ബെംഗളൂരു: അനിശ്ചിതത്വവും പ്രതിസന്ധികളും അതിജീവിച്ച് ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന് പുത്തനുണർവോടെ കിക്കോഫ്. ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ശനിയാഴ്ച വൈകീട്ട് അഞ്ചുമണിക്ക് ബെംഗളൂരു എഫ്.സി.യും സ്പോർട്ടിങ് ഡൽഹിയും പൊരുതാനിറങ്ങുമ്പോൾ ഇന്ത്യൻ ഫുട്ബോളിൽ സൂപ്പർ ലീഗ് സീസണിന് തുടക്കമാകും. രാത്രി ഏഴുമണിക്ക് എഫ്.സി. ഗോവയും ചെന്നൈയിൻ എഫ്.സി.യും കളിക്കും. കേരള ബ്ലാസ്റ്റേഴ്സ് ഞായറാഴ്ച വൈകീട്ട് അഞ്ചുമണിക്ക് ഇന്റർ കാശിയെ നേരിടും.

To advertise here,

പുതിയ തുടക്കം

ഇത്തവണ ക്ലബ്ബുകളാണ് ലീഗ് നടത്തുന്നത്. അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന് ഭരണപരമായ അധികാരം മാത്രമാണുള്ളത്. ലീഗ് നടത്തിപ്പും വാണിജ്യ അവകാശങ്ങളും ക്ലബ്ബുകൾക്കാണ്. നിലവിൽ 13 ക്ലബ്ബുകൾ ചേർന്നാണ് ലീഗ് നടത്തുന്നത്. ചെലവ് ക്ലബ്ബുകൾ വഹിക്കും. സ്പോൺസർഷിപ്പ്, മിഡിയ റൈറ്റ്, ടിക്കറ്റ് വരുമാനത്തിൽനിന്നുള്ള പങ്കാവും ക്ലബ്ബുകൾക്ക് ലഭിക്കുന്നത്. റിലയൻസുമായുള്ള വാണിജ്യക്കരാർ അവസാനിച്ചതോടെ കഴിഞ്ഞസീസണിൽ ഫെഡറേഷൻ നേരിട്ടാണ് ലീഗ് നടത്തിയത്. അതിനുശേഷമാണ് ക്ലബ്ബുകളുടെ ആവശ്യപ്രകാരം നടത്തിപ്പുചുമതല നൽകിയത്.

13 ടീമുകൾ 163 മത്സരങ്ങൾ

ലീഗിൽ 13 ടീമുകളാണ് കളിക്കുന്നത്. ഐ ലീഗിൽനിന്ന് സ്ഥാനക്കയറ്റം നേടിയെത്തിയ കൊൽക്കത്ത ക്ലബ്ബായ ഡയമണ്ട് ഹാർബർ മത്സരഫീസായ 1.1 കോടി രൂപ ഫെഡറേഷന് നൽകാത്തതിനെത്തുടർന്ന് ഒഴിവാക്കപ്പെട്ടു. ജംഷേദ്പുർ എഫ്.സി. പിൻവാങ്ങിയതോടെ അവരുടെ ക്ലബ് ലൈസൻസിൽ ഗോവൻ ക്ലബ്ബായ ചർച്ചിൽ ബ്രദേഴ്സാണ് കളിക്കുന്നത്. ഈസ്റ്റ് ബംഗാളാണ് നിലവിലെ ചാമ്പ്യന്മാർ.

മത്സരഘടന

ഹോം ആൻഡ് എവേ അടിസ്ഥാനത്തിലാണ് മത്സരങ്ങൾ. പോയിന്റ് പട്ടികയിൽ ആദ്യ ആറ് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ പ്ലേഓഫിലേക്ക് യോഗ്യതനേടും. ഇതിൽത്തന്നെ ആദ്യ രണ്ട് ടീമുകൾ നേരിട്ട് സെമിഫൈനലിലെത്തും.

മലയാളി ആശാൻ

ലീഗിൽ ഒറ്റ മലയാളി മുഖ്യപരിശീലകനേയുള്ളൂ. അത് ഒഡിഷ എഫ്.സി.യുടെ ടി.ജി. പുരുഷോത്തമനാണ്. തൃശ്ശൂർ സ്വദേശിയായ പുരുഷോത്തമൻ കഴിഞ്ഞ സീസണിനിടെയാണ് ടീമിന്റെ ചുമതലയേറ്റെടുക്കുന്നത്. 13 മത്സരം കളിച്ച ടീം രണ്ടുജയവും അഞ്ചു സമനിലയും നേടി. പരിമിതമായ സാഹചര്യത്തിലാണ് ഒഡിഷ മോശമല്ലാത്ത പ്രകടനം നടത്തിയത്. ഇതോടെയാണ് ഈ സീസണിലേക്കും പുരുഷോത്തമനിൽ ടീം മാനേജ്മെന്റ് വിശ്വാസമർപ്പിച്ചത്.

മുൻപ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഇടക്കാല പരിശീലകനായിട്ടുണ്ട്. ടീമിന്റെ സഹപരിശീലകനായും പ്രവർത്തിച്ചു. കേരള സന്തോഷ് ട്രോഫി ടീമിന്റെ സഹപരിശീലകനായിട്ടുണ്ട്. എഫ്.സി. കേരളയുടെ പരിശീലകനായിരുന്നു. 2010 മുതൽ പരിശീലകരംഗത്തുണ്ട്.

ടീമുകൾ, പരിശീലകർ

 

ബെംഗളൂരു എഫ്.സി.- പെപ് മുനോസ് (സ്പെയിൻ)

ചെന്നൈയിൻ- ക്ലിഫോർഡ് മിറാൻഡ (ഇന്ത്യ)

ചർച്ചിൽ ബ്രദേഴ്സ്- ദിമിത്രിയാസ് ദിമിത്രിയോ (സൈപ്രസ്)

സ്പോർട്ടിങ് ഡൽഹി- തോമസ് ചോറസ് (പോളണ്ട്)

ഈസ്റ്റ് ബംഗാൾ- ആന്റോണിയോ ഹെബാസ് (സ്പെയിൻ)

എഫ്.സി. ഗോവ- ഗൗർമാംഗി സിങ് (ഇന്ത്യ)

ഇന്റർ കാശി- കാർലോസ് വാസ് പിന്റോ (പോർച്ചുഗൽ)

കേരള ബ്ലാസ്റ്റേഴ്സ്- ആഷ്ലി വെസ്റ്റ് വുഡ് (ഇംഗ്ലണ്ട്)

മോഹൻ ബഗാൻ- പനാഗിയോറ്റ്സ് ഡിൽംപെരിസ് (ഗ്രീസ്)

മുംബൈ സിറ്റി- മാനോളോ മാർക്വേസ് (സ്പെയിൻ)

നോർത്ത് ഈസ്റ്റ് യുണൈറ്റഡ്- യുവാൻ പെഡ്രോ ബെനാലി (സ്പെയിൻ)

ഒഡിഷ എഫ്.സി.- ടി.ജി. പുരുഷോത്തമൻ (ഇന്ത്യ)

പഞ്ചാബ് എഫ്.സി.- പാവ് ലോസ് ഡെർമിറ്റ്സാകിസ് (ഗ്രീസ്)

 

 

 

സ്റ്റാറ്റ്സ്

 

കൂടുതൽ കിരീടം- എ.ടി.കെ.

കൂടുതൽ മത്സരം ജയിച്ച ടീം- മുംബൈ സിറ്റി (108)

കൂടുതൽ മത്സരം-പ്രീതം കോട്ടാൽ, സുനിൽ ഛേത്രി (196)

കൂടുതൽ ഗോൾ-സുനിൽ ഛേത്രി (77)

ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോൾ - അലാഡിൻ അജാറെ (23)

കൂടുതൽ ഗോൾഡൻ ബൂട്ട്- ഫെറാൻ കോറോമിനെസ് (സ്പെയിൻ) 2