ക്രിക്കറ്റിന്റെ പിറവി ഇംഗ്ലണ്ടിലായിരുന്നെങ്കിലും അതിന്റെ രാജാക്കൻമാർ വെസ്റ്റ് ഇൻഡീസായിരുന്നു. ഒരുകാലത്ത് ലോക ക്രിക്കറ്റിൽ വിൻഡീസ് ടീമിനെ വെല്ലുവിളിക്കാൻ പോന്നവർ ഇല്ലായിരുന്നു എന്നു തന്നെ പറയാം. ലോകക്രിക്കറ്റിന്റെ കിരീടം പതിറ്റാണ്ടുകളോളം കൈവശംവെച്ച വിൻഡീസ് ഇന്ന് പക്ഷേ ആ പഴയ പ്രതാപത്തിന്റെ നിഴലിലാണ്. എന്നാൽ ഇന്ത്യയ്ക്കെതിരായ പുതിയ പരമ്പരയിൽ കരീബിയൻ ക്രിക്കറ്റ് വീണ്ടും കരുത്തുകാട്ടുകയാണ്. പഴയ പ്രതാപത്തിലേക്കുള്ള അവരുടെ തിരിച്ചുവരവിന്റെ തുടക്കമാണോ ഇത്?

To advertise here,

ലോകക്രിക്കറ്റിൽ ഒരുകാലത്ത് വെസ്റ്റ് ഇൻഡീസ് എന്ന പേര് എതിരാളികളുടെ നെഞ്ചിടിപ്പ് കൂട്ടിയിരുന്നു. ക്രീസിലേക്കുള്ള സാക്ഷാൽ വിവിയൻ റിച്ചാർഡ്‌സിന്റെ നടത്തത്തിന്റെ സ്വാഗ് ഇന്നും നമ്മൾ ആസ്വദിക്കുന്നു. റിച്ചാർഡ്‌സിനോളം അന്ന് ബൗളർമാരുടെ പേടിസ്വപ്‌നമായ ബാറ്റർമാർ ഇല്ലെന്നു തന്നെ പറയാം. പന്തുമായി മൈക്കൽ ഹോൾഡിങ്ങും മാൽക്കം മാർഷലും ജോയൽ ഗാർണറും ഓടിയെത്തുമ്പോൾ ഭയക്കാത്ത ബാറ്റർമാരില്ലായിരുന്നു അന്ന്. ക്ലൈവ് ലോയ്ഡിന്റെ നേതൃത്വത്തിലുള്ള അന്നത്തെ വിൻഡീസ് ടീം കരുത്തിന്റെ പ്രതീകമായിരുന്നു.

അന്നത്തെ വെസ്റ്റ് ഇൻഡീസ് ഒരു ക്രിക്കറ്റ് ടീം മാത്രമായിരുന്നില്ല. വ്യത്യസ്ത ദ്വീപുകളിൽനിന്നുള്ള മനുഷ്യരെ ഒന്നിപ്പിച്ച കായികവികാരമായിരുന്നു. കരീബിയൻ ജനതയുടെ അഭിമാനത്തിന്റെയും സ്വത്വബോധത്തിന്റെയും പ്രതീകമായിരുന്നു അവരുടെ വിജയങ്ങൾ.

കാലം മാറിയപ്പോൾ ആ കരീബിയൻ സാമ്രാജ്യം തകർന്നു. ലോകകപ്പുകളിൽ ഇടം കണ്ടെത്താൻ പോലും കഴിയാത്ത അവസ്ഥയിലേക്ക് ടീം വീണു. ടെസ്റ്റ് ക്രിക്കറ്റിൽ തുടർച്ചയായ പരാജയങ്ങളും സാമ്പത്തിക പ്രതിസന്ധികളും മികച്ച താരങ്ങളുടെ അഭാവവും പ്രതിസന്ധി രൂക്ഷമാക്കി.

എന്നാൽ 2026 ഒക്ടോബറിൽ ഇന്ത്യയിൽ നടക്കുന്ന പരമ്പര മറ്റൊരു കഥയാണ് പറയുന്നത്. ഏകദിന പരമ്പര നഷ്ടപ്പെട്ടെങ്കിലും മൂന്നാം മത്സരത്തിൽ 352 റൺസ് പിന്തുടർന്ന് വിജയിച്ച വെസ്റ്റ് ഇൻഡീസ്, ട്വന്റി 20 പരമ്പരയിൽ നാലു മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഇന്ത്യയുമായി 2-2ന് ഒപ്പമെത്തിയിരിക്കുകയാണ്. ഒക്ടോബർ 17ന് ബെംഗളൂരുവിൽ നടക്കുന്ന അവസാന മത്സരമാണ് പരമ്പരയുടെ വിജയികളെ തീരുമാനിക്കുക.

കരീബിയൻ ക്രിക്കറ്റിന്റെ സുവർണകാലം

വെസ്റ്റ് ഇൻഡീസിന്റെ ക്രിക്കറ്റ് ചരിത്രം ലോകകപ്പ് വിജയങ്ങളോടെയാണ് ആരംഭിച്ചതെന്ന് പറയാനാവില്ല. ഫ്രാങ്ക് വോറൽ, ഗാർഫീൽഡ് സോബേഴ്‌സ്, ജോർജ് ഹെഡ്ലി, റോഹൻ കൻഹായ് തുടങ്ങിയ ഇതിഹാസങ്ങൾ കരീബിയൻ ക്രിക്കറ്റിന് നേരത്തേ ശക്തമായ അടിത്തറയൊരുക്കിയിരുന്നു. എന്നാൽ ലോകക്രിക്കറ്റിൽ വെസ്റ്റ് ഇൻഡീസ് സമഗ്രമായ ആധിപത്യം സ്ഥാപിക്കുന്നത് എഴുപതുകളിലും എൺപതുകളിലുമാണ്.

 

1975-ൽ ഇംഗ്ലണ്ടിൽ നടന്ന ആദ്യ ഏകദിന ലോകകപ്പിൽ ക്ലൈവ് ലോയ്ഡിന്റെ വെസ്റ്റ് ഇൻഡീസ് കിരീടമുയർത്തി. ഫൈനലിൽ ഓസ്‌ട്രേലിയക്കെതിരെ ലോയ്ഡ് നേടിയ സെഞ്ചുറി ചരിത്രത്തിന്റെ ഭാഗമായി. 1979-ൽ ഇംഗ്ലണ്ടിനെ കീഴടക്കി വീണ്ടും ലോകചാമ്പ്യന്മാരായി. 1983-ൽ ഇന്ത്യയോട് ലോകകപ്പ് ഫൈനലിൽ പരാജയപ്പെട്ടെങ്കിലും അന്നും ലോകത്തിലെ ഏറ്റവും ശക്തമായ ടീമുകളിൽ ഒന്നായിരുന്നു വെസ്റ്റ് ഇൻഡീസ്. ആ ഫൈനലിലെ ഇന്ത്യൻ വിജയം ലോകക്രിക്കറ്റിലെ ചരിത്രപരമായ അട്ടിമറിയായി മാറിയതും വെസ്റ്റ് ഇൻഡീസിന്റെ അക്കാലത്തെ ആധിപത്യം കൊണ്ടുതന്നെയാണ്.

ടെസ്റ്റ് ക്രിക്കറ്റിലായിരുന്നു അവരുടെ യഥാർഥ കരുത്ത്. 1980 മുതൽ 1995വരെ തുടർച്ചയായി 29 ടെസ്റ്റ് പരമ്പരകളിൽ വെസ്റ്റ് ഇൻഡീസ് തോൽവിയറിഞ്ഞില്ല. ഇരുപത് പരമ്പരകൾ ജയിക്കുകയും ഒമ്പതെണ്ണം സമനിലയിലാക്കുകയും ചെയ്തു. ക്രിക്കറ്റ് ചരിത്രത്തിലെ അസാധാരണമായ ആധിപത്യമായിരുന്നു അത്. 1984-ൽ ഇംഗ്ലണ്ടിനെ അവരുടെ നാട്ടിൽ 5-0ന് തോൽപ്പിച്ച സംഭവം വെസ്റ്റ് ഇൻഡീസിന്റെ ശക്തിയുടെ പ്രഖ്യാപനമായിരുന്നു. 1986-ൽ സ്വന്തം നാട്ടിലും ഇംഗ്ലണ്ടിനെ അതേ മാർജിനിൽ തോൽപ്പിച്ചു.

എൺപതുകളിലെ വെസ്റ്റ് ഇൻഡീസ് പേസ് നിര ലോകക്രിക്കറ്റിലെ ഏറ്റവും ഭയപ്പെടുത്തുന്ന ബൗളിങ് നിരകളിലൊന്നായിരുന്നു. ആൻഡി റോബർട്‌സ്, മൈക്കൽ ഹോൾഡിങ്, ജോയൽ ഗാർണർ, കോളിൻ ക്രോഫ്റ്റ്, മാൽക്കം മാർഷൽ, പിന്നീട് കർട്ട്ലി ആംബ്രോസ്, കോർട്ട്‌നി വാൽഷ്. വെറും വേഗം മാത്രമായിരുന്നില്ല അവരുടെ കരുത്ത്. പേസിനായി ഉയരത്തിന്റെ ആനുകൂല്യം അവർക്ക് കരുത്തായി. കൃത്യതയും ബൗൺസും സ്വിങ്ങുമെല്ലാം ചേർന്ന സമ്പൂർണ സംവിധാനമായിരുന്നു ആ ബൗളിങ് യൂണിറ്റ്. ക്രീസിലെ ബാറ്റർക്ക് ആശ്വസിക്കാനുള്ള ചെറു കണിക പോലും അവർ നൽകിയിരുന്നില്ല.

ബാറ്റിങ്ങിലും അതേ കരുത്തുണ്ടായിരുന്നു വിൻഡീസിന്. ഗോർഡൻ ഗ്രീനിഡ്ജ്, ഡെസ്മണ്ട് ഹെയ്ൻസ്, വിവിയൻ റിച്ചാർഡ്‌സ്, ക്ലൈവ് ലോയ്ഡ് എന്നിവരിലൂടെ വിൻഡീസ് ടീം ഉയരങ്ങളിലേക്ക് കുതിച്ചു. പിന്നീട് ബ്രയാൻ ലാറയും ശിവ്‌നരൈൻ ചന്ദർപോളുമെല്ലാം കരീബിയൻ ബാറ്റിങ്ങിന്റെ പാരമ്പര്യം നിലനിർത്തി.

അന്നത്തെക്കാലത്ത് വെസ്റ്റ് ഇൻഡീസിനെ തോൽപ്പിക്കുക എന്നത് ഒരു മത്സരവിജയം മാത്രമായിരുന്നില്ല. ലോകക്രിക്കറ്റിലെ അധികാരകേന്ദ്രത്തെ വെല്ലുവിളിക്കുന്നതിനു തുല്യമായിരുന്നു അത്. എല്ലാ സാമ്രാജ്യങ്ങളും ഒരിക്കൽ തകരും. 1995-ൽ മാർക്ക് ടെയ്ലറുടെ നേതൃത്വത്തിൽ കരീബിയൻ ദ്വീപുകളിലെത്തിയ ഓസ്‌ട്രേലിയ, നാലു ടെസ്റ്റുകളടങ്ങിയ പരമ്പര 2-1ന് സ്വന്തമാക്കി. അതോടെ വിൻഡീസ് ടീമിന്റെ 15 വർഷം നീണ്ട വിജയക്കുതിപ്പ് അവസാനിച്ചു. അത് കേവലം ഒരു പരമ്പര തോൽവിയായിരുന്നില്ല. ലോകക്രിക്കറ്റിലെ ശക്തിസമവാക്യങ്ങൾ മാറുന്നതിന്റെ സൂചനയായിരുന്നു. ഓസ്‌ട്രേലിയ ക്രമേണ ആധിപത്യം സ്ഥാപിച്ചപ്പോൾ വെസ്റ്റ് ഇൻഡീസ് പ്രതിസന്ധിയിലേക്ക് നീങ്ങി.

