്രത്യേകസ്ഥലത്ത് മാത്രമാണ് പെയ്യുന്നത്. എന്നാൽ, പല പഞ്ചായത്തുകളും ഇക്കാര്യത്തിൽ വേണ്ട ശ്രദ്ധ വെക്കുന്നില്ല.
മഴനിഴൽ പ്രദേശം
ഈർപ്പമുള്ള കാറ്റ് പർവതങ്ങളിൽ തട്ടി മുകളിലേക്ക് ഉയരുംതോറും വായുതണുത്ത് മേഘങ്ങളായി മാറി മലയുടെ ഒരുവശത്ത് കനത്തമഴ നൽകും. മഴയ്ക്കുശേഷം കാറ്റ് മലനിരകൾ കടന്ന് മറുവശത്തേക്ക് എത്തുമ്പോഴേക്കും അതിലെ ഈർപ്പം മുഴുവൻ നഷ്ടപ്പെടും. കൂടാതെ, താഴേക്ക് ഇറങ്ങുന്ന വായു ചൂടുപിടിച്ച് വരണ്ടതാകും. അതിനാൽ മലയുടെ ഈവശത്ത് മഴ പെയ്യാൻ ആവശ്യമായ മേഘങ്ങൾ രൂപപ്പെടില്ല. വട്ടവട, മറയൂർ, കാന്തല്ലൂർ, ചിന്നാർ എന്നിവയാണ് കേരളത്തിൽ പശ്ചിമഘട്ട മലനിരകളുടെ കിഴക്കൻ ചരിവുകളിലുള്ള മഴനിഴൽ ഗ്രാമങ്ങൾ.
Published: 22 Sept 2026, 07:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented