67 വര്‍ഷക്കാലത്തോളം നീണ്ട യാത്രയ്‌ക്കൊടുവില്‍ ഫുട്‌ബോള്‍ മതിയാക്കുന്നതായി അറിയിച്ചിരിക്കുകയാണ് ഗോവന്‍ ക്ലബ്ബായ സാല്‍ഗോക്കര്‍ എഫ്‌സി. 1956 മുതല്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാഗമായ ക്ലബ്ബാണ് ഇപ്പോള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. മെനിനോ ഫിഗ്വെയ്‌റെഡോ, ബ്രഹ്‌മാനന്ദ് ശങ്ക്വാള്‍ക്കര്‍, ബ്രൂണോ കുടീന്യോ തുടങ്ങിയ താരങ്ങളെ രാജ്യത്തിന് സമ്മാനിച്ച ക്ലബ്ബാണ് ഇപ്പോള്‍ ചരിത്രത്തിന്റെ ഭാഗമാകുന്നത്. തങ്ങളുടെ ജൂനിയര്‍ ടീമുകള്‍ വിവിധ ലീഗുകളില്‍ കളിക്കുമെന്ന് ക്ലബ്ബ് അറിയിച്ചിട്ടുണ്ടെങ്കിലും ഗോവന്‍ ലീഗിലും ഫെഡറേഷന്‍ കപ്പിലും ഡ്യൂറന്റ് കപ്പിലും നാഷണല്‍ ഫുട്‌ബോള്‍ ലീഗിലും പിന്നീട് ഐ ലീഗിലും റോവേഴ്‌സ് കപ്പിലുമെല്ലാം വെന്നിക്കൊടി പാറിച്ച ക്ലബ്ബിന്റെ പിന്‍വാങ്ങല്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഉള്‍ക്കൊള്ളാനാകാത്തതാണ്.

To advertise here,

ഒരുകാലത്ത് ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഈറ്റില്ലമായ ഗോവയുടെ തനത് ഫുട്‌ബോള്‍ സമ്പത്താണ് സാല്‍ഗോക്കറിന്റെ പിന്‍വാങ്ങലിലൂടെ ഇന്ത്യന്‍ ഫുട്‌ബോളിന് നഷ്ടമാകുന്നത്. സാല്‍ഗോക്കര്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച ഈ അവസരത്തില്‍ ക്ലബ്ബിനൊപ്പം പ്രവര്‍ത്തിച്ചതിന്റെ ഓര്‍മകള്‍ മാതൃഭൂമി ഡോട്ട്‌കോമിനോട് പങ്കുവെയ്ക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം കൂടിയായ റിനോ ആന്റോ.

തൃശൂര്‍ സ്വദേശിയായ റിനോ ആന്റോ ടാറ്റ ഫുട്‌ബോള്‍ അക്കാദമിയിലൂടെയാണ് തന്റെ ഫുട്‌ബോള്‍ കരിയര്‍ തുടങ്ങുന്നത്. പിന്നീട് 2008-ല്‍ മോഹന്‍ ബഗാനിലൂടെ ഐ ലീഗില്‍ അരങ്ങേറി. ബഗാനില്‍ കളിക്കുന്നതിനിടെ 2009-ല്‍ ലോണ്‍ അടിസ്ഥാനത്തിലാണ് റിനോ സാല്‍ഗോക്കറിലെത്തുന്നത്. 2009-ല്‍ ആദ്യ ആറ് മാസത്തോളം ബഗാനായി ബൂട്ടുകെട്ടിയ ശേഷം ശേഷിച്ച ആറ് മാസമാണ് റിനോ സാല്‍ഗോക്കറില്‍ ലോണ്‍ അടിസ്ഥാനത്തില്‍ കളിച്ചത്. ബഗാനിലെ താരത്തിന്റെ പ്രകടനം കണ്ട് അന്നത്തെ സാല്‍ഗോക്കറിന്റെ മൊറോക്കന്‍ പരിശീലകനായിരുന്ന കരീം ബെന്‍ചെരിഫയാണ് റിനോയെ ഗോവയിലെത്തിക്കുന്നത്. 2010-ല്‍ ബഗാനുമായുള്ള കരാര്‍ അവസാനിച്ചതിനു തൊട്ടുപിന്നാലെ സാല്‍ഗോക്കര്‍ റിനോയെ ഔദ്യോഗികമായി ടീമിന്റെ ഭാഗമാക്കി.

placeholder
റിനോ ആന്റോ ഉള്‍പ്പെട്ട സാല്‍ഗോക്കര്‍ ടീം

2009 മുതല്‍ 2012 വരെ സാല്‍ഗോക്കറില്‍ കളിച്ച കാലം കരിയറില്‍ ഒരിക്കലും മറക്കാനാകാത്തതാണെന്ന് റിനോ പറയുന്നു. ഒരു കളിക്കാരനായി മാറിയെന്ന തോന്നലുണ്ടായത് സാല്‍ഗോക്കറിനൊപ്പം കളിച്ചപ്പോഴാണ്. കരിയറിലെ ആദ്യ പ്രധാന കിരീടവും സാല്‍ഗോക്കറിനൊപ്പമായിരുന്നു. 2011-ല്‍ നടന്ന കലാശപ്പോരില്‍ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് റിനോ ഉള്‍പ്പെട്ട സാല്‍ഗോക്കര്‍ ടീം ഫെഡറേഷന്‍ കപ്പില്‍ മുത്തമിട്ടത്. 2010-11 സീസണില്‍ ഐ ലീഗ് കിരീട നേട്ടവും റിനോ സാല്‍ഗോക്കറിനൊപ്പം പങ്കിട്ടു.

ഐ ലീഗും ഫെഡറേഷന്‍ കപ്പും ജയിച്ചപ്പോള്‍ വാസ്‌കോ നഗരം ചുറ്റിയ വിക്ടറി പരേഡ് ഇന്നും റിനോയ്ക്ക് മറക്കാനായിട്ടില്ല. തന്റെ കളി ഒരുപാട് മെച്ചപ്പെട്ടതും സാല്‍ഗോക്കറിനൊപ്പമായിരുന്നു എന്നുകൂടി പറഞ്ഞുവെയ്ക്കുകയാണ് അദ്ദേഹം. അതിനാല്‍ തന്നെ ആ ക്ലബ്ബ് ഇനിയില്ല എന്നറിയുന്നത് ഏറെ വിഷമമുണ്ടാക്കുന്ന കാര്യമാണെന്ന് റിനോ പറയുന്നു. ടീം അംഗങ്ങളുമായും ക്ലബ്ബിന്റെ ഉടമകളുമായും ടീം വിട്ട് 11 വര്‍ഷങ്ങള്‍ക്ക് ശേഷവും കാത്തുസൂക്ഷിക്കുന്ന ഊഷ്മളമായ ബന്ധം തന്നെയാണ് അതിന് കാരണം.

കരീം ബെന്‍ചെരിഫയുടെ മേല്‍നോട്ടത്തില്‍ ഇരുത്തംവന്ന ഒരു ഡിഫന്‍ഡറായി റിനോ മാറുന്നതും ഇക്കാലത്താണ്. റൈറ്റ് ബാക്കായും ലെഫ്റ്റ് ബാക്കായും സാല്‍ഗോക്കറില്‍ ബെന്‍ചെരിഫ, റിനോയെ പരീക്ഷിച്ചിട്ടുണ്ട്. ഘാന താരം യൂസിഫ് യാക്കുബു, ജാപ്പനീസ് താരം റുയി സുയോക്ക, നിലവില്‍ ബ്ലാസ്‌റ്റേഴ്‌സിനൊപ്പമുള്ള ഗോള്‍കീപ്പര്‍ കരണ്‍ജിത് സിങ്, ഇഷ്ഫാഖ് അഹമ്മദ്, മെഹ്‌റാജുദ്ദീന്‍ വാഡു, റോക്കസ് ലാംറെ, തോംബ സിങ്, തോയി സിങ് എന്നിവരായിരുന്നു അക്കാലത്ത് റിനോയ്‌ക്കൊപ്പം സാല്‍ഗോക്കറില്‍ പന്ത് തട്ടിയിരുന്നവര്‍.

''ജൂനിയര്‍ താരങ്ങളെ കണ്ടുപിടിച്ച് വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ ഏറെ ശ്രദ്ധചെലുത്തിയിരുന്ന ക്ലബ്ബായിരുന്നു സാല്‍ഗോക്കര്‍, ആ ക്ലബ്ബ് ഇല്ലാതാകുന്നത് ഗോവന്‍ ഫുട്‌ബോളിനും ഇന്ത്യന്‍ ഫുട്‌ബോളിനും വലിയ നഷ്ടമാണ് ഉണ്ടാക്കുക. ടീമുകളില്‍ ഗോവന്‍ കളിക്കാര്‍ കുറഞ്ഞുവരും. ഗോവന്‍ ഫുട്‌ബോള്‍ സംസ്‌കാരം നമുക്ക് ഇന്ത്യയില്‍ മറ്റൊരിടത്തും കാണാന്‍ സാധിക്കാത്തതാണ്. ഫുട്‌ബോള്‍ വൈരത്തിന്റെ കാര്യം പറയുമ്പോള്‍ നമ്മള്‍ ഈസ്റ്റ് ബംഗാള്‍ - മോഹന്‍ ബഗാന്‍, ഇപ്പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് - ബെംഗളൂരു എന്നൊക്കെ പറയും. എന്നാല്‍ ശരിക്കുള്ള ഫുട്‌ബോള്‍ വൈരം അനുഭവച്ചറിയണമെങ്കില്‍ സാല്‍ഗോക്കര്‍ - വാസ്‌കോ, സാല്‍ഗോക്കര്‍ - ഡെംപോ മത്സരങ്ങള്‍ കാണണം. റോ ടാലന്റുള്ള കളിക്കാരുടെ ഏറ്റുമുട്ടലാണ് അവിടെയുണ്ടാകുക. ഐ ലീഗ് ആയതു കാരണം അവര്‍ക്ക് കാര്യമായ മാധ്യമ ശ്രദ്ധ കിട്ടാത്തതാണ് ഇതൊന്നും നമ്മള്‍ അറിയാതെ പോകാന്‍ കാരണം.'' - റിനോ പറഞ്ഞു.

placeholder

ചൊവ്വാഴ്ച ഗോവ ഫുട്‌ബോള്‍ ലീഗിനുള്ള എന്‍ട്രി ഫോം സ്വീകരിക്കുമ്പോഴാണ് ഗോവ ഫുട്‌ബോള്‍ അസോസിയേഷന്‍ സാല്‍ഗോക്കറിന്റെ പിന്മാറ്റത്തെ കുറിച്ച് അറിയുന്നത്. ഗോവ ഫുട്‌ബോള്‍ ലീഗില്‍ പങ്കെടുക്കാനുള്ള സാല്‍ഗോക്കര്‍ സീനിയര്‍ ടീമിന്റെ എന്‍ട്രി ഫോം കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല. ലഭിച്ചതോ അണ്ടര്‍-13, അണ്ടര്‍-15 ടീമുകളുടെ എന്‍ട്രി ഫോം മാത്രം. സാല്‍ഗോക്കറിന്റെ സീനിയര്‍ ടീം മാത്രമല്ല അണ്ടര്‍-18, അണ്ടര്‍-20 ടീമുകളുടെയും പ്രവര്‍ത്തനം ക്ലബ്ബ് അവസാനിപ്പിക്കുന്നതായി ഈ ഘട്ടത്തിലാണ് അസോസിയേഷന്‍ മനസിലാക്കിയത്. ഒടുവില്‍ അസോസിഷനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. സംഭവം അന്വേഷിച്ച് സമീപിച്ച ഒരു ദേശീയ മാധ്യമത്തോട് ക്ലബ്ബിന്റെ പ്രതിനിധി ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.

21 തവണ ഗോവ  ലീഗ് ചാമ്പ്യന്‍ഷിപ്പും, നാല് തവണ ഫെഡറേഷന്‍ കപ്പും, മൂന്ന് തവണ ഡ്യൂറന്റ് കപ്പും, മൂന്ന് തവണ റോവേഴ്‌സ് കപ്പും, രണ്ട് ഇന്ത്യന്‍ സൂപ്പര്‍ കപ്പും, ഓരോ തവണ വീതം നാഷണല്‍ ഫുട്‌ബോള്‍ ലീഗും ഐ ലീഗും നേടിയ ഗോവയുടെ സ്വന്തം ഫുട്‌ബോള്‍ ക്ലബ്ബ് അങ്ങനെ സ്വയം അവസാന വിസില്‍ മുഴക്കുന്നു...