അറ്റ്‌ലാന്റ: 84-ാം മിനിറ്റുവരെ ഒരു ഗോളിന് പിന്നിൽ. പിന്നാലെ ഏഴു മിനിറ്റിനുള്ളിൽ രണ്ട് ഗോളുകൾ ഇംഗ്ലീഷ് വലയിലേക്ക് അടിച്ചുകയറ്റി നിലവിലെ ചാമ്പ്യൻമാരായ അർജന്റീന ഫൈനലിൽ. മെസ്സിക്കും സംഘത്തിനും ഇത് തുടർച്ചയായ രണ്ടാം ഫൈനൽ. ഒന്നിനെതിരേ രണ്ടു ഗോളുകൾക്കായിരുന്നു ഇംഗ്ലണ്ടിനെതിരേ മെസ്സിപ്പടയുടെ വിജയം. മെസ്സിപ്പടയെന്ന പേര് അന്വർഥമാക്കും വിധം രണ്ട് ഗോളുകൾക്കും വഴിയൊരുക്കി മെസ്സി തിളങ്ങി.

To advertise here,

55-ാം മിനിറ്റിൽ മോർഗൻ റോജേഴ്‌സിന്റെ ക്രോസ് വലയിലെത്തിച്ച് ആന്തണി ഗോർഡനാണ് ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചത്. മറുപടിയായി 85-ാം മിനിറ്റിൽ കിടിലനൊരു ലോങ് റേഞ്ചറിലൂടെ എൻസോ ഫെർണാണ്ടസ് ഇംഗ്ലീഷ് വലകുലുക്കി. പിന്നാലെ ഇഞ്ചുറി ടൈമിൽ ലൗട്ടാരോ മാർട്ടിനെസ് അർജന്റീനയുടെ വിജയഗോൾ കുറിച്ചു. 20-ാം തീയതി നടക്കുന്ന ഫൈനലിൽ യൂറോ ചാമ്പ്യൻമാരായ സ്‌പെയിനാണ് അർജന്റീനയുടെ എതിരാളികൾ.

നേരത്തേ പരുക്കൻ കളി കണ്ട സെമി ഫൈനലിന്റെ ആദ്യ പകുതി ഗോൾരഹിതമായിരുന്നു. തുടക്കം മുതൽ തന്നെ ഇരു ടീമും ആക്രമണമഴിച്ചുവിട്ടതോടെ കളി വളരെ വേഗം ചൂടുപിടിച്ചു. ഭാവനാ സമ്പന്നമായ മുന്നേറ്റങ്ങളൊന്നും പക്ഷേ ഇരു ഭാഗത്തു നിന്നും ഉണ്ടായില്ല. ഇംഗ്ലണ്ട് നിരയിൽ ഏലിയറ്റ് ആൻഡേഴ്‌സണും അർജന്റീന നിരയിൽ ലിസാൻഡ്രോ മാർട്ടിനസും ആദ്യ പകുതിയിൽ തന്നെ മഞ്ഞക്കാർഡ് കണ്ടു.

പലപ്പോഴും കളി പരുക്കനായി മാറി. ആദ്യ 30 മിനിറ്റിൽ ഇരുടീമുകൾക്കും ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും ഉതിർക്കാൻ കഴിഞ്ഞില്ല. തുടർച്ചയായ ഫൗളുകൾ കാരണം മത്സരം ഇടയ്ക്കിടെ തടസപ്പെടുകയായിരുന്നു. 37-ാം മിനിറ്റിൽ ലയണൽ മെസ്സിയെ ഫൗൾ ചെയ്തതിന് ഇംഗ്ലണ്ടിന്റെ മധ്യനിര താരം എലിയറ്റ് ആൻഡേഴ്‌സൺ മത്സരത്തിലെ ആദ്യ മഞ്ഞക്കാർഡ് വാങ്ങി. തൊട്ടുപിന്നാലെ 41-ാം മിനിറ്റിൽ ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ങാമിന്റെ കൗണ്ടർ അറ്റാക്ക് തടഞ്ഞതിന് അർജന്റീനയുടെ പ്രതിരോധ താരം ലിസാൻഡ്രോ മാർട്ടിനസിനും മഞ്ഞക്കാർഡ് ലഭിച്ചു.

ആദ്യ പകുതിയിൽ 56% പന്തടക്കവുമായി അർജന്റീനയാണ് കളി നിയന്ത്രിക്കാൻ ശ്രമിച്ചത്. എന്നാൽ ഇംഗ്ലണ്ട് മികച്ച പ്രതിരോധമുയർത്തി. മെസ്സിക്ക് പന്തുമായി മുന്നേറാൻ സ്‌പേസ് കൊടുക്കാതിരിക്കലായിരുന്നു ഇംഗ്ലണ്ടിന്റെ തന്ത്രം. അതിൽ ആദ്യ പകുതിയിൽ അവർ വിജയിക്കുകയും ചെയ്തു. റോഡ്രിഗോ ഡിപോളിന്റെ അഭാവം അർജന്റീനയുടെ മധ്യനിരയിൽ നിഴലിച്ചു. ഇംഗ്ലണ്ട് മികച്ച പ്രതിരോധവും വിങ്ങുകളിലൂടെയുള്ള മുന്നേറ്റങ്ങളുമായി കളം നിറഞ്ഞു.

ഇംഗ്ലണ്ടിനായി റീസ് ജെയിംസ് എടുത്ത ഫ്രീ കിക്ക് അർജന്റീന കീപ്പർ എമിലിയാനോ മാർട്ടീനസ് തട്ടിയകറ്റിയതാണ് ആദ്യ പകുതിയിലെ ഏറ്റവും അപകടകരമായ നിമിഷം. അർജന്റീനയ്ക്കായി എൻസോ ഫെർണാണ്ടസ് ഉതിർത്ത ഷോട്ട് ബാറിന് തൊട്ടുമുകളിലൂടെ പുറത്തുപോയി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ അർജന്റീന ആക്രമണം തുടങ്ങി. 47-ാം മിനിറ്റിൽ ഹൂലിയൻ ആൽവരസിന്റെ ഷോട്ട് ഇംഗ്ലീഷ് ഗോൾകീപ്പർ ജോർദാൻ പിക്‌ഫോർഡ് രക്ഷപ്പെടുത്തി. പിന്നാലെ 55-ാം മിനിറ്റിൽ ഇംഗ്ലണ്ടിന്റെ ഗോളെത്തി. വലതുവിങ്ങിൽ നിന്ന് മോർഗൻ റോജേഴ്‌സ് നൽകിയ ക്രോസ് ആന്തണി ഗോർഡൻ വലയിലെത്തിക്കുകയായിരുന്നു. 57-ാം മിനിറ്റിൽ ജിയോവാനി സിമിയോണി അപകടകരമായ രീതിയിൽ പന്തുമായി ഇംഗ്ലീഷ് ബോക്‌സിൽ കയറിയെങ്കിലും കിടിലനൊരു ടാക്കിളിലൂടെ ജേഡ് സ്‌പെൻസ് അപകടമൊഴിവാക്കി.

പിന്നീട് തുടർച്ചയായ അർജന്റീന ആക്രമണങ്ങളായിരുന്നു. 69-ാം മിനിറ്റിൽ മെസ്സിയുടെ ക്രോസിൽ നിന്നുള്ള നിക്കോ ഗോൺസാലസിന്റെ ഹെഡർ പിക്‌ഫോർഡ് അദ്ഭുതകരമായി രക്ഷപ്പെടുത്തി. 76-ാം മിനിറ്റിൽ റോഡ്രിഗോ ഡിപോളിന്റെ ക്രോസിൽ നിന്നുള്ള അല്ക്‌സിസ് മാക് അലിസ്റ്ററുടെ ഹെഡർ പോസ്റ്റിലിടിച്ച് മടങ്ങി. തുടർച്ചയായി അർജന്റീന ഇംഗ്ലീഷ് ഗോൾമുഖം വിറപ്പിച്ചുകൊണ്ടിരുന്നു. 85-ാം മിനിറ്റിൽ മെസ്സി ഒരുക്കിയ പാസിൽ നിന്ന് കിടിലനൊരു ലോങ് റേഞ്ചറിലൂടെ എൻസോ ഫെർണാണ്ടസ് വലകുലുക്കിയതോടെ അറ്റ്‌ലാന്റ സ്‌റ്റേഡിയം പ്രകമ്പനം കൊണ്ടു. ഗോൾ നേടിയതിനു പിന്നാലെയും അർജന്റീന ആക്രമണം ശക്തമാക്കി. ഇൻജുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ മെസ്സിയുടെ ക്രോസിന് തലവെച്ച് ലൗട്ടാരോ അർജന്റീനയെ ഫൈനലിലെത്തിച്ചു.