അഞ്ചാം വയസ്സില്‍ അച്ഛന്‍ സമ്മാനിച്ച കാസറ്റിലൂടെയാണ് ബൈക്ക് റേസിങ്ങിന്റെ സ്വപ്ന ഫ്രെയിമുകള്‍ ഹാരിതിന്റെ മനസ്സില്‍ തെളിഞ്ഞു തുടങ്ങിയത്. പ്ലസ് ടു കഴിഞ്ഞു നില്‍ക്കുന്ന സമയത്ത് വീടിനടുത്തുള്ള പാടത്ത് ബൈക്ക് റേസിങ്ങിനു പോകുമ്പോള്‍ ഹാരിതിന്റെ സ്വപ്നങ്ങള്‍ക്കു നിറമേറുകയായിരുന്നു. കേരളത്തിലെ ചെറിയ ചെറിയ ചാമ്പ്യന്‍ഷിപ്പുകള്‍ പിന്നിട്ടു മുന്നേറിയ ഹാരിത് ദേശീയ റേസിങ് ചാമ്പ്യന്‍ഷിപ്പും പിന്നിട്ട് ഇപ്പോള്‍ അന്താരാഷ്ട്ര തലത്തിലാണ് . മൊറോക്കോയിലെ റാലി ഡി മാറോയിലും സ്‌പെയിനിലെ ബാജ റാലിയിലും പങ്കെടുത്ത ഹാരിത് നോഹ എന്ന ഷൊര്‍ണൂരുകാരന്‍ 'മാതൃഭൂമി'യുമായി വിശേഷങ്ങള്‍ പങ്കിടുന്നു.

To advertise here,

ജര്‍മനി ടു ഷൊര്‍ണൂര്‍

അമ്മ സൂസന്ന ജര്‍മന്‍കാരിയായിരുന്നു. കേരള കലാമണ്ഡലത്തില്‍ പഠിക്കാനെത്തിയപ്പോഴാണ് അച്ഛന്‍ ഷൊര്‍ണൂര്‍ കുളപ്പുള്ളി കുന്നത്ത് കളത്തില്‍ മുഹമ്മദ് റാഫിയുമായി പരിചയപ്പെടുന്നത്. കൃഷിയും ബേക്കറി ബിസിനസുമൊക്കെയായി നടന്ന അച്ഛന്‍ അമ്മയെ വിവാഹം കഴിക്കുമ്പോള്‍ എല്ലാവര്‍ക്കും അദ്ഭുതമായിരുന്നു. ജനനം ജര്‍മനിയിലായിരുന്നു. പിന്നീട് ഷൊര്‍ണൂരിലേക്ക് ഞങ്ങള്‍ തിരിച്ചെത്തി. നാട്ടില്‍ ഏഴാം ക്ലാസ് വരെ പഠിച്ച ഞാന്‍ അതിനുശേഷം കൊടൈക്കനാലിലാണ് പഠിച്ചത്. ആ സമയത്താണ് ബൈക്ക് റേസിങ്ങിനോടുള്ള ഇഷ്ടം കൂടുന്നത്.

ക്രിസ്മസിന് കിട്ടിയ ബൈക്ക്

പ്ലസ് ടുവിന് പഠിക്കുമ്പോള്‍ ഒരു ക്രിസ്മസിന് വീട്ടിലെത്തിയപ്പോഴാണ് അച്ഛന്‍ എനിക്കൊരു സമ്മാനം തന്നത്... സെക്കന്‍ഡ് ഹാന്‍ഡായി വാങ്ങിയ യമഹ ബൈക്ക്. അതിലാണ് ബൈക്കോടിക്കാന്‍ പഠിച്ചത്. നാട്ടിലെ കൊയ്ത്തു കഴിഞ്ഞ പാടത്ത് അഭ്യാസം തുടങ്ങിയത് ആ ബൈക്കിലാണ്. അതു കഴിഞ്ഞു കുറച്ചുകാലത്തിനുശേഷം എന്റെ ജന്മദിനത്തില്‍ അച്ഛന്‍ ദുബായിയില്‍നിന്ന് ഒരു വിദേശ ബൈക്ക് ഇറക്കുമതി ചെയ്തു. അതിലാണ് ഞാന്‍ ദേശീയ ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് പോയിത്തുടങ്ങിയത്.

നേട്ടങ്ങളുടെ ഇരമ്പല്‍

2011-ലാണ് ആദ്യമായി ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. അതിനടുത്ത വര്‍ഷം ടി.വി.എസ്. ഗ്രൂപ്പില്‍ ചേര്‍ന്ന് ദേശീയ ഗ്രൂപ്പ് ബി ചാമ്പ്യന്‍ഷിപ്പ് നേടിയതോടെ ആത്മവിശ്വാസമേറി. 2014-ല്‍ ദേശീയ എസ്.എക്‌സ്. വണ്‍ ചാമ്പ്യനായി. അതിനുശേഷം ഇംഗ്ലണ്ടിലെ കോഴ്സ് പഠനത്തിനായി രണ്ടു വര്‍ഷം വിട്ടുനിന്ന ശേഷം വീണ്ടും ദേശീയ ചാമ്പ്യന്‍ഷിപ്പിനെത്തി. 2017-ലും അതിനടുത്ത വര്‍ഷവും ദേശീയ ചാമ്പ്യനായ ശേഷം കഴിഞ്ഞവര്‍ഷമാണ് അന്താരാഷ്ട്ര റേസിങ്ങിലേക്ക് തിരിഞ്ഞത്. ലോക റേസിങ്ങില്‍പ്പെട്ട റാലി ഡി മാറോയിലും സ്പാനിഷ് ബാജയിലും പങ്കെടുത്തതോടെ വലിയൊരു പ്രതീക്ഷയിലാണ്.

പരിക്കും ശസ്ത്രക്രിയയും

മൊറോക്കോ റാലിക്കിടെ പരിക്കേറ്റിരുന്നെങ്കിലും റേസിങ് ഞാന്‍ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ അതിനുശേഷമാണ് പരിക്കിന്റെ രൂക്ഷത അറിയുന്നത്. ജര്‍മനിയില്‍ ശസ്ത്രക്രിയ നടത്തി. ആറു മാസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. എന്നാല്‍ നാലരമാസം കഴിഞ്ഞപ്പോള്‍ ഞാന്‍ പതുക്കെ ബൈക്ക് ഓടിച്ചുതുടങ്ങി. കൃത്യം ആറു മാസമായ നേരത്താണ് സ്പാനിഷ് ബാജയില്‍ പങ്കെടുക്കുന്നത്. ഇപ്പോള്‍ പരിക്ക് പൂര്‍ണമായും ഭേദമായി. ഇനി പുതിയ ലക്ഷ്യം.

Content Highlights: Kerala boy Harith Noah rides on maiden Dakar Rally experience