മദീര: യുവേഫ നേഷൻസ് ലീഗ് മത്സരങ്ങൾക്കിടെ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ദേശീയ ടീമിന്റെ ക്യാമ്പ് വിട്ട നടപടിയിൽ പ്രതികരണവുമായി കോച്ച് യൊർഗെ ജെസ്യൂസ്. ക്രിസ്റ്റ്യാനോയ്ക്ക് ദേശീയ ടീമിൽ ചേരാമെന്നും ഇപ്പോഴുണ്ടായത് വെറുമൊരു തെറ്റിദ്ധാരണ മാത്രമാണെന്നും ജെസ്യൂസ് പറഞ്ഞു. യുവേഫ നേഷൻസ് ലീഗിൽ നോർവേയെ പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് പോർച്ചുഗൽ പരിശീലകന്റെ പ്രതികരണം.

To advertise here,

ഇനി എന്താണ് സംഭവിക്കുകയെന്ന് അറിയില്ല. എന്നെ സംബന്ധിച്ചിടത്തോളം എല്ലാം സാധ്യമാണ്. ക്രിസ്റ്റ്യാനോയുടെ വിധി തീരുമാനിക്കേണ്ടത് അദ്ദേഹമാണ്. അദ്ദേഹം അടുത്ത തവണ ദേശീയ ടീമിൽ ചേരാൻ ആഗ്രഹിക്കുന്നുവെങ്കിൽ, എന്തുകൊണ്ട് ആയിക്കൂടാ? അവിടെ യാതൊരു വിദ്വേഷവുമില്ല. ഇതൊരു തെറ്റിധാരണ മാത്രമായിരുന്നു, എന്റെ അഭിപ്രായത്തിൽ അത് പരിഹരിക്കാൻ എളുപ്പമാണ്.-ജെസ്യൂസ് പറഞ്ഞു.

ക്രിസ്റ്റ്യാനോയ്ക്ക് അദ്ദേഹം ആഗ്രഹിക്കുന്നതുപോലെ ദേശീയ ടീമിലെ കരിയർ അവസാനിപ്പിക്കാം. അത് എങ്ങനെയാണ് വേണ്ടതെന്ന് അദ്ദേഹം തന്നെയാണ് തീരുമാനിക്കേണ്ടത്. അദ്ദേഹത്തെ ആവശ്യമുണ്ടെന്ന് പറഞ്ഞാണ് താൻ ആദ്യമായി ടീം പ്രഖ്യാപിച്ചതെന്നും ജെസ്യൂസ് വ്യക്തമാക്കി. അങ്ങനെയാണ് ഞങ്ങൾ സംസാരിച്ചത്. എനിക്ക് ആവശ്യമുണ്ട്. ഇപ്പോഴും ഞാൻ അതുതന്നെയാണ് പറയുന്നത്."-ജെസ്യൂസ് കൂട്ടിച്ചേർത്തു.

ക്രിസ്റ്റ്യാനോ റൊണാൾഡോയെ അനുനയിപ്പിക്കാൻ പോർച്ചുഗൽ ഫുട്‌ബോൾ ഫെഡറേഷൻ ശ്രമം നടത്തുന്നുണ്ട്. ക്രിസ്റ്റ്യാനോയുമായി ചർച്ച നടത്തി വിഷയം പരിഹരിക്കാനാണ് നീക്കം. അടുത്തയാഴ്ച ക്രിസ്റ്റ്യാനോയെയും പരിശീലകനെയും ഒരുമിച്ചിരുത്തി പ്രശ്‌നപരിഹാരം കണ്ടെത്തും.

ഇതിഹാസ താരം അന്താരാഷ്ട്ര കരിയറിൽ നിന്ന് ഈ തരത്തിൽ പടിയിറങ്ങരുതെന്ന നിലപാടിലാണ് പോർച്ചുഗൽ ഫുട്‌ബോൾ അസോസിയേഷൻ. പോർച്ചുഗലിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമാണ് ക്രിസ്റ്റ്യാനോ. മാത്രമല്ല, ടീമിന് മൂന്ന് അന്താരാഷ്ട്ര കിരീടങ്ങളും നേടിക്കൊടുത്തു. പോർച്ചുഗൽ ടീമിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ ക്രിസ്റ്റ്യാനോയുടെ അന്താരാഷ്ട്ര കരിയർ കോച്ചുമായുള്ള ഭിന്നതയെ തുടർന്ന് അവസാനിപ്പിക്കരുതെന്നും അസോസിയേഷൻ ആലോചിക്കുന്നു. അതിനാലാണ് ഉടൻ തന്നെ വിഷയം പരിഹരിക്കാൻ നീക്കം നടത്തുന്നത്.