മുക്കം: 'എന്റെ കല്യാണത്തിനായി പണമൊന്നും കരുതേണ്ട, അതെന്റെ ഷൂട്ടിങ് പരിശീലനത്തിന് ചെലവാക്കിയാൽ മതി' -എട്ടു വർഷംമുൻപ്, ബിരുദ പഠനകാലത്ത് വിദർശ അച്ഛനമ്മമാരോടു പറഞ്ഞ വാക്കുകളിലുണ്ട് ഷൂട്ടിങ്ങിനോടുള്ള അവളുടെ പ്രണയവും അഭിനിവേശവും. അതറിഞ്ഞ്, കടുത്ത സാമ്പത്തികപ്രതിസന്ധികൾക്കിടയിലും കടംവാങ്ങിയും വായ്പയെടുത്തും സ്ഥലംവിറ്റും കൂലിപ്പണിക്കാരനായ അച്ഛൻ വിനോദും അമ്മ അനിതയും മകളുടെ ആഗ്രഹത്തിനൊപ്പം നിന്നു. ഒടുവിൽ രാജ്യത്തിന്റെയാകെ അഭിമാനമുയർത്തി ഏഷ്യൻഗെയിംസിലെ വെള്ളിമെഡൽ എന്ന തിളങ്ങുന്ന നേട്ടത്തിലേക്ക് വിദർശ കെ. വിനോദ് നടന്നുകയറി. പിന്നാലെ, വീട്ടിലേക്കു വിളിച്ച വീഡിയോകോളിൽ അവൾ പറഞ്ഞു- 'ഈ മെഡൽ എന്നെ ഞാനാക്കിയ നിങ്ങൾക്കുള്ളതാണ്'.

To advertise here,

 

സാമ്പത്തികച്ചെലവേറെയുള്ള കായിക ഇനമാണ് ഷൂട്ടിങ്. റൈഫിളിനും ജാക്കറ്റിനും ബുള്ളറ്റിനുംമാത്രം 10 ലക്ഷത്തോളംരൂപ വേണം. മികച്ച പരിശീലനത്തിനു വേറെയും തുക കണ്ടെത്തണം. പരിശീലനത്തിനായി കിട്ടാവുന്നിടത്തു നിന്നെല്ലാം വായ്പയെടുത്തു ആ അച്ഛനമ്മമാർ. തികയാതെവന്നപ്പോൾ വീടിനോടുചേർന്ന 90 സെന്റ് ഭൂമി വിറ്റു. ഒരായുസ്സു കൊണ്ട് സമ്പാദിച്ചതെല്ലാം മകളുടെ സ്വപ്നങ്ങൾക്കായി ചെലവഴിച്ചു. ഏകദേശം 50 ലക്ഷത്തോളം രൂപയാണ് ഇതുവരെ ചെലവിട്ടത്. ''പണമില്ലാതെ പിന്മാറിയാലോ എന്ന് പലതവണ ചിന്തിച്ചതാണ്. എന്നാൽ, മോളുടെ ആഗ്രഹം സഫലമാക്കണമെന്ന നിശ്ചയദാർഢ്യമാണ് മുന്നോട്ടു നയിച്ചത്''- അമ്മ അനിത 'മാതൃഭൂമി'യോടു പറഞ്ഞു.

 

കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര ഗ്രാമമായ തമ്പലമണ്ണയിലാണ് വിദർശ ജനിച്ചു വളർന്നത്. തിരുവമ്പാടി സേക്രഡ് ഹാർട്ട് സ്‌കൂളിലായിരുന്നു പ്ലസ്ടു വരെയുള്ള വിദ്യാഭ്യാസം. 2018-ൽ കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലെ ബിരുദ പഠന കാലത്ത് എൻ.സി.സിയിലെ ഉദ്യോഗസ്ഥരാണ് വിദർശയിലെ 'ഷൂട്ടറെ' കണ്ടെത്തുന്നത്. കോഴിക്കോട് റൈഫിൾ ക്ലബ്ബിൽ അംഗത്വമെടുത്ത് പരിശീലനമാരംഭിച്ച വിദർശ, മികച്ച പരിശീലനത്തിനായി തിരുവനന്തപുരത്തും പിന്നീട് ഡൽഹിയിലുമെത്തി. ഹരിയാണ സ്വദേശി മനോജിന്റെ കീഴിലാണ് ഇപ്പോൾ പരിശീലനം നടത്തുന്നത്.

ഷൂട്ടിങ് രംഗത്തെ ഉയർന്ന ചെലവ് താങ്ങാനാകാതെ വന്നതോടെ, കടംവാങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ചായിരുന്നു വിദർശയുടെ കരിയറിന്റെ തുടക്കത്തിലെ പരിശീലനം. വൈകാതെ സംസ്ഥാന ടീമിലും പിന്നീട് ദേശീയടീമിലും ഇടംനേടി. കോവിഡ് മഹാമാരിക്കു ശേഷം ഷൂട്ടിങ് റേഞ്ചിൽ വെച്ചാണ് വിദർശ, മനു എസ്. രവിയെ പരിചയപ്പെടുന്നത്. സുഹൃത്തുക്കളായ ഇരുവരും 2025-ലാണ് വിവാഹിതരായത്. വിദർശയുടെ സഹഷൂട്ടറായിരുന്നു മനു. ഇപ്പോൾ തിരുവനന്തപുരത്ത് ഷൂട്ടിങ് കോച്ചാണ്. വിദർശയുടെ ആഗ്രഹപ്രകാരം ലളിതമായ ചടങ്ങുകളോടെ തിരുവനന്തപുരത്ത് വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഏകസഹോദരനായ വിഷ്ണു കെ. വിനോദ് തിരുവനന്തപുരത്ത് എം.ബി.എ. വിദ്യാർഥിയാണ്.