
കോഴിക്കോട്: യുഗാണ്‍ഡയില്‍ നടക്കുന്ന വേള്‍ഡ് പാരാബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കുവേണ്ടി മത്സരിക്കുമ്പോള്‍ ഫലമെന്താണെന്ന് കൊയിലാണ്ടി സ്വദേശിയായ കെ.ടി. നിധിന്‍ ചിന്തിക്കുന്നേയില്ല. ജയവും തോല്‍വിയുമല്ല, ഇന്ത്യക്കുവേണ്ടി മത്സരിക്കുന്നതിന്റെ ആവേശത്തിലാണ് നിധിന്‍. മെഡല്‍ നേടിയാല്‍ ഇരട്ടിസന്തോഷം.
നിധിന്റെ സ്വപ്നങ്ങള്‍ക്ക് ചിറകേകിയത് പൊക്കം കുറഞ്ഞവരുടെ സ്‌പോര്‍ട്സ് ക്ലബ്ബായ 'ലിറ്റില്‍ പീപ്പിള്‍ സ്പോര്‍ട്സ് ക്ലബ്ബാ'ണ്. അന്‍പതോളം വരുന്ന ഇന്ത്യന്‍ പാരാബാഡ്മിന്റണ്‍ സ്‌ക്വാഡിലേക്ക് തിരഞ്ഞെടുത്ത ഏക മലയാളിയാണ് നിധിന്‍. സംസ്ഥാനതലത്തില്‍ മികച്ച പ്രകടനം നടത്തി കേരള ടീമിലേക്ക് ഇടംനേടുകയും നാഷണല്‍ മത്സരത്തില്‍ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്ത നിധിന് ഗുജറാത്ത് സായില്‍ പ്രവേശനം ലഭിച്ചു. ഒന്നരമാസമായി നിധിന്‍ പരിശീലനം നടത്തുന്നത് അവിടെയാണ്. തുടര്‍ന്നാണ് യുഗാണ്‍ഡയില്‍ മത്സരത്തിന് പോയത്. ആദ്യമത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും അടുത്തതിനായി കാത്തിരിക്കുകയാണ്.
കൊയിലാണ്ടി സ്വദേശി ബാലന്റെയും രമയുടെയും മകനാണ് നിധിന്.

കളിമികവാണ് മുഖ്യം
ഉയരമല്ല, നിശ്ചയദാര്‍ഢ്യവും മികവുമാണ് കളിക്കളത്തില്‍ വേണ്ടതെന്നുപറയുകയാണ് ലിറ്റില്‍ പീപ്പിള്‍ സ്‌പോര്‍ട്സ് ക്ലബ്ബ്. ഇന്ത്യയിലെത്തന്നെ പൊക്കം കുറഞ്ഞവരുടെ ആദ്യ സ്‌പോര്‍ട്സ് ക്ലബ്ബാണ് ലിറ്റില്‍ പീപ്പിള്‍സ് സ്‌പോര്‍ട്സ് ക്ലബ്ബെന്ന് അത് തുടങ്ങിയ തലശ്ശേരി സ്വദേശി കെ.കെ. റാഷിദ് പറഞ്ഞു. തലശ്ശേരിയില്‍ തുടങ്ങിയ ക്ലബ്ബ് ഇപ്പോള്‍ കൊച്ചി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം.
ക്ലബ്ബില്‍ 25 പേരാണ് സജീവമായിട്ടുളളത്. സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളില്‍നിന്നുമുള്ളവര്‍ പങ്കെടുക്കുന്നുണ്ട്. ബാഡ്മിന്റണ്‍ കൂടാതെ ഫുട്ബോള്‍, ക്രിക്കറ്റ്, അത്ലറ്റിക്‌സ്, നീന്തല്‍, പവര്‍ലിഫ്റ്റിങ്, ബോഡി ബില്‍ഡിങ്, ക്രോസ് കണ്‍ട്രി തുടങ്ങിയ ഇനങ്ങളിലെല്ലാം സാന്നിധ്യമറിയിച്ചിട്ടുണ്ട് 'ലിറ്റില്‍ പീപ്പിള്‍'.
നിധിനുപുറമേ മൂന്നുപേര്‍കൂടി അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. സി.എസ്. ബൈജു (അത്ലറ്റിക്‌സ്), ആകാശ് എസ്. മാധവന്‍, ഗോകുല്‍ദാസ് (ഇരുവരും ബാഡ്മിന്റണ്‍) എന്നിവരാണ് ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞിട്ടുള്ളത്. പലരും ചെറിയജോലികളൊക്കെ ചെയ്യുന്നവരാണ്. അതുകൊണ്ടുതന്നെ പരിശീലനത്തിനും മത്സരത്തിനുപോകുന്നതിനും ഫണ്ട് കണ്ടെത്തുന്നത് വലിയ വെല്ലുവിളിയാണെന്ന് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ ലൈസന്‍സുള്ള പരിശീലകന്‍കൂടിയായ റാഷിദ് പറഞ്ഞു.
Content Highlights: little people sports club a sports club for short people
Published: 07 Jul 2024, 01:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented