'ഉയരം കൂടുംതോറും ചായയുടെ സ്വാദ് കൂടും'', കണ്ണന്‍ ദേവന്റെ പരസ്യത്തില്‍ നടന്‍ മോഹന്‍ലാല്‍ പറഞ്ഞ ഈ ഡയലോഗ് ബൊളീവിയയിലുള്ളവര്‍ കേട്ടിട്ടുണ്ടാകുമോ? ഉണ്ടായിരിക്കില്ല. പക്ഷേ, ബൊളീവിയന്‍ ഫുട്ബോള്‍ ഉറച്ചുവിശ്വസിക്കുന്ന ഒന്നുണ്ട്, 'ഉയരം കൂടുംതോറും വിജയത്തിന്റെ എണ്ണം കൂടും'.
നാലാം ഫുട്ബോള്‍ ലോകകപ്പ് യോഗ്യതയ്ക്കരികിലാണ് ബൊളീവിയ. ഇന്റര്‍ കോണ്ടിനെന്റല്‍ പ്ലേ ഓഫില്‍ കളിക്കാന്‍ ലാറ്റിനമേരിക്കയില്‍നിന്ന് അവര്‍ യോഗ്യത നേടിയിരിക്കുന്നു. ആറ് ടീമുകള്‍ മത്സരിക്കുന്ന പ്ലേ ഓഫിലെ മികച്ച പ്രകടനം അവരെ ലോകകപ്പിലെത്തിക്കും. ലാ വെർദ എന്ന് വിളിപ്പേരുള്ള ടീം അവസാനമായി ലോകകപ്പ് കളിച്ചത് 31 വർഷം മുമ്പാണ്. 1994-ൽ.
വീണ്ടും അമേരിക്ക ആതിഥേയരാകുമ്പോള്‍ യോഗ്യത നേടാനാവുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു.
പത്ത് ടീമുകള്‍ പങ്കെടുത്ത തെക്കേ അമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ഏഴാം സ്ഥാനത്താണ് ബൊളീവിയ പൂര്‍ത്തിയാക്കിയത്. 18 മത്സരങ്ങളില്‍നിന്ന് 20 പോയന്റോടെ ഏഴാം സ്ഥാനം. ഈ ഇരുപതില്‍ 17 പോയന്റും നേടിയത് സ്വന്തം നാട്ടില്‍. ശേഷിക്കുന്ന മൂന്ന് പോയന്റ് ചിലിക്കെതിരേ അവരുടെ നാട്ടില്‍ നേടിയ ജയത്തിൽ നിന്ന്. തെക്കേ അമേരിക്കയില്‍ താരതമ്യേന ദുര്‍ബലരായ ടീം എന്നാണ് ബൊളീവിയയെ വിശേഷിപ്പിക്കാറ്. എന്നിട്ടും ബൊളീവിയയ്ക്ക് എങ്ങനെ ഇത്രയും വലിയ ഹോം അഡ്വാന്റേജ് കിട്ടി? കുപ്രസിദ്ധമായ ലാ പാസിലെ എസ്റ്റാഡിയോ ഹെര്‍ണാണ്ടോ സൈല്‍സ് എന്ന സ്റ്റേഡിയമാണ് മനസ്സില്‍ തെളിയുന്നതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ചെറുതായൊന്ന് പാളിയപ്പോള്‍ ബൊളീവിയ ആ സീനൊക്കെ വിട്ടു. ഇപ്പോള്‍ അതിനേക്കാളും ഉയരത്തിലാണ് അവര്‍. എല്‍ അള്‍ട്ടോ നഗരത്തില്‍ എസ്റ്റാഡിയോ മുന്‍സിപ്പല്‍ സ്റ്റേഡിയം. അതാണ് അവരുടെ പുതിയ ഹോം ഗ്രൗണ്ട്. സമുദ്രനിരപ്പില്‍നിന്ന് 3637 മീറ്റര്‍ ഉയരത്തിലാണ് ലാ പാസിലെ സ്റ്റേഡിയമെങ്കില്‍ അതിനും ഉയരത്തിലാണ് ഈ സ്റ്റേഡിയം. കൃത്യമായി പറഞ്ഞാല്‍ സമുദ്രനിരപ്പില്‍നിന്ന് 4150 മീറ്റര്‍ ഉയരത്തില്‍. അതായത് ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ അഞ്ചെണ്ണം അട്ടിയിട്ട ഉയരത്തില്‍.
ലാ പാസിലെ 'ശവപ്പറമ്പ്'
വമ്പന്‍മാരെല്ലാം വീണ ഗ്രൗണ്ടാണ് ലാ പാസ്. ഈ ഗ്രൗണ്ടിന്റെ പേര് കേട്ടാല്‍ ഏത് എതിരാളിയും ഒന്ന് വിറയ്ക്കും. താരങ്ങളുടെ ശവപ്പറമ്പ് എന്ന വിശേഷണം പോലും ലഭിച്ചു. സമുദ്രനിരപ്പില്‍ നിന്ന് ഒരുപാട് ഉയരത്തിലായതിനാല്‍ എതിരാളികള്‍ക്ക് ശ്വാസ തടസ്സം നേരിടും. സന്ദര്‍ശകരായതിനാല്‍ ഈ ടീമുകള്‍ക്കൊന്നും ഇവിടത്തെ കാലാവസ്ഥയോട് പൊരുത്തപ്പെടാന്‍ ആവശ്യത്തിന് സമയവും കിട്ടാറില്ല. പലപ്പോഴും ഓക്സിജന്‍ ട്യൂബ് ഉപയോഗിച്ചാണ് ഇവിടേയ്ക്ക് താരങ്ങള്‍ എത്തുക. ഈ ലോകകപ്പിന്റെ യോഗ്യതാ റൗണ്ടിലും അങ്ങനെയൊരു കാഴ്ച കണ്ടു. ലാ പാസില്‍ മത്സരത്തിനെത്തിയ അര്‍ജന്റീനയുടെ മിഡ്ഫീല്‍ഡര്‍ അലെക്സിസ് മക്കെലിസ്റ്റര്‍ ഓക്സിജന്‍ ട്യൂബ് ഉപയോഗിച്ചുള്ള ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. മുമ്പ് ബ്രസീല്‍ താരങ്ങളും ഇതേ സാഹചര്യം നേരിട്ടു. 2017-ല്‍ ഇവിടെ കളിക്കാനെത്തിയ ബ്രസീല്‍ ടീമംഗങ്ങള്‍ ഡ്രസ്സിങ് റൂമില്‍ ഓക്സിജന്‍ ടൂബ് ഉപയോഗിച്ചിരുന്നു. സൂപ്പര്‍താരം നെയ്മര്‍ അതിന്റെ ഫോട്ടോയും പങ്കുവെച്ചു. 'മനുഷ്യവിരുദ്ധം' എന്നായിരുന്നു ഈ ഗ്രൗണ്ടിന് നെയ്മര്‍ നല്‍കിയ വിശേഷണം.
ബൊളീവിയയുടെ മുന്‍പ്രസിഡന്റ് ഹെര്‍ണാണ്ടോ സൈല്‍സിന്റെ പേരിലുളള സ്റ്റേഡിയം എന്നും ചര്‍ച്ചകളില്‍ നിറഞ്ഞു. 2007-ല്‍ ഫിഫ ഈ സ്റ്റേഡിയത്തെ വിലക്കിയിരുന്നു. ഈ ഗ്രൗണ്ടിന്റെ പേര് പറഞ്ഞില്ലെങ്കിലും സമുദ്രനിരപ്പില്‍നിന്ന് 2500 മീറ്ററിലും ഉയരത്തിലുള്ള സ്റ്റേഡിയങ്ങളില്‍ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ പാടില്ലെന്ന് തീരുമാനിച്ചു. ഫിഫയുടെ ആ തീരുമാനത്തിനെതിരേ കടുത്ത പ്രതിഷേധം ഉയര്‍ന്നു. ഫുട്ബോള്‍ ഇതിഹാസം ഡീഗോ മാറഡോണയായിരുന്നു പ്രതിഷേധക്കാരില്‍ പ്രധാനി. തെക്കേ അമേരിക്കന്‍ രാജ്യങ്ങളോടുളള വിവേചനമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് മാറഡോണ ആഞ്ഞടിച്ചു. പിന്നാലെ പരിധി 3000 ആക്കി ഉയര്‍ത്തിയ ഫിഫ ലാ പാസിലെ സ്റ്റേഡിയത്തിന് പ്രത്യേക അനുമതിയും നല്‍കി. 2008-ല്‍ വിലക്ക് പൂര്‍ണമായും നീക്കി.
ലാ പാസില്‍ പല വമ്പന്‍മാരും വീണിട്ടുണ്ട്. ബ്രസീലും അര്‍ജന്റീനയുമടക്കുളള പലരും തോറ്റു. എന്തിന് ഈ ഗ്രൗണ്ടിന് വേണ്ടി വാദിച്ച മാറഡോണ പരിശീലിപ്പിച്ച അര്‍ജന്റീനിയന്‍ ടീം വരെ 6-1ന് നാണംകെട്ടു.
പാസാകാതെ ലാ പാസ്
ഇതൊക്കെയാണെങ്കിലും സമീപകാലത്ത് ലാ പാസില്‍ ബൊളീവിയയ്ക്ക് കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. 2022, 2026 ലോകകപ്പ് യോഗ്യതാ റൗണ്ടിലെ അവസാന അഞ്ച് മത്സരങ്ങളില്‍ ജയിക്കാനായത് ഒന്നില്‍ മാത്രം. ബാക്കി നാലിലും സ്വന്തം തട്ടകത്തില്‍ തോറ്റു. ഈ ലോകകപ്പിനുളള യോഗ്യതാ റൗണ്ടില്‍ ബൊളീവിയയുടെ ആദ്യത്തെ മൂന്ന് മത്സരം അവിടെയായിരുന്നു. മുമ്പ് പലതവണ ഇവിടെ തോറ്റ അര്‍ജന്റീന 3-0ന് ആതിഥേയരെ തകര്‍ത്തു. ഇക്വഡോറും 2-1ന് ബൊളീവിയയെ കീഴടക്കി. ബൊളീവിയ ജയിച്ചത് പെറുവിനെതിരേ (2-0) മാത്രം. ഈ യോഗ്യതാ റൗണ്ടില്‍ പെറു ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത് എന്ന് കൂടി ഓര്‍ക്കണം.
ലാ പാസ് എതിരാളികള്‍ക്ക് പരിചിതമായതാണ് ബൊളീവിയയ്ക്ക് തിരിച്ചടിയായത്. ഇതോടെ ബൊളീവിയ സ്വന്തം ഹോം ഗ്രൗണ്ട് മാറ്റാന്‍ തീരുമാനിച്ചു. ലാ പാസ് സ്റ്റേഡിയത്തില്‍ നിന്ന് 13 കിലോമീറ്റര്‍ മാത്രം അകലെയുളള എല്‍ അള്‍ട്ടോയിലെ മൈതാനത്ത്. രണ്ടും തമ്മില്‍ 13 കിലോമീറ്ററിന്റെ വ്യത്യാസം മാത്രമേയുള്ളൂവെങ്കിലും ഉയരം കൂടി. 583 മീറ്റര്‍ ഉയരം.
എല്ലാം ശരിയാകുന്നു
ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ആദ്യത്തെ ആറ് മത്സരം ബൊളീവിയയ്ക്ക് കഠിനമായിരുന്നു. ഇതില്‍ ടീമിന് നേടാനായത് ഒരു ജയം. ബാക്കി അഞ്ചിലും തോറ്റു. ജയിച്ചത് ലാ പാസിലെ ഒരു മത്സരത്തില്‍ മാത്രം. പട്ടികയില്‍ ഒമ്പതാം സ്ഥാനത്തും. ലോകകപ്പ് യോഗ്യതാ പ്രതീക്ഷ ഏറെക്കുറെ കൈവിട്ട അവസ്ഥ. ആ സമയത്താണ് ബൊളീവിയ ഉയരങ്ങളില്‍നിന്ന് ഉയരങ്ങളിലേക്ക് പോവുന്നത്. അങ്ങനെ ലാ പാസിന് പകരം എല്‍ അള്‍ട്ടോയെ ഹോം ഗ്രൗണ്ടാക്കി അവര്‍ മാറ്റി. ടീമിന്റെ നാലാമത്തെ ഹോം മത്സരത്തിന് വേദിയായത് എല്‍ അള്‍ട്ടോ. എതിരാളി വെനസ്വേല. അവരെ 4-0 ന് തകര്‍ത്ത് വിട്ട് എതിരാളികള്‍ക്ക് സൂചന നല്‍കി. പിന്നീട് എല്‍ അള്‍ട്ടോയിലെത്തിയ കൊളംബിയ (1-0), ചിലെ (2-0), ബ്രസീല്‍ (1-0) എന്നിവരെയും തോല്‍പ്പിച്ചു. യുറഗ്വായിയോടും (0-0), പരഗ്വായിയോടും (2-2) സമനിലയും നേടി. എല്‍ അള്‍ട്ടോയില്‍ പരാജയപ്പെട്ടില്ലെങ്കിലും ഒന്നില്ലല്ലാതെ ബാക്കിയുള്ള എവേ മത്സരങ്ങളിലെല്ലാം തോറ്റു. എങ്കിലും സ്വന്തം നാട്ടിലെ പ്രകടനം അവര്‍ക്ക് തുണയായി. പോയന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്ത് നിന്ന് ഏഴിലേക്ക് കുതിച്ചു. ഒപ്പം ഇന്റര്‍ കോണ്‍ഫെഡറേഷന്‍ പ്ലേ ഓഫിനുള്ള യോഗ്യതയും.
ഇനി കാത്തിരിക്കണം
മുമ്പ് മൂന്ന് ലോകകപ്പുകളിലാണ് ബൊളീവിയ കളിച്ചത്. 1930, 1950, 1994. ഇവയില്‍ 1930 ലും 1950 ലും ക്ഷണിപ്പെട്ട ടീമായിട്ടായിരുന്നു പങ്കാളിത്തം. 1950-ല്‍ യോഗ്യതാ റൗണ്ട് വഴിയും. അടുത്ത വര്‍ഷം മാര്‍ച്ചില്‍ മെക്സിക്കോയിലാണ് ഇന്റര്‍ കോണ്ടിനെന്റല്‍ പ്ലേ ഓഫ്. ബൊളീവിയയ്ക്കൊപ്പം ഓഷ്യാനയില്‍ നിന്ന് ന്യൂ കാലിഡോണിയയും ഈ പ്ലേ ഓഫിന് യോഗ്യത നേടി. ഇനി ഏഷ്യയില്‍ നിന്നുള്ള പ്ലേ ഓഫ് വിജയി (ഇറാഖ്-യു.എ.ഇ), ആഫ്രിക്കന്‍ പ്ലേ ഓഫ് വിജയി (നൈജീരിയ, കാമറൂണ്‍, ഗാബോണ്‍, കോംഗോ എന്നിവരില്‍ ഒരാള്‍), കോണ്‍കകാഫിലെ മികച്ച രണ്ട് രണ്ടാം സ്ഥാനക്കാര്‍ എന്നിവരാണ് പ്ലേ ഓഫില്‍ കളിക്കുക. ഇവരില്‍ രണ്ട് ടീമുകള്‍ യോഗ്യത സ്വന്തമാക്കും.
Content Highlights: Bolivia`s football team leverages its new high-altitude home ground in El Alto, aiming for World Cup qualification. Discover their incredible home advantage.
Published: 28 Oct 2025, 03:31 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented