തുര്‍ക്കി, യു.എ.ഇ., ഇറാന്‍ ലീഗുകളില്‍ കളിക്കുന്ന താരങ്ങളും ടീമിലുണ്ട്. യോഗ്യതാ റൗണ്ടിലെ പ്രകടനം ലോകകപ്പിലും കാഴ്ചവെച്ചാല്‍ ഉസ്‌ബെക്കിസ്താന്‍ വമ്പന്‍മാര്‍ക്ക് കനത്ത വെല്ലുവിളിയാവും.

ഉസ്ബെക്കിസ്താൻ ഫുട്ബോൾ ടീം | X.com/@FIFAcom
ബഹ്റൈനെതിരായ കളിക്ക് തൊട്ടുമുമ്പുള്ള ഹസ്തദാനത്തില്‍ ജാപ്പനീസ് റഫറി തോഷിമിറ്റ്സു യോഷിദ ഉസ്ബെക്കിസ്താന്‍ നായകന്‍ മിര്യാലോല്‍ ക്വാസിമോവിനോട് ചിരിച്ചുകൊണ്ട് പറഞ്ഞു. ''ഓള്‍ ദ ബെസ്റ്റ്'’. പക്ഷേ, ആ ചിരിയില്‍ ചതി ഒളിഞ്ഞുകിടക്കുന്നുണ്ടെന്ന് അപ്പോള്‍ ഉസ്ബെക് നായകന് മനസ്സിലായിരുന്നില്ല.
2006 ലോകകപ്പിലേക്കുള്ള ഏഷ്യയില്‍നിന്ന് ഇന്റര്‍ കോണ്ടിനെന്റല്‍ പ്ലേ ഓഫിന് യോഗ്യത നേടാനുള്ള മത്സരമാണ് വേദി. ഉസ്ബെക്കിസ്താനും ബഹ്റൈനും തമ്മില്‍. രണ്ട് പാദങ്ങളിലായി നടക്കുന്ന മത്സരത്തില്‍ ജയിക്കുന്ന ടീം കോണ്‍കകാഫിലെ ടീമുമായി പ്ലേ ഓഫ് കളിക്കും.
ആദ്യപാദത്തിന്റെ വേദി ഉസ്ബെക് തലസ്ഥാനമായ താഷ്‌കെന്റിലെ പാഖ്ടകോര്‍ സ്റ്റേഡിയം. കളി തുടങ്ങി 12-ാം മിനിറ്റില്‍ ആതിഥേയര്‍ക്കായി നായകന്‍ ക്വാസിമോവ് തന്നെ വലകുലുക്കി. ലീഡ് നേടിയതോടെ കളിയുടെ നിയന്ത്രണം പൂര്‍ണമായും ആതിഥേയര്‍ ഏറ്റെടുത്തു. ഉസ്ബെക്കിസ്താന്‍ താരങ്ങള്‍ ബഹ്റൈന്റെ ബോക്സില്‍ കയറിയിറങ്ങി. 39-ാം മിനിറ്റില്‍ റഫറി ഉസ്ബെക്കിന് അനുകൂലമായി പെനാല്‍റ്റി അനുവദിച്ചു. കിക്കെടുക്കാനെത്തിയത് അന്നത്തെ യുവതാരം സെര്‍വര്‍ ജെപറോവ്. അനായാസമായി ജെപറോവ് വലകുലുക്കി. പക്ഷേ, നിമിഷങ്ങള്‍ക്കുള്ളില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. റഫറി ഗോള്‍ നിഷേധിച്ചു. കാരണമായി പറഞ്ഞത് പെനാല്‍റ്റി എടുക്കുന്ന സമയം ഉസ്‌ബെക്ക് താരങ്ങള്‍ ബോക്‌സില്‍ പ്രവേശിച്ചു എന്നതായിരുന്നു. അത് നിയമവിരുദ്ധമല്ലെന്നും എതിരാളികള്‍ക്ക് തടസ്സം സൃഷ്ടിച്ചില്ലെന്നും ഉസ്‌ബെക്ക് താരങ്ങള്‍ വാദിച്ചു. ജാപ്പനീസ് റഫറി തീരുമാനം മാറ്റിയില്ല. അദ്ദേഹം ബഹ്‌റൈനായി ഫ്രീകിക്ക് അനുവദിച്ചു. ഈ നിരാശയില്‍നിന്ന് ഉസ്‌ബെക് താരങ്ങള്‍ക്ക് മോചനം ലഭിച്ചില്ല. കളി അതേ സ്‌കോറില്‍ അവസാനിച്ചു. പക്ഷേ, യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ അപ്പോഴാണ് തുടങ്ങിയത്. ഗോള്‍ അനുവദിക്കാത്തതിനെതിരേ ഉസ്‌ബെക്കിസ്താന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഫിഫയില്‍ പരാതി നല്‍കി. മത്സരം ഉപേക്ഷിച്ചതായി കണക്കാക്കി, 3-0 ന് ജയിച്ചതായി പ്രഖ്യാപിക്കണം എന്നായിരുന്നു ഫെഡറേഷന്റെ ആവശ്യം. ഈ പ്രശ്‌നം പഠിക്കാന്‍ ഫിഫ നാലംഗ സമിതിയെ വെച്ചു. സ്വീഡൻകാരനായ റഫറി ലെനാര്‍ട്ട് ജൊഹന്‍സണായിരുന്നു സമിതിയുടെ ചെയര്‍മാന്‍.
റഫറിക്ക് വീഴ്ച പറ്റിയെന്ന് സമിതി കണ്ടെത്തി. പെനാല്‍റ്റി കിക്ക് വീണ്ടും എടുക്കാന്‍ അനുവദിക്കണമായിരുന്നുവെന്നും സമിതി റിപ്പോര്‍ട്ട് എഴുതി. ടെക്‌നിക്കല്‍ വീഴ്ച സംഭവിച്ചത് കൊണ്ട് മത്സരം ഉസ്‌ബെക്കിസ്താന്‍ 3-0 എന്ന സ്‌കോറിന് ജയിച്ചതായി പ്രഖ്യാപിക്കാനാവില്ല. പകരം, മത്സരം വീണ്ടും നടത്താം. പുതിയ തീയതിയും അവര്‍ കുറിച്ചു. കളി നടത്തുകയാണെങ്കില്‍ 39-ാം മിനിറ്റ് മുതല്‍ വീണ്ടും നടത്തണം എന്നായിരുന്നു ഉസ്‌ബെക്കിസ്താന്റെ ആവശ്യം. ഒപ്പം ആ പെനാല്‍റ്റി വീണ്ടുമെടുക്കാനും അവസരം നല്‍കണം. ബഹ്‌റൈന്‍ ആ ആവശ്യത്തെ എതിര്‍ത്തു. ഫിഫയും ചെവികൊണ്ടില്ല.
പുതിയ മത്സരം എന്ന തീരുമാനം ഉസ്‌ബെക്കിസ്താന് ഇഷ്ടമായില്ല. അവര്‍ പരസ്യമായി പ്രതികരിച്ചു. 'ഞങ്ങളുടെ രണ്ടാമത്തെ ഗോള്‍ റഫറി എടുത്തു. ഇപ്പോള്‍ ഞങ്ങളുടെ ആദ്യത്തെ ഗോള്‍ ഫിഫയും എടുക്കുന്നു', എന്നായിരുന്നു ഫെഡറേഷന്‍ പ്രതിനിധിയുടെ പ്രതികരണം. പിൽക്കാലത്ത് ഇന്ത്യയുടെ പരിശീലകനായിരുന്ന ബോബ് ഹൂട്ടണായിരുന്നു അന്ന് ഉസ്‌ബെക്കിസ്താന്‍ കോച്ച്. ' അതൊരു ദുരന്തമായിരുന്നു. എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ല'- ഹൂട്ടണ്‍ പിന്നീട് പ്രതികരിച്ചു.
ഒരു മാസത്തിന് ശേഷം താഷ്‌കെന്റിലെ അതേ സ്‌റ്റേഡിയത്തില്‍ വീണ്ടും മത്സരം നടന്നു. ബഹ്‌റൈന്‍ ഉസ്‌ബെക്കിസ്താനെ (1-1) പിടിച്ചുകെട്ടി. രണ്ടാം പാദം ബഹ്‌റൈന്‍ തലസ്ഥാനം മനാമയിലായിരുന്നു. അവിടെയും സമനില (0-0). എവേ ഗോളിന്റെ ആനുകൂല്യത്തില്‍ ബഹ്‌റൈന്‍ പ്ലേ ഓഫ് കളിക്കാന്‍ യോഗ്യത നേടി. അവിടെ ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയ്‌ക്കെതിരേ 2-1 ന്റെ തോല്‍വിയോടെ ബഹ്‌റൈന്റെ പോരാട്ടം അവസാനിച്ചു. ഒരുപക്ഷെ, അന്ന് ബഹ്‌റൈന്റെ സ്ഥാനത്ത് ഉസ്‌ബെക്കിസ്താനായിരുന്നുവെങ്കില്‍ ട്രിനിഡാഡിനെ തോല്‍പ്പിക്കാന്‍ സാധിക്കുമെന്ന് വിശ്വസിച്ചവരാണ് ഭൂരിപക്ഷം ആരാധകരും.
വീണ്ടും ഉസ്ബെക്ക് ദുരന്തം
2013 ജൂണ്‍ 18- ഉസ്‌ബെക്ക് ജനത അന്ന് ആവേശത്തിലായിരുന്നു. തങ്ങളുടെ ഫുട്‌ബോള്‍ ടീം ചരിത്രത്തിലാദ്യമായി ലോകകപ്പിന് യോഗ്യത നേടുമെന്ന് അവര്‍ പ്രതീക്ഷിച്ചു. യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിനിറങ്ങും മുമ്പ് എ ഗ്രൂപ്പില്‍ ഇങ്ങനെയായിരുന്നു സ്ഥിതി. ദക്ഷിണ കൊറിയ-14 പോയന്റ്, ഇറാന്‍- 13 പോയന്റ്, ഉസ്‌ബെക്കിസ്താന്‍- 11 പോയന്റ്. അവസാന ദിനം കളിക്കേണ്ടത്, കൊറിയയും ഇറാനും തമ്മില്‍. അതും കൊറിയന്‍ മണ്ണില്‍. ഉസ്‌ബെക്കിന്റെ എതിരാളികള്‍ ഖത്തറായിരുന്നു. അന്നത്തെ ഫോം വെച്ച് കൊറിയയെ അവരുടെ നാട്ടില്‍ ഇറാന്‍ തോല്‍പ്പിക്കില്ലെന്ന് എല്ലാവരും കണക്കുകൂട്ടി. ഉസ്‌ബെക്ക് ജനത പ്രതീക്ഷയോടെ കാത്തിരുന്നു. പക്ഷേ, ഉള്‍സാനില്‍ ഇറാന്‍ (1-0) കൊറിയയെ വീഴ്ത്തി. ജയത്തോടെ ഇറാന് 16 പോയന്റ്. നേരിട്ട് യോഗ്യത.
ആ കളി കഴിഞ്ഞ് ഒരു മണിക്കൂറിന് ശേഷമായിരുന്നു താഷ്‌കെന്റില്‍ കിക്കോഫ്. അവിടെ ജയം മാത്രം പോരായിരുന്നു. ചുരുങ്ങിയത് ആറ് ഗോളിനെങ്കിലും ജയിക്കണം. കളി തുടങ്ങി. 37-ാം മിനിറ്റില്‍ ഖത്തര്‍ സ്‌കോര്‍ ചെയ്തു. പക്ഷേ, ഉസ്‌ബെക്കിസ്താന്‍ വിടാന്‍ തയ്യാറായിരുന്നില്ല. ഗോളിനായി അവര്‍ ശ്രമിച്ചു. ഭാഗ്യം അവര്‍ക്കൊപ്പമില്ലായിരുന്നു. ഷോട്ടുകളൊന്നും ലക്ഷ്യം കണ്ടില്ല. താഷ്‌ക്കെന്റില്‍ ഗാലറിയില്‍നിന്ന് ആരാധകര്‍ ഇറങ്ങിത്തുടങ്ങി. 61-ാം മിനിറ്റില്‍ ഉസ്‌ബെക്ക് സമനില കണ്ടെത്തി. ഇറങ്ങിത്തുടങ്ങിയ ആരാധകര്‍ സീറ്റില്‍ വീണ്ടും ഇരുന്നു. പിന്നീട് അങ്ങോട്ട് ആതിഥേയരുടെ പടയോട്ടമായിരുന്നു. 72, 74, 87, 91 മിനിറ്റുകളില്‍ അവര്‍ സ്‌കോര്‍ ചെയ്തു. കളി അവസാനിക്കുമ്പോള്‍ ഉസ്‌ബെക്കിസ്താന് 5-1 ന്റെ ജയം. പക്ഷേ, അത് മതിയായിരുന്നില്ല. പോയന്റ് പട്ടികയില്‍ കൊറിയയ്ക്ക് ഒപ്പം എത്തിയെങ്കിലും ഗോള്‍ വ്യത്യാസം അവരെ ചതിച്ചു. മികച്ച ഗോള്‍ വ്യത്യാസം കൊറിയയെ ലോകകപ്പിന് യോഗ്യരാക്കി. ഒരിക്കല്‍ക്കൂടി ഉസ്‌ബെക്ക് ദുരന്തം. ആ വര്‍ഷവും ഉസ്‌ബെക്ക് പ്ലേ ഓഫിനായുളള യോഗ്യതാ മത്സരം കളിച്ചു. ജോര്‍ദാനോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടങ്ങി.
2025 ജൂണ്‍ 5 - ഉസ്ബെക്കിസ്താൻ ചരിത്രമെഴുതിയ ദിനം
അബുദാബിയിലെ ആ എട്ട് മിനിറ്റുകള്‍ ഉസ്‌ബെക്കിസ്താന്‍ താരങ്ങള്‍ക്ക് മണിക്കൂറുകള്‍ പോലെ തോന്നി. ഏഷ്യന്‍ യോഗ്യതാ ഘട്ടത്തിലെ മൂന്നാം റൗണ്ടിലെ യ.എ.ഇ. - ഉസ്‌ബെക്കിസ്താന്‍ മത്സരമാണ് വേദി. ഗ്രൂപ്പില്‍ രണ്ടാമതാണ് ഉസ്‌ബെക്കിസ്താന്‍. മൂന്നാമത് യു.എ.ഇ.യും. 17 പോയന്റുണ്ട് രണ്ടാം സ്ഥാനക്കാര്‍ക്ക്. മൂന്നാം സ്ഥാനക്കാരുടെ സമ്പാദ്യം 13 പോയന്റും. സമനില മതി ഉസ്‌ബെക്കിന് ലോകകപ്പിന് യോഗ്യത നേടാന്‍. തോറ്റാല്‍ അടുത്ത മത്സരത്തിനായി കാത്തിരിക്കണം.
സമനിലയ്ക്ക് വേണ്ടിയായിരുന്നു ഉസ്‌ബെക്കിസ്താന്‍ കളിച്ചത്. പ്രതിരോധനിര ശക്തമാക്കി. മുന്നേറ്റങ്ങള്‍ നിരവധി നടത്തിയെങ്കിലും ആതിഥേയര്‍ക്ക് സന്ദര്‍ശകരുടെ പ്രതിരോധം പൊട്ടിക്കാനായില്ല. 90 മിനിറ്റ് പൂര്‍ത്തിയാകാന്‍ 30 സെക്കന്‍ഡുള്ളപ്പോഴാണ് നാലാം റഫറി എട്ട് മിനിറ്റ് ഇഞ്ചുറി ടൈം എന്ന ബോര്‍ഡ് കാണിച്ചത്. ആ സമയം പിടിച്ചുനിന്നാല്‍ ഉസ്‌ബെക്ക് അന്ന് തന്നെ യോഗ്യര്‍.
ആ എട്ട് മിനിറ്റില്‍ ഉസ്‌ബെക്ക് താരങ്ങളുടെ ഓര്‍മ്മയിലേക്ക് പഴയ സംഭവങ്ങള്‍ കടന്നുവന്നിരിക്കാം. 2006-ലെ റഫറിയുടെ തെറ്റായ തീരുമാനം, 2014-ലെ നിര്‍ഭാഗ്യം. ആ മിനിറ്റുകളില്‍ അവര്‍ ജീവന്‍മരണ പോരാട്ടം നടത്തി. ഗോള്‍കീപ്പര്‍ യുത്കിര്‍ യുസുപോവായിരുന്നു അവരുടെ രക്ഷകന്‍. എട്ട് മിനിറ്റ് കഴിഞ്ഞ് പിന്നെയും രണ്ട് മിനിറ്റ് കൂടി. ഒടുവില്‍ റഫറി വിസിലൂതി. ഉസ്‌ബെക്കിസ്താന്‍ യോഗ്യര്‍. ചരിത്രത്തിലെ ദൗര്‍ഭാഗ്യങ്ങളുടെ മതിലുകള്‍ ഭേദിച്ച് അവര്‍ അമേരിക്കയിലേക്ക് ടിക്കറ്റുറപ്പിച്ചു. ആ ദിവസം ഒരു ആരാധകന്‍ ഇങ്ങനെ എഴുതി. 'എന്നും മണവാട്ടിയുടെ തോഴിയായവര്‍, ഇന്ന് മണവാട്ടിയായിരിക്കുന്നു'. യോഗ്യത നേടിയത് രാജ്യം ആഘോഷിച്ചു. താരങ്ങള്‍ക്കും കോച്ചിങ് സ്റ്റാഫിനും രാജ്യത്തിന്റെ പ്രസിഡന്റ് ശവ്കാത്ത് മിര്‍സിയോയെവ് ബി.വൈ.ഡി കാര്‍ സമ്മാനമായി നല്‍കി. ഓണററി പദവികള്‍ വേറെയും.
ടീം വര്‍ക്കാണ് ഉസ്‌ബെക്കിസ്താനെ യോഗ്യതാ റൗണ്ടില്‍ മുന്നോട്ട് നയിച്ചത്. ഏഷ്യന്‍ മേഖലയില്‍ രണ്ടാം റൗണ്ടില്‍ ഇ ഗ്രൂപ്പില്‍ 14 പോയന്റോടെ രണ്ടാം സ്ഥാനവുമായി മൂന്നാം റൗണ്ടിലേക്ക്. മൂന്നാം റൗണ്ടില്‍ ഇറാന്‍, ഖത്തര്‍, യു.എ.ഇ., കിര്‍ഗിസ്താന്‍, ഉത്തര കൊറിയ എന്നിവര്‍ക്കൊപ്പമായിരുന്നു സ്ഥാനം. അവിടെ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തോടെ യോഗ്യത. അഞ്ച് ഗോളടിച്ച എല്‍ഡോല്‍ ഷോംമുറോഡോവാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍.
ഉസ്‌ബെക്ക് ലീഗില്‍ കളിക്കുന്നവരാണ് ടീമില്‍ ഭൂരിപക്ഷവും. മാഞ്ചെസ്റ്റര്‍ സിറ്റിയുടെ പ്രതിരോധ താരം അബ്ദുകോദിര്‍ ഖുസനോവാണ് യൂറോപ്പിലെ പ്രധാനപ്പെട്ട ക്ലബ്ബില്‍നിന്നുള്ള താരം. ടോപ്‌സ്‌കോറര്‍ ഷോംമുറോഡോവ് തുര്‍ക്കിഷ് ക്ലബ്ബ് ഈസ്താംബൂള്‍ ബസ്‌കഷെഹിറിന്റെ താരമാണ്. തുര്‍ക്കി, യു.എ.ഇ., ഇറാന്‍ ലീഗുകളില്‍ കളിക്കുന്ന താരങ്ങളും ടീമിലുണ്ട്. യോഗ്യതാ റൗണ്ടിലെ പ്രകടനം ലോകകപ്പിലും കാഴ്ചവെച്ചാല്‍ ഉസ്‌ബെക്കിസ്താന്‍ വമ്പന്‍മാര്‍ക്ക് കനത്ത വെല്ലുവിളിയാവും.
Content Highlights: uzbekistan national football team fifa world cup qualification
Published: 30 Oct 2025, 03:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented