ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോൾ സീസണിൽ ആദ്യ അഞ്ചുമത്സരം പിന്നിടുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നില പരുങ്ങലിലാണ്. അഞ്ചു മത്സരങ്ങളിൽ അഞ്ചു പോയിന്റുമായി പന്ത്രണ്ടാം സ്ഥാനത്താണ് ചുവന്ന ചെകുത്താന്മാർ. പിന്നിലാണെങ്കിലും സീസണിൽ യുണൈറ്റഡിന്റെ പ്രതീക്ഷകളിലൊരാളാണ് ലെഫ്റ്റ് ബാക്ക് പാട്രിക് ഡോർഗു.
21 വയസ്സ് മാത്രമുള്ള ഡാനിഷ് താരം യുണൈറ്റഡിനായി 43 മത്സരം കളിച്ചു. നാലു ഗോളും നേടി. സൗഹൃദമത്സരത്തിൽ ഡെൻമാർക്കിനായി കളിക്കുന്നതിനിടെ പേശികൾക്ക് പരിക്കേറ്റെങ്കിലും വേഗത്തിൽ കളിക്കളത്തിലേക്ക് തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് താരം. ശനിയാഴ്ച നടക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ്-ടോട്ടനം മത്സരത്തിന് മുന്നോടിയായി ജിയോ സ്റ്റാർ ഒരുക്കിയ അഭിമുഖത്തിൽ ഡോർഗു മാതൃഭൂമിയോട് സംസാരിക്കുന്നു.
പുതിയ പരിശീലകനാണ് മൈക്കൽ കാരിക്ക്. അദ്ദേഹത്തിനുകീഴിൽ ടീമിൽവന്ന മാറ്റം എന്തൊക്കെയാണ്?
കഴിഞ്ഞ സീസണിൽ റുബെൻ അമോറിമിനു കീഴിൽ വ്യത്യസ്തമായ ഫോർമേഷനുകളിൽ ഞങ്ങൾ കളിച്ചിരുന്നു. ആ ശൈലിയിൽനിന്ന് വ്യത്യസ്തമാണ് കാരിക്ക്. അദ്ദേഹത്തിന്റെ ശൈലി ടീമിലെ കൂടുതൽ താരങ്ങൾക്കും അനുയോജ്യവുമാണ്. അടുത്തമത്സരങ്ങളെ വളരെ പോസിറ്റീവായാണ് കാത്തിരിക്കുന്നത്.
മൂന്ന് ലീഗുകളിൽ കളിച്ചു. മറ്റു ലീഗുകളിൽനിന്ന് പ്രീമിയർ ലീഗിന് എന്ത് മാറ്റമാണ് തോന്നിയിട്ടുള്ളത്?
മത്സരത്തിന്റെ തീവ്രതയും വേഗവും പ്രീമിയർ ലീഗിൽ കൂടുതലാണ്. ഇറ്റാലിയൻ ലീഗിലെ ടീമിനെക്കാൾ കഠിനമായാണ് ഇംഗ്ലീഷ് ക്ലബ്ബുകൾ കളിക്കുന്നത്.
പല പൊസിഷനുകളിലും കളിച്ചു. ഏത് പൊസിഷനാണ് കൂടുതൽ അനുയോജ്യം?
ലെഫ്റ്റ് ബാക്ക്, ലെഫ്റ്റ് വിങ്ബാക്ക്, ഇടയ്ക്ക് മുന്നേറ്റത്തിലുമെത്തി. ഇതൊക്കെയാണെങ്കിലും അറ്റാക്ക് ചെയ്യുന്ന ലെഫ്റ്റ് ബാക്കാണ് ഏറ്റവും അനുയോജ്യമായത്.
21 വയസ്സേ ആയിട്ടുള്ളൂ. വരും വർഷങ്ങളിൽ ഏതുതലത്തിൽ കാണാനാണ് ആഗ്രഹം?
ഞാൻ കളിക്കുന്ന പൊസിഷനിൽ ഏറ്റവും മികച്ച താരമായി കാണാനാണ് ആഗ്രഹം.
കഴിഞ്ഞ സീസണിൽ ആഴ്‌സനലിനെതിരേ നേടിയ ലോങ്‌റേഞ്ചർ ഗോൾ ഇപ്പോഴും മനസ്സിലുണ്ടോ?
തീർച്ചയായും. ആ നിമിഷം മറക്കാനാവില്ല. അതേ മത്സരത്തിൽ എനിക്ക് പരിക്കേൽക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ സമ്മിശ്ര വികാരമായിരുന്നു ആ മത്സരം സമ്മാനിച്ചത്. ഗോളടിച്ച നിമിഷത്തിൽ വലുതായൊന്നും തോന്നിയിരുന്നില്ല. പക്ഷേ, ആ ഗോളിനുശേഷം ലഭിക്കുന്ന മെസേജുകൾ കാണുമ്പോഴാണ് അതിന്റെ വലുപ്പം അറിയുന്നത്.
മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരുപാട് ആരാധകരുണ്ട് ഇന്ത്യയിൽ. അവരോട് എന്താണ് പറയാനുള്ളത്?
അവരുടെ പിന്തുണയ്ക്ക് ഒരുപാട് നന്ദിയുണ്ട്. പലപ്പോഴും രാത്രി ഏറെ കാത്തിരുന്നാണ് അവർ മത്സരം കാണുന്നതും പിന്തുണയ്ക്കുന്നതും. ആ സ്‌നേഹത്തിന് ഞങ്ങൾ ഗ്രൗണ്ടിൽ തിരികെനൽകും.
Content Highlights: Patrick Dorgu discusses the tactical shift under new manager Michael Carrick., Compares the Premier League's high intensity and speed with other leagues., Expresses gratitude to Indian fans for their late-night support.
Published: 10 Oct 2026, 08:14 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented