
ആ സൂര്യഗ്രഹണത്തെ അവര്‍ ശപിക്കാത്ത ദിവസങ്ങളുണ്ടായിരുന്നില്ല. പകലിനെപ്പോലും കൂരിരുട്ടുവിഴുങ്ങിയ അന്നാണ് യാദാഗിരി ജീവാഞ്ചിക്കും ഭാര്യ ധനലക്ഷ്മിക്കും ഒരു പെണ്‍കുഞ്ഞ് പിറന്നത്. കുഞ്ഞിനെ വന്നുകണ്ടവരൊക്കെ മുഖം ചുളിച്ചു. അവളുടെ രൂപം കണ്ട് ഗ്രാമീണര്‍ ഒന്നടങ്കം പറഞ്ഞു. 'ഇതൊരു ശാപം കിട്ടിയ കുട്ടിയാണ്. അവളെ ഉപേക്ഷിച്ചേക്കൂ.' കൊന്നുകളഞ്ഞേക്കൂ എന്ന് നിര്‍ദയം ഉപദേശിച്ചവരുമുണ്ട്. കുത്തുവാക്കു കേട്ട് നെഞ്ച് പൊട്ടിയ യാദാഗിരിയും ധനലക്ഷ്മിയും പഴിക്കാത്ത ദൈവങ്ങളില്ല. ദുര്‍വിധിയോര്‍ത്ത് കരഞ്ഞുറങ്ങാത്ത രാത്രികളില്ല. പക്ഷേ അപ്പോഴും ആറ്റു നോറ്റുണ്ടായ മകളെ ഒരു മാത്രപോലും വെറുക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അവളെ കാട്ടിലോ കുപ്പത്തൊട്ടിയിലോ കളഞ്ഞില്ല.
ഗ്രഹണം മാറി വെയില്‍ മറനീക്കിയപ്പോള്‍ അവര്‍ മകള്‍ക്ക് പേരിട്ടു, ദീപ്തി. മന്ദബുദ്ധിയെന്നും കുരങ്ങെന്നും വിളിച്ച് ആക്ഷേപിക്കുകയും ഇവളെ കെട്ടാന്‍ ആരു വരുമെന്ന് ചോദിച്ച് പരിഹസിക്കുകയും ചെയ്തവര്‍ക്ക് മുന്നില്‍ തന്നെ അവളെ വളര്‍ത്തി വലുതാക്കി. ദീപ്തി ജീവാഞ്ചി എന്ന ആ പെണ്‍കുട്ടി ഇന്ന് വീട്ടുകാര്‍ക്ക് മാത്രമല്ല, തെലങ്കാന വാറംഗലിലെ കെല്ലേഡ എന്ന കേട്ടുകേള്‍വിപോലുമില്ലാത്ത കൊച്ചു ഗ്രാമത്തിന്റെ കൂടി വെളിച്ചമാണ്. രാജ്യത്തിന്റെ അഭിമാനതാരമാണ്. കാട്ടില്‍ കളയാന്‍ പറഞ്ഞവര്‍ ഇന്ന് ഒന്നൊഴിയാതെ ആവേശത്തോടെ അവളെ കാത്തിരിക്കുന്നു.
പത്തിരുപത് കൊല്ലം മുന്‍പ് വൈരൂപ്യത്തിന്റെ പേരില്‍ അവര്‍ കൊന്നുകളയാന്‍ പറഞ്ഞ, ബുദ്ധിവികാസമില്ലാത്തതിന്റെ പേരില്‍ അനാഥാലയത്തില്‍ ഉപേക്ഷിക്കാന്‍ പറഞ്ഞ ആ പെണ്‍കുട്ടി ഇന്ന് ലോക റെക്കോഡുകാരിയാണ്. ജപ്പാനിലെ കോബിയില്‍ നടന്ന ലോക പാരാ അത്‌ലറ്റിക്‌സില്‍ വനിതകളുടെ, ബുദ്ധിക്ക് വെല്ലുവിളി നേരിടുന്നവരുടെ വിഭാഗമായ t20 കാറ്റഗറിയിലെ 400 മീറ്റര്‍ ഓട്ടത്തിലാണ് ദീപ്തി ജീവാഞ്ചി എന്ന ആ ഇരുപതുകാരി പുതിയ ലോക റെക്കോഡ് സൃഷ്ടിച്ച് സ്വര്‍ണം നേടിയത്. ലോക പാരാ അത്‌ലറ്റിക്‌സിന്റെ ചരിത്രത്തിലെ ട്രാക്ക് ഇവന്റിലെ ഇന്ത്യയുടെ ആദ്യത്തെ സ്വര്‍ണം. 56.18 സെക്കന്‍ഡില്‍ ഓടി സ്വന്തം പേരിലുള്ള ഏഷ്യന്‍ റെക്കോഡ് തിരുത്തിയെഴുതിയാണ് ദീപ്തി ഫൈനലിന് യോഗ്യത നേടിയതുതന്നെ. ഈയൊരൊറ്റ പ്രകടനംകൊണ്ട്. സ്വര്‍ണവും ലോകറെക്കോഡും മാത്രമല്ല, പാരിസ് പാരാലിമ്പിക്‌സിന് യോഗ്യതയും നേടിയിരിക്കുകയാണ് ദീപ്തി.

ഇന്ന് വാഴ്ത്തുമൊഴികള്‍ കൊണ്ട് രാജ്യം മൂടുന്നുണ്ടെങ്കിലും കേള്‍ക്കുന്ന അത്ര എളുപ്പമായിരുന്നില്ല കെല്ലേഡയില്‍ നിന്നും കോബിവരെയുള്ള ദീപ്തിയുടെ അതിജീവനയാത്ര. 55.07 സെക്കന്‍ഡില്‍ ഒന്നാമതായി ഓടിയെത്തി ബ്രെന്ന ക്ലാര്‍ക്ക് എന്ന അമേരിക്കക്കാരിയുടെ റെക്കോഡ് ഭേദിക്കുന്നതിലും കഠിനമായിരുന്നു ശരീരത്തിനും ബുദ്ധിക്കും ഒരുപോലെ വെല്ലുവിളി നേരിട്ട ദീപ്തിയുടെ ജീവിതം. കൂലിപ്പണിയായിരുന്നു അച്ഛനും അമ്മയ്ക്കും. പേരിന് ഇത്തിരി നിലമുണ്ട്. ആരുടെയൊക്കെയോ പരുത്തിപ്പാടങ്ങളിലും മാന്തോട്ടങ്ങളിലുമൊക്കെ പകലന്തി പൊരിവെയിലത്ത് പണിയെടുത്താല്‍ യാദാഗിരിക്ക് നൂറോ നൂറ്റിയമ്പതോ രൂപ കിട്ടിയാലായി. പശിയടങ്ങാതെ ഉറങ്ങേണ്ടിവന്ന നാളുകളായിരുന്നു അന്നേറെയും. പാടത്ത് വിതച്ചതൊന്നും വിളഞ്ഞതുമില്ല. വയ്യാത്ത അച്ഛനെ വീട്ടിലിരുത്തി ധനലക്ഷ്മിയും ജോലിക്ക് പോയി തുടങ്ങി. എന്നിട്ടും വീട്ടില്‍ മൂന്ന് നേരം അടുപ്പു പുകഞ്ഞ ദിവസങ്ങള്‍ ഏറെയുണ്ടായില്ല. ഈ ദാരിദ്ര്യത്തിലേയ്ക്കാണ് ഒരു സൂര്യഗ്രഹണ ദിവസം ചെറിയ തലയും തീരേ ചെറിയ മൂക്കും വികൃതാകൃതിയിലുള്ള ചുണ്ടുമായി ഒരു പെണ്‍കുഞ്ഞ് പിറന്നുവീണത്. സന്തോഷത്തിന്റെ പ്രകാശത്തിന് പകരം ഇത്തിരിപ്പോന്ന വീട്ടിലെ സങ്കടത്തിന്റെ കരിനിഴല്‍കമ്പളംഒന്നുകൂടി കനത്തു.
കുത്തുന്ന വാക്കുകളെ ആട്ടിപ്പായിച്ച്, സങ്കടങ്ങളെ പടിയടച്ച് മകള്‍ വളര്‍ന്നുതുടങ്ങിയതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയായിരുന്നു. അവള്‍ മറ്റ് കുട്ടികളെപ്പോലെ കരയുകയോ ചിരിക്കുകയോ കളിക്കുകയോ ചെയ്തില്ല. മകള്‍ സംസാരിക്കാന്‍ ബുദ്ധിമുട്ടുന്നത് അവര്‍ സങ്കടത്തോടെയാണ് കണ്ടുനിന്നത്. അവള്‍ക്ക് കാര്യങ്ങള്‍ മനസിലാക്കാനുള്ള ശേഷിയും കുറവാണെന്ന് അവര്‍ മെല്ലെ തിരിച്ചറിഞ്ഞു. വിശപ്പോ വേദനയോ പോലും കരഞ്ഞ് പ്രകടിപ്പിക്കാന്‍ കഴിയാത്ത കുഞ്ഞിനെ എങ്ങനെ വളര്‍ത്തി വലുതാക്കും എന്നതായി അടുത്ത ആശങ്ക. ഒരിക്കല്‍ ഉയരത്തില്‍ നിന്ന് വീണിട്ടും അവള്‍ ഭാവദേദമൊന്നുമില്ലാതെ ഇരിക്കുന്നത് കണ്ട് അവര്‍ വല്ലാതെ ഭയന്നു. ഏതെങ്കിലും അനാഥാലയത്തിന് നല്‍കാനായി കുടുംബാംഗങ്ങളുടെ അടുത്ത ഉപദേശം. എല്ലാ ശാപവാക്കുകളെയും വാതില്‍ കൊട്ടിയടച്ച് ചെറിയ കൂരയുടെ അകത്തിരുന്ന് യാദാഗിരിയും ധനലക്ഷ്മിയും പൊട്ടിക്കരഞ്ഞു. എന്തുതന്നെയായാലും മകളെ ഉപേക്ഷിക്കുന്ന പ്രശ്‌നമില്ല. അവളെ ഏതു വിധേനയും വളര്‍ത്തണം. സങ്കടങ്ങള്‍ ഉള്ളിലൊതുക്കി അവര്‍ നിശ്ചയിച്ചു.
പലരും നെറ്റി ചുളിച്ചെങ്കിലും അതൊന്നും കാര്യമാക്കാതെ അവരങ്ങനെ അവളെ അടുത്തുള്ള റൂറല്‍ ഡെവലപ്‌മെന്റ് സ്‌കൂളില്‍ കൊണ്ടുപോയി ചേര്‍ത്തു. സ്വപ്‌നങ്ങളുടെ ഉയരങ്ങളിലേയ്ക്കുള്ള അവളുടെ ആദ്യ ചുവട്. ക്ലാസില്‍ പഠിപ്പിക്കുന്ന കാര്യങ്ങള്‍ പെട്ടന്ന് മനസിലാക്കിയെടുക്കാന്‍ അവള്‍ പാടുപെട്ടു. പലയാവര്‍ത്തി കേട്ടാലേ ചെറിയൊരു കാര്യം പോലും മനസില്‍ പതിയുമായിരുന്നുള്ളൂ. അധ്യാപകരുടെ ശകാരം പതിവായി. പരീക്ഷകളില്‍ മാര്‍ക്ക് കുറഞ്ഞു. സഹപാഠികളോട് പോലും സംസാരം കുറവായിരുന്നു. മൗനിയായ കുട്ടി സഹപാഠികളുടെ പരിഹാസത്തിനും പാത്രമായി. അവളുടെ രൂപവും കണക്കറ്റ കളിയാക്കല്‍ ഏറ്റുവാങ്ങി. ക്ലാസില്‍ അവള്‍ സങ്കടങ്ങളൊക്കെ ഉള്ളിലൊതുക്കിക്കഴിഞ്ഞു. വൈകീട്ട് ക്ലാസ് വീട്ട് ഓടി വീട്ടിലെത്തി അമ്മയെ കെട്ടിപ്പിടിച്ച് പൊട്ടിപ്പൊട്ടി കരയും. അമ്മ അവളെ ചേര്‍ത്തുപിടിച്ച് സമാധാനിപ്പിച്ചു. ഒരു പിടി അരിയെടുത്ത് പായസമുണ്ടാക്കിയും വല്ലപ്പോഴും കോഴിയിറച്ചി ഉണ്ടാക്കിക്കൊടുത്തുമൊക്കെ അവളുടെ സങ്കടം മാറ്റി. അവളുടെ സ്വപ്‌നങ്ങളെ പണിപ്പെട്ട് കെടാതെ കാത്തു.

പഠിത്തത്തില്‍ തോറ്റുകൊണ്ടിരുന്നവള്‍, പക്ഷേ, പുറത്ത് കളിക്കാനിറങ്ങിയാല്‍ കഥ മാറും. കളിയാക്കിയവര്‍ക്ക് അവള്‍ ഓട്ടത്തിലും ചാട്ടത്തിലും മറുപടി കൊടുത്തു. അവളെ ഓടിത്തോല്‍പിക്കാന്‍ മറ്റുള്ളവര്‍ പാടുപെട്ടു. പൂര്‍ണ ആരോഗ്യമുള്ള ആണ്‍കുട്ടികളെ പോലും അവള്‍ ഓടിത്തോല്‍പിക്കുന്നത് സ്‌കൂളിലെ കായികാധ്യാപകനായ ബിയാനി വെങ്കിടേശ്വരലു അത്ഭുതതോടെ കണ്ടുനിന്നു. അയാള്‍ അവളെ വീണ്ടും വീണ്ടും ഓടിച്ചു. അവളില്‍ ഒരു കായികപ്രതിഭയുടെ മിന്നാലാട്ടം അയാള്‍ കണ്ടു. അവളുടെ കരുത്തും വേഗവും സ്വാഭാവികമായ വേഗവും ഒരു ലക്ഷണമൊത്ത കായികതാരത്തിന്റേതാണെന്ന് അയാള്‍ തിരിച്ചറിഞ്ഞു. അങ്ങനെയാണ് അവളെ സ്‌കൂളിലെ 100, 200 മീറ്റര്‍ ഓട്ടത്തിനുള്ള പരിശീലന ക്യാമ്പില്‍ കൂടെക്കൂടുന്നത്.
പരിശീലനം പക്ഷേ, അധ്യാപകന്‍ വിചാരിച്ച അത്ര എളുപ്പമായിരുന്നില്ല. മാഷ് പറയുന്നതൊന്നും ദീപ്തിക്ക് വ്യക്തമായി മനസിലായില്ല. പിന്നെ ട്രാക്കില്‍ കൂടെ ഓടിക്കാണിച്ചുകൊണ്ടായി പരിശീലനം. കാര്യം മനസിലായില്ലെങ്കിലും മാഷ് കാണിക്കുന്നത് അതുപോലെ അവള്‍ അനുകരിച്ചു. ഇടയ്ക്കവള്‍ അറിയാതെ ട്രാക്ക് മാറി ഓടും. ഒരേ ട്രാക്കിലൂടെയാണ് ഓടേണ്ടതെന്ന് അവള്‍ അക്കാലത്തൊന്നും അറിഞ്ഞതേയില്ല. ഒരിക്കല്‍ അങ്ങനെ സംസ്ഥാന മീറ്റില്‍ ഒന്നാമതെത്തിയിട്ടും അയോഗ്യയാക്കപ്പെട്ട ചരിത്രംവരെയുണ്ട്. അതുകൊണ്ട് എന്നും ഇടത്തും വലത്തുമുള്ള രണ്ട് ട്രാക്കുകളില്‍ മറ്റ് കുട്ടികളെ ഓടിച്ചുകൊണ്ടായിരുന്നു ദീപ്തിയിലെ സ്പ്രിന്ററെ വെങ്കിടേശ്വരലു രാകിമിനുക്കിയത്.
കഷ്ടപ്പാടിന്റെ ഈ കാലത്തുതന്നെയായിരുന്നു പുതിയ ട്രാക്കിലേയ്ക്കുള്ള ദീപ്തിയുടെ രാശിമാറ്റവും. 2019ല്‍ ഖമ്മത്ത് വച്ചായിരുന്നു സംസ്ഥാന അത്‌ലറ്റിക് മീറ്റ്. അതില്‍ മിന്നല്‍ വേഗത്തില്‍ കുതിക്കുന്ന ദീപ്തി ദേശീയ ജൂനിയര്‍ ടീമിന്റെ പരിശീലകന്‍ കൂടിയായ എന്‍.രമേഷിന്റെ കണ്ണില്‍പ്പെട്ടു. ഏതെങ്കിലും പെരറിയാത്ത ഒരു ഗ്രാമത്തില്‍ പൊടിപിടിച്ചു വിസ്മൃതിയിലകപ്പെടേണ്ട ആളല്ല ദീപ്തിയെന്ന് ദേശീയ സ്പ്രിന്റ് സൂപ്പര്‍താരം ദ്യുതി ചന്ദിനെ പരിശീലിപ്പിച്ച ട്രാക്ക് റെക്കോഡുള്ള രമേഷ് തിരിച്ചറിഞ്ഞു. മകളുടെ കഴിവിനെക്കുറിച്ച് വീട്ടുകാരെ പറഞ്ഞ് ബോധിപ്പിക്കുകയായിരുന്നു രമേഷിന് മുന്നിലെ ആദ്യ കടമ്പ. ആദ്യമാദ്യം അവര്‍ക്കത് വിശ്വസിക്കാന്‍ പാടായിരുന്നു. അച്ഛനും അമ്മയ്ക്കും വലിയ ക്ലാസ് തന്നെ എടുത്തുകൊടുക്കേണ്ടിവന്നു രമേഷിന്. അവളെ കൂടുതല്‍ മികച്ച പരിശീലനത്തിന് അയക്കേണ്ടതിന്റെ പ്രാധാന്യവും ഏറെ പണിപ്പെട്ടാണ് അവരെ ബോധിപ്പിച്ചത്. എട്ടും പൊട്ടും തിരിയാത്ത മകളെ ഹൈദരാബാദ് പോലുള്ള ദൂരെ ദിക്കിലേയ്ക്ക്, അതും വലിയൊരു പട്ടണത്തിലേയ്ക്ക് അയക്കാന്‍ പേടിയായിരുന്നു അച്ഛനും അമ്മയ്ക്കും. ഒരുപാട് പണിപ്പെടേണ്ടിവന്നു രമേഷിന് അവരെ ബോധ്യപ്പെടുത്താന്‍. ഒടുവില്‍ മനസില്ലാ മനസോടെ ഒരു ദിവസം അവര്‍ സമ്മതംമൂളി. അപ്പോള്‍ ഒരു പ്രശ്‌നം. ഹൈദരാബാദില്‍ പരിശീലനത്തിന് പോവാന്‍ പണം വേണം. ബസ് ടിക്കറ്റിനുള്ള കാശ് പോലും അച്ഛന്റെും അമ്മയുടെയും കൈയിലില്ല. നിത്യവൃത്തി തന്നെ അരിഷ്ടിച്ചാണ്. ആകെയുള്ള സമ്പാദ്യമായ അരയേക്കര്‍ പാടം നേരത്തെ തന്നെ തുച്ഛമായ വിലയ്ക്ക് വിറ്റുകഴിഞ്ഞിരുന്നു. ഒടുവില്‍ ആ ദൗത്യവും രമേഷ് ഏറ്റെടുത്തു. ദീപ്തിയെ കയറ്റിവിട്ട ബസിലെ കണ്ടക്ടറുടെ നമ്പര്‍ രമേഷ് വാങ്ങി. ഹൈദരാബാദിലെത്തിയാല്‍ കാശ് കൊടുത്തോളാമെന്ന് വാക്ക് കൊടുത്തു. അങ്ങനെ ഒന്‍പതാം ക്ലാസുകാരി ദീപ്തി ആദ്യമായി തനിച്ച് ഹൈദരാബാദിലേയ്ക്ക് യാത്രയായി. അവള്‍ ഹൈദരാബാദില്‍ എത്തുംവരെ അമ്മ കണ്ടക്ടറെ വിളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതായിരുന്നു സ്വപ്‌നസഞ്ചാരത്തിലെ രണ്ടാം വഴിത്തിരിവ്.
ചെറിയ കുട്ടികളെ വളര്‍ത്തുന്നത് പോലെയായിരുന്നു ഹൈദരാബാദ് സായി സെന്ററിലെ പരിശീലനം. അധികം സംസാരിക്കാത്തതുകൊണ്ട് കാര്യങ്ങള്‍ പറഞ്ഞ് ഫലിപ്പിക്കുക എളുപ്പമായിരുന്നില്ല പരിശീലകര്‍ക്ക്. ദീപ്തിയുടെ മനസിലുളളത് വായിച്ചെടുക്കാനും അവര്‍ പാടുപെട്ടു. പറഞ്ഞതുകൊടുക്കുന്നത് മനസിലാവണമെങ്കില്‍ അവള്‍ ഒരുപാട് സമയമെടുത്തിരുന്നു. ഓടുന്നതും വ്യായാമം ചെയ്യുന്നതുമെല്ലാം കോച്ച് കാണിച്ചുകൊടുക്കണം. കുട്ടികളെ പോലെ അതൊക്കെ അവള്‍ അനുകരിക്കും. ചിലപ്പോള്‍ ചെയ്യേണ്ട കാര്യങ്ങളുടെ ചിത്രം വരച്ചുകൊടുക്കണം. സംസാരിക്കുകയോ പ്രതികരിക്കുകയോ ചെയ്യാത്തതുകൊണ്ട് പറയുന്നത് അവള്‍ക്ക് മനസിലാകുന്നുണ്ടോ എന്ന് പരിശീലകര്‍ പലപ്പോഴും തിരിച്ചറിഞ്ഞതുമില്ല. വിചിത്രമായൊരു പരിശീലനരീതിയായിരുന്നു അവളുടേത്. ഓടുമ്പോള്‍ പരിശീലകരും ട്രാക്കിന് പുറത്ത് ഒപ്പം ഓടും. എന്നിട്ട് ഓരോ നൂറ് മീറ്ററിലും വിസിലൂതും. അങ്ങനെയാണ് അവള്‍ ഓരോ ഘട്ടത്തിലും വേഗം ക്രമീകരിച്ചിരുന്നത്.

ഈ പരിശീലനക്കാലമായിരുന്നു അടുത്ത വഴിത്തിരിവ്. സായി കേന്ദ്രത്തിലെത്തിയ ബാഡ്മിന്റണ്‍ ടീം ദേശീയ കോച്ച് പുല്ലേല ഗോപിചന്ദ് ഒരിക്കല്‍ ദീപ്തിയെ കണ്ടു. അവളുടെ അസാധാരണ വേഗവും അസ്വാഭാവികമായ പ്രകൃതവും കണ്ട ഗോപിചന്ദ് രമേഷിനോട് കാര്യങ്ങള്‍ തിരക്കി. സെക്കന്ദരാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എംപവര്‍മെന്റ് ഓഫ് പേഴ്‌സണ്‍സ് വിത്ത് ഇന്റലക്ച്വല്‍ ഡിസെബിലിറ്റീസില്‍ പോയി 'മെന്റലി ഇംപയേഡ്' സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കാന്‍ ഉപേദേശിക്കുന്നത് ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍കൂടിയായ ഗോപിയാണ്. ഭുവനേശ്വറില്‍ നടന്ന നാഷണല്‍ പാരാ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത് ദീപ്തി ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റിന് യോഗ്യത നേടി. ദീപ്തിക്ക് അതങ്ങനെ രണ്ടാം ജന്മമായി. ഭുവനേശ്വറില്‍ നിന്ന് ദീപ്തി ഗോപിചന്ദ് കാട്ടിയ വഴിയേ മൊറോക്കോയില്‍ വേള്‍ഡ് പാരാ ഗ്രാന്‍ഡ്പ്രീയിലും ഓസ്‌ട്രേലിയയില്‍ പാരാ ഓഷ്യാനിയ-പെസഫിക് ഗെയിംസിലും പങ്കെടുത്തു. രണ്ടിലും 400 മീറ്ററില്‍ സ്വര്‍ണം നേടുകയും ചെയ്തു. ഭാരിച്ച ചെലവായിരുന്നു ഇതിനെല്ലാം. അതെല്ലാം ഗോപിചന്ദും മൈത്ര ഫൗണ്ടേഷനും വഹിച്ചു.
അതായിരുന്നു ലോക കായികവേദിയിലേയ്ക്കുള്ള ദീപ്തിയുടെ ലോഞ്ചിങ്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ ചൈനയിലെ ഹാങ്ചൗവില്‍ നടന്ന പാരാ ഏഷ്യന്‍ ഗെയിംസില്‍ 56.69 സെക്കന്‍ഡില്‍ ഓടി ഫിനിഷ് ചെയ്ത ദീപ്തി ഇന്ത്യയ്ക്കുവേണ്ടി സ്വര്‍ണം മാത്രമല്ല, പുതിയൊരു ഗെയിംസ് റെക്കോഡും സൃഷ്ടിച്ചു. വൈകല്യങ്ങളില്ലാത്തവരുടെ ഗെയിംസിലെ ഇന്ത്യയുടെ ചരിത്രം കുറിച്ച സെഞ്ചുറി നേട്ടത്തില്‍ ആ അത്ഭുതനേട്ടം മുങ്ങിപ്പോയെങ്കിലും അന്നാണ് അക്ഷരാര്‍ഥത്തില്‍ രാജ്യം ദീപ്തിയെ ശ്രദ്ധിച്ചുതുടങ്ങിയത്. ആ വേറിട്ട അതിജീവന കഥയറിഞ്ഞത്. സമ്മാനത്തുകയും പ്രോത്സാഹനത്തുകയുമൊക്കെയായി അന്ന് ലഭിച്ച നാല്‍പത്ത് ലക്ഷം രൂപ കൊണ്ട് കാറോ വസ്ത്രങ്ങളോ അല്ല. പണ്ട് തുച്ഛമായ വിലയ്ക്ക് വിറ്റ ഭൂമിയുടെ ഒരു ഭാഗം തിരിച്ചു വാങ്ങുകയായിരുന്നു. ഈ മണ്ണിൽ കൃഷി നടത്തിയാണ് ഇന്ന് യാദാഗിരിയും ധലക്ഷ്മിയും കുടുംബം പോറ്റുന്നത്. ദീപ്തിയുടെ ഇളയ സഹോദരിയെ പഠിപ്പിക്കുന്നതും ഈ വരുമാനം കൊണ്ടാണ്.
ഹാങ്ചൗ പാരാ ഏഷ്യന്‍ ഗെയിംസിലെ ഈ മെഡല്‍ നേട്ടത്തോടെയാണ് ദീപ്തിയെക്കുറിച്ചുള്ള നാട്ടുകാരുടെയും മനസിലെ ചിത്രം മാറിയത്. കണ്ണില്‍ ചോരയില്ലാതെ പരിഹസിച്ചവര്‍ തന്നെ ഹാങ്ചൗവില്‍ നിന്ന് മെഡലുമായി അവള്‍ വരുന്നത് കാത്തിരുന്നു. ഓട്ടം പഠിക്കാന്‍ കടംവാങ്ങിയ കാശുമായി ബസില്‍ പോയവള്‍ ലക്ഷങ്ങളുമായി കാറില്‍ വരുന്നതും നോക്കി അവര്‍ കൊട്ടുംകുരവയുമായി ഗ്രാമത്തില്‍ കാത്തിരുന്നു. അവള്‍ നാടിന്റെ അഭിമാനമാണെന്ന് വാഴ്ത്തി. അവള്‍ക്ക് വലിയ സ്വീകരണങ്ങള്‍ ഒരുക്കി. അവളെത്തേടി പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും സൂപ്പര്‍താരങ്ങളുടെയുമൊക്കെ ആശംസകള്‍ വന്നു. അവളെ കാണാന്‍, തല കുമ്പിട്ടു മാത്രം കയറാവുന്ന കൊച്ചു കുടിലിലേയ്ക്ക് ജില്ലാ കലക്ടറും മന്ത്രിമാരും എം.പിയും എം.എല്‍.എയുമൊക്കെ വന്നു. പഴയ അഭിശപ്ത ബാലിക രണ്ട് പതിറ്റാണ്ട് കൊണ്ട് ഗ്രാമത്തിലെ സെലിബ്രിറ്റിയായി മാറി.
ദീപ്തി രാജ്യത്തിന്റെ പ്രതീക്ഷകള്‍ കൈവിട്ടില്ല. അവളുടെ സ്വപ്നവേഗം ഹാങ്ചൗവിൽ ഒടുങ്ങിയില്ല. മാസങ്ങൾക്കുശേഷം ലോക പാരാ അത്ലറ്റിക്സിലും ഈ പ്രകടനം ദീപ്തി ആവർത്തിച്ചു. സ്വപ്‌നതുല്യമായിരുന്നു കോബിയിലെ പ്രകടനം. 400 മീറ്ററിന്റെ തുടക്കം മുതൽ തന്നെ മുതല്‍ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ട് ഉജ്വലമായ ലീഡ് നേടി സ്വര്‍ണം ഉറപ്പിച്ചിരുന്നു ദീപ്തി. എന്നാല്‍, അവസാന ഇരുപത്തിയഞ്ച് മീറ്ററില്‍ തുര്‍ക്കിയുടെ ഐസല്‍ ഓന്‍ഡര്‍ അത്ഭുതകരമായി ഓടി ഒപ്പമെത്തിയെങ്കിലും അപാരമായ അവസാനവട്ട കുതിപ്പിലൂടെ ദീപ്തി ഫിനിഷ് തൊട്ട് പൊന്നണിഞ്ഞു. ദീപ്തിയിലെ യഥാര്‍ഥ പോരാട്ടവീര്യം ലോകം നേരിൽ കണ്ട് കൈയടിക്കുകയും ചെയ്തു.
ഇനി ദീപ്തിയുടെ യാത്ര പാരിസിലേയ്ക്കാണ്. വലിയൊരു ചരിത്രം അവിടെ ഈ ഇരുപതുകാരിയെ കാത്തിരിപ്പുണ്ട്. കാലത്തോടുള്ള വലിയൊരു കണക്കുതീര്‍ക്കലിന്റെ കഥ കൂടി അവിടെ കണ്ണിലെണ്ണയൊഴിച്ചിരിപ്പുണ്ട്. നീരജ് ചോപ്രയ്ക്കും ഗുസ്തിക്കാര്‍ക്കും ബോക്‌സിങ്ങുകാര്‍ക്കുമൊക്കെ വേണ്ടി നമ്മള്‍ പ്രാര്‍ഥനകളില്‍ മുഴുകുമ്പോള്‍, ദീപ്തിയെപ്പോലുള്ളവരെ മറന്നുകൂടാ, മത്സരരംഗത്തെ ട്രാക്കിനേക്കാള്‍ വലിയ വെല്ലുവിളി ജീവിതത്തിലെ ട്രാക്കില്‍ മറികടന്നെത്തുന്നവരാണ് ഇവര്‍. ഇവര്‍ക്കുകൂടി കരുതിവയ്ക്കണം നമ്മള്‍ കുറച്ച് കൈയടികള്‍..
Content Highlights: deepthi jeevanji, para athletics, paralympics, athletics, world record, gold medal, olympics
Published: 21 May 2024, 12:15 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented