മദീര: അനുവാദമില്ലാതെ ദേശീയ ടീം ക്യാമ്പിൽ നിന്ന് ഇറങ്ങിപ്പോയ സൂപ്പർ താരം ക്രിസ്റ്റ്യാനോയെ സസ്‌പെൻഡ് ചെയ്ത് പോർച്ചുഗീസ് ഫുട്‌ബോൾ ഫെഡറേഷൻ. ഫെഡറേഷന്റെ നിയമാവലി പ്രകാരം ക്രിസ്റ്റ്യാനോയെ വിലക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പരിശീലകൻ യൊർഗെ ജെസ്യൂസ് വാക്ക് പാലിച്ചില്ലെന്ന് ആരോപിച്ചാണ് ക്രിസ്റ്റ്യാനോ ടീം ക്യാമ്പ് വിട്ടത്. ഫെഡറേഷന്റെ ഏത് ശിക്ഷയും സ്വീകരിക്കുമെന്ന് താരം പിന്നീട് പുറത്തിറക്കിയ പ്രസ്താവനയിൽ പ്രഖ്യാപിച്ചിരുന്നു.

To advertise here,

അനുവാദമില്ലാതെ ടീം ക്യാമ്പ് വിടുന്നത് ഫെഡറേഷന്റെ നിയമാവലി പ്രകാരം വിലക്കും പിഴയും കിട്ടാവുന്ന അച്ചടക്കലംഘനമാണ്. ഇത് പ്രകാരമാണ് റൊണാൾഡോയെ വിലക്കിയിരിക്കുന്നത്. എന്നാൽ എത്രമാസത്തേക്കാണ് വിലക്ക് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. അച്ചടക്കസമിതി വിഷയം ചർച്ച ചെയ്ത് ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഒരുമാസം മുതൽ ആറുമാസം വരെ വിലക്കിയേക്കാം. ഒരുമാസത്തിൽ കൂടുതലാണ് വിലക്കെങ്കിൽ താരത്തിന് ഡെൻമാർക്ക്, വെയിൽസ് ടീമുകൾക്കെതിരായ യുവേഫ നേഷൻസ് ലീഗ് മത്സരങ്ങൾ നഷ്ടമാകും. എന്നാൽ വിഷയത്തിൽ സഹതാരങ്ങളോട് മാപ്പ് പറഞ്ഞ പശ്ചാത്തലത്തിൽ വിലക്കിന്റെ കാലാവധി കുറയ്ക്കാനുള്ള സാധ്യതയുണ്ട്.

ഫെഡറേഷന്റെ നിയമാവലി പ്രകാരം, ദേശീയ ടീമിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട ഏതൊരു കളിക്കാരനും കൃത്യമായ കാരണങ്ങളില്ലാതെ പരിശീലന സെഷനുകളിലോ മത്സരങ്ങളിലോ ഫെഡറേഷന്റെ മറ്റ് ഔദ്യോഗിക പ്രവർത്തനങ്ങളിലോ പങ്കെടുക്കാതിരിക്കുകയോ ക്യാമ്പ് ഉപേക്ഷിച്ചു പോവുകയോ ചെയ്താൽ, ഒന്നു മുതൽ ആറു മാസം വരെ വിലക്ക് ലഭിക്കും. പ്രൊഫഷണൽ കളിക്കാരനാണെങ്കിൽ, ഇതിന് പുറമെ ഏകദേശം 500 മുതൽ 1,000 യൂറോ വരെ പിഴയും അടയ്‌ക്കേണ്ടി വരും.

വിഷയം പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ വിലയിരുത്തുകയും നടപടിയെടുക്കുകയും വേണമെന്ന് ക്രിസ്റ്റ്യാനോ പ്രതികരിച്ചിരുന്നു. ഞാൻ ഏതെങ്കിലും ഒരു കളിക്കാരനല്ല, ഞാൻ ടീമിന്റെ ക്യാപ്റ്റനാണ്, അത് ഗൗരവമുള്ളതാണ്. ഞാൻ ഇതിനകം മാപ്പ് ചോദിച്ചിട്ടുണ്ട്, എന്നാൽ ഇത്തരം മനോഭാവങ്ങൾക്ക് അനന്തരഫലങ്ങൾ ഉണ്ടാകുമെന്ന് എനിക്കറിയാം. എന്നെപ്പോലെ ഫുട്ബോളിൽ ഉള്ള ആർക്കും അറിയാം, ഓരോരുത്തരുടെയും പദവി പരിഗണിക്കാതെ, നിയമങ്ങൾ എല്ലാവർക്കും ഒന്നുതന്നെയാണെന്ന്. തുടർന്നും ദേശീയ ടീമിനായി കളിക്കുമെന്നും ക്രിസ്റ്റ്യാനോ പ്രസ്താവനയിൽ വ്യക്തമാക്കി.

നേഷൻസ് ലീഗിൽ വെയ്ൽസിനെതിരായ മത്സരത്തിൽ റൊണാൾഡോ കളിച്ചിരുന്നു. എന്നാൽ, നോർവേക്കെതിരായ മത്സരത്തിൽ താരത്തെ ഇറക്കിയിരുന്നില്ല. വാം അപ്പ് ചെയ്യിച്ചശേഷമാണ് ഇറക്കാതിരുന്നത്. ഇക്കാര്യത്തിൽ പരിശീലകനും താരവും തമ്മിൽ ഭിന്നതയുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഡെൻമാർക്കിനെതിരായ മത്സരത്തിൽ ഗോൺസാലോ റാമോസായിരിക്കും ആദ്യഇലവനിൽ ഇറങ്ങുകയെന്നും ക്രിസ്റ്റ്യാനോ ബെഞ്ചിലായിരിക്കുമെന്നും ജെസ്യൂസ് പ്രഖ്യാപിച്ചത്. ഇതാണ് ക്രിസ്റ്റ്യാനോയെ ചൊടിപ്പിച്ചതും ടീം വിടാൻ പ്രേരിപ്പിച്ചതും.