
കോഴിക്കോട്: പുതിയ ഉടമകൾ, മികച്ച വിദേശതാരങ്ങൾ, കഴിഞ്ഞ സീസണിൽ ടീമിനെ രക്ഷിച്ചെടുത്ത പരിശീലകൻ. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ 13-ാം സീസൺ ആരംഭിക്കാനിരിക്കെ, കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രതീക്ഷ വാനോളമാണ്. ഇത്തവണ കിരീടം നേടാൻ കഴിയുമെന്നാണ് ഉറച്ചവിശ്വാസം. ഐ.എസ്.എലിന് ശനിയാഴ്ചയാണ് കിക്കോഫ്. ഞായറാഴ്ച വൈകീട്ട് അഞ്ച് മണിക്ക് ഇന്റർകാശിയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യമത്സരം.
പുതിയ ഉടമകളുടെ വരവ്
ഷാർജയിലെ രാജകുടുംബാംഗമായ ഷെയ്ഖ് അഹ്‌മദ് ബിൻ ഫൈസൽ അൽ ഖാസിമിയുടെ ഉടമസ്ഥതയിലുള്ള സ്പോർട്സ്-ടെക് കൺസോർഷ്യമായ 'അൽ ഫുർസാൻ സ്പോർട്സ് ഇൻവെസ്റ്റ്മെന്റാ'ണ് ബ്ലാസ്റ്റേഴ്സിന്റെ പുതിയ ഉടമകൾ. ഹൈദരാബാദ് ആസ്ഥാനമായ മാഗ്‌നം സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡിൽനിന്നാണ് ക്ലബ്ബിന്റെ മുഴുവൻ ഓഹരികളും വാങ്ങിയത്. ക്ലബ്ബിന്റെ മൂന്നാമത്തെ ഉടമകളാണ് അൽ ഫുർസാൻ കൺസോർഷ്യം. തുടക്കത്തിൽ പി.വി.പി. ഗ്രൂപ്പിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കൺസോർഷ്യത്തിനായിരുന്നു നിയന്ത്രണം. ഇതിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിനും ഓഹരിപങ്കാളിത്തമുണ്ടായിരുന്നു. പിന്നീടാണ് മാഗ്‌നം ഉടമസ്ഥാവകാശം സ്വന്തമാക്കിയത്.
വിദേശകരുത്ത്
പത്ത് ദിവസം മുൻപുവരെ തണുത്തുകിടന്നിരുന്ന ബ്ലാസ്റ്റേഴ്സ് പുതിയ ഉടമ ഏറ്റെടുത്തതോടെ ഉഷാറായി. സീസണിൽ മികച്ച പ്രകടനംമാത്രം ലക്ഷ്യമിട്ട് വിദേശതാരങ്ങളെ എത്തിക്കാൻ മാനേജ്മെന്റ് കളത്തിലിറങ്ങി. ഇതോടെ, ഇത്തവണ മികച്ച ആറ് വിദേശതാരങ്ങളാണ് ടീമിലെത്തിയത്. ക്യാപ്റ്റൻ അഡ്രിയൻ ലൂണയെ നിലനിർത്തിയ ക്ലബ്ബ് മുന്നേറ്റനിരയിലേക്ക് ഇംഗ്ലീഷ് താരം ആന്ദ്രെ ഗ്രീൻ, ഗിനി താരം മോമോ യാൻസനെ എന്നിവരെ എത്തിച്ചു. മധ്യനിരയിൽ ലൂണയ്‌ക്കൊപ്പം മോണ്ടിനെഗ്രോയുടെ നെബോഷ കൊസോവിച്ച് എത്തി. പ്രതിരോധത്തിലേക്ക് ഇംഗ്ലീഷ് താരം ജെയിംസ് ബോൾട്ടണി?െനയും ചേർത്തുവെച്ചു. ഇതി ഒരു വിദേശ പ്രതിരോധനിരതാരംകൂടി എത്തും.
ഇതിനൊപ്പം ഇന്ത്യൻ ടീമംഗവും മലയാളിയുമായ മുഹമ്മദ് സനാനും ടീമിലെത്തി. ഗോൾകീപ്പർ അമരീന്ദർ സിങ്, മധ്യനിരക്കാരായ ജോയൽ ലാൽറെമെങ് മാവിയ, പോൾ റഫാങ്സുവ, വിങ്ങർ മുഹമ്മദ് യാസിർ, സെൻട്രൽ ഫോർവേഡ് റാംലുൻചുംഗ എന്നിവരും എത്തി. ഏതാണ്ട് 22 കോടിയോളം രൂപയാണ് ടീമിലേക്ക് എത്തിയ താരങ്ങളുടെ മൊത്തത്തിലുള്ള വിപണിമൂല്യം.
മാജിക് തുടരാൻ ആഷ്ലി
കഴിഞ്ഞ സീസണിൽ സ്പാനിഷ് പരിശീലകൻ ഡേവിഡ് കറ്റാലയ്ക്ക് കീഴിൽ തകർന്ന് തരംതാഴ്ത്തൽ ഭീഷണി നേരിട്ട ടീമിനെ രക്ഷപ്പെടുത്തിയത് ഇംഗ്ലീഷ് പരിശീലകനായ ആഷ്ലി വെസ്റ്റ് വുഡായിരുന്നു. മുൻപ് ബെംഗളൂരു എഫ്.സി, എ.ടി.കെ. കൊൽക്കത്ത, റൗണ്ട് ഗ്ലാസ് പഞ്ചാബ് ടീമുകളിൽ പയറ്റിത്തെളിഞ്ഞ വെസ്റ്റ് വുഡിന് ഇന്ത്യൻ ഫുട്ബോൾ കാണാപ്പാഠമാണ്. പരിശീലകന്റെ അനുഭവസമ്പത്താണ് ടീമിന് തുണയായത്. ഇത്തവണ വെസ്റ്റ് വുഡിന് വേണ്ട ടീമിനെയാണ് മാനേജ്മെന്റ് നൽകിയിട്ടുള്ളത്.
കഴിഞ്ഞ സീസണിൽ ഏഴ് കളിയിൽ ടീമിനെ ഇറക്കിയതിൽ അഞ്ച് ജയവും ഒരു സമനിലയും ഒരു തോൽവിയുമാണ് അക്കൗണ്ടിലുള്ളത്. ആദ്യകളിയിൽ സ്പോർട്ടിങ് ഡൽഹിയോട് തോറ്റതിനുശേഷം പിന്നീട് ബ്ലാസ്റ്റേഴ്സ് പരാജയമറിഞ്ഞിട്ടില്ല. ബെംഗളൂരു എഫ്.സി, ഒഡിഷ എഫ്.സി, എഫ്.സി. ഗോവ, ജംഷേദ്ർ എഫ്.സി, മുഹമ്മദൻസ് ടീമുകളെ ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചു. ഇത്തവണ വെസ്റ്റ് വുഡിൽ ആരാധകർ ഏറെ പ്രതീക്ഷ വെക്കുന്നുണ്ട്.
ബ്ലാസ്റ്റേഴ്സിന്റെ കളി
4-4-2 ശൈലിയാണ് വെസ്റ്റ് വുഡിന് ഇഷ്ടം. എന്നാൽ, കഴിഞ്ഞ സീസണിൽ ഈ ശൈലിയിൽ ടീമിനെ കളിപ്പിച്ചിട്ടേയില്ല. 3-5-2 ഫോർമേഷനാണ് കൂടുതൽ ഉപയോഗിച്ചത്. 4-2-3-1 ശൈലിയിലും കളിച്ചു. ഇത്തവണ അനുയോജ്യരായ കളിക്കാരെ ലഭിച്ചതിനാൽ 4-4-2 ഫോർമേഷനിൽ ടീമിനെ കളിപ്പിക്കാൻ സാധ്യത കൂടുതലാണ്.
ഗോൾകീപ്പറായി അമരീന്ദർസിങ് ആകും ഫസ്റ്റ് ചോയ്സ്. സെൻട്രൽ ഡിഫൻസിൽ ബോൾട്ടണൊപ്പം ബികാഷ് യുമ്നം, ഹോർമിപാം, സുമിത് ശർമ, ജഗനാഥ് ജയൻ എന്നിവരാണുള്ളത്. റൈറ്റ് വിങ്ങിൽ അമയ് റണാവാഡയും സന്ദീപ് സിങ്ങും ലെഫ്റ്റ് വിങ്ങിൽ നവോച്ച സിങ്, ഐബൻബ ഡോലിഹും ലിക്മബാം രാകേഷുമുണ്ട്. സാഹിൽ ടവോറ, ഫ്രെഡ്ഡി, പോൾ റഫാങ്സുവ എന്നിവരാണുള്ളത്. കൊവോസിച്ച്, വിബിൻ മോഹൻ, ജോയൽ എന്നിവരാണ് സെൻട്രൽ മിഡ്ഫീൽഡർമാർ, ലൂണയ്‌ക്കൊപ്പം എബിൻദാസാണ് അറ്റാക്കിങ് മിഡ്ഫീൽഡിലുള്ളത്. ഗ്രീൻ, സനാൻ, റാംലുൻ ചുംഗ, ലാൽത്തൻമാവിയ എന്നിവർ ലെഫ്റ്റ് വിങ്ങിലും കോറു സിങ്, യാസിർ എന്നിവർ റൈറ്റ് വിങ്ങിലും കളിക്കും. യാൻസനെ, ശ്രീകുട്ടൻ എന്നിവരാണ് സെൻട്രൽ ഫോർവേഡുകൾ.
മഞ്ഞപ്പടയുടെ തിരിച്ചുവരവ്
ബ്ലാസ്റ്റേഴ്സിന്റെ ആരാധകക്കൂട്ടായ്മയായ മഞ്ഞപ്പട വിലക്ക് പിൻവലിച്ച് സ്റ്റേഡിയത്തിലേക്ക് എത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ടീമിന്റെ മോശം പ്രകടനവും മാനേജ്മെന്റ് സമീപനവും കാരണമാണ് മഞ്ഞപ്പട കഴിഞ്ഞ സീസണിൽ സ്റ്റേഡിയം വിലക്ക് പ്രഖ്യാപിച്ചത്. ടീമിന്റെ ആദ്യ ഹോം മത്സരം ഉഷാറാക്കാനുള്ള നീക്കത്തിലാണ് മഞ്ഞപ്പട.
ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ
ഒക്ടോബർ 11
ഇന്റർകാശി (എവേ)
ഒക്ടോബർ 18
നോർത്ത് ഈസ്റ്റ് യുണൈറ്റഡ് (എവേ)
ഒക്ടോബർ 25
മുംബൈ സിറ്റി (ഹോം)
ഒക്ടോബർ 31
ചെന്നൈയിൻ (എവേ)
നവംബർ 29
എഫ്.സി. ഗോവ (എവേ)
ഡിസംബർ 6
ചർച്ചിൽ ബ്രദേഴ്സ് (ഹോം)
ഡിസംബർ 10
സ്പോർട്ടിങ് ഗോവ (ഹോം)
ഡിസംബർ 14
പഞ്ചാബ് എഫ്.സി. (ഹോം)
ഡിസംബർ 20
ഒഡിഷ എഫ്.സി. (എവേ)
ജനുവരി 3
ബെംഗളൂരു എഫ്.സി. (എവേ)
ജനുവരി 10
മോഹൻ ബഗാൻ (എവേ)
ജനുവരി 16
ഈസ്റ്റ് ബംഗാൾ (ഹോം)
Content Highlights: Kerala Blasters enter ISL Season 13 under new ownership by Al Forsan Sports Investment., Retained captain Adrian Luna and signed high-value foreign and Indian players., Coach Ashley Westwood leads the team aiming for their maiden ISL title., Manjappada returns to the stadium to support the team after lifting the boycott.
Published: 09 Oct 2026, 08:05 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented