
തെക്ക് ഏതോ മൈതാനത്തുനിന്നൊരു നുണ വടക്കോട്ട് നൂറേനൂറില്‍ വിട്ടു... വടക്കുനിന്ന് മറ്റൊരു നുണ ഇരട്ടിവേഗത്തില്‍ തെക്കോട്ടും വിട്ടു. പടിഞ്ഞാറും കിഴക്കും തെക്കുമെല്ലാം കീഴടക്കി ഒന്ന് രണ്ടായി, രണ്ട് നാലായി, അതിരട്ടിയായി അങ്ങനെയങ്ങനെ കുതിപ്പുതുടര്‍ന്നു.
കീഴടങ്ങിയ നുണപ്പടയാളികളെല്ലാം മറ്റൊരാളെ സംഘത്തില്‍ ചേര്‍ത്തു. അങ്ങനെ നുണയന്‍മാരുടെ സൈന്യം പടയോട്ടം തുടര്‍ന്നു...
''അറിഞ്ഞോ... വേള്‍ഡ് കപ്പ് ശ്രീലങ്ക തിരിച്ചുകൊടുക്കേണ്ടിവരും...''
''എന്നാത്തിനാ...''
'നീ... അറിഞ്ഞില്ലേ? ജയസൂര്യ ബാറ്റില്‍ കൃത്രിമം കാണിച്ചെന്ന്.''
''എങ്ങനെ?''
''ബാറ്റില്‍ സ്പ്രിങ് പിടിപ്പിച്ചിരുന്നെന്ന്. അടിക്കുമ്പോ പറപറക്കും...''
''എന്നിട്ടെങ്ങനെ തട്ടിപ്പ് കണ്ടെത്തി''.
''ടേയ്... അവനടിച്ചപ്പോ ബാറ്റ് കയ്യീന്ന് പോയി... അതുകിടന്ന് മൂന്നാലുവട്ടം കുതിച്ചു... അപ്പോ തന്നെ അമ്പയര്‍ പിടികൂടി പരിശോധിച്ചു. ബാറ്റ് വെട്ടിപ്പൊളിച്ച് സ്പ്രിങ് പുറത്തെടുത്തു. ഡിസില്‍വയുടെ ബാറ്റിലും സ്പ്രിങ് ഉണ്ടോ എന്ന് സംശയമുണ്ട്...''
''ഒന്നുപോടേ... കള്ളത്തരം പറയാതെ. അങ്ങനെയല്ല പിടിച്ചത്. കാംബ്ലി ഡ്രിങ്സ് ടൈമില്‍ പെപ്സി കുപ്പി ജയസൂര്യയുടെ ബാറ്റിലേക്ക് എറിഞ്ഞു. ജയസൂര്യ അത് ഗ്രൗണ്ടിന് വെളിയിലേക്ക് അടിച്ചുകളഞ്ഞു...''
''ഞാന്‍ കേട്ടത് ജയസൂര്യ ഔട്ടായപ്പോ ദേഷ്യത്തോടെ ബാറ്റുവലിച്ചെറിഞ്ഞെന്നാ. അപ്പോ ബാറ്റുകിടന്ന് കുതിച്ചു...''
''ഹമ്പട മോനേ... അപ്പോ വേള്‍ഡ് കപ്പ് ഒന്നുകൂടി നടക്കുമോ...''
''പിന്നെ... നടത്താതെ.''
ഇതൊരു സാമ്പിള്‍വെടിക്കെട്ടാണ്.
ജയസൂര്യയോടുള്ള അസൂയയും കുശുപ്പും അതിര്‍ത്തികടന്നപ്പോള്‍ അജ്ഞാതനായ ഏതോ പഹയന്‍ ഉണ്ടാക്കിയ കെട്ടുകഥ. അത് എത്ര വേഗമാണ് കളിക്കമ്പക്കാരിലേക്ക് പടര്‍ന്നത്.
ആശിക്കാനും നിരാശമറയ്ക്കാനും പടച്ചുവിട്ട എത്രയോ നുണവാണങ്ങള്‍. അത് ആകാശത്തോളം ഉയര്‍ന്നു. എവിടെയൊക്കെയോ പൊട്ടിച്ചിതറി. മൈതാനങ്ങളിലൂടെ, സ്‌കൂളുകളിലൂടെ അത് കേരളമാകെ പടര്‍ന്നു. സുക്കര്‍ബര്‍ഗും ബ്രയന്‍ ആക്ടനും കുട്ടിനിക്കറിട്ടുനടക്കുന്ന പ്രായമായിരുന്നു... ലോകത്തിനെ ഉള്‍ക്കൊളളുന്ന വലയുടെ നീളം കൂട്ടാന്‍ വിന്റന്‍ സര്‍ഫ് അളവെടുക്കുന്ന സമയം. ടെലിഫോണുകള്‍പോലും അപൂര്‍വവും ആഡംബരവുമായിരുന്നു.
ഡിങ്കന്‍ ശക്തരില്‍ ശക്തനായ ചുണ്ടെലി മാത്രമായിരുന്നു. ദൈവികപരിവേഷമുണ്ടായിരുന്നില്ല. എന്നാല്‍ ക്രിക്കറ്റ് മതമായിരുന്നു. സച്ചിന്‍ ദൈവവും. ഉപദൈവങ്ങളായി ദ്രാവിഡും ഗാംഗുലിയും അസ്ഹറുദ്ദീനുമൊക്കെ ഉണ്ടായിരുന്നു. മതത്തില്‍ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും പിറന്നു. കിംവദന്തികളും നുണകളും പരന്നു. ശീതളപാനീയത്തില്‍ എയ്ഡ്സ് രോഗിയുടെ രക്തംവീഴ്ത്തിയ കഥ പറയുന്ന ഇപ്പോഴത്തെ വാട്ട്സ്ആപ്പ് അമ്മാവന്‍മാര്‍ അന്ന് യുവത്വത്തിന്റെ കലിപ്പ് കാലത്തിലായിരുന്നു. കൊച്ചുകേരളത്തിന്റെ നെറുകയിലൂടെ മണ്ടത്തരങ്ങള്‍ പറന്നുനടന്നു. ഇന്നും അജ്ഞാതവും ദുരൂഹവുമാണ് അതിന്റെ സഞ്ചാരപഥങ്ങള്‍. മറ്റൊരു കായികയിനത്തിന് പറയാന്‍ കാണുമോ ഇത്രയും സമാനതകള്‍ പേറുന്ന അനുഭവപരിസരമെന്നതും കൗതുകമാണ്.
അമ്പയറുടെ തലക്കടിച്ച സിദ്ദു, ആരാധകന്റെ കഥ തീര്‍ത്ത ഇന്‍സമാം
''ടേയ്... ആ സിദ്ദുവിന്റെ നോട്ടം കണ്ടോ... അമ്പയര്‍ അവനെ എല്‍.ബി. വിളിക്കാന്‍ ഒന്നു മടിക്കും...''
''അതെന്താ...''
''പണ്ടൊരു അമ്പയര്‍ ഔട്ട് വിളിച്ചപ്പോ സിദ്ദുപോയി അങ്ങേരേ അടിച്ചുകൊന്നു...''
''ഔട്ട് വിളിച്ചതിനോ...''
''അതേടാ... നേരേ ബാറ്റുമായി അമ്പയറുടെ അടുത്തേക്ക് ചെന്നു. തലയ്‌ക്കൊറ്റ അടിയായിരുന്നു. അപ്പോഴേ ആളിന്റെ കാറ്റുപോയി...''
(1988ല്‍ പട്യാലയില്‍ കാര്‍പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലി സിദ്ദുവും വഴിയാത്രക്കാരനുമായി വാക്കേറ്റവും കൈയേറ്റവും നടന്നു.
അറുപത്തഞ്ചുകാരനായ വഴിയാത്രക്കാരന്‍ കുറച്ചുദിവസങ്ങള്‍ക്കുശേഷം ആശുപത്രിയില്‍ മരിച്ചു. സിദ്ദുവിന്റെ പേരില്‍ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുകയും പിന്നീട് കോടതി കുറ്റമുക്തനാക്കുകയും ചെയ്തു).
അറ്റവും മുറിയും ചേര്‍ത്തുകിട്ടിയതിനെ പൊടിപ്പും തൊങ്ങലും ചേര്‍ത്തപ്പോള്‍ സിദ്ദു അമ്പയര്‍മാരുടെ പേടിസ്വപ്‌നമായി. സിദ്ദു എല്‍.ബി. ആവില്ലെന്ന ധൈര്യത്തില്‍ കളികണ്ടവരുണ്ട്. നോണ്‍ സ്ട്രൈക്കിങ് എന്‍ഡിലേക്ക് നടക്കുന്ന സിദ്ദു ആരെയാണ് അടിക്കാന്‍ പോകുന്നതെന്ന് 'അങ്കുഷി'യായ നേരങ്ങള്‍. ആരും പുള്ളിയുടെ തല്ലുകൊണ്ടില്ല. അമ്പയര്‍മാരുടെ ചൂണ്ടുവിരലുകള്‍ കൃത്യമായിത്തന്നെ പൊങ്ങി.
ചെറുചിരിയോടെ സിദ്ദു പവലിയനിലേക്ക് മടങ്ങി. പിന്നീട് കളിനിര്‍ത്തി. എങ്കിലും പഴയകഥ വിരമിച്ചില്ല. അത് സഞ്ചരിച്ചുകൊണ്ടിരുന്നു.
പാക് താരം ഇന്‍സമാംഉല്‍ ഹഖിന്റെ തലയിലും അടിച്ചേല്‍പ്പിച്ചിരുന്നു ഇത്തരമൊരു കൊലപാതകകഥ. കാണിയെ ബാറ്റുകൊണ്ടടിച്ചുകൊലപ്പെടുത്തിയെന്നായിരുന്നു. ടൊറാന്റോയില്‍ സഹാറകപ്പില്‍ ഫീല്‍ഡുചെയ്യുമ്പോള്‍ ഉരുളക്കിഴങ്ങെന്ന് വിളിച്ച കാണിയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതാണ് ശരിക്കും നടന്നത്.
സച്ചിനും ദാവൂദും
മറ്റൊരു ഹിമാലയന്‍ ബ്ലണ്ടര്‍ക്കഥയിലെ നായകന്‍ സച്ചിനും ഒരു ആള്‍ദൈവവുമായിരുന്നു. സച്ചിന്‍ കരിയറിന്റെ പരകോടിയിലെത്തിനിന്ന കാലം. ഓസ്ട്രേലിയയെ തലങ്ങും വിലങ്ങും തല്ലി പതംവരുത്തി അതിമാനുഷികപരിവേഷത്തോടെ നില്ക്കുമ്പോഴായിരുന്നു കഥ പൊട്ടിപ്പുറപ്പെട്ടത്. സച്ചിന്‍ ഒരുമാസത്തിനുളളില്‍ കളി അവസാനിപ്പിക്കേണ്ടിവരുമെന്ന് കക്ഷി പറഞ്ഞത്രേ... രണ്ടുദിവസം മുന്‍പുള്ള ഇംഗ്ലീഷ് പത്രത്തില്‍ വാര്‍ത്തയുണ്ടായിരുന്നു എന്ന് മേമ്പൊടിയും. നാട്ടുമ്പുറങ്ങളില്‍ ആ പത്രം കിട്ടാക്കനിയായിരുന്നതിനാല്‍ അതുതന്നെയാവും സത്യമെന്നും പലരും കരുതി.
പാഡ് കെട്ടി സച്ചിന്‍ ക്രീസിലേക്ക് വരുമ്പോഴെല്ലാം ഇത് പുള്ളിയുടെ അവസാനമത്സരമാണെന്ന ഹൃദയഭാരത്തോടെ ടി.വി.ക്ക് മുമ്പിലിരുന്ന നിഷ്‌കുകളുണ്ടായിരുന്നു. പിന്നെയും 15 വര്‍ഷം യാതൊരു തളര്‍ച്ചയുമില്ലാതെ സച്ചിന്‍ കളിച്ചുവെന്നത് ചരിത്രം. സച്ചിനോട് കളിമതിയാക്കാന്‍ ദാവൂദ് ഇബ്രാഹിം അന്ത്യശാസനം നല്കിയെന്നായിരുന്നു മറ്റൊരു ബ്ലണ്ടര്‍. ചിലയിടങ്ങളില്‍ അത് ബാല്‍ താക്കറെയായി.
ന്യൂസീലന്‍ഡിന്റെ വയറിളക്കം
സയീദ് അന്‍വറായിരുന്നു മറ്റൊരു ഇര. ഏകദിനത്തില്‍ ഇന്ത്യയ്‌ക്കെതിരെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടി കത്തിനില്ക്കുകയായിരുന്നു. കക്ഷി കണ്ണില്‍ കൃത്രിമലെന്‍സ് വെച്ചായിരുന്നത്രേ റണ്‍ അടിച്ചുകൂട്ടിയത്. ലെന്‍സ് വയ്ക്കുന്നതോടെ സ്റ്റിച്ച് പന്ത് ഫുട്ബോള്‍ വലുപ്പത്തില്‍ തോന്നുമത്രേ... വെറുതെ ബാറ്റനക്കിയാല്‍ മതി... പന്ത് പറപറക്കും. ഒരിക്കല്‍ ലെന്‍സ് ഊരി ക്രീസില്‍ വീണപ്പോള്‍ അമ്പയര്‍ കൈയോടെ പിടികൂടിപോലും. ആയിടയ്ക്ക് ചിലകളികളില്‍ കണ്ണടവെച്ച് കളിക്കാനിറങ്ങിയതോടെ നുണയന്‍മാര്‍ക്ക് മൈലേജ് കൂടി.
കളി ജയിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ ടീം ന്യൂസീലന്‍ഡിന് ശീതളപാനീയത്തില്‍ മായം കലര്‍ത്തിയെന്നും നാലുതാരങ്ങള്‍ക്ക് വയറിളകി കളിക്കാനായില്ലെന്നതും ഓടിത്തേഞ്ഞ കഥയാണ്. പാകിസ്താന്‍ കളിക്കാര്‍ ചൂടുവെള്ളത്തിലും പച്ചവെള്ളത്തിലും ഒരേസമയം കുളിക്കുന്നതിനാലാണ് അവര്‍ക്കിത്ര വേഗമെന്ന കണ്ടുപിടിത്തവും പറന്നുനടന്നിരുന്നു.
എന്തുകൊണ്ട് നാല് റണ്‍ മാത്രം ഓടിയെടുക്കാന്‍ അനുവാദമുള്ളുവെന്നതിന് അജ്ഞാതനായ വിരുതന്‍ കണ്ടെത്തിയ കഥയും നാടുകള്‍ചുറ്റിസഞ്ചരിച്ചു. മൈതാനത്തിന് നടുക്കൊരു സെക്കോയ മരം നിന്നിരുന്നുവെന്നും ഒരിക്കല്‍ അതിന് മുകളില്‍ പന്ത് അടിച്ചുകയറ്റി 21 റണ്‍സ് വരെ ഓടിയെന്നുമായിരുന്നു ആ അന്യായം.
നേരംകൊല്ലിക്കളി...
എണ്‍പതുകളുടെ അവസാനം. ലോകം വിവരസാങ്കേതികകുതിപ്പിന്റെ തൊട്ടരികിലൂടെ പോവുകയായിരുന്നു. ഗാവസ്‌കറിലൂടെ, കപിലിലൂടെ സച്ചിന്റെ പട്ടാഭിഷേകത്തിന്റെ തുടക്കം. ക്രിക്കറ്റ് കളിയെന്നതിനപ്പുറം വികാരമാവുകയായിരുന്നു. കറുപ്പിനും വെളുപ്പിനും അപ്പുറമുള്ള നിറങ്ങള്‍ ദൂരദര്‍ശനും അറിയാന്‍ തുടങ്ങിയിരുന്നു. ലൈവ് സംപ്രേക്ഷണം വിനോദത്തിന്റെ പുതിയസാധ്യതകള്‍ തുറന്നിടുകയായിരുന്നു.

ദാരിദ്ര്യത്തെയും അരക്ഷിതാവസ്ഥകളെയും കളിച്ചും കളികണ്ടുമായിരുന്നു അന്നത്തെ കൗമാരം നേരിട്ടത്. കൊയ്ത്തുകഴിഞ്ഞ പാടങ്ങളും തെങ്ങിന്‍തോപ്പുകളും അമ്പലപ്പറമ്പുകളും റബ്ബര്‍ത്തോട്ടങ്ങളുമൊക്കെ ഈഡന്‍ഗാര്‍ഡനും ചെപ്പോക്കും ചിന്നസ്വാമി സ്റ്റേഡിയവുമൊക്കെയായി.
ഓലമടലും തടികഷണത്തിന്റെ അവശിഷ്ടങ്ങളുമൊക്കെ വെട്ടും ചെത്തുമേറ്റ് പതംവന്ന് ബാറ്റായി പുനര്‍ജനിക്കും. പിന്നീട് അതിന്റെ പേര് എം.ആര്‍.എഫെന്നും കിങ് ഫിഷറെന്നുമൊക്കെയാണ്. എം.ആര്‍.എഫും കിങ് ഫിഷറും ബാറ്റുകമ്പനികളായിരുന്നുവെന്നാണ് കൂടുതല്‍പേരും വിശ്വസിച്ചിരുന്നത്. ആറുരൂപയുടെ റബ്ബര്‍പ്പന്തുപോലും അത്രപെട്ടെന്ന് സാധ്യമാകുമായിരുന്നില്ല. അതിനും പലകൈകള്‍ കോര്‍ക്കേണ്ടിവരും. ക്രിക്കറ്റ് കുറേ മീശമാധവന്‍മാരെയും സൃഷ്ടിച്ചു. സ്വന്തം പറമ്പെന്നോ അന്യന്റെ പറമ്പെന്നോ ഭേദമില്ലാതെ, കശുവണ്ടിമുതല്‍ ഒട്ടുപാലുവരെ കടത്തപ്പെട്ടു.
ഐ.സി.സി.ക്കറിയുമോ ഈ നിയമങ്ങള്‍
ഐ.സി.സി.യുടെ നിയമങ്ങള്‍ക്കുപുറമേ ഓരോ കളിസ്ഥലത്തിനും ഉണ്ടാവും അതിന്റെതായ ചില നിയമങ്ങള്‍. ഓഫ് സ്റ്റമ്പില്‍ സിക്സടിച്ചാല്‍, തെങ്ങിന്‍മുകളില്‍ പന്തടിച്ചുകയറ്റിയാല്‍, കാട്ടില്‍ പന്തടിച്ചുകളഞ്ഞാലൊക്കെ ഔട്ടാവും.
ക്രീസിന് വെളിയിലിറങ്ങിയാല്‍ ലെഗ് ബിഫോര്‍ വിക്കറ്റ് അനുവദിക്കില്ലെന്നാണ് മറ്റൊരു ചട്ടം. നോണ്‍ സ്ട്രൈക്കിങ് എന്‍ഡില്‍ സ്റ്റമ്പില്‍ റണ്‍സെടുക്കുന്നതിനിടയില്‍ തട്ടിയാല്‍ ബാറ്റ്സ്മാന്‍ പുറത്തുപോകേണ്ടിവരും. ക്യാച്ചെടുക്കുമ്പോള്‍ കൈ നിലത്തുകുത്തിയാല്‍ ഔട്ട് അനുവദിക്കാന്‍ പാടില്ല. ഇതിനൊക്കെ പുറമെയാണ് നാട്ടുമ്പുറങ്ങളുടെ സ്വന്തം ഇനമായ ഷൂട്ടര്‍ബാളും.
ഷൂട്ടര്‍ബോളില്‍ ഔട്ട് അനുവദനീയമല്ല. ഗുഡ് ലെങ്ത് ബോള്‍ പിച്ചുചെയ്തശേഷം പ്രതീക്ഷിക്കാതെ വേഗത്തില്‍ തറനിരപ്പില്‍ നീങ്ങുന്നതിനെയാണ് ഷൂട്ടറായി കണക്കാക്കുന്നത്. എന്നാല്‍ ഇത് ബോളായി പരിഗണിക്കാന്‍ ലോക്കല്‍മൈതാനങ്ങളുടെ നിയമാവലി അനുവദിച്ചിരുന്നില്ല. ഇതൊന്നും പോരാതെ ഒരു നാട്ടുനടപ്പായിരുന്നു കോമണ്‍ സമ്പ്രദായം.

ടീം വിളിക്കുമ്പോള്‍ ഒരാളുടെ കൂടുതലുണ്ടെങ്കില്‍ അയാളെ രണ്ടുടീമിലും ഉള്‍പ്പെടുത്തും. ഏറ്റവും അവസാനം മാത്രമേ ബാറ്റിങിന് ഇറങ്ങാന്‍ അനുവദിക്കുകയുള്ളുവെന്നും ബൗളിങ് ചെയ്യാന്‍ പാടില്ലെന്നുമുള്ള മാരകനിബന്ധനകളോടെയാണ് കോമണിനെ കളത്തിലിറക്കുന്നത്. ക്ഷമാശീലനായ കോമണ്‍ രണ്ടുടീമിനുവേണ്ടിയും ആത്മാര്‍ഥമായി ഫീല്‍ഡ്ചെയ്ത് ക്ഷീണിക്കും. എന്നാല്‍ കൈയൂക്കുള്ള കോമണ്‍ നിയമം തനിക്കുവേണ്ടി മാറ്റിയെഴുതി രണ്ടിടത്തും ബാറ്റിങ്ങും ബൗളിങ്ങും ചെയ്യും.
1983 സിനിമയല്ല
ഈ രീതികളുടെയൊക്കെ തുടക്കമെവിടെയാകാമെന്നത് കണ്ടെത്താനാവില്ല. പക്ഷേ, തിരുവനന്തപുരംമുതല്‍ കാസര്‍കോടുവരെയുള്ള അന്നത്തെ കൗമാരങ്ങളോട് ചോദിച്ചാല്‍ അവര്‍ പറയുന്നതിലെല്ലാം കാണാം അദ്ഭുതകരമായ സാദൃശ്യം. ശൈലീപുസ്തകങ്ങളില്‍ എഴുതിവയ്ക്കാത്ത നിയമങ്ങള്‍. വ്യത്യസ്ത നാടുകളില്‍ സ്വഭാവത്തില്‍ സമാനതകളുള്ള മനുഷ്യര്‍. സംഭവങ്ങളുടെ ആവര്‍ത്തനം. കഥയ്ക്ക് മാറ്റമില്ല; കഥാപാത്രങ്ങള്‍ മാത്രം മാറുന്നു. സമാനസ്വഭാവത്തിലുളള ഏഴല്ല, ഏഴായിരം പേരെയെങ്കിലും ചിലപ്പോള്‍ കണ്ടെത്താന്‍ കഴിഞ്ഞേക്കും.
അത്തരം അനുഭവങ്ങളുടെ ചെറുവിവരണമായിരുന്നു എബ്രിഡ് ഷൈനിന്റെ സിനിമ 1983. ക്രിക്കറ്റിനായി ഒരുകാലത്ത് ഏറിയപങ്കും മാറ്റിവെച്ച ആര്‍ക്കും പറയാനുണ്ടാകും എങ്ങുമെത്താതെ പോയ നാട്ടിന്‍പുറത്തെ ഒരു രമേശന്റെ ജീവിതം. അവര്‍ക്കിടയിലുണ്ടാകും ക്ലബ്ബും കളിയുമായി നടന്ന പപ്പേട്ടന്‍.
ജീവിതപ്രാരാബ്ദങ്ങള്‍ക്കിടയിലും കളിക്കാനും കളികാണാനും സമയം കണ്ടെത്തുന്ന വിളക്കൂതി പ്രഹ്‌ളാദന്‍. ഔട്ടായാലും ക്രീസുവിട്ടുപോവാതെ തര്‍ക്കിക്കുന്ന മാന്റില്‍ ജോണിമാര്‍. എവിടെനിന്നോ പൊട്ടിവീണ് തള്ളിമറിച്ച് ഒടുവില്‍ ക്രീസില്‍ തുള്ളിക്കളിക്കുന്ന മുംബൈവാലാ സച്ചിന്‍മാര്‍. ടീം തോല്‍ക്കാറുമ്പോള്‍ പന്തൊളിപ്പിച്ച് അലമ്പുണ്ടാക്കുന്നവര്‍. ഔട്ടാവുമ്പോ സ്റ്റമ്പടിച്ച് നിരാശപ്രകടിപ്പിക്കുന്നവന്‍. ഇന്ത്യ തോല്‍ക്കുമെന്ന് തോന്നുമ്പോള്‍ ടി.വി. ഓഫ് ചെയ്യുകയ്യും കുറച്ചുനേരം കഴിഞ്ഞ് വീണ്ടും പ്രതീക്ഷയോടെ കളികാണല്‍ തുടരുകയും ചെയ്തിരുന്നവര്‍.
'മാനംമര്യാദയ്ക്ക് നാലക്ഷരം പഠിച്ച് രക്ഷപ്പെടേണ്ട പിള്ളേരെ നശിപ്പിക്കാനായിട്ട് എല്ലാ നാട്ടിലുമുണ്ടാകും വേലേം കൂലീം ഇല്ലാത്ത കുറേ അലവലാതികള്‍' പറഞ്ഞത് രമേശന്റെ അച്ഛന്‍ ഗോപിആശാനാണ്. എങ്കിലും ഇതേ വാചകം വള്ളിയും പുള്ളിയും തെറ്റാതെ കേട്ട് ഓടി തടിയെടുത്ത ചങ്കുകള്‍ പലനാടുകളിലുണ്ടാവും.
(സ്‌പോര്‍ട്‌സ് മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനം)
Content Highlights: Lies in cricket you believed as a child were true
Published: 13 Jan 2020, 12:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented