
ഫുട്ബോളിൽ പന്ത് കൈവശംവെക്കുന്നവരാണ് മത്സരം നിയന്ത്രിക്കുന്നത് എന്നൊരു പൊതുധാരണയുണ്ട്. എന്നാൽ, പന്ത് എതിരാളിക്ക് വിട്ടുകൊടുത്തിട്ടും കളിയുടെ ഗതി സ്വന്തം വരുതിയിലാക്കാൻ കഴിയുമെന്ന് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ് ഹോസെ മൗറീന്യോയും റയൽ മാഡ്രിഡും. ഫുട്ബോൾ ലോകം കാത്തിരുന്ന എൽ ക്ലാസിക്കോ പോരാട്ടത്തിൽ പന്തിനുമേൽ ആധിപത്യം ബാഴ്സലോണയ്ക്കായിരുന്നു. കൂടുതൽ പാസുകൾ നൽകിയതും കൂടുതൽ ഷോട്ടുകളുതിർത്തതും അവർ തന്നെ. എന്നാൽ, ഗോളവസരങ്ങളുടെ നിലവാരത്തിലും നിർണായക നിമിഷങ്ങളിലെ തീരുമാനങ്ങളിലും മുന്നിട്ടുനിന്നത് റയൽ മാഡ്രിഡായിരുന്നു.
ക്യാമ്പ് നൗവിൽ നടന്ന എൽ ക്ലാസിക്കോയിൽ ഹാൻസി ഫ്ളിക്കിന്റെ ബാഴ്സലോണയെ 2-1ന് കീഴടക്കിയ റയൽ മാഡ്രിഡിന്റെ വിജയത്തെ ഒരു സാധാരണ കൗണ്ടർ അറ്റാക്കിങ് വിജയമായി മാത്രം കാണാനാവില്ല. പ്രതിരോധത്തിലെ അച്ചടക്കവും കൃത്യമായ സമയത്തെ പ്രസ്സിങ്ങും എതിരാളിയുടെ ദൗർബല്യം കണ്ടെത്തിയുള്ള ആക്രമണവും ഒന്നിച്ചുചേർന്ന മൗറീന്യോയുടെ തന്ത്രപരമായ വിജയമായിരുന്നു അത്.
മത്സരത്തിന്റെ ഫലം നിർണയിച്ചത് കിലിയൻ എംബാപ്പെയുടെ രണ്ട് ഗോളുകളായിരുന്നു. എന്നാൽ, ആ രണ്ട് ഗോളുകൾക്ക് പിന്നിൽ ബെർണാർഡോ സിൽവയുടെ പാസിങ് ബുദ്ധിയും ജൂഡ് ബെല്ലിങ്ങാമിന്റെ നീക്കങ്ങളും യാൻ ഡിയോമാൻഡെയുടെ വേഗവും ഔറേലിയൻ ചുവാമെനിയുടെ ഡിഫൻഡിങ്ങും എഡ്വാർഡോ കമവിങ്കയുടെ നിർണായക ഇടപെടലുമുണ്ടായിരുന്നു.
ലീഗിൽ അതുവരെ കളിച്ച ഒമ്പത് മത്സരങ്ങളും വിജയിച്ച് മികച്ച ഫോമിലായിരുന്നു ബാഴ്സ. ദിവസങ്ങൾക്കു മുമ്പ് ചാമ്പ്യൻസ് ലീഗിൽ ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയോടേറ്റ തോൽവിക്കു പിന്നാലെയാണ് ഫ്ളിക്കും സംഘവും സ്വന്തം മൈതാനത്ത് റയലിനെ എതിരേറ്റത്. എതിരാളികൾക്കെതിരേ ഗോളടിച്ചുകൂട്ടുന്ന പതിവ് ബാഴ്സ ഇവിടെയും തുടരുമെന്ന ആത്മവിശ്വാസത്തിലായിരുന്നു ക്ലബ്ബിന്റെ ആരാധകർ. എന്നാൽ, ബാഴ്സയുടെ ഈ ശൈലിക്കെതിരേ വ്യക്തമായ പദ്ധതിയുമായാണ് മൗറീന്യോ റയലിനെ ഇറക്കിയത്.
എതിരാളിയെ നിരന്തരം സമ്മർദത്തിലാക്കുന്നതാണ് ബാഴ്സലോണയുടെ ഫുട്ബോൾ ശൈലി. ചെറിയ പാസുകളിലൂടെ മുന്നേറുക, എതിരാളിയുടെ പ്രതിരോധനിരയെ ആശയക്കുഴപ്പത്തിലാക്കി സ്പേസ് ഉണ്ടാക്കുക, പന്ത് നഷ്ടപ്പെട്ടാൽ ഉടൻ തിരിച്ചുപിടിക്കുക. ഫ്ളിക്കിന്റെ കീഴിൽ ഈ സമീപനത്തിന് കൂടുതൽ വേഗവും ആക്രമണോത്സുകതയും കൈവന്നു.
ബാഴ്സയുടെ ഈ കളിയെ മൗറീന്യോ നേരിട്ടത് അവരുടെ ശക്തി പൂർണമായി ഇല്ലാതാക്കാൻ ശ്രമിച്ചുകൊണ്ടായിരുന്നില്ല. മറിച്ച്, ആ ശക്തി ഉപയോഗിക്കുമ്പോൾ ബാഴ്സ തന്നെ വരുത്തിവെയ്ക്കുന്ന ദൗർബല്യങ്ങൾ തിരിച്ചറിഞ്ഞുകൊണ്ടായിരുന്നു.
പേപ്പറിൽ 4-2-3-1 ഫോർമേഷനിലാണ് റയൽ കളിച്ചത്. എന്നാൽ പന്തില്ലാത്തപ്പോൾ ടീം മിഡ്-ബ്ലോക്കിലേക്കും ആവശ്യമുള്ളപ്പോൾ ലോ-ബ്ലോക്കിലേക്കും മാറി. അതേസമയം, അവസരം വന്നപ്പോൾ ഉയർന്ന പ്രസ്സിങ്ങിലേക്കും. മിഡ്-ബ്ലോക്കിൽ കളിക്കുമ്പോൾ ബാഴ്സയുടെ സെന്റർ ബാക്കുകൾക്ക് ചില ഘട്ടങ്ങളിൽ പന്ത് കൈവശംവെക്കാൻ റയൽ അവസരം നൽകി. പന്ത് മധ്യനിരയിലെ നിർണായക മേഖലകളിലേക്ക് നീങ്ങുമ്പോൾ റയലിന്റെ കളിക്കാർ പാസിങ് ലെയ്നുകൾ ഓരോന്നായി അടച്ചു.
ബെല്ലിങ്ങാം മധ്യനിരയിൽനിന്ന് മുന്നോട്ടു കയറി ബാഴ്സയുടെ പാസിങ് ഓപ്ഷനുകളിൽ തുടർച്ചയായി സമ്മർദം ചെലുത്തിക്കൊണ്ടിരുന്നു. ബാഴ്സയുടെ ഏറ്റവും വലിയ ശക്തി റോഡ്രിയും പെഡ്രിയും നിയന്ത്രിക്കുന്ന മധ്യനിരയായിരുന്നു. ഡാനി ഓൽമോയുടെ അഭാവം ബാഴ്സയ്ക്ക് മധ്യനിരയിൽ ഒരു അധിക അറ്റാക്കിങ് ഓപ്ഷൻ നഷ്ടമാക്കി. പകരം കളിച്ച ഫെർമിൻ ലോപ്പസിനാകട്ടെ ബെർണാർഡോ സിൽവയും ആർദ ഗൂലറും ചുവാമെനിയും കളിച്ച റയലിന്റെ മധ്യനിര സൃഷ്ടിച്ച സമ്മർദത്തെ അതിജീവിച്ച് മികച്ച പ്രകടനം പുറത്തെടുക്കാനും സാധിച്ചില്ല.
ചുവാമെനിയും ബെർണാർഡോ സിൽവയും സെൻട്രൽ ഏരിയയിലെ വിടവുകൾ നിയന്ത്രിച്ചു. ബാഴ്സയുടെ ആക്രമണത്തെ വിങ്ങുകളിലേക്ക് തിരിച്ചുവിടാനും അവിടെ സമ്മർദമുണ്ടാക്കാനും ശ്രമിച്ചു. ഈ മത്സരത്തിലെ മൗറീന്യോയുടെ ഏറ്റവും നിർണായകമായ തിരഞ്ഞെടുപ്പുകളിലൊന്ന് മധ്യനിരയിൽ ബെർണാർഡോ സിൽവയെ ഉപയോഗിച്ചതായിരുന്നു.
വിനീഷ്യസ് ജൂനിയറിന്റെ സസ്പെൻഷൻ റയലിന് ഒരു പ്രധാന ആക്രമണതാരത്തെ നഷ്ടപ്പെടുത്തി. മറ്റൊരു വിങ്ങറെ മാത്രം ആശ്രയിക്കുന്നതിനുപകരം മൗറീന്യോ മധ്യനിരയിലെ പാസിങ് നിയന്ത്രണത്തിനും കളി മാറ്റിമറിക്കാനുള്ള കഴിവിനും പ്രാധാന്യം നൽകി. ചുവാമെനിക്കൊപ്പം ബെർണാർഡോ സിൽവയെ വിന്യസിച്ചതോടെ റയലിന് മൂന്ന് പ്രധാന നേട്ടങ്ങളുണ്ടായി.
- ബാഴ്സയുടെ പ്രസ്സിങ്ങിനിടെ പന്ത് കൈവശം സൂക്ഷിക്കാനുള്ള മികച്ച സാങ്കേതികശേഷി.
- ഒരു വിങ്ങിൽനിന്ന് മറുവിങ്ങിലേക്ക് പന്ത് വേഗത്തിൽ മാറ്റാനുള്ള കഴിവ്.
- പന്ത് നഷ്ടപ്പെട്ടാലും മധ്യനിരയിൽ ആവശ്യമായ പ്രതിരോധസാന്നിധ്യം.
ബാഴ്സയുടെ പ്രതിരോധം പന്തുള്ള ഭാഗത്തേക്ക് ചുരുങ്ങുമ്പോൾ റയൽ മറുവശത്തെ ഒഴിവുള്ള ഇടങ്ങൾ (ഫ്രീ സ്പേസ്) കണ്ടെത്തി. ഇതിനായി സിൽവയുടെ ഡയഗണൽ പാസുകൾ പ്രത്യേകിച്ച് പ്രയോജനപ്പെട്ടു. ഇതായിരുന്നു മത്സരത്തിലെ പ്രധാന തന്ത്രപരമായ വ്യത്യാസം. ബാഴ്സ പന്ത് ഉപയോഗിച്ച് റയലിന്റെ പ്രതിരോധത്തെ വലിച്ചുനീക്കാൻ ശ്രമിച്ചപ്പോൾ റയൽ പന്ത് കുറച്ചുസമയം മാത്രം കൈവശംവെച്ച് ബാഴ്സയുടെ പ്രതിരോധഘടനയെ തകർക്കാൻ ശ്രമിച്ചു.
ബാഴ്സലോണയുടെ ആക്രമണത്തിലെ ഏറ്റവും അപകടകാരിയായ താരങ്ങളിലൊരാളാണ് ലമിൻ യമാൽ. വലതുവിങ്ങിൽ പന്ത് സ്വീകരിച്ചശേഷം അകത്തേക്ക് കയറി ഷോട്ടെടുക്കാനും ഡിഫൻഡർമാരെ മറികടന്ന് അവസരങ്ങൾ സൃഷ്ടിക്കാനുമുള്ള കഴിവാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. യമാലിനെ നേരിടാനുള്ള ഉത്തരവാദിത്വം മൗറീന്യോ പ്രധാനമായും ഏൽപ്പിച്ചത് മാർക്ക് കുകുറെയ്യയെയായിരുന്നു. യമാൽ പന്തുമായി മുന്നേറുമ്പോൾ അദ്ദേഹത്തിന് അകത്തേക്ക് തിരിയാനുള്ള ഇടം പരമാവധി കുറയ്ക്കുക എന്നതായിരുന്നു ലക്ഷ്യം.
കുകുറെയ്യയുടെ ജോലി യമാലിനെ പ്രതിരോധിക്കുക മാത്രമായിരുന്നില്ല. യമാൽ മുന്നോട്ടു കയറുമ്പോൾ അദ്ദേഹത്തിന് പിന്നിൽ രൂപപ്പെടുന്ന ഇടം ആക്രമണത്തിന് ഉപയോഗിക്കുക കൂടിയായിരുന്നു. റയലിന്റെ ഇടതുവിങ്ങിലെ യാൻ ഡിയോമാൻഡെ അകത്തേക്ക് നീങ്ങുമ്പോൾ ബാഴ്സയുടെ ജാവോ കാൻസെലോയ്ക്ക് അദ്ദേഹത്തെ പിന്തുടരേണ്ട സാഹചര്യമുണ്ടായി. ഈ സമയം രൂപപ്പെടുന്ന ഫ്രീ സ്പേസിലേക്ക് കുകുറെയ്യ മുന്നേറി. ബെർണാർഡോ സിൽവയുടെ ഡയഗണൽ പാസുകൾ ഈ നീക്കത്തെ ഫലപ്രദമാക്കി. ഇതോടെ വലതുവശത്ത് പ്രതിരോധത്തിൽ ബാഴ്സയ്ക്ക് പണി ഇരട്ടിയായി. ബാഴ്സയുടെ ഫുൾബാക്കിന് രണ്ട് റയൽ അറ്റാക്കർമാരെ ഒരേസമയം പ്രതിരോധിക്കേണ്ട് സാഹചര്യം വന്നു.
യമാലിന്റെ മങ്ങിയ ഫോമും ബാഴ്സയുടെ പ്രകടനത്തിൽ നിഴലിച്ചു. കുകുറെയ്യ താരത്തെ വിടാതെ പിന്തുടരുകയും പലപ്പോഴും ടാക്ടിക്കൽ ഫൗളുകൾ നടത്തുകയും ചെയ്തത് യമാലിനെ ചൊടിപ്പിക്കുകയും ചെയ്തു. മത്സരത്തിൽ തൊടുത്ത അഞ്ചു ഷോട്ടുകളിൽ ഒന്നുപോലും വലയിലെത്തിക്കാൻ യമാലിനായില്ല. സഹതാരങ്ങൾക്കായി ഒരു ഗോൾവസരം പോലും സൃഷ്ടിക്കാനാകാതെയാണ് യമാൽ മടങ്ങിയത്. ആദ്യ ഗോൾ വഴങ്ങിയ ഉടൻതന്നെ ബാഴ്സയ്ക്ക് സമനില പിടിക്കാനുള്ള അവസരം ലഭിച്ചിരുന്നു. പക്ഷേ, യമാലിന്റെ ഫിനിഷിങ് പിഴച്ചു. ഒന്നാം പകുതി അവസാനിക്കുമ്പോൾ ബാഴ്സയെക്കാൾ വ്യക്തതയോടെയാണ് റയൽ ആക്രമണങ്ങൾ സംഘടിപ്പിച്ചിരുന്നത്.
ഹാൻസി ഫ്ളിക്കിന്റെ ഫുട്ബോളിന്റെ അടിസ്ഥാന ഘടകമാണ് ഹൈ ഡിഫൻസീവ് ലൈൻ. സെന്റർ ബാക്കുകൾ മധ്യനിരയ്ക്ക് അടുത്തുനിന്ന് പ്രതിരോധിക്കുന്നത് വഴി എതിരാളിയുടെ ആക്രമണത്തിന് ലഭിക്കുന്ന സ്ഥലം കുറയ്ക്കാനും പന്ത് വേഗത്തിൽ തിരിച്ചുപിടിക്കാനുമാകും. എതിരാളിയുടെ സ്ട്രൈക്കർമാരെ എളുപ്പം ഓഫ്സൈഡ് ട്രാപ്പിൽ കുടുക്കാനും സാധിക്കും. എന്നാൽ ഈ തന്ത്രത്തിന്റെ വിജയത്തിന് മൂന്ന് കാര്യങ്ങൾ നിർണായകമാണ്. പന്തുള്ള എതിരാളിക്ക് കൃത്യമായ സമ്മർദം നൽകണം. മധ്യനിരയിലെ പാസിങ് ലെയ്നുകൾ അടയ്ക്കണം. പന്ത് നഷ്ടപ്പെടുമ്പോൾ പിന്നിൽ ആവശ്യമായ പ്രതിരോധസംവിധാനം നിലനിർത്തണം. റയലിനെതിരേ ഈ മൂന്ന് മേഖലകളിലും ബാഴ്സയ്ക്ക് പ്രശ്നങ്ങൾ നേരിട്ടു.
പ്രത്യേകിച്ച് ബാഴ്സയുടെ ഫുൾബാക്കുകൾ ഒരേസമയം മുന്നോട്ട് കയറുന്ന സാഹചര്യങ്ങളിൽ രണ്ട് സെന്റർ ബാക്കുകൾ മാത്രമാണ് പിന്നിൽ അവശേഷിച്ചത്. ഇതോടെ റയലിന് പന്ത് തിരിച്ചുപിടിച്ചശേഷം വലിയ ഇടങ്ങളിലേക്ക് ആക്രമിക്കാൻ സാധിച്ചു. പന്തുമായി ബാഴ്സ ആക്രമണത്തിനെത്തുമ്പോഴെല്ലാം റയൽ ഒരു നിയന്ത്രിത പ്രതിരോധരേഖയായി നിലകൊണ്ടു. സെന്ററിൽ ഓവർലോഡ് ഉണ്ടാക്കുന്ന ബാഴ്സയുടെ തന്ത്രത്തെ സെന്ററിൽ ഡിഫൻഡർമാരെ കൃത്യമായി അണിനിരത്തിയാണ് റയൽ പ്രതിരോധിച്ചത്. ബാഴ്സയുടെ ആക്രമണം തകരുമ്പോൾ അതേ റയൽ അതിവേഗം ആക്രമണത്തിലേക്ക് മാറി. അതിവേഗം പ്രതിരോധത്തിൽനിന്ന് ആക്രമണത്തിലേക്കുള്ള ഈ മാറ്റം ബാഴ്സയ്ക്ക് തടയാനായില്ല. പ്രത്യേകിച്ച് ബെല്ലിങ്ങാമും എംബാപ്പെയും തുറന്ന സ്ഥലങ്ങളിലൂടെ വേഗത്തിൽ മുന്നേറിയതോടെ അത് ബാഴ്സയുടെ സെന്റർ ബാക്കുകൾക്ക് വലിയ വെല്ലുവിളിയായി.
റോഡ്രിയും പെഡ്രിയും ഉൾപ്പെട്ട ബാഴ്സ മധ്യനിരയ്ക്ക് സാങ്കേതികമികവിൽ കുറവുണ്ടായിരുന്നില്ല. എന്നാൽ റയലിന്റെ മിഡ്-ബ്ലോക്കിനെതിരേ പന്തിന്റെ നീക്കത്തിന് ആവശ്യമായ സ്ഥിരതയും ഒഴുക്കും ആദ്യ പകുതിയിൽ സൃഷ്ടിക്കാനായില്ല. ബാഴ്സയുടെ മുന്നേറ്റനിരയിലേക്ക് പന്ത് വേഗത്തിൽ എത്തിക്കാനുള്ള ശ്രമങ്ങൾ പലപ്പോഴും ആക്രമണത്തിന്റെ താളം നഷ്ടപ്പെടുത്തി. ചുവാമെനി, ബെർണാർഡോ സിൽവ, ബെല്ലിങ്ങാം എന്നിവരുടെ കൂട്ടായ പ്രവർത്തനം റയലിന് പ്രതിരോധത്തിലും മുന്നേറ്റത്തിലും സന്തുലിതാവസ്ഥ നൽകി.
രണ്ടാം പകുതിയിൽ ബാഴ്സയുടെ പ്രകടനം മെച്ചപ്പെട്ടു. പന്ത് കൂടുതലായി എതിരാളിയുടെ പകുതിയിൽ നിലനിർത്താനും റയലിനെ കൂടുതൽ പിന്നിലേക്ക് തള്ളാനും ടീമിന് കഴിഞ്ഞു. പിന്നാലെ സമനില ഗോൾ നേടാനായത് ബാഴ്സയുടെ ആത്മവിശ്വാസം വർധിപ്പിച്ചു. ജെറാർഡ് മാർട്ടിന്റെ ഗോളെന്നുറച്ച ഹെഡർ ലുനിൻ അസാമാന്യമായി രക്ഷപ്പെടുത്തി. യമാലിന്റെ ഷോട്ടുകളും റയൽ പ്രതിരോധത്തിന് ഭീഷണിയായി.
ഈ ഘട്ടത്തിലാണ് മത്സരത്തിന്റെ നിയന്ത്രണം വീണ്ടെടുക്കാനുള്ള മൗറീന്യോയുടെ ശ്രമങ്ങൾ വീണ്ടും ശ്രദ്ധേയമായത്. ബാഴ്സ ആക്രമണങ്ങൾ വർധിച്ചതോടെ റയൽ കൂടുതൽ പിന്നിലേക്ക് മാറിയെങ്കിലും ആക്രമിക്കാനുള്ള വഴി പൂർണമായും ഉപേക്ഷിച്ചില്ല. കൗണ്ടർ അറ്റാക്കുകൾ വേഗത്തിലാക്കുകയാണ് റയൽ ചെയ്തത്.
മത്സരത്തിനായി ആദ്യ ഇലവനെ തിരഞ്ഞെടുക്കുന്നതിൽ മാത്രമല്ല ഒരു പരിശീലകന്റെ മികവ്. മത്സരത്തിന്റെ ഗതിക്കനുസരിച്ച് മാറ്റങ്ങൾ വരുത്തുന്നതിൽ കൂടിയാണ്. ഫ്ളിക്ക് ഫെർമിൻ ലോപസിന് പകരം ഫ്രെങ്കി ഡി യോങ്ങിനെ ഇറക്കിയത് ബാഴ്സയുടെ മധ്യനിരയ്ക്ക് കൂടുതൽ നിയന്ത്രണം നൽകാനായിരുന്നു. മൗറീന്യോ അതിനുള്ള മറുപടിയായി ബെർണാർഡോ സിൽവയ്ക്ക് പകരം എഡ്വാർഡോ കമവിങ്കയെ രംഗത്തിറക്കി. ഇത് റയലിന്റെ ആക്രമണരീതിയിൽ നിർണായകമായി. ബെർണാർഡോ സിൽവയുടെ പ്രധാന സംഭാവന പാസിങ് നിയന്ത്രണവും പൊസിഷണൽ ബാലൻസുമായിരുന്നെങ്കിൽ കമവിങ്കയുടെ പ്രധാന ശക്തി പന്തുമായി വേഗത്തിൽ മുന്നേറാനും എതിരാളിയെ മറികടക്കാനുമുള്ള ശേഷിയാണ്. മത്സരം അവസാന മിനിറ്റുകളിലേക്ക് അടുത്തതോടെ ബാഴ്സ ഒന്നായി ആക്രമണത്തിന് ഇറങ്ങി. ഈ സമയം അവിടെ തുറന്നുകിട്ടിയ അവസരങ്ങളിൽ പന്തുമായി മുന്നേറാൻ കമവിങ്കയ്ക്ക് സാധിച്ചു. 87-ാം മിനിറ്റിൽ റയലിന്റെ വിജയഗോൾ പിറന്നതും കമവിങ്കയുടെ ഇത്തരത്തിലുള്ള ഒരു നീക്കത്തിൽ നിന്നായിരുന്നു.
വിജയഗോളിനായി ബാഴ്സ കിണഞ്ഞു ശ്രമിക്കുന്ന സമയമായിരുന്നു അത്. ക്യാമ്പ് നൗവിൽ ആരാധകർ ആതിഥേയരുടെ രണ്ടാം ഗോളിനായി കാത്തിരിക്കുന്നു. അപ്പോഴാണ് റയലിന്റെ നിർണായകമായ കൗണ്ടർ അറ്റാക്ക്. ബാഴ്സ പന്ത് നഷ്ടപ്പെടുത്തിയതിനു പിന്നാലെ ജൂഡ് ബെല്ലിങ്ങാം അതിവേഗം ആക്രമണത്തിലേക്ക് തിരിഞ്ഞു. പരിമിതമായ സ്ഥലത്ത് അദ്ദേഹം നടത്തിയ മികച്ച നീക്കത്തിൽനിന്ന് പന്ത് ഗൂലറിലേക്ക്. ഗൂലർ അത് മുന്നിലേക്ക് ഓടുകയായിരുന്ന കമവിങ്കയ്ക്ക് കൈമാറി. വേഗത്തിൽ ബോക്സിലേക്കു കുതിച്ച കമവിങ്ക, പാവു കുബാർസിയെ മറികടന്ന് എംബാപ്പെയ്ക്ക് പന്ത് നൽകി. പോസ്റ്റിനു മുന്നിലേക്ക് ഓടിയെത്തിയ എംബാപ്പെയ്ക്ക് ചെയ്യാനുണ്ടായിരുന്നത് പന്ത് വലയിലേക്ക് തിരിച്ചുവിടുക മാത്രമായിരുന്നു. മത്സരത്തിന്റെ തുടക്കം മുതൽ റയൽ ലക്ഷ്യമിട്ടിരുന്ന ആക്രമണരീതി അതിന്റെ ഏറ്റവും നിർണായകമായ സമയത്ത് അങ്ങനെ വിജയകരമായി നടപ്പായി. ഗോളിന് പിന്നാലെ സൈഡ്ലൈനിൽ മൗറീന്യോ നടത്തിയ ആഘോഷവും ശ്രദ്ധേയമായി.
മത്സരത്തെ സമഗ്രമായി വിലയിരുത്തുമ്പോൾ നിരവധി തന്ത്രപരമായ പ്രശ്നങ്ങൾ ബാഴ്സയുടെ പ്രകടനത്തെ ബാധിച്ചു.
-ഹൈലൈനിന് മതിയായ സംരക്ഷണം നൽകിയില്ല. സെന്റർ ബാക്കുകൾക്ക് മുന്നിലും പിന്നിലുമുള്ള ഒഴിഞ്ഞ ഇടങ്ങൾ റയൽ പ്രയോജനപ്പെടുത്തി. എതിർ ടീമിൽ എംബാപ്പെയെപ്പോലെ വേഗമുള്ള താരമുള്ളപ്പോൾ ഈ അപകടസാധ്യത വലുതായിരുന്നു.
-പ്രസ്സിങ്ങിലെ സ്ഥിരത നഷ്ടപ്പെട്ടു. ചില ഘട്ടങ്ങളിൽ ബാഴ്സ റയലിന്റെ ബിൽഡപ്പ് തടഞ്ഞെങ്കിലും മറ്റു ചില ഘട്ടങ്ങളിൽ ആദ്യ പ്രസ്സിങ് ലൈൻ എളുപ്പത്തിൽ മറികടക്കാൻ റയലിന് സാധിച്ചു.
-മധ്യനിരയുടെ നിയന്ത്രണം നഷ്ടപ്പെട്ടു. പൊസഷൻ നിലനിർത്തിയെങ്കിലും റയലിന്റെ പ്രതിരോധത്തെ പിളർക്കാനായില്ല. വേഗത്തിൽ മുന്നോട്ട് പോകാനുള്ള ശ്രമങ്ങൾ പന്ത് നഷ്ടപ്പെടാനുള്ള സാധ്യത കൂട്ടി.
-ഫുൾബാക്കുകളുടെ മുന്നേറ്റത്തിനിടയിൽ പ്രതിരോധത്തിന്റെ സന്തുലിതാവസ്ഥ കുറഞ്ഞു. കാൻസെലോയും ബാൽഡെയും മുന്നേറിയ ഘട്ടങ്ങളിൽ സെന്റർ ബാക്കുകൾക്ക് കൂടുതൽ സ്ഥലം സംരക്ഷിക്കേണ്ടിവന്നു. ഇത് റയലിന്റെ ട്രാൻസിഷനുകൾക്ക് സഹായമായി.
-സമനില നേടിയശേഷം അപകടസാധ്യത കുറച്ചില്ല. ബാഴ്സയ്ക്ക് രണ്ടാം ഗോൾ നേടാനുള്ള അവസരങ്ങളുണ്ടായിരുന്നെങ്കിലും അതേ സമയം റയലിന്റെ കൗണ്ടർ അറ്റാക്കുകളെ തടയാനുള്ള മുന്നൊരുക്കം അപര്യാപ്തമായി. മത്സരത്തിന്റെ അവസാനഘട്ടത്തിൽ ഈ പിഴവിന് വലിയ വില നൽകേണ്ടിവന്നു.
റയലിന്റെ ആദ്യ ഗോളിൽ ഭാഗ്യത്തിന്റെ പങ്കുണ്ടായിരുന്നു. രണ്ടാം പകുതിയിൽ ബാഴ്സയ്ക്ക് മികച്ച അവസരങ്ങളും ലഭിച്ചു. ലുനിന്റെ നിർണായക സേവ് ഇല്ലായിരുന്നെങ്കിൽ മത്സരഫലം മറ്റൊന്നാകാനും സാധ്യതയുണ്ടായിരുന്നു. എങ്കിലും ഈ മത്സരത്തിൽ റയൽ മാഡ്രിഡിന്റെ സമീപനത്തിന് ഒരു വ്യക്തതയുണ്ടായിരുന്നു. ബാഴ്സയുടെ ഹൈലൈനിന് പിന്നിൽ ഇടമുണ്ടെന്ന് മൗറീന്യോ തിരിച്ചറിഞ്ഞു. ആ ഇടത്തിലേക്ക് പന്തെത്തിക്കാൻ കഴിയുന്ന മിഡ്ഫീൽഡ് സജ്ജമാക്കി. വിങ്ങുകളിൽ വേഗമുള്ള കളിക്കാരെ വിന്യസിച്ചു. ബാഴ്സ കൂടുതൽ ആക്രമിക്കുമ്പോൾ റയലിന്റെ തിരിച്ചടികൾ കൂടുതൽ അപകടകരമാക്കി.
Content Highlights: Real Madrid defeated Barcelona 2-1 at Camp Nou using disciplined defending and counter-attacking tactics., Jose Mourinho neutralized Barcelona's high defensive line and midfield control through strategic player deployment., Kylian Mbappe scored two crucial goals aided by Jude Bellingham, Arda Guler, and Eduardo Camavinga., Hansi Flick's Barcelona struggled with defensive vulnerabilities and failed to capitalize on possession dominance.
Published: 26 Oct 2026, 05:15 pm IST
ABOUT THE AUTHOR

Abhinath Thiruvalath
tabhinath@mpp.co.inRelated Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented