ജിസാൻ: സൗദി അറേബ്യയിലെ ജിസാൻ മേഖലയിലെ മലനിരകളിൽ നിന്നുള്ള വിരമിച്ച അധ്യാപികയായ 'ഉമ്മു തലാൽ' തന്റെ കായികപ്രേമത്തെ സമൂഹത്തിന് പ്രയോജനപ്പെടുന്ന മാതൃകാപരമായ സംരംഭമാക്കി മാറ്റിയിരിക്കുകയാണ്. വനിതകൾക്കായുള്ള ആദ്യ സ്‌പോർട്‌സ് ക്ലബ്ബും കുട്ടികൾക്കായുള്ള തായ്ക്വോണ്ടോ പരിശീലന അക്കാദമിയും സ്ഥാപിച്ചാണ് അവർ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്.
അധ്യാപനരംഗത്ത് വർഷങ്ങളോളം സേവനമനുഷ്ഠിച്ച ശേഷം തന്റെ അനുഭവസമ്പത്തും കായികരംഗത്തോടുള്ള താത്പര്യവും പ്രയോജനപ്പെടുത്തി പെൺകുട്ടികൾക്കും ചെറിയ കുട്ടികൾക്കും സുരക്ഷിതവും പ്രചോദനാത്മകവുമായ പരിശീലനാന്തരീക്ഷം ഒരുക്കണമെന്ന ലക്ഷ്യത്തോടെയാണ് ഉമ്മു തലാൽ ഈ സംരംഭത്തിന് തുടക്കമിട്ടത്. ശാരീരിക പരിശീലനത്തോടൊപ്പം ആത്മവിശ്വാസം വളർത്തുകയും അച്ചടക്കവും ഉത്തരവാദിത്തബോധവും പകർന്നു നൽകുകയും ചെയ്യുന്നതാണ് അക്കാദമിയുടെ പ്രധാന ലക്ഷ്യം.
മലനിരകളിലെ പ്രദേശങ്ങളിൽ ഇത്തരം പ്രത്യേക പരിശീലന കേന്ദ്രങ്ങളുടെ അഭാവം നിലനിൽക്കുന്ന സാഹചര്യത്തിൽ കുട്ടികളുടെ ശാരീരിക-മാനസിക കഴിവുകൾ വികസിപ്പിക്കാൻ ഈ സംരംഭം മികച്ച അവസരമാണെന്ന് രക്ഷിതാക്കളും വിലയിരുത്തുന്നു.
ജോലിയിൽ നിന്ന് വിരമിക്കൽ എന്റെ സ്വപ്നങ്ങളുടെ അവസാനമല്ല, മറിച്ച് വർഷങ്ങളായി മനസ്സിലുണ്ടായിരുന്ന ഒരു ലക്ഷ്യം യാഥാർഥ്യമാക്കാനുള്ള പുതിയ തുടക്കമാണെന്ന് ഉമ്മു തലാൽ പറഞ്ഞു. സമൂഹത്തിന് ഉപകാരപ്പെടുന്നതും പെൺകുട്ടികളിലെ കായികപ്രതിഭകളെ വളർത്തുന്നതുമായ ഒരു സ്ഥാപനം രൂപീകരിക്കണമെന്ന ആഗ്രഹമാണ് തന്നെ ഈ സംരംഭത്തിലേക്ക് നയിച്ചതെന്നും അവർ വ്യക്തമാക്കി. പരിശീലനം നൽകുന്നതിൽ മാത്രം ഒതുങ്ങാതെ, ആത്മവിശ്വാസം, കൂട്ടായ പ്രവർത്തനം, സാമൂഹിക മൂല്യങ്ങൾ എന്നിവ വളർത്തിയെടുക്കാനും ഭാവിയിൽ വിവിധ കായികമത്സരങ്ങളിൽ പ്രദേശത്തെ പ്രതിനിധീകരിക്കാൻ കഴിയുന്ന പ്രതിഭകളെ കണ്ടെത്തി വളർത്തിയെടുക്കാനുമാണ് അക്കാദമി ശ്രമിക്കുന്നതെന്ന് അവർ കൂട്ടിച്ചേർത്തു.
ഉമ്മു തലാലിന്റെ ഈ സംരംഭം സൗദി വനിതകളുടെ ശക്തമായ മുന്നേറ്റത്തിന്റെയും രാജ്യത്ത് വനിതാ ശാക്തീകരണത്തിന്റെയും മികച്ച ഉദാഹരണമായി മാറുകയാണ്. പ്രായമോ വിരമിക്കലോ സ്വപ്നങ്ങൾക്ക് തടസമല്ലെന്നും ആത്മാർഥമായ പരിശ്രമത്തിലൂടെ സമൂഹത്തിന് മാതൃകയാകുന്ന നേട്ടങ്ങൾ കൈവരിക്കാമെന്നും ഈ വിജയകഥ തെളിയിക്കുന്നു.
Published: 03 Jun 2026, 01:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented