ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ ആദ്യ മലയാളി ആരാണെന്ന് ചോദിച്ചാൽ രണ്ടു പേരുകൾ പറയണം. ഫുട്‌ബോൾ താരങ്ങളായ തോമസ് മത്തായി വർഗീസ് എന്ന തിരുവല്ല പാപ്പനും പി.ബി.എ.സാലിയെന്ന കോട്ടയം സാലിയും. 1951-ൽ പ്രഥമ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ഫുട്‌ബോൾ ടീമിൽ രണ്ടു പേരും ഉണ്ടായിരുന്നു. രണ്ടുപേരും ജീവിച്ചിരിപ്പില്ല. പിന്നീട് 1958-ൽ ടോക്കിയോ ഏഷ്യൻ ഗെയിംസിൽ വോളിബോളിൽ ഇന്ത്യ വെങ്കലം നേടിയപ്പോൾ ടീമിൽ ടി.പി.പി.നായരും ഭരതൻ നായരും വടകര അബ്ദുൽ റഹ്‌മാനും ഉണ്ടായിരുന്നു. ഭരതൻ നായരും അബ്ദുൽ റഹ്‌മാനും ഇന്നില്ല. ടി.പി.പി.നായർ മുംബൈയിൽ മക്കളും കൊച്ചുമക്കളുമായി കഴിയുന്നു. ഭാര്യ മീനാക്ഷിക്കുട്ടി (ഓമന) ഏതാനും വർഷം മുമ്പ് അന്തരിച്ചു. പ്രദീപും പ്രമീളയുമാണ് മക്കൾ.

To advertise here,

ഏഷ്യൻ ഗെയിംസ് മെഡൽ നേടിയ മലയാളികളിൽ ഇന്ന് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും പ്രായമുള്ളയാൾ ടി.പി.പി.നായർ ആണ്. 1962-ൽ ജക്കാർത്തയിൽ ഇന്ത്യൻ വോളി ടീം വെള്ളി നേടിയപ്പോൾ ടി.പി.പി. ആയിരുന്നു നായകൻ. അങ്ങനെ ഏഷ്യാഡിൽ ഇരട്ട മെഡൽ നേട്ടം. ഒരു രാജ്യാന്തര ടൂർണമെന്റിൽ ഇന്ത്യൻ വോളി ടീം നായകനായ ആദ്യ മലയാളിയാണ് അദ്ദേഹം. ടി.ഡി.ജോസഫ് എന്ന പപ്പനും ടീമിൽ ഉണ്ടായിരുന്നു. പപ്പൻ അകാലത്തിൽ യാത്രയായി.

ഇന്ന് നഗോയയിൽ ഇന്ത്യൻ വോളി ടീം ക്വാർട്ടറിൽ ഏകപക്ഷീയമായി തോറ്റതിന്റെ നിരാശയിലാണ് ടി.പി.പി.നായർ. കണ്ണൂർ ചെറുകുന്ന് സ്വദേശി. എയർ ഫോഴ്‌സിൽ നിന്ന് 1960-ൽ റയിൽവേസിൽ എത്തി 1992 ൽ വിരമിച്ച ടി.പി.പി തന്റെ പ്രായം പറയില്ല. ജനിച്ച വർഷം 1934, കൂട്ടിയെടുത്തോളാൻ നിർദേശിച്ചു. അപ്പോൾ 92. അദ്ദേഹത്തെ 2015ൽ ധ്യാൻചന്ദ് ദേശീയ അവാർഡ് നൽകി രാജ്യം ആദരിച്ചിരുന്നു.

1962-ൽ സ്വർണം നേടിയ ഫുട്‌ബോൾ ടീമിൽ ഇരിഞ്ഞാലക്കുട സ്വദേശി ഒ.ചന്ദ്രശേഖർ അംഗമായിരുന്നു. ഒളിംപ്യൻ ചന്ദ്രശേഖറും വിട പറഞ്ഞു. പിന്നീട് 1970-ൽ ബാങ്കോക്കിലാണ് ഏഷ്യൻ ഗെയിംസ് പോഡിയത്തിൽ മലയാളി കയറിയത്. 4x 100 മീറ്റർ റിലേയിൽ വെങ്കലം നേടിയ ടീമിൽ തൃശൂർ പറവട്ടി കുര്യച്ചിറ സ്വദേശി ഒ.എൽ തോമസ് അംഗമായിരുന്നു. 100 മീറ്റർ ഓട്ടത്തിൽ ആറാമനായി. പക്ഷേ, ജീവിതത്തിലെ മികച്ച സമയം കുറിക്കാൻ സാധിച്ചു (10.5 സെ.). 'സിൻഡർ ട്രാക്കിലായിരുന്നു മത്സരം' ഒ.എൽ. തോമസ് ഓർക്കുന്നു.

എയർ ഫോഴ്‌സിലും (195472), ടാറ്റാ മോട്ടോഴ്‌സിലും (7275), ഇന്ത്യൻ അയൺ ആൻഡ് സ്റ്റീൽ കമ്പനിയിലും (19752006) ജോലി നോക്കിയ ഈ സ്പ്രിന്റർ രണ്ടു പതിറ്റാണ്ടായി ജന്മനാട്ടിലുണ്ട്. പ്രായം 80. ഭാര്യ റോസ്ലി. മകൻ ലൂയിസ് പുനെയിലാണ്. ഏഷ്യാഡ് മെഡൽ നേട്ടത്തിനുശേഷം ശ്രദ്ധേയ നേട്ടം 1979ൽ ഏഷ്യൻ അത്‌ലറ്റിക് ചാംപ്യൻഷിപ്പിലാണ്. അന്ന് തോമസ് ഉൾപ്പെട്ട ഇന്ത്യൻ ടീം 40.41 സെക്കൻഡിന്റെ ദേശീയ റെക്കോർഡ് സ്ഥാപിച്ചു.

ഏഷ്യൻ ഗെയിംസ് മെഡൽ നേടിയ മലയാളികളിൽ ഇന്നുള്ളവരിൽ പ്രായത്തിൽ രണ്ടാമൻ ഒ.എൽ.തോമസ് തന്നെ. ഇരുവർക്കും ഓർക്കാൻ ഒത്തിരി. കളിക്കളത്തിലെ മികവ് ഓർത്തെടുക്കുമ്പോൾ ഇരുവരും ചെറുപ്പമാകുന്നു. ആവേശം ഇരട്ടിക്കുന്നു.