ജനസംഖ്യകൊണ്ട് ലോകത്തെ ഒന്നാമത്തെ രാജ്യമാണ് ഇന്ത്യ. സാമ്പത്തികാടിസ്ഥാനത്തിലാണെങ്കില്‍ യു.എസ്., ചൈന, ജര്‍മനി, ജപ്പാന്‍ എന്നിവയ്ക്കുപിന്നില്‍ അഞ്ചാംസ്ഥാനം. എന്നാല്‍, പാരീസ് ഒളിമ്പിക്സിലെ മെഡല്‍പ്പട്ടികയില്‍ 71-ാംസ്ഥാനത്താണ് രാജ്യം. അതില്‍ സ്വര്‍ണമില്ല, അഞ്ചു വെങ്കലവും ഒരു വെള്ളിയും. 1.79 ലക്ഷം മാത്രം ജനസംഖ്യയുള്ള സെയ്ന്റ് ലൂസിയ എന്ന കുഞ്ഞു ദ്വീപുരാജ്യം സ്വര്‍ണം നേടിയതിനാല്‍ പട്ടികയില്‍ ഇന്ത്യക്കുമുന്നിലാണ്. 2020 ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യക്ക് ഒരു സ്വര്‍ണം ഉള്‍പ്പെടെ ഏഴുമെഡലുണ്ടായിരുന്നു. ഒട്ടേറെ താരങ്ങള്‍ക്ക് വിദേശപരിശീലനം, വിദേശമണ്ണില്‍ തുടര്‍ച്ചയായ മത്സരം, ഗെയിംസ് വില്ലേജില്‍ 13 അംഗ മെഡിക്കല്‍സംഘം തുടങ്ങി മുമ്പില്ലാതിരുന്ന വലിയ സൗകര്യങ്ങളും തയ്യാറെടുപ്പുമായാണ് ഇക്കുറി ഇന്ത്യന്‍ ടീം പാരീസിലെത്തിയത്. പക്ഷേ, മെഡലുകളില്‍ അത് പ്രതിഫലിച്ചില്ല.
ഒളിമ്പിക് മെഡല്‍ എന്നത് പട്ടികയിലെ വെറും അക്കങ്ങള്‍ മാത്രമല്ല. ലോകത്തിനുമുന്നില്‍ നമ്മുടെ അഭിമാനവും ചരിത്രത്തില്‍ പതിഞ്ഞുകിടക്കുന്ന അടയാളവുമാണ്. 1900-ത്തിലെ പാരീസ് ഒളിമ്പിക്സില്‍ ബ്രിട്ടീഷ് ഇന്ത്യയായി മത്സരിച്ചുതുടങ്ങിയ രാജ്യത്തിന് ഈ 71-ാം സ്ഥാനം അത്ര അഭിമാനകരമല്ല. പാരീസില്‍ ഇന്ത്യയുടെ ഏറ്റവും വലിയ സംഘം അത്ലറ്റിക്സിലായിരുന്നു, 27 പേര്‍. നീരജ് ചോപ്രയുടെ വെള്ളി കഴിഞ്ഞാല്‍ സ്റ്റീപ്പിള്‍ ചേസ് താരം അവിനാഷ് സാബ്ലെയുടെ 11-ാം സ്ഥാനമാണ് ഈയിനത്തിലെ പ്രധാനനേട്ടം. 21 പേര്‍ ഉള്‍പ്പെട്ട ഷൂട്ടിങ് ടീം മൂന്നുമെഡല്‍ നേടിത്തന്നപ്പോള്‍ അത്ലറ്റിക്സില്‍ നിറംമങ്ങി. മറ്റൊരു മെഡല്‍ ഗുസ്തിയിലായിരുന്നു. കഴിഞ്ഞ മൂന്ന് ഒളിമ്പിക്സിലും മെഡല്‍നേടിയ ബാഡ്മിന്റണില്‍ വെറുംകൈയോടെ മടങ്ങേണ്ടിവന്നപ്പോള്‍ പുതിയൊരു ഗെയിമിലും കാര്യമായ നേട്ടമുണ്ടാക്കാനായില്ല.
''മെഡലുകള്‍ മരങ്ങളില്‍ തളിര്‍ക്കുന്നതല്ല. സ്‌നേഹവും വിട്ടുവീഴ്ചയില്ലാത്ത പരിശ്രമവുംകൊണ്ട് നമ്മള്‍ നട്ടുനനച്ചെടുക്കുന്നതാണത്.'' - മഹാവീര്‍സിങ് ഫോഗട്ട്, (ഡംഗല്‍ സിനിമ)

2036-ലേക്കു നോക്കുമ്പോള്‍
അടുത്ത ഒളിമ്പിക്സിന് യു.എസിലെ ലോസ് ആഞ്ജലിസും 2032 ഗെയിംസിന് ഓസ്ട്രേലിയയിലെ ബ്രിസ്ബേനും വേദിയാകും. 2036 ഒളിമ്പിക്സിന് ആതിഥ്യംവഹിക്കാന്‍ ഇന്ത്യ ശ്രമംതുടങ്ങിയിട്ട് കുറച്ചുകാലമായി. ഒളിമ്പിക്സ് നടത്തിപ്പിനെക്കുറിച്ച് പഠിക്കാന്‍ ഇന്ത്യയുടെ പ്രത്യേകസംഘം ഇവിടെയെത്തിയിരുന്നു. വേദി അനുവദിച്ചുകിട്ടാന്‍ സാധ്യതയുണ്ട്. അപ്പോള്‍ പ്രകടനം മെച്ചപ്പെട്ടേ മതിയാകൂ. ഇക്കുറി ആതിഥേയരായ ഫ്രാന്‍സ് 16 സ്വര്‍ണം ഉള്‍പ്പെടെ 64 മെഡലുകളുമായി പട്ടികയില്‍ അഞ്ചാംസ്ഥാനത്തെത്തി.
2026 കോമണ്‍വെല്‍ത്ത് ഗെയിംസില്‍നിന്ന് ഷൂട്ടിങ് മത്സരം ഒഴിവാക്കുമെന്ന വാര്‍ത്തയുണ്ട്. അസോസിയേഷനിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍ കാരണം 2028 ഒളിമ്പിക്സില്‍നിന്ന് ബോക്സിങ് ഒഴിവാക്കുമെന്നും സംശയമുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ഇന്ത്യക്ക് സാധ്യതയുള്ള രണ്ടിനങ്ങളും ഭീഷണിയിലാണ്. പുതിയ ഇനങ്ങളില്‍ താരങ്ങളെ കണ്ടെത്തുകയും വളര്‍ത്തിയെടുക്കുകയും ചെയ്താലേ ഭാവിയിലെങ്കിലും അഭിമാനിക്കാന്‍ വകയുണ്ടാകൂ. അതൊന്നും നാലുവര്‍ഷംകൊണ്ട് നടപ്പാകുന്ന കാര്യമല്ല. ഗ്രാസ്റൂട്ട് തലത്തില്‍ താരങ്ങളെ കണ്ടെത്താനും കായികമായും മാനസികമായും വളര്‍ത്തിയെടുക്കാനുമുള്ള സ്പോര്‍ട്സ് സംവിധാനം ഇല്ലാത്തതാണ് നമ്മുടെ പ്രശ്‌നമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതീക്ഷിച്ച മെഡല്‍നേട്ടത്തില്‍ എത്തിയില്ലെന്ന വാദമുയര്‍ന്നപ്പോള്‍ ഒളിമ്പിക്സിലെ താരങ്ങള്‍ക്കായി ചെലവഴിച്ച തുകയുടെ കണക്കുമായി കായികമന്ത്രാലയം രംഗത്തുവന്നു. വിനേഷ് ഫോഗട്ടിന് ഫൈനലില്‍ മത്സരിക്കാനാകാതെവന്നപ്പോള്‍ അവര്‍ക്കുവേണ്ടി 74 ലക്ഷം രൂപ ചെലവഴിച്ചുവെന്ന് കായികമന്ത്രി മന്‍സുഖ് മാണ്ഡവ്യ പാര്‍ലമെന്റില്‍ പറഞ്ഞു. ഇത്തരം കണക്കുപറച്ചിലുകള്‍ കളിയും കായികസംസ്‌കാരവും വളര്‍ത്താന്‍ ഉപകരിക്കില്ല. എത്രയോ വര്‍ഷങ്ങള്‍നീണ്ട, വലിയ മുതല്‍മുടക്കിലൂടെയാണ് യു.എസും ചൈനയും ബ്രിട്ടനുമെല്ലാം ലോകകായികരംഗത്തിന്റെ മുന്‍നിരയിലെത്തിയത്. ഗെയിംസിനോടടുപ്പിച്ചു നടത്തുന്ന മാസങ്ങള്‍നീണ്ട ക്യാമ്പോ വിദേശപരിശീലനമോ മെഡലില്‍ എത്തിക്കില്ല. കേരളത്തില്‍ സ്‌കൂള്‍ കായികമേളകളില്‍ വലിയ നേട്ടമുണ്ടാക്കിയ പലരുടെയും പേര് പിന്നീട് ഉയര്‍ന്നുകേള്‍ക്കാത്തതിന് കാരണവും മറ്റൊന്നല്ല.

മികവില്‍ വിസ്മയിപ്പിച്ച് പാരീസ്
വിസ്മയിപ്പിക്കുന്ന സംഘാടനമികവോടെയാണ് പാരീസ് ഒളിമ്പിക്സ് പൂര്‍ണതയിലെത്തിയത്. യന്ത്രംപോലെ പ്രവര്‍ത്തിക്കുന്ന വൊളന്റിയര്‍മാര്‍, സാങ്കേതികവിദ്യയുടെ എല്ലാ സാധ്യതകളും ഉപയോഗിക്കുന്ന ക്രമീകരണങ്ങള്‍, കൃത്യമായ ആസൂത്രണം. സുരക്ഷാഭീഷണിക്കിടയിലും ഒരു അപശബ്ദവും കേള്‍പ്പിക്കാതെ അവര്‍ ഒളിമ്പിക്സ് നടത്തി. തുറന്നവേദിയില്‍ ഉദ്ഘാടനംനടത്തി ചരിത്രംകുറിച്ചു. മത്സവേദിയിലെ പുരുഷ-വനിതാ പ്രാതിനിധ്യം ആദ്യമായി തുല്യനിലയിലായി.ഉദ്ഘാടനവേദിയിലും സമാപനത്തിലും ഇത് ഐക്യത്തിന്റെയും സ്‌നേഹത്തിന്റെയും മേളയാണെന്ന് സംഘാടകസമിതി ചെയര്‍മാന്‍ ടോണി എസ്റ്റാങ്വേ ഊന്നിപ്പറഞ്ഞു. അത് സത്യമായിരുന്നു. മുന്നില്‍ക്കാണുന്ന ഓരോ പാരീസുകാരനും അവിടെയെത്തിയ അതിഥികള്‍ സന്തോഷവാന്മാരാണെന്ന് ഉറപ്പിച്ചുകൊണ്ടിരുന്നു.
''മെഡലുകളുടെ എണ്ണംകൊണ്ടുമാത്രമല്ല നമ്മള്‍ ഒരു ഒളിമ്പിക്സിനെ വിലയിരുത്തേണ്ടത്. ഇക്കുറി ആറുമെഡല്‍ നേടി. ആറ് നാലാംസ്ഥാനവുമുണ്ട്. ഇത് മോശം പ്രകടനമാണെന്നു പറയാനാകില്ല. പക്ഷേ, നമ്മളെടുക്കുന്ന പരിശ്രമത്തിനനുസരിച്ച നേട്ടമുണ്ടായില്ല. പരിശീലനരീതികള്‍ ഇനിയും മെച്ചപ്പെടേണ്ടതുണ്ട്, പ്രത്യേകിച്ചും സ്പോര്‍ട്സ് മെഡിസിനില്‍. കായികവിദ്യാഭ്യാസത്തിനുള്ള സ്ഥാപനങ്ങളും രാജ്യത്ത് വളര്‍ന്നുവരേണ്ടിയിരിക്കുന്നു.'' - രഞ്ജന്‍ സോധി(ഒളിമ്പ്യന്‍ ഷൂട്ടര്‍)
ഫോഗട്ടിന്റെ 'വിധി'
50 കിലോഗ്രാം ഗുസ്തിയില്‍ ഫൈനലിലെത്തിയശേഷം ശരീരഭാരം കൂടിയതുകൊണ്ട് മത്സരിക്കാനാകാത്ത വിനേഷ് ഫോഗട്ടിന്റെ വിധി നമ്മുടെ സ്പോര്‍ട്സ് സമ്പ്രദായത്തിന്റെ എല്ലാ പരാധീനതകളും വ്യക്തമാക്കുന്നു. വെയ്റ്റ് കട്ടിങ് ഗുസ്തിയിലെ സ്വാഭാവിക പ്രക്രിയയാണെന്ന് അധികൃതര്‍ വിശദീകരിക്കുന്നു. എന്നാല്‍, ഒളിമ്പിക്സ് ചരിത്രത്തിലാദ്യമായാണ് ഫൈനലിലെത്തിയ താരം ഭാരംകൂടിയതുകൊണ്ട് പുറത്താകുന്നത് എന്ന വസ്തുത പലരും പറയുന്നില്ല. ഒളിമ്പിക്സില്‍ സ്വര്‍ണംനേടുന്ന ആദ്യ ഇന്ത്യന്‍വനിത എന്ന ചരിത്രനേട്ടത്തിനുമുന്നില്‍നില്‍ക്കെയാണ് വിനേഷ് ഗോദയ്ക്കു പുറത്തായത്. വിനേഷിനെക്കാള്‍ അത് ഇ ന്ത്യന്‍ കായികചരിത്രത്തിന്റെ നഷ്ടമാണ്.
Content Highlights: six medals no gold how india campaign panned out at the paris olympics
Published: 14 Aug 2024, 09:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented