ഹോദരങ്ങളായ രണ്ടു നായകൾ ദേശീയ ഹീറോകളായി മാറിയ ചരിത്രം പറയാനുണ്ട് ജപ്പാന്. വംശനാശ ഭീഷണി നേരിടുന്ന സഖലിൻ ഹസ്‌കി വിഭാഗത്തിൽപ്പെട്ട താരോയുടെയും ജിറോയുടെയും കഥ.

To advertise here,

സംഭവം ഇങ്ങനെ... 1957-ൽ അന്റാർട്ടിക്കയിലേക്കു പര്യവേക്ഷണത്തിനുപോയ പതിനൊന്നംഗ ജാപ്പനീസ് സംഘത്തിനൊപ്പം പത്തൊൻപതു നായകളെയും അയക്കുന്നു. മഞ്ഞിൽ തെന്നിനീങ്ങുന്ന വണ്ടി വലിക്കാനാണ് നായകളെ കൊണ്ടുപോയത്. മൂന്നുവയസ്സുള്ള താരോയും ജിറോയും ഇവരുടെ അമ്മ കുമയും കൂട്ടത്തിലുണ്ടായിരുന്നു. പ്രതികൂല കാലാവസ്ഥയിൽ യാത്രയ്ക്കിടെത്തന്നെ മൂന്നു നായകൾ ചത്തു. കൂട്ടത്തിലുണ്ടായിരുന്ന ഒരു പട്ടി പ്രസവിച്ചു.

അന്റാർട്ടിക്കയിൽ കേന്ദ്രം സ്ഥാപിച്ച് സംഘം ഗവേഷണം തുടങ്ങി. കേന്ദ്രത്തിലേക്ക് പുതിയ സംഘത്തെ എത്തിച്ച് അവിടെയുണ്ടായിരുന്നവരെ തിരികെ കൊണ്ടുവരികയും ഗവേഷണം തുടരുകയും ചെയ്യുക എന്നതായിരുന്നു പദ്ധതി. എന്നാൽ, പകരം വരേണ്ട സംഘത്തിന് പ്രതികൂല കാലാവസ്ഥ കാരണം ഇവിടേക്ക് എത്താനായില്ല. തുടർന്ന് പുതിയ സംഘത്തെ അങ്ങോട്ട് അയക്കേണ്ടതില്ലെന്നു തീരുമാനിച്ചു.

കേന്ദ്രത്തിലുണ്ടായിരുന്നവരെ വായുമാർഗം രക്ഷിക്കാനായിരുന്നു പദ്ധതി. പ്രസവിച്ച പട്ടിയെയും കുട്ടികളെയും കൂട്ടത്തിൽ രക്ഷിച്ചു. മറ്റുള്ളവയെ കൊണ്ടുപോകാൻ കഴിഞ്ഞില്ല. പതിനഞ്ചു നായകൾ അവിടെ ഉപേക്ഷിക്കപ്പെട്ടു. ചങ്ങലയിൽ തളച്ച നിലയിലായിരുന്നു അത്. ആ നിലയിൽത്തന്നെ ഏഴു നായകൾ ചത്തു. ആറെണ്ണം ചങ്ങല പൊട്ടിച്ചോടി. ഇക്കൂട്ടത്തിൽ താരോയും ജിറോയും അമ്മയുമുണ്ടായിരുന്നു. പതിനൊന്നു മാസം കഴിഞ്ഞ് അടുത്ത സംഘമെത്തുമ്പോൾ കണ്ടെത്താനായത് താരോയെയും ജിറോയെയും മാത്രം.

കാലാവസ്ഥാ കാഠിന്യത്തെ അതിജീവിച്ച് മഞ്ഞിൽ പെൻഗ്വിനുകളെയും സീലുകളെയും വേട്ടയാടിയും മഞ്ഞിൽ ചത്തുകിടന്ന മൃഗങ്ങളെ ഭക്ഷിച്ചുമാണ് ഇവർ ജീവൻ നിലനിർത്തിയതെന്നായിരുന്നു നിഗമനം. സ്ഥിരോത്സാഹത്തിന്റെയും മനസ്സാന്നിധ്യത്തിന്റെയും ജാപ്പനീസ് പ്രതീകമായി ഇവർ മാറി. അന്റാർട്ടിക്കയിൽ തുടർന്ന ജിറോ 1960-ൽ ചത്തു. ഹൊക്കൈഡോ യൂണിവേഴ്സിറ്റിയിലേക്കു കൊണ്ടുപോയ താരോ 1970-ൽ ചത്തു. ആദരവിന്റെ സൂചകമായി ജിറോയുടെ ശരീരം ടോക്യോയിലെ നാഷണൽ സയൻസ് മ്യൂസിയത്തിൽ സ്റ്റഫ് ചെയ്തു സൂക്ഷിച്ചിട്ടുണ്ട്. താരോയുടേത് ഹൊക്കൈഡോ യൂണിവേഴ്സിറ്റിയിലും.

നഗോയ തുറമുഖത്തിനടുത്ത് അന്റാർട്ടിക് നിരീക്ഷണക്കപ്പലായ ഫുജി നിർത്തിയിട്ടതിനു സമീപം താരോയുടെയും ജിറോയുടെയും പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. രണ്ടു ചലച്ചിത്രങ്ങൾക്കും ഈ നായകളുടെ കഥ കാരണമായിട്ടുണ്ട്.