ന്യൂഡൽഹി: ബ്രസീലിനെതിരായ സൗഹൃദ മത്സരം കളിക്കാനായി ഫിഫ ആസിയാൻ കപ്പിൽ നിന്ന് പിന്മാറിയ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ തീരുമാനത്തിനെതിരേ മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ് ബൂട്ടിയ. ഐ.എസ്.എൽ ക്ലബ്ബുകളും ഐ-ലീഗ് ക്ലബ്ബുകളും പ്രവേശന ഫീസ് നൽകാൻ പാടുപെടുന്ന സമയത്ത് ബ്രസീൽ ടീമിനെ 70 കോടിയോളം രൂപ നൽകി കൊണ്ടുവരുന്നത് ശരിയല്ലെന്ന് ബൂട്ടിയ പറഞ്ഞു. ഇത്രയും വലിയ തുക നൽകാൻ തയ്യാറാണെങ്കിൽ അർജന്റീനയ്ക്കും സ്‌പെയിനിനും ഫ്രാൻസിനും എപ്പോൾ വേണമെങ്കിലും ഇന്ത്യയിൽ വന്ന് കളിക്കാമെന്നും ബൂട്ടിയ വ്യക്തമാക്കി.
‘ബ്രസീൽ സൗജന്യമായി വന്ന് ഒരു സൗഹൃദ മത്സരം കളിക്കുകയാണെങ്കിൽ എനിക്ക് അതിൽ പ്രശ്‌നമില്ല. എന്നാൽ ഇന്ത്യയിൽ വന്ന് ഒരു സൗഹൃദ മത്സരം കളിക്കാൻ ബ്രസീലിന് 50 കോടി മുതൽ 70 കോടി രൂപ വരെ നൽകുന്നത് ശരിയല്ല. ഈ ഘട്ടത്തിലത് തികച്ചും തെറ്റാണ്. ഐ.എസ്.എൽ ക്ലബ്ബുകളും ഐ-ലീഗ് ക്ലബ്ബുകളും പ്രവേശന ഫീസ് നൽകാൻ പാടുപെടുമ്പോൾ എന്തിനാണ് ഈ സമയത്ത് 70 കോടി രൂപ നൽകുന്നത്?’ - ബൂട്ടിയ ചോദിച്ചു.
‘ഫിഫ അംഗീകരിച്ചതും ഇനിയങ്ങോട്ട് രണ്ടോ നാലോ വർഷത്തിലൊരിക്കൽ നടക്കാൻ സാധ്യതയുള്ളതുമായ ഒരു ടൂർണമെന്റാണിത്. എന്നാൽ വെറുമൊരു സൗഹൃദ മത്സരം കളിക്കാനും 50 കോടി മുതൽ 70 കോടി രൂപ വരെ നൽകാനും വേണ്ടി മാത്രം അതെല്ലാം നഷ്ടപ്പെടുത്തുകയാണ്.’ - അദ്ദേഹം പറഞ്ഞു.
‘നിലവിൽ പണത്തിന്റെ കാര്യത്തിൽ ബുദ്ധിമുട്ടുന്ന ഒരു ഫെഡറേഷനാണിത്. എന്നിട്ടും എ.ഐ.എഫ്.എഫ് അതിൽ നിന്ന് ബ്രസീലിന് മുൻകൂർ തുക നൽകാൻ ആഗ്രഹിക്കുന്നു. ഇതൊരു മോശം തീരുമാനമാണെന്നാണ് ഞാൻ കരുതുന്നത്. ഇത് ഫിഫ അംഗീകരിച്ച ടൂർണമെന്റാണ്. ഏഷ്യൻ, ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ നമ്മെ തോൽപ്പിച്ച തായ്‌ലൻഡ്, ഇൻഡോനീഷ്യ, വിയറ്റ്‌നാം, മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ ടീമുകൾ ഇതിലുണ്ടെന്നും’ ബൂട്ടിയ പറഞ്ഞു.
‘ബ്രസീലിന് എപ്പോൾ വേണമെങ്കിലും വരാം. അത്രയും തുക നൽകാൻ തയ്യാറാണെങ്കിൽ അർജന്റീനയ്ക്കും സ്‌പെയിനിനും ഫ്രാൻസിനും എപ്പോൾ വേണമെങ്കിലും ഇന്ത്യയിൽ വന്ന് കളിക്കാം. നിങ്ങൾക്ക് ഏത് ടീമിനെയും വരുത്തി കളിക്കാം, പക്ഷേ ഈ സമയത്ത് ഇത് തെറ്റാണെന്നാണ് ഞാൻ കരുതുന്നത്.’- ബൂട്ടിയ കൂട്ടിച്ചേർത്തു.
ബ്രസീലുമായുള്ള സൗഹൃദമത്സരവും ആസിയാൻ കപ്പ് മത്സരങ്ങളും ഒരേസമയത്ത് വരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. കൊൽക്കത്തയിൽ ബ്രസീലുമായുള്ള ഇന്ത്യയുടെ സൗഹൃദ മത്സരം ഒക്ടോബർ മൂന്നിനാണ്. ഇൻഡൊനീഷ്യയിൽ നടക്കുന്ന പ്രഥമ ആസിയാൻ കപ്പ് സെപ്റ്റംബർ 21-നും ഒക്ടോബർ ആറിനും ഇടയിലായിരിക്കും നടക്കുക. ഇൻഡൊനീഷ്യ, മലേഷ്യ, സിങ്കപ്പുർ ടീമുകളുമായാണ് ആസിയാൻ കപ്പിൽ ഇന്ത്യക്ക് ഏറ്റുമുട്ടേണ്ടിയിരുന്നത്. അഞ്ചുവട്ടം ലോക ചാമ്പ്യൻമാരായ ബ്രസീലുമായുള്ള മത്സരം ഇന്ത്യൻതാരങ്ങൾക്ക് ലഭിക്കുന്ന അപൂർവ അവസരമായിരിക്കുമെന്നാണ് ഫെഡറേഷൻ കരുതുന്നത്. അതിനാലാണ് ബ്രസീലുമായുള്ള മത്സരം കളിക്കാനുള്ള തീരുമാനം എഐഎഫ്എഫ് എടുത്തത്.
Content Highlights: Bhaichung Bhutia questioned AIFF's decision to skip the inaugural FIFA ASEAN Cup., India is scheduled to play a high-profile friendly against Brazil in Kolkata on October 3.
Published: 14 Aug 2026, 09:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented