മനസിലേയ്ക്ക് ആദ്യം ഓടിക്കയറിയ ഫുട്ബോള്‍ വിഗ്രഹം ഡീഗോ മാറഡോണയല്ല. അതൊരു ഗോവക്കാരനാണ്. ആദ്യമായി മനസില്‍ കസേര വലിച്ചിട്ട് ഇരിപ്പുറപ്പിച്ച ടീം ഡീഗോയുടെ അര്‍ജന്റീനയുമല്ല. അത് നീണ്ടുമെലിഞ്ഞ ആ ഗോള്‍കീപ്പര്‍ ഉരുക്കുകോട്ട പോലെ ഗോള്‍ വല കാത്ത ക്ലബാണ്. കളിക്കളത്തിലെ ആദ്യ പ്രണയമെന്ന് വേണമെങ്കില്‍ പറയാം.

To advertise here,

ആറിലോ ഏഴിലോ പഠിക്കുമ്പോഴാണ് കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിന്റെ നിറഞ്ഞുകവിഞ്ഞ അകം ആദ്യമായി കാണുന്നത്. നാഗ്ജി ട്രോഫിയുടെ പ്രതാപകാലമാണ്. ഫ്‌ളഡ്‌ലിറ്റില്‍ കുളിച്ചുനില്‍ക്കുന്ന മൈതാനത്ത് ആദ്യ കണ്ണിലുടക്കിയത് ബാറിന് കീഴില്‍ കൈകള്‍ വിടര്‍ത്തിനില്‍ക്കുന്ന പച്ചക്കുപ്പായക്കാരനാണ്. വെടിയുണ്ട കണക്ക് വരുന്ന പന്തുകളെ ഇടത്തോട്ടും വലത്തോട്ടും പറന്ന് അയാള്‍ കുത്തിയകറ്റി. ഉയര്‍ന്നുചാടി കൈക്കുള്ളിലാക്കി. അയാളുടെ കൈകളെ ഭേദിച്ച് അന്ന് സാല്‍ഗോക്കറിന്റെ വല കുലുക്കാന്‍ കരുത്തരായ മുഹമ്മദന്‍സിന് കഴിഞ്ഞതേയില്ല. കളി കഴിഞ്ഞ് അവസാന വണ്ടിക്ക് വീട്ടിലേയ്ക്ക് മടങ്ങുമ്പോള്‍ അങ്ങനെ ബ്രഹ്‌മാനന്ദ് ശംഖ്വാള്‍ക്കര്‍ എന്ന ആ ഗോള്‍കീപ്പറും സാല്‍ഗോക്കര്‍ എന്ന അയാളുടെ ക്ലബും കൂടെ കയറിപ്പോന്നു. പിന്നീട് വല കുലുക്കിയ പലരും, ഗ്ലാമറുള്ള ക്ലബുകള്‍ പലതും ഇഷ്ടക്കാരായി മനസിലേയ്ക്ക് വന്നു കയറി. എന്നിട്ടും വല കാത്ത ബ്രഹ്‌മാനന്ദും സാല്‍ഗോക്കറും മാത്രം ഇറങ്ങിപ്പോയില്ല. കീപ്പര്‍മാരുടെ വീരസാഹസങ്ങള്‍ പലതും കണ്ടു. എന്നിട്ടും ബ്രഹ്‌മാനന്ദിനോടുള്ള ഇഷ്ടം ഒരു പണത്തൂക്കം കുറഞ്ഞില്ല. അയാള്‍ നടത്തിയ അസംഖ്യം സേവുകള്‍ മനസിലങ്ങനെ ഒളിമങ്ങാതെ കിടന്നു.

അറുപത്തിയേഴ് വര്‍ഷത്തെ ചരിത്രം ലെയ്സഴിച്ച് ചുമരില്‍ തൂക്കി സാല്‍ഗോക്കര്‍ കളി മതിയാക്കുകയാണെന്ന വാര്‍ത്ത കേട്ടപ്പോള്‍ മനസിലുണര്‍ന്നത് ആ പഴയ ആറാം ക്ലാസുകാരന്റെ കൗതുകമാണ്. ഗോവയിലെ മാത്രമല്ല, കോഴിക്കോട്ടെയും കൊല്‍ക്കത്തയിലെയുമെല്ലാം പുല്‍മൈതാനങ്ങള്‍ക്ക് അവര്‍ തീ പടര്‍ത്തിയ ആവേശനിമിഷങ്ങളാണ്. ബ്രഹ്‌മാനന്ദിന്റെ പിന്‍മുറക്കാരനായി സാല്‍ഗോക്കറിന്റെ ഗോള്‍വല കാത്ത കല്ല്യാണ്‍ ചൗബെ ഇന്ത്യന്‍ ഫുട്ബോളിന്റെ അമരത്ത് വാഴുമ്പോള്‍ തന്നെയാണ് ക്ലബിന് താഴിടുന്നത് എന്നത് വിധിവൈപരിത്യമായി. ബംഗാളുകാരനായ ചൗബേ ഏറ്റവും അവസാനമായി കളിച്ച ക്ലബാണ് സാല്‍ഗോക്കര്‍. സ്റ്റാര്‍ സ്ട്രൈക്കര്‍ ബ്രൂണോ കുടീന്യോ ഗോവന്‍ ഫുട്ബോളിന്റെ ബ്രാന്‍ഡ് അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ട് രണ്ട് മാസമാകും മുന്‍പാണ് ടീം എന്നെന്നേക്കുമായി അരങ്ങൊഴിയുന്നത് എന്നതും വല്ലാത്ത യാദൃച്ഛികതയായി.

placeholder
ബ്രഹ്‌മാനന്ദ് ശംഖ്വാള്‍ക്കര്‍ | Photo: mathrubhumi archives

ബ്രഹ്‌മാനന്ദ് മാത്രമല്ല, എണ്‍പതുകളുടെ മധ്യത്തിലെ നടന്ന ആ നാഗ്ജി ടൂര്‍ണമെന്റില്‍ മറ്റൊരാള്‍ കൂടി മനസില്‍ ഇടം പിടിച്ചു. ഒരു ഡിഫന്‍ഡര്‍. ജെ.സി.ടി മില്‍സ് ഫഗ്വാരയ്ക്കെതിരേ പ്രതിരോധത്തിന്റെ നെടുംകോട്ട തീര്‍ത്ത ഒരു ഉരുക്കുമനുഷ്യന്‍. അന്തണി റെബല്ലോ. കളിയുടെ അവസാന നിമിഷങ്ങളില്‍ എപ്പോഴോ ഗോളി സ്ഥാനംമാറികിടക്കുന്ന സാല്‍ഗോക്കറിന്റെ പോസ്റ്റിലേയ്ക്ക് വന്നൊരു വെടിയുണ്ട ശൂന്യതയില്‍ നിന്നെന്നോണം ചാടി കുത്തിയകറ്റിയ റെബല്ലോ കുറേക്കാലം പ്രതിരോധത്തിന്റെ അവസാനവാക്കായിരുന്നു. പിന്നെ ഡെരിക് പെരേര, സാവിയോ മെഡീര... എണ്‍പത്തിയാറിലെ മെക്സിക്കോയിലെ ലോകകപ്പ് വിസ്മയമായി സ്‌ക്രീനില്‍ തെളിയുംവരെ ഇവരൊക്കെയായിരുന്നു കളിക്കളത്തിലെ അമാനുഷികര്‍. സൂപ്പസ്റ്റാറുകള്‍. ഇവരെയൊക്കെ മേച്ചുനടക്കുന്ന ടി. ഷണ്‍മുഖമായിരുന്നു സൂപ്പര്‍കോച്ച്.

തീര്‍ന്നില്ല, ബ്രൂണോ കുടീന്യോ, ഡെറിക് പെരേര, സുബ്രതോ പാല്‍, മെനിനോ ഫിഗ്വെയ്‌റെഡോ, ഇഷ്ഫാഖ് അഹമ്മദ്, ആല്‍വിറ്റോ ഡി കുന, ക്ലൈമാക്‌സ് ലോറന്‍സ്, ഡുഡു ഒമാഗ്ബെമി, ജുജെ സിദ്ധി, ഫ്രാങ്കി ബരെറ്റോ, ജാക്കിചാന്ദ് സിങ്, മെഹ്റാജുദ്ദീന്‍ വാഡു, റിനോ ആന്റോ.... പല കാലങ്ങളായി സൂപ്പര്‍താരങ്ങളുടെ ഒരു വലിയ നിര തന്നെ സാല്‍ഗോക്കര്‍ ഇന്ത്യന്‍ ഫുട്ബോളിന് സംഭാവന നല്‍കി. എഴുത്തുകാരന്‍ സന്തോഷ് ഏച്ചിക്കാനത്തിന്റെ അച്ഛന്‍ എ.സി. ചന്ദ്രന്‍ നായരും അണിഞ്ഞിട്ടുണ്ട് സാല്‍ഗോക്കറിന്റെ പച്ചക്കുപ്പായം.

placeholder
ബ്രൂണോ കുടീന്യോ | Photo: mathrubhumi archives

ബംഗാള്‍ ത്രിമൂര്‍ത്തികളെ പോലെ സാല്‍ഗോക്കറിനെ മാറ്റിനിര്‍ത്തി ഒരു ചരിത്രമില്ല ഇന്ത്യന്‍ ഫുട്ബോളിന്. അമ്പത്തിയാറില്‍ തുടക്കമിട്ടെങ്കിലും അമ്പത്തിരണ്ടിലെ ഒളിമ്പിക്സ് കളിച്ച ചരിത്രമുള്ള ബെംഗളൂകാരനായ തുലുക്കനം ഷണ്‍മുഖം എന്ന പോലീസുകാരന്‍ പരിശീലകനായി എത്തിയ എണ്‍പതുകളും തൊണ്ണൂറുമായിരുന്നു സാല്‍ഗോക്കറിന്റെ അറുപത്തിയേഴ് വര്‍ഷത്തിനിടയ്ക്കുളള സുവര്‍ണകാലം. നാഷണല്‍ ഫുട്ബോള്‍ ലീഗ്, ഐ ലീഗ്, ഫെഡറേഷന്‍ കപ്പ്, സൂപ്പര്‍ കപ്പ്, ഡ്യൂറണ്ട് കപ്പ്, റോവേഴ്സ് കപ്പ്, സേട്ട് നാഗ്ജി ടൂര്‍ണമെന്റ്, ബന്ദോദ്കര്‍ ട്രോഫി നെഹ്റു ക്ലബ് കപ്പ്, സ്റ്റഫോഡ് ചാലഞ്ച് കപ്പ്... അങ്ങനെ കിരീടങ്ങള്‍ ഒന്നൊന്നായി അവരുടെ അലമാരയിലെത്തിയത് ഇക്കാലത്താണ്. കൊല്‍ക്കത്തയില്‍ ഈസ്റ്റ് ബംഗാള്‍ ആരാധകരേ പേടിച്ച് ക്ലബ് പ്രസിഡന്റ് ശിവാനന്ദ് സാല്‍ഗോക്കര്‍ക്ക് സബ്സ്റ്റിറ്റിയൂട്ട് ബെഞ്ചില്‍ പോയി അഭയം തേടേണ്ടി വന്ന കാലമുണ്ടായിട്ടുണ്ട്. ഇതേ കൊല്‍ക്കത്തയില്‍, ഇതേ ഈസ്റ്റ് ബംഗാളിനെ ബ്രൂണോ കുടീന്യോ എന്ന പവര്‍ ഹൗസിന്റെ കരുത്തില്‍ വീഴ്ത്തി ഫെഡറേഷന്‍ കപ്പ് കിരീടം ചൂടിയ അവിശ്വസനീമായ ചരിത്രവുമുണ്ട്. അതായിരുന്നു കുതിപ്പിന്റെ തുടക്കം. പിന്നെ കാത്തിരുന്നത് ഒരു സുവര്‍ണയുഗമാണ്. ഈയൊരു കാലഘട്ടത്തിനാണ് ഇപ്പോള്‍ ഞെട്ടലോടെ തിരശ്ശീല വീഴുന്നത്.

സാല്‍ഗോക്കറില്‍ തുടങ്ങുന്നതല്ല ഗോവന്‍ ഫുട്ബോളിന്റെ അസ്തമയകാലം. കാലങ്ങളോളം സാല്‍ഗോക്കറിന്റെ ബദ്ധവൈരികളായ വാസ്‌കോയും ഡെംപോയും സേസയും ചര്‍ച്ചിലുമെല്ലാം ഇന്ത്യന്‍ ഫുട്ബോളിന്റെ മുഖ്യധാരയില്‍ നിന്ന് നിഷ്‌ക്രമിച്ചിട്ട് കാലങ്ങളായി. ഇതില്‍ ആര്‍ക്കൊക്കെ സാല്‍ഗോക്കറിന്റെ പാത പിന്തുടരേണ്ടിവരുമെന്ന് ഇനി കണ്ടറിയണം. ഐ.എസ്.എല്‍ കളിക്കുന്ന എഫ്.സി.ഗോവയാണ് പഴയ പ്രതാപകാലത്തിന്റെ ഏക ശേഷിപ്പ്. ഇതേ എഫ്.സി. ഗോവയുടെ ഉടമസ്ഥാവകാശം സാല്‍ഗോക്കറിന്റെ ദത്താരാജ് സാല്‍ഗോക്കറും ഡെംപോയുടെ ശ്രീനിവാസ് ഡെംപോയും വേദനയോടെ ഒഴിഞ്ഞത് മറ്റൊരു കാര്യം.

അന്നല്ല, അഞ്ച് വര്‍ഷം മുന്‍പ് തന്നെ തുടങ്ങിയിരുന്നു ഗോവന്‍ ഫുട്ബോളിലെ തീയും പുകയും. 2017-ല്‍ സാല്‍ഗോക്കറും സ്പോര്‍ട്ടിങ് ഗോവയും ചേര്‍ന്ന് ഐ ലീഗ് ബഹിഷ്‌കരിക്കാനെടുത്ത തീരുമാനം വലിയ ഞെട്ടലാണ് ഇന്ത്യന്‍ ഫുട്ബോളിലുണ്ടാക്കിയത്. ഐ.എസ്.എല്ലിനുവേണ്ടി ആഭ്യന്തര ഫുട്ബോളിന്റെ ഘടന മാറ്റാനുള്ള അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ തീരുമാനത്തിനെതിരേയാണ് ഇരുകൂട്ടരും രംഗത്തുവന്നത്. ഈ തീരുമാനം തങ്ങളുടെ അന്ത്യം കുറിക്കാന്‍ പോവുകയാണെന്ന് പോര്‍ച്ചുഗീസ് അധിനിവേശകാലം മുതല്‍ കളിച്ചുവരുന്ന സാല്‍ഗോക്കര്‍ മുന്‍കൂട്ടി കണ്ടിരുന്നു. ഒരു ക്ലബിന്റെയല്ല, ഒരു കാലത്തിന്റെ അന്ത്യമായിരിക്കും അതെന്ന് നല്ല ഫുട്ബോളിനെ പ്രണയിക്കുന്നവര്‍ അന്നേ പ്രവചിച്ചു. സാല്‍ഗോക്കറിന്റെ പ്രതാപകാലമായിരുന്നില്ല അത്. ഒന്നാം ഡിവിഷനില്‍ നിന്നും രണ്ടാം ഡിവിഷനിലേയ്ക്ക് തരംതാഴ്ത്തപ്പെടുകയും തിരിച്ചുകയറുകയുമെല്ലാം ചെയ്തുകൊണ്ടിരുന്ന കാലമായിരുന്നു അത്. കരീം ബെഞ്ചരിഫയുടെ വരവോടെയാണ് ആയുസ്സും ഊര്‍ജവും വീണ്ടെടുത്തത്. ആ തിരിച്ചുവരവിനാണ് ഇപ്പോള്‍ പാതിവഴിയില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയിരിക്കുന്നത്.

പ്രൊഫഷണല്‍ ഫുട്ബോള്‍ രംഗത്ത് നിന്ന് പിന്‍വലിയുകയാണെങ്കിലും ഖനികളും ആശുപത്രികളും റിസോര്‍ട്ടുകളും ആശുപത്രികളും കപ്പലുകളും കോളേജുകളുമെല്ലാമുള്ള സാല്‍ഗോക്കര്‍ ഗ്രൂപ്പ് ഫുട്ബോളിനെ പൂര്‍ണമായി കൈയൊഴിയുന്നില്ല എന്നൊരു ആശ്വാസമുണ്ട്. യൂത്ത് ഫുട്ബോളില്‍ തങ്ങള്‍ സജീവമായിരിക്കുമെന്ന് ക്ലബ് ഉടമകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. വര്‍ഷങ്ങളായി യൂത്ത് ഡെവലപ്മെന്റ് പരിപാടികളില്‍ സജീവമാണ് അവര്‍. ഇനി ഈയൊരു പ്രതീക്ഷ മാത്രമാണ് കെടാതെ ശേഷിക്കുന്നത്. അനാവശ്യമായി ലീഗില്‍ കാശെറിയുന്നതിലും നല്ലത് നാളത്തെ തലമുറയ്ക്കുവേണ്ടി കാശ് ചെലവിടുന്നതാണെന്ന് പണ്ട് ഐ. ലീംില്‍ നിന്ന് പിന്‍വാങ്ങുമ്പോള്‍ ശിവാനന്ദ് സാല്‍ഗോക്കര്‍ പറഞ്ഞിരുന്നു. അതാണ് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ പോലും അതിശയിപ്പിച്ച ടീമിന്റെ അടിസ്ഥാന പ്രമാണമെന്നും അന്ന് സാല്‍ഗോക്കര്‍ പറഞ്ഞു. പ്രത്യാശയുടെ കൈത്തിരി അണയുന്നില്ലെന്ന് സാരം. അങ്ങനെ ഒറ്റ ദിവസം കൊണ്ട് അവസാന വിസിലൂതാന്‍ കഴിയുന്നതല്ല ഗോവയുടെ, പ്രത്യേകിച്ച് സാല്‍ഗോക്കറിന്റെ ചരിത്രവും പാരമ്പര്യവും. ബ്രഹ്‌മാനന്ദമാരും ബ്രൂണോ കുടീന്യോമാരും ഇനിയും വരേണ്ടവുണ്ട് ഗോവയില്‍ നിന്ന്...