90 മിനിറ്റും ജർമനിയെ വിറപ്പിക്കുകയായിരുന്നു ഐവറി കോസ്റ്റ്. ക്യാപ്റ്റൻ ഫ്രാങ്ക് കെസ്സിയെയിലൂടെ 30-ാം മിനിറ്റിൽ തന്നെ മുന്നിലെത്തുകയും പിന്നീട് നിരന്തരം തങ്ങളുടെ ഗോൾമുഖം വിറപ്പിക്കുകയും ചെയ്ത ഐവറി കോസ്റ്റിനെതിരേ ജർമനി അക്ഷരാർഥത്തിൽ പതറിപ്പോയിരുന്നു. എന്നാൽ പകരക്കാരനായി വന്ന ഒരു 29-കാരൻ ജർമൻ ടീമിനെ ഒറ്റയ്ക്ക് ചുമലിലേറ്റി. സൂപ്പർ സബ്ബ്, സൂപ്പർ തന്നെയാണെന്ന് തെളിയിക്കുകയാണ് ഡെനിസ് ഉൺഡാഫ്.

To advertise here,

ക്യുറാസോയ്‌ക്കെതിരായ ആദ്യ മത്സരത്തിലും ഉൺഡാഫ് ടീമിനായി തിളങ്ങിയിരുന്നു. ജർമനി 7-1ന് ജയിച്ച മത്സരത്തിൽ ഒരു ഗോൾ നേടിയ താരം രണ്ട് ഗോളിന് വഴിയൊരുക്കുകയും ചെയ്തു. ഈ സീസണിൽ ബുണ്ടസ് ലിഗയിൽ വിഎഫ്ബി സ്റ്റട്ട്ഗാർട്ടിനായി 29 മത്സരങ്ങളിൽ നിന്ന് 19 ഗോളുകളാണ് ഉൺഡാഫ് നേടിയിരിക്കുന്നത്. ആറ് അസിസ്റ്റുകളും താരത്തിന്റെ പേരിലുണ്ട്. യൂറോപ്പ ലീഗിലും ജർമൻ ടൂർണമെന്റായ ഡിഎഫ്ബി പോക്കലിലും മൂന്നു ഗോളുകൾ വീതവും കഴിഞ്ഞ സീസണിൽ താരം നേടിയിരുന്നു.

2024 മാർച്ചിൽ കോച്ച് ജൂലിയൻ നാഗെൽസ്മാനാണ് ദേശീയ ടീമിൽ ഉൺഡാഫിന് അവസരം കൊടുക്കുന്നത്. അതിനു ശേഷം ഇതുവരെ ജർമനിക്കായി കളിച്ച 11 മത്സരങ്ങളിൽ നിന്നായി ഒമ്പത് ഗോളുകൾ താരം നേടിയിട്ടുണ്ട്.

ബെൽജിയത്തിൽ യൂണിയൻ സെന്റ് ഗില്ലോയിസിന്റെ താരമായിരുന്ന ഉൺഡാഫ് 45 മത്സരങ്ങളിൽ നിന്ന് 18 ഗോളുകൾ നേടി. പിന്നീട് പ്രീമിയർ ലീഗ് ടീമായ ബ്രൈറ്റൺ താരത്തെ ടീമിലെത്തിച്ചു. അവിടെ എട്ട് ഗോളുകൾ നേടി. ആദ്യം ലോണിൽ വിഎഫ്ബി സ്റ്റട്ട്ഗാർട്ടിലെത്തിയ ഉൺഡാഫിനെ പിന്നീട് ടീം വാങ്ങുകയായിരുന്നു. സ്റ്റട്ട്ഗാർട്ടിനായി ഇതുവരെ കളിച്ച ആകെ 117 മത്സരങ്ങളിൽ നിന്ന് 57 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്. പകരക്കാരനായി ഇറങ്ങി ഗോളുകൾ നേടുന്നതിൽ പ്രത്യേക വൈദഗ്ദ്ധ്യം പുലർത്തുന്ന താരം ലോകകപ്പിലും ആ മികവ് പുറത്തെടുത്തിരിക്കുകയാണ്.

ഐവറി കോസ്റ്റിനെതിരേ നേടിയ ജയത്തോടെ 2014-ന് ശേഷം ഇതാദ്യമായി ജർമനി ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറി.