ബ്യൂണസ് ഐറിസ്: വികാരനിർഭരമായിരുന്നു ബ്യൂണസ് ഐറിസിലെ മെസ്സിയുടെ വിടവാങ്ങൽ മത്സരം. മെസ്സി മാത്രമല്ല, കളിക്കാരും പരിശീലകനും ഗാലറിയിലുള്ള വരെല്ലാം കണ്ണീരണിഞ്ഞു. ബെനിനെതിരായ അവസാനമത്സരത്തിൽ ഒരു ഗോളും രണ്ട് അസിസ്റ്റുമായി തിളങ്ങാനും ഇതിഹാസതാരത്തിനായി. എന്നാൽ മെസ്സിയുടെ അവസാനമത്സരത്തിൽ എതിരാളികളായി എത്തിയ ബെനിൻ ടീമിലെ താരങ്ങൾ അതൃപ്തിയോടെയാണ് കളംവിട്ടത്. മത്സരശേഷം ബെനിൻ ടീമിന്റെ പരിശീലകൻ ഗെർനോട്ട് റോർ ആരോപണങ്ങളുമായി രംഗത്തെത്തി.
മത്സരത്തിന്റെ പത്താം മിനിറ്റിൽ കളി അൽപ്പനേരം നിർത്തിവെച്ചിരുന്നു. മെസ്സിക്കുള്ള ആദരസൂചകമായിട്ടായിരുന്നു അത്. ബെനിൻ താരങ്ങൾ മെസ്സിയുടെ അടുത്തെത്തി ഹസ്തദാനം ചെയ്തു. മത്സരത്തിനിടെ മെസ്സിയെ ആലിംഗനം ചെയ്യുന്ന താരങ്ങളെയും കാണാനായി. എന്നാൽ മത്സരശേഷം അതായിരുന്നില്ല സ്ഥിതി. മെസ്സിക്കൊപ്പം ഫോട്ടോയെടുക്കാനോ ഡ്രസ്സിങ് റൂമിൽ പോകാനോ സാധിച്ചില്ലെന്ന് ബെനിൻ കോച്ച് പറയുന്നു. അദ്ദേഹം തന്റെ അതൃപ്തി മറച്ചുവെച്ചില്ല.
“അത് വളരെ ബുദ്ധിമുട്ടായിരുന്നു. ഞങ്ങൾ ശ്രമിച്ചു. അർജന്റീനക്കാർ ഞങ്ങൾക്ക് ഒന്നും തന്നില്ല എന്നുള്ളത് മാത്രമാണ് സങ്കടകരമായകാര്യം. മെസ്സിക്കൊപ്പമുള്ള ഒരു ഫോട്ടോയോ ജേഴ്സിയോ ഇല്ല. ടണലിലേക്കോ ഡ്രസ്സിംഗ് റൂമിലേക്കോ പോലും അവർ ഞങ്ങളെ കടത്തിവിട്ടില്ല.”
ഞങ്ങൾക്ക് ജഴ്സി പരസ്പരം കൈമാറണം എന്നുണ്ടായിരുന്നു, പക്ഷേ ഒന്നും ലഭിച്ചില്ല. അവരുടെ കളിക്കാർ പോകുന്ന വഴിയിൽ പോലും പ്രവേശിക്കാൻ ഞങ്ങളെ അനുവദിച്ചില്ല. സുരക്ഷാ ഉദ്യോഗസ്ഥർ എല്ലാവരെയും തടയുകയായിരുന്നു. അർജന്റീന കളിക്കാരുമായി ജേഴ്സി മാറ്റാമെന്ന പ്രതീക്ഷയിൽ കളിക്കാർ ജേഴ്സിയുമായി വരുന്നുണ്ടായിരുന്നു" - അദ്ദേഹം കൂട്ടിച്ചേർത്തു.
ബെനിന്റെ പച്ച, മഞ്ഞ, ചുവപ്പ് നിറങ്ങളിലുള്ള ഒരു പൂച്ചെണ്ട് ഞങ്ങൾ സമ്മാനമായി നൽകിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. എന്നിരുന്നാലും, എന്റെ കൈവശമുണ്ടായിരുന്ന മെസ്സിയുടെ 2018 ലെ ജേഴ്സി ഞാൻ കോച്ച് സ്കലോണിക്ക് നൽകി, അദ്ദേഹം അത് മെസ്സിയെക്കൊണ്ട് ഒപ്പിടുവിച്ച് എനിക്ക് തിരികെ തന്നു. അതിനായി അരമണിക്കൂർ കാത്തിരിക്കേണ്ടി വന്നതായും റോർ വെളിപ്പെടുത്തി.
ബെനിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന പരാജയപ്പെടുത്തിയത്. മെസ്സി ഒരു ഗോളും രണ്ട് അസിസ്റ്റുകളുമായി നിറഞ്ഞുകളിച്ചു. 48-ാം മിനിറ്റിൽ നിക്കൊളാസ് ഒട്ടാമെൻഡിയാണ് ആദ്യം ഗോളടിച്ചത്. 61-ാം മിനിറ്റിൽ നിക്കോ പാസും വലകുലുക്കി. രണ്ട് ഗോളിനും മെസ്സിയാണ് വഴിയൊരുക്കിയത്. 71-ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് മെസ്സി ഗോൾനേട്ടം മൂന്നാക്കി.
Content Highlights: Benin coach Gernot Rohr expressed disappointment over Argentina's strict security preventing jersey swaps and photos with Messi
Published: 09 Oct 2026, 10:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented