കൊൽക്കത്ത: തങ്ങൾക്കെതിരേ ഇന്ത്യ ഭേദപ്പെട്ട നിലയിലാണ് കളിച്ചതെന്ന് ബ്രസീലിയൻ ടീം പരിശീലകൻ കാർലോ ആഞ്ചലോട്ടി പറഞ്ഞു. മത്സരശേഷമുള്ള പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇന്ത്യയെ അഭിനന്ദിച്ചത്.

To advertise here,

'പ്രതിരോധത്തിലും പ്രത്യാക്രമണത്തിലും തങ്ങളുടെ കളി പുറത്തെടുക്കാൻ അവർ ശ്രമിച്ചിട്ടുണ്ട്. ആദ്യ കുറെ മിനിറ്റുകളിൽ ഞങ്ങൾക്ക് ഗോളടിക്കാൻ എളുപ്പത്തിൽ സാധിച്ചതുമില്ല. എന്നാൽ, 28-ാം മിനിറ്റിൽ എസ്റ്റോവോയിലൂടെ ആദ്യഗോൾ നേടിയതോടെ കളിയുടെ നിയന്ത്രണം ഞങ്ങൾക്കായി -ആഞ്ചലോട്ടി പറഞ്ഞു. പ്രതിരോധത്തിൽ ബ്രസീൽ ടീമിനും ചില പിഴവുകൾ പറ്റിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുവരെ പരീക്ഷിക്കാത്ത ഒരു കൂട്ടുകെട്ടിനെയാണ് പ്രതിരോധത്തിൽ ഇറക്കിയതെന്നും അതിന്റെ പ്രശ്‌നമാകാമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഗുർപ്രീതിനെ തള്ളാതെ ഖാലിദ് ജമീൽ

പ്രതിരോധത്തിൽ വരുത്തിയ പിഴവുകളെക്കുറിച്ചാണ് ഇന്ത്യൻ പരിശീലകൻ ഖാലിദ് ജമീലിനും പറയാനുണ്ടായിരുന്നത്. ''മികച്ച ടീമുകൾക്കെതിരേ കളിക്കുമ്പോൾ 100 ശതമാനം ജാഗ്രത കാട്ടണം. ഒരു പാളിച്ച വന്നാൽ അവർ നമ്മെ കഠിനമായി ശിക്ഷിക്കും'' -ജമീൽ ചൂണ്ടിക്കാട്ടി. ഗോൾ കീപ്പിങ്ങിലെ പിഴവുകളെത്തുടർന്ന് ഗുർപ്രീത് സന്ധുവിനെ രണ്ടാം പകുതിയിൽ പിൻവലിച്ചെങ്കിലും അദ്ദേഹത്തെ തള്ളിപ്പറയാൻ ജമീൽ തയ്യാറായില്ല. ''ഗുർപ്രീത് ഇന്ത്യയുടെ മികച്ച ഗോൾകീപ്പർമാരിലൊരാളാണ്. ഒന്നോ രണ്ട് പിഴവുകൾ പറഞ്ഞ് കുറ്റപ്പെടുത്തുന്നതിൽ അർഥമില്ല''

ഒന്നിനും പത്തിനും ഇടയിൽ എത്ര പോയിന്റ് ടീമിന് നൽകും എന്ന ചോദ്യത്തിന് തനിക്ക് പൂജ്യം പോയിന്റേ കിട്ടിയിട്ടുള്ളൂ എന്നായിരുന്നു ജമീലിന്റെ മറുപടി. കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കണമെന്നും അത്തരം അനുഭവ സമ്പത്ത് ഏറുന്നതോടെ ടീമിന്റെ പ്രകടനം കൂടുതൽ മെച്ചപ്പെടുമെന്നും ജമീൽ പറഞ്ഞു.