രിക്കല്‍ കൂടി ഇന്ത്യന്‍ മണ്ണ് ലോകകപ്പ് ക്രിക്കറ്റ് മല്‍സരങ്ങള്‍ക്ക് ആഥിത്യം വഹിക്കുമ്പോള്‍ ഇന്ത്യ കപ്പുയര്‍ത്തന്നത് കാണാനാവുമെന്ന വലിയ പ്രതീക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍. 1987-ല്‍ പാകിസ്താനൊപ്പവും 96-ല്‍ പാകിസ്താനും ശ്രീലങ്കക്കുമൊപ്പവും 2011-ല്‍ ശ്രീലങ്കക്കും ബംഗ്ലാദേശിനുമൊപ്പവും ഇന്ത്യ ലോകകപ്പിന് ആഥിത്യം വഹിച്ചിരുന്നു. ഇതില്‍ 2011-ല്‍ മാത്രമേ ഇന്ത്യക്ക് കപ്പില്‍ മുത്തമിടാനുള്ള ഭാഗ്യം ഉണ്ടായുള്ളൂ. 87-ല്‍ ഇന്ത്യ സെമിയില്‍ ഇംഗ്ലണ്ടിനോട് തോറ്റെങ്കില്‍ 96-ല്‍ സെമിയില്‍ തന്നെ ശ്രീലങ്കക്കു മുന്നില്‍ വീണുപോയി. പക്ഷെ ഒരുകാര്യം വ്യക്തമാണ് സ്വന്തം മണ്ണില്‍ ലോകകപ്പ് അരങ്ങേറിയപ്പോഴെല്ലാം തരതമ്യേന മികച്ച പ്രകടനമാണ് ടീം ഇന്ത്യ പുറത്തെടുത്തത്. ആദ്യമായി ഇന്ത്യയില്‍ മാത്രമായി ലോകകപ്പ് നടക്കുമ്പോള്‍ ഹോം ടീം കപ്പിലേക്ക് എത്തിപ്പെടാന്‍ എത്രത്തോളം സാധ്യതയുണ്ടെന്നും അതിന് എന്തെല്ലാം ഘടകങ്ങള്‍ ഒത്തു വരേണ്ടെതുണ്ടെന്നും പരിശോധിക്കുകയാണ് ഇവിടെ.

To advertise here,

ടീം ഘടന

താരതമ്യേന സന്തുലിതമായ ടീമാണ് ഇത്തവണയും ഇന്ത്യയുടേത്. രണ്ട് വിക്കറ്റ് കീപ്പര്‍മാരുള്‍പ്പെടെ ഏഴ് ബാറ്റര്‍മാര്‍ - രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍യാദവ്, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍. രണ്ട് പേസ്ബൗളിങ് ഓള്‍റൗണ്ടര്‍മാര്‍-ഹാര്‍ദിക് പാണ്ഡ്യ, ഷാര്‍ദുല്‍ താക്കൂര്‍. രണ്ട് സ്പിന്‍ ഓള്‍റൗണ്ടര്‍മാര്‍ - രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍. മൂന്നു പേസര്‍മാര്‍ - ജസ്പ്രീത് ബുംറ, മുഹമദ് ഷമി, മുഹമദ് സിറാജ്, ഒരു സ്പിന്നര്‍ - കുല്‍ദീപ് യാദവ്.

ഇതാണ് ടീമിന്റെ ഘടന. ഇതില്‍ ദീര്‍ഘകാലത്തെ പരിക്കിന്റെ ഇടവേള കഴിഞ്ഞെത്തുന്ന ജസ്പ്രീത് ബുംറ, കെ എല്‍ രാഹുല്‍ എന്നിവരുടെ ഫിറ്റ്നസിനെ കുറിച്ചുള്ള ആശങ്കകളാണ് ഈ ടീമിന്റെ പ്രധാന ദൗര്‍ബല്യമായി കണക്കാക്കേണ്ടി വരിക. ഈ രണ്ട് കളിക്കാരും തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കേണ്ടത് ടീമിനെ സംബന്ധിച്ചിടത്തോളം ഒരു അനിവാര്യതയാണ്. ബാറ്റിങ്ങിലേക്ക് വരുമ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഫോമും സംശയകരമാണ്. പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിയാല്‍ രോഹിത് ടീമിന്റെ തുറുപ്പ് ചീട്ടെന്ന നിലയിലേക്ക് തന്നെ ഉയരും. ഒറ്റക്ക് മല്‍സരം ജയിപ്പിക്കാന്‍ കെല്‍പ്പുള്ള ബാറ്ററാണ്. രോഹിത്. ഏത് തരം വിക്കറ്റിലും നിരന്തരം ക്രോസ് ബാറ്റ് ഷോട്ടുകള്‍ കളിക്കാനുള്ള മിടുക്കാണ് രോഹിത്തിനെ വേര്‍തിരിച്ച് നിര്‍ത്തുന്നത്.  മൂന്നു ഡബിള്‍ സെഞ്ചുറികള്‍ നേടിയ, ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏക ബാറ്ററാണ് രോഹിതെന്നും ഓര്‍ക്കണം. രോഹിത്തിനൊപ്പം ടീമിലെ സീനിയര്‍ ബാറ്റ്സ്മാനായ വിരാട് കോലിക്കും വലിയ ഉത്തരവാദിത്വമുണ്ട്. തുടരെ മികച്ച ഇന്നിങ്സുകള്‍ കോലിയില്‍ നിന്ന് ടീം പ്രതീക്ഷിക്കുന്നുണ്ട്. പിന്നെ നിയന്ത്രിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ന് ഏറ്റവും മികച്ച ഹിറ്ററെന്നൊക്കെ വിശേഷിപ്പിക്കാവുന്ന സൂര്യകുമാര്‍ യാദവും നിര്‍ണായക റോള്‍ വഹിക്കേണ്ടി വരും.

ഓള്‍റൗണ്ടര്‍മാര്‍

ഇതിനു മുമ്പ് ഇന്ത്യ രണ്ടു തവണ ലോകകപ്പ് നേടിയപ്പോഴും ഏറ്റവും മികച്ച പ്രകടനം ഓരോ ഓള്‍റൗണ്ടര്‍മാരില്‍ നിന്നായിരുന്നു. 1983-ല്‍ മൊഹീന്ദര്‍ അമര്‍നാഥും 2011-ല്‍ യുവരാജ് സിങ്ങുമായിരുന്നു ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ആ ഓള്‍റൗണ്ടര്‍മാര്‍. ഇത്തവണയും കപ്പ് ജയിക്കണമെങ്കില്‍ അതുപോലെ ഓള്‍റൗണ്ട് പ്രകടനം മേല്‍പ്പറഞ്ഞ മൂന്നു പേരില്‍ ആരെങ്കിലും പുറത്തെടുക്കണം. പെട്ടെന്ന് നോക്കുമ്പോള്‍ അതിന് ഏറ്റവും സാധ്യതയുള്ള താരം രവീന്ദ്ര ജഡേജയാണ്. സമ്പൂര്‍ണ ഓള്‍റൗണ്ടര്‍ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന രീതിയില്‍ ബാറ്റും ബോളും കൊണ്ട് ഒരേപോലെ മികവു കാട്ടാന്‍ ജഡേജക്ക് കഴിയുന്നുണ്ട്. കഴിഞ്ഞ ലോകകപ്പിലെ ചില മല്‍സരങ്ങളിലെ അയാളുടെ പ്രകടനം കണക്കിലെടുക്കുമ്പോള്‍ അങ്ങനെയൊരു പ്രതീക്ഷ ജനിക്കുന്നു. 34-കാരനായ ജഡേജയെ സംബന്ധിച്ചിടത്തോളം അതിനുള്ള ശരിയായ അവസരമാണിത്. പരിചയ സമ്പന്നനായ ജഡേജയുടെ ഫിറ്റ്നസ്സും മാതൃകാപരമാണ്. ഇന്ത്യയിലെ പിച്ചുകളില്‍ ജഡേജയുടെ ഇടംകൈകൊണ്ടുള്ള സ്പിന്‍ ബൗളിങ്ങിനെ ഫലപ്രദമായി നേരിടാന്‍ കെല്‍പ്പുള്ള
ബാറ്റ്‌സ്മാന്‍മാര്‍ ഇന്ന് ലോകക്രിക്കറ്റില്‍ തുലോം വിരളമാണ്. ബാറ്റിങ്ങില്‍ അയാള്‍ പുലര്‍ത്തുന്ന ക്രിയാത്മക സമീപനവും സഹതാരങ്ങള്‍ക്ക് മാതൃകയാക്കാവുന്നതാണ്. എത്ര മോശമായ സാഹചര്യത്തില്‍ നിന്നും ടീമിനെ മല്‍സരത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനുള്ള മനസാന്നിധ്യവും ബാറ്റിങ് മികവും ജഡേജയുടെ മുതല്‍ക്കൂട്ടാണ്. ഷാര്‍ദുല്‍ താക്കൂറാവട്ടെ ടീമിന്റെ രഹസ്യായുധമെന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഓള്‍റൗണ്ടറാണ്. 83-ലെ ഹീറോ മൊഹീന്ദര്‍ അമര്‍നാഥിനെ അനുസ്മരിപ്പിക്കുന്നുണ്ട് താക്കൂര്‍. ക്രീസില്‍ ഉറച്ചു നിന്ന് ഷോട്ടുകള്‍ കളിക്കുന്ന ഈ ബാറ്ററുടെ ബൗളര്‍മാരോടുള്ള സമീപനം ഏറെ വ്യത്യസ്ഥമാണ്. എത്ര അപകടകാരികളായ ബൗളര്‍മാരെയും അനായാസമെന്ന് തോന്നിക്കുന്ന രീതിയിലാണ് താക്കൂര്‍ നേരിടുന്നത്. ബൗളിങ്ങിന്റെ കാര്യത്തിലാവട്ടെ നക്ക്ള്‍ബോളുകള്‍ ഉള്‍പ്പെടെ ബാറ്റര്‍മാരെ കബളിപ്പിക്കുന്ന ഡെലിവറികള്‍ ഇടയ്ക്ക് പ്രയോഗിച്ച് വിക്കറ്റുകളെടുത്ത് ടീമിന് ബ്രേക്ക്ത്രൂ കൊടുക്കാനും കഴിയുന്നു. ഷാര്‍ദുലിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഏറ്റവും ഉചിതമായ വേദി ഈ ലോകകപ്പ് തന്നെയാവും.

ബുംറ ഫാക്ടര്‍

ജസ്പ്രീത് ബുംറയെന്ന പേസ് ബൗളര്‍ തികച്ചും അപകടകാരിയാണ്്. വിചിത്രമെന്ന് തോന്നിക്കുന്ന ബൗളിങ് ആക്ഷന്‍. പക്ഷെ അയാളുടെ പന്തുകളുടെ കണിശത ഏത് മികച്ച ബാറ്റര്‍ക്കും പേടി സ്വപനമാണ്. അടുത്ത പന്ത് ഏത് തരത്തിലായിരിക്കുമെന്ന ഒരൂഹവും അയാളുടെ ആക്ഷനില്‍ നിന്ന് ലഭിക്കില്ല. സമകാലിക ക്രിക്കറ്റില്‍ റണ്‍ വിട്ടു കൊടുക്കുന്നതില്‍ ഏറ്റവും പിശകു കാട്ടുന്ന ബൗളര്‍ ബുംറയാണ്. അയാള്‍ക്കെതിരെ ആക്രമിച്ച് കളിക്കാന്‍ ശ്രമിച്ചാല്‍ വിക്കറ്റ് നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്. അതറിയുന്നതു കൊണ്ടു തന്നെ ബാറ്റര്‍മാര്‍ ഏറെ കരുതലോടെയേ അയാളുടെ പന്തില്‍ ഷോട്ടുകള്‍ കളിക്കൂ.