ഇതിഹാസ താരങ്ങളുടെ വിരമിക്കൽ, സമാന നിലവാരമുള്ള പിൻഗാമികളെ കണ്ടെത്താൻ സാധിക്കാതിരുന്നത്, ആഭ്യന്തര ക്രിക്കറ്റ് സംവിധാനത്തിലെ പരിമിതികൾ എന്നിവ തിരിച്ചടിയായി. വ്യക്തിഗത മികവുള്ള താരങ്ങൾ തുടർന്നും ഉണ്ടായിരുന്നു. പക്ഷേ, പഴയതുപോലെ എതിരാളികളെ നിരന്തരം കീഴടക്കുന്ന ടീം രൂപപ്പെട്ടില്ല. ബ്രയാൻ ലാറയുടെ അദ്ഭുത ഇന്നിങ്‌സുകളും ചന്ദർപോളിന്റെ ചെറുത്തുനിൽപ്പും ആരാധകർക്ക് പ്രതീക്ഷ നൽകിയെങ്കിലും, സ്ഥിരതയുള്ള വിജയങ്ങൾ അപൂർവമായി. തൊണ്ണൂറുകളുടെ അവസാനത്തോടെ തുടങ്ങിയ തകർച്ച പുതിയ നൂറ്റാണ്ടിലും തുടർന്നു. എന്നിരുന്നാലും ഇടയ്ക്കിടെ കരീബിയൻ ക്രിക്കറ്റ് പഴയ പ്രതാപത്തിന്റെ മിന്നലാട്ടങ്ങൾ കാട്ടി.

2004-ൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയ വെസ്റ്റ് ഇൻഡീസ്, പിന്നീട് ടി 20 ക്രിക്കറ്റിൽ പുതിയൊരു ശക്തിയായി ഉയർന്നു. ക്രിസ് ഗെയ്ൽ, കിറോൺ പൊള്ളാർഡ്, ഡ്വെയ്ൻ ബ്രാവോ, ആന്ദ്രെ റസ്സൽ, മർലോൺ സാമുവൽസ്, സുനിൽ നരെയ്ൻ തുടങ്ങിയ താരങ്ങൾ ലോകത്തെ വിവിധ ടി 20 ലീഗുകളിലെ ആവേശമായി മാറി.

2012-ൽ ഡാരൻ സമിയുടെ നേതൃത്വത്തിൽ ശ്രീലങ്കയെ തോൽപ്പിച്ച് വെസ്റ്റ് ഇൻഡീസ് ടി 20 ലോകകപ്പ് നേടി. 2016-ൽ ഇംഗ്ലണ്ടിനെതിരേ കാർലോസ് ബ്രാത്ത്വെയ്റ്റിന്റെ അവസാന ഓവറിലെ നാല് തുടർ സിക്‌സറുകളിലൂടെ വീണ്ടും കിരീടം സ്വന്തമാക്കി.

2012, 2016 ട്വന്റി 20 ലോകകപ്പ് വിജയങ്ങൾ കരീബിയൻ ക്രിക്കറ്റിന് പുതിയ ആത്മവിശ്വാസം നൽകി. എന്നാൽ പരിമിത ഓവർ ക്രിക്കറ്റിലെ നേട്ടങ്ങൾ ടെസ്റ്റ് ക്രിക്കറ്റിലെ തകർച്ചയ്ക്ക് പരിഹാരമായില്ല. മൂന്നു ഫോർമാറ്റുകളിലും ഒരുപോലെ സ്ഥിരതയുള്ള ടീമായി മാറാൻ അവർക്ക് കഴിഞ്ഞില്ല.

2023-ൽ സ്ഥിതി കൂടുതൽ ഗുരുതരമായി. ഏകദിന ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായി വെസ്റ്റ് ഇൻഡീസിന് ടൂർണമെന്റിലേക്ക് യോഗ്യത നേടാനായില്ല. 1975-ലും 1979-ലും ലോകകപ്പ് നേടിയ, 1983-ൽ ഫൈനലിലെത്തിയ ഒരു ടീമിന് ലോകകപ്പ് കളിക്കാൻ പോലും കഴിയാതിരുന്നത് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു.

സാമ്പത്തികവും സാമൂഹികവും ഭരണപരവും കായികപരവുമായ നിരവധി ഘടകങ്ങൾ വിൻഡീസിന്റെ ഈ തകർച്ചയ്ക്കു പിന്നിലുണ്ട്. ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ തുടങ്ങിയ സമ്പന്ന ക്രിക്കറ്റ് ബോർഡുകളുമായി താരതമ്യപ്പെടുത്തുമ്പോൾ വെസ്റ്റ് ഇൻഡീസിന്റെ സാമ്പത്തിക ശേഷി പരിമിതമാണ്. സംപ്രേഷണ വരുമാനം, സ്‌പോൺസർഷിപ്പ്, ആഭ്യന്തര വിപണി എന്നിവയിലെ വ്യത്യാസങ്ങൾ ഇതിനു കാരണമാണ്. നിലവിലെ ഇന്ത്യാ പര്യടനത്തിനിടെ ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസ് സി.ഇ.ഒ. ക്രിസ് ഡെഹ്‌റിങ് ഉന്നയിച്ച പരാതിയും ശ്രദ്ധേയമാണ്. ഇന്ത്യയിൽ നടക്കുന്ന മത്സരങ്ങളിൽനിന്ന് ആതിഥേയ ബോർഡിന് വലിയ വരുമാനം ലഭിക്കുമ്പോൾ സന്ദർശക ബോർഡിന് നേരിട്ട് അതിന്റെ വിഹിതം ലഭിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

അതേസമയം ഐപിഎൽ ഉൾപ്പെടെയുള്ള ലോകത്തെ ടി 20 ലീഗുകൾ കരീബിയൻ താരങ്ങൾക്ക് പുതിയ സാമ്പത്തിക അവസരങ്ങൾ നൽകി. എന്നാൽ ദേശീയ ടീമിന്റെ മത്സരക്രമവും വിവിധ ലീഗുകളുടെ സമയക്രമവും തമ്മിൽ ഒത്തുപോകാതെ വന്നതോടെ പല താരങ്ങളും ദേശീയ ടീം കരാറിൽ നിന്ന് പിന്മാറാൻ ആരംഭിച്ചു. താരങ്ങളുടെ കരാർ, ജോലിഭാരം, ലഭ്യത എന്നിവ കൈകാര്യം ചെയ്യുന്നത് കൂടുതൽ സങ്കീർണമായി.

വെസ്റ്റ് ഇൻഡീസ് ഒരു രാജ്യത്തിന്റെ ദേശീയ ടീമല്ല. ജമൈക്ക, ബാർബഡോസ്, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, ഗയാന തുടങ്ങിയ വിവിധ കരീബിയൻ പ്രദേശങ്ങളെ പ്രതിനിധീകരിക്കുന്ന ടീമാണത്. ഇതാണ് ടീമിന്റെ സവിശേഷതയും ശക്തിയും. എന്നാൽ വിവിധ പ്രദേശങ്ങളിലെ ക്രിക്കറ്റ് താത്പര്യങ്ങളും സൗകര്യങ്ങളും ഏകോപിപ്പിക്കുന്നതിൽ ഭരണപരമായ വെല്ലുവിളികളുണ്ടായി. ഇത് പരിഹരിക്കാൻ ബന്ധപ്പെട്ടവർക്ക് സാധിക്കാതെ വന്നു.

എന്നാൽ ഈ പ്രതിസന്ധികൾക്കിടയിലും പ്രതീക്ഷ നൽകുന്ന നിമിഷങ്ങളുണ്ടായി. 2024 ജനുവരിയിൽ ബ്രിസ്‌ബേനിലെ ഗാബയിൽ ഷമാർ ജോസഫിന്റെ അസാധാരണ ബൗളിങ് മികവിൽ ഓസ്‌ട്രേലിയയെ എട്ടു റൺസിന് തോൽപ്പിച്ച് വിൻഡീസ് ടീം ചരിത്രം കുറിച്ചു. പരിക്കിനെ അതിജീവിച്ച് പന്തെറിഞ്ഞ ഷമാർ ഏഴു വിക്കറ്റ് നേടി. ഓസ്‌ട്രേലിയയിൽ 1997-നുശേഷമുള്ള ആദ്യ വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് വിജയമായിരുന്നു അത്. കരീബിയൻ ക്രിക്കറ്റ് പൂർണമായി അവസാനിച്ചിട്ടില്ലെന്ന ഓർമപ്പെടുത്തൽ.

എന്നാൽ 2025 ജൂലായിൽ ഓസ്‌ട്രേലിയക്കെതിരായ കിങ്സ്റ്റൺ ടെസ്റ്റിൽ അതേ വെസ്റ്റ് ഇൻഡീസ് വെറും 27 റൺസിനാണ് ഓൾഔട്ടായത്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ ടീം സ്‌കോറായിരുന്നു അത്. 1955-ൽ ഇംഗ്ലണ്ടിനെതിരെ ന്യൂസീലൻഡ് നേടിയ 26 റൺസാണ് ഏറ്റവും കുറഞ്ഞ സ്‌കോർ. ക്ലൈവ് ലോയ്ഡിന്റെയും വിവിയൻ റിച്ചാർഡ്‌സിന്റെയും കാലത്ത് എതിരാളികളെ വിറപ്പിച്ച കരീബിയൻ ടീം, സ്വന്തം നാട്ടിൽ വെറും 27 റൺസിന് പുറത്താകുന്ന കാഴ്ച തകർച്ചയുടെ ആഴം തുറന്നുകാട്ടി. ആ പരമ്പര 3-0നാണ് വിൻഡീസ് തോറ്റമ്പിയത്.

അവിടെ നിന്നാണ് ഇപ്പോൾ ഏകദിനത്തിലും ടി20-യിലും ഇന്ത്യയെ വിറപ്പിക്കുന്ന പ്രകടനം വിൻഡീസ് പുറത്തെടുക്കുന്നത്. ഏകദിന പരമ്പര തോറ്റെങ്കിലും രണ്ടാം ഏകദിനത്തിൽ 405 റൺസ് അടിച്ചെടുത്ത വിൻഡീസിന്റെ ബാറ്റിങ് പ്രകടനം ശ്രദ്ധേയമായി. ആ മത്സരം തോറ്റെങ്കിലും മൂന്നാം മത്സരത്തിൽ ഇന്ത്യയുടെ 351 റൺസ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ പിന്തുടർന്ന് വെസ്റ്റ് ഇൻഡീസ് മറുപടി നൽകി. തുടർന്ന് ടി20 പരമ്പരയിൽ ഇരുടീമുകളും തുല്യശക്തികളായി പോരാടി. റാഞ്ചിയിലെ രണ്ടാം ടി20-യിൽ ഇന്ത്യ ഉയർത്തിയ 250 റൺസ് വിജയലക്ഷ്യം വെറും 18.3 ഓവറിൽ അടിച്ചെടുത്ത് വിൻഡീസ് ടീം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. ഇന്ത്യക്കെതിരെ ഒരു ടീം ട്വന്റി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ വിജയകരമായി പിന്തുടർന്ന ഏറ്റവും വലിയ ലക്ഷ്യമായിരുന്നു ഇത്.

ക്യാപ്റ്റൻ ഷായ് ഹോപ്പിന്റെ നേതൃത്വത്തിൽ വെസ്റ്റ് ഇൻഡീസ് പുറത്തെടുത്ത ബാറ്റിങ് സമീപനം ശ്രദ്ധേയമാണ്. തുടക്കത്തിലെ സാഹചര്യങ്ങൾ വിലയിരുത്തിയശേഷം ആക്രമണം ശക്തിപ്പെടുത്തുന്ന സമീപനമാണ് ഹോപ്പ് സ്വീകരിച്ചത്. പവർ ഹിറ്റിങ്ങിനൊപ്പം ഇന്നിങ്‌സ് നിയന്ത്രിക്കാനുള്ള കഴിവും പ്രകടമായിരുന്നു.

ഒരുകാലത്ത് വെസ്റ്റ് ഇൻഡീസിന്റെ യഥാർഥ ശക്തി മൂന്ന് ഫോർമാറ്റുകളിലും എതിരാളികളെ കീഴടക്കാനുള്ള കഴിവായിരുന്നു. ഇന്നത്തെ ടീമിന് ടി20-യിൽ അതിശക്തമായ ബാറ്റിങ് നിരയുണ്ടെങ്കിലും ടെസ്റ്റ് ക്രിക്കറ്റിൽ അതേ മികവ് പ്രകടമാകുന്നില്ല. ഏകദിന ക്രിക്കറ്റിലും അങ്ങനെ തന്നെ. എന്നാൽ ഇന്ത്യയിലെ ക്രിക്കറ്റ് മൈതാനങ്ങളിൽ ഇപ്പോൾ മുഴങ്ങുന്ന കരീബിയൻ ബാറ്റുകളുടെ പ്രഹരം ആ പഴയ സാമ്രാജ്യം വീണ്ടും ഉയിർത്തെഴുന്നേൽക്കുമെന്ന പ്രതീക്ഷയാണ് നൽകുന്നത്.