
കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകാലത്ത് ഫുട്‌ബോള്‍ ക്ലബ്ബ് ബാഴ്‌സലോണയുടെ പരിശീലകരായിരുന്നവര്‍ ആരൊക്കെയെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? ലൂയി വാന്‍ഗാല്‍, ലോറെന്‍സോ സെറ ഫെറെര്‍, കാള്‍സ് റെക്സാച്ച്, അന്റോണിയോ ഡെലാക്രൂസ്, റഡോമിര്‍ ആന്റിക്, ഫ്രാങ്ക് റൈക്കാര്‍ഡ്, പെപ് ഗ്വാര്‍ഡിയോള, ടിറ്റോ വിലനോവ, ജെറാര്‍ഡോ മാര്‍ട്ടിനോ, ലൂയിസ് എൻറിക്വെ, ഏണസ്റ്റോ വാല്‍വെര്‍ദെ, ക്വിക്ക് സെറ്റിയന്‍, റൊണാള്‍ഡ് കോമാന്‍, സാവി ഹെര്‍ണാണ്ടസ് എന്നിങ്ങനെ പോകുന്നു ആ നിര. ഇതിലെ വലിയൊരു സാമ്യത ശ്രദ്ധിച്ചോ? ഇതില്‍ മിക്കയാളുകളും സ്പാനിഷുകാരോ ഡച്ചുകാരോ ആണ്. കളിക്കളത്തിലെ ഇവരുടെ തന്ത്രങ്ങള്‍ നോക്കിയാലും ആ സാമ്യം കാണാന്‍ സാധിക്കും. കുറിയ പാസുകളിലൂടെ കളംപിടിക്കുന്ന ടിക്കി ടാക്ക ശൈലിയുടെ വക്താക്കളായിരുന്നു ഇക്കൂട്ടത്തിലെ മിക്കയാളുകളും. ടീം ഫോര്‍മേഷനിലായാലും കളിയിലായാലും ഏകദേശം ഒരുപോലെയായിരുന്നു ഇവരുടെ തന്ത്രങ്ങള്‍. ഇവരില്‍ മിക്കയാളുകളും തന്നെ ബാഴ്സലോണയുടെ മുന്‍ താരങ്ങളുമായിരുന്നു. അതിനാല്‍ തന്നെ ക്ലബ്ബിന്റെ പാരമ്പര്യത്തിന് പ്രാധാന്യം കൊടുത്തിട്ടുള്ള കളിയൊരുക്കമായിരുന്നു മിക്കവരുടെയും. എന്നാല്‍ ജര്‍മനിയില്‍ നിന്ന് ഹാന്‍സി ഫ്ളിക്ക് എത്തിയതോടെ ആദ്യം പൊളിച്ചെഴുതിയത് ബാഴ്സലോണയുടെ ഈ പരമ്പര്യ ഫിലോസഫിയായിരുന്നു. പൊസഷന്‍ ഫുട്ബോളും ടിക്കി ടാക്കയും ടോട്ടല്‍ ഫുട്ബോളുമായിരുന്നു ബാഴ്സലോണ ക്ലബ്ബിന്റെയും കളിക്കാരുടെയും സിരകളില്‍ ഓടിയിരുന്നത്. ബാഴ്സയുടെ യൂത്ത് അക്കാദമിയായ ലാ മാസിയയിലെ പിള്ളേരെ കൊണ്ടുവന്ന് ബാഴ്സയുടെ ഈ പാരമ്പരത്തിലൂന്നിയുള്ള കളിയാണ് ഫ്ളിക്ക് ആദ്യം പൊളിച്ചത്. ബാഴ്സയിലെ ജര്‍മന്‍ വിപ്ലവം.
മൈതാനത്ത് എണ്ണയിട്ട യന്ത്രം കണക്കെ വിഹരിച്ചിരുന്ന മധ്യനിരക്കാരിലൂന്നിയുള്ള മുന്‍കാല തന്ത്രങ്ങളും, പന്തിന്‍മേലുള്ള പിടുത്തം വിടാതെ കുറിയ പാസുകളിലൂടെയുള്ള മുന്നേറ്റങ്ങളും കടന്ന് ബാഴ്സ നിര ഇന്ന് ലോങ് പാസുകളുടെയും കടുപ്പമേറിയ ഗെഗെന്‍ പ്രസ്സിങ്ങിന്റെയും ആധുനിക ഫുട്‌ബോള്‍ കാലത്തേക്ക് കടന്നിരിക്കുന്നു. 2020 ഓഗസ്റ്റ് 15-ന് ചാമ്പ്യന്‍സ് ലീഗില്‍ ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കിനോട് ബാഴ്സ തകര്‍ന്നടിഞ്ഞുപോയതും ഇതേ തന്ത്രത്തിനും ഇതേ തന്ത്രജ്ഞനും മുന്നിലായിരുന്നു. അന്ന് തങ്ങളെ കടിച്ച അതേ പാമ്പിനെ കൊണ്ടുതന്നെ ഇന്ന് ആ വിഷമിറക്കിക്കുകയാണ് ബാഴ്സ. ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം നല്‍കിയ അതേ ഹാന്‍സി ഫ്ളിക്ക് തന്നെയാണ് തകര്‍ന്നടിഞ്ഞുകിടന്ന ബാഴ്സ ക്ലബ്ബിന് ഇന്ന് സ്വപ്നസമാനമായ മുന്നേറ്റങ്ങള്‍ സമ്മാനിക്കുന്നതെന്നത് കാലത്തിന്റെ കാവ്യനീതിയാകാം.

സാവി ഹെര്‍ണാണ്ടസിന്റെ ബാഴ്സലോണയുടെ തന്ത്രങ്ങള്‍ നോക്കിയാല്‍, അദ്ദേഹം ബാഴ്സയുടെ സ്വതസിദ്ധമായ പാരമ്പര്യത്തിലൂന്നി തന്നെയാണ് കളിമെനഞ്ഞിരുന്നതെന്ന് കാണാം. പൊസഷന്‍ ഫുട്ബോള്‍ തന്നെയായിരുന്നു സാവിക്ക് മുഖ്യം. മാത്രമല്ല പ്രതിരോധവും മധ്യനിരയും മുന്നേറ്റവും അദ്ദേഹം വിന്യസിച്ചിരുന്നത് ഒരു കൃത്യമായ ആകൃതിയിലും ഘടനയിലുമായിരുന്നു. വീഡിയോ അനലിസ്റ്റുകള്‍ കളംവാഴുന്ന ഇക്കാലത്ത് അതുകൊണ്ടുതന്നെ എതിരാളികള്‍ക്ക് ബാഴ്സയുടെ കളിയും ഗെയിംപ്ലാനും മുന്‍കൂട്ടി പ്രവചിക്കാന്‍ സാധിച്ചിരുന്നു. കളിക്കാരും അവരുടെ കംഫര്‍ട്ട് സോണ്‍ ഭേദിച്ച് മാര്‍ക്കര്‍മാരെ ഞെട്ടിക്കാനും ഒരുക്കമല്ലായിരുന്നു. ഇതോടെ ബാഴ്സയുടെ കളിക്കെതിരായ തന്ത്രങ്ങള്‍ മെനയുന്നത് എതിരാളികള്‍ക്ക് എളുപ്പമായി മാറി. വിരസമായ ഈ കളി ഗോളവസരങ്ങള്‍ ഒരുക്കുന്നതിലും ബാഴ്സയെ പിന്നോട്ടടിച്ചു. പൊസഷന്‍ ഫുട്ബോള്‍ കളിക്കുന്നത് അതോടെ വെറുതെയായി. പന്ത് കാലിലുണ്ടാകും പക്ഷേ ഗോളുണ്ടാകില്ലെന്ന അവസ്ഥയിലായിരുന്നു ബാഴ്സ. എന്നാല്‍ ഫ്ളിക്ക് ഈ ബാഴ്സയിലേക്ക് ഒരു കുഞ്ഞ് ജര്‍മന്‍ ടച്ച് കൊണ്ടുവന്നു. കളിക്കാരെ ബാഴ്സയുടെ പാരമ്പര്യത്തിലൂന്നിയുള്ള കളിശൈലിയില്‍ നിന്ന് മോചിപ്പിക്കുകയാണ് അദ്ദേഹം ആദ്യം ചെയ്തത്. പകരം ടീം കെമിസ്ട്രിക്കും ഫുട്ബോള്‍ റിലേഷനിസത്തിനും പ്രാധാന്യം നല്‍കി. ഇതോടെ കളിക്കാര്‍ക്ക് തങ്ങളുടെ ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ച് മൈതാനത്ത് സ്വതന്ത്രമായി വിഹരിക്കാനും യുക്തിക്കനുസരിച്ച് സ്വയം മുന്നേറ്റങ്ങള്‍ നടപ്പാക്കാനും സാധിച്ചു.
ഫ്ളിക്കിലൂടെ കൈവന്ന ഈ പുതിയ ശൈലി ബാഴ്സയുടെയും കളിക്കാരുടെയും കളി ഫ്ളക്സിബിളാക്കി. അതോടെ ബാഴ്‌സ താരങ്ങളുടെ അപ്രതീക്ഷിത മുന്നേറ്റങ്ങള്‍ പ്രവചിക്കാനാകാതെ എതിരാളികള്‍ കുഴങ്ങി. ഗോളുകള്‍ സ്‌കോര്‍ ചെയ്യുന്നതിലായിരുന്നു ഫ്ളിക്കിന്റെ ഫോക്കസ്. പന്ത് ലഭിച്ചാല്‍ അത് എത്രയും പെട്ടെന്ന് ഫൈനല്‍ തേര്‍ഡില്‍ എത്തിക്കുന്നതിനാണ് അദ്ദേഹം പ്രാധാന്യം നല്‍കിയത്. ബാഴ്സയുടെ ടിക്കി ടാക്ക പാരമ്പര്യത്തില്‍ ക്ഷമയ്ക്കായിരുന്നു പ്രാധാന്യം. എതിരാളിക്ക് പന്ത് നല്‍കാതെ കുറിയ പാസുകളിലൂടെ മധ്യനിരയില്‍ കളി നിയന്ത്രിച്ച് എതിരാളികള്‍ പിഴവുവരുത്തുമ്പോള്‍ മാത്രം പതിയെ മുന്നേറി ഫൈനല്‍ തേര്‍ഡിലെത്തുന്നതായിരുന്നു മുമ്പത്തെ രീതി. ക്ലബ്ബിന്റെ മുന്‍ പരിശീലകരെല്ലാം സ്വീകരിച്ചത് ഇതേ വഴിയായിരുന്നു. എന്നാല്‍ ഗോളിലേക്കുള്ള ബില്‍ഡപ്പില്‍ എന്ത് റിസ്‌ക് വേണമെങ്കിലും എടുക്കാമെന്ന പ്രകൃതക്കാരനായിരുന്നു ഫ്ളിക്ക്. ഗോളിലേക്കുള്ള ഇത്തരം മുന്നേറ്റങ്ങളില്‍ കളിക്കാര്‍ തമ്മിലുള്ള അകലം പരമാവധി കുറച്ച് പതിയെ മുന്നേറുന്നതായിരുന്നു ബാഴ്സയുടെ പരമ്പരാഗത രീതി. ഇത് എതിരാളികള്‍ക്ക് മൈതാനത്തെ പ്രത്യേക ഏരിയ മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്ന തരത്തില്‍ പ്രതിരോധം എളുപ്പമാക്കിയിരുന്നു. എന്നാല്‍ ഫ്ളിക്ക് ഈ രീതിയും പൊളിച്ചെഴുതി.

ഗോളിലേക്കുള്ള ബാഴ്സയുടെ ഇപ്പോഴുള്ള മുന്നേറ്റങ്ങള്‍ ശ്രദ്ധിച്ചാലറിയാം മധ്യനിരയും മുന്നേറ്റനിരയും ആദ്യം തന്നെ മൈതാനത്തെ ഏറ്റവും അഡ്വാന്‍സ്ഡായിട്ടുള്ള പൊസിഷനിലായിരിക്കും. കളിക്കാര്‍ തമ്മില്‍ സാമാന്യം നല്ല അകലത്തിലുമായിരിക്കും. മൈതാനത്തിന്റെ വലുപ്പം പരമാവധി പ്രയോജനപ്പെടുത്തിയുള്ള മുന്നേറ്റ തന്ത്രമാണ് ഫ്ളിക്കിന്റേത്. എതിര്‍ ടീമിലെ മാര്‍ക്കര്‍മാരെ പരമാവധി അകലത്തിലാക്കാനും അതുവഴി മൈതാനത്ത് പരമാവധി സ്ഥലം (ഫ്രീ സ്പേസ്) ഉണ്ടാക്കാനും ടീമിന് ഇതിലൂടെ സാധിക്കുന്നു. എതിര്‍ ടീമിന് പ്രതിരോധിക്കാനുള്ള ഇടവും ഇതോടെ വർധിക്കും. വെറുതെ പന്ത് പാസ് ചെയ്യുന്നതിന് പകരം ഓരോ പാസിനും കൃത്യമായ ഉദ്ദേശം വേണമെന്നത് ഫ്ളിക്കിന് നിര്‍ബന്ധമാണ്.

സ്വന്തം ഹാഫില്‍ നിന്ന് വരുന്ന പാസിനായി അഞ്ചോ ആറോ താരങ്ങള്‍ എതിര്‍ ടീമിന്റെ ഹാഫില്‍ മുന്നേറാന്‍ നിലയുറപ്പിക്കുകയാണെങ്കില്‍ എതിര്‍ ടീമിന് ആ കളിക്കാരെ കൃത്യമായി മാര്‍ക്ക് ചെയ്യാന്‍ എളുപ്പമാണ്. കാരണം പന്ത് എവിടെ നിന്ന് വരുമെന്നത് അവര്‍ക്ക് പ്രവചിക്കാന്‍ സാധിക്കും. എന്നാല്‍ ഇവിടെയാണ് പരമ്പരാഗത ബാഴ്സയില്‍ നിന്ന് ഫ്ളിക്കിന്റെ ബാഴ്സ വ്യത്യസ്തരാകുന്നത്. യൂള്‍സ് കുണ്‍ഡെയും പാവു കുബാര്‍സിയും അലെയാന്‍ഡ്രോ ബാല്‍ഡെയും ഇനിഗോ മാര്‍ട്ടിനെസും റൊണാള്‍ഡ് അരാഹോയുമെല്ലാം തുടങ്ങിവെക്കുന്ന ഒരു മുന്നേറ്റത്തിന് പിന്നീട് ഒരു ലക്ഷ്യമുണ്ടാക്കേണ്ട ചുമതല വഹിക്കുന്നത് പെഡ്രിയാണ്. ഈ സമയം ലമിന്‍ യമാലും റോബര്‍ട്ട് ലെവന്‍ഡോസ്‌കിയും റഫീഞ്ഞ്യയും ഗാവിയും മാര്‍ക്ക് കസാഡോയും ഫ്രാങ്കി ഡിയോങ്ങും ഫെരാന്‍ ടോറസുമെല്ലാം എതിര്‍ ടീം ഹാഫില്‍ അല്‍പം അഡ്വാന്‍സ് ചെയ്ത് സ്വന്തം പൊസിഷനില്‍ നിന്ന് മാറി മാറി ഓടിക്കളിക്കുന്നത് കാണാം. ഇത് എതിര്‍ ടീം പ്രതിരോധത്തെ കുഴപ്പത്തിലാക്കും. ബാഴ്സ ഹാഫില്‍ നിന്ന് പെഡ്രി വഴി വരുന്ന പന്തിന്റെ മുന്നേറ്റം തടയണോ എതോ പൊസിഷന്‍ മാറിക്കളിക്കുന്ന താരങ്ങളെ മാര്‍ക്ക് ചെയ്യണോ എന്നുള്ള ആശയക്കുഴപ്പത്തിലാകും എതിര്‍ ടീം പ്രതിരോധം. ഇത് ബാഴ്സയുടെ ബോള്‍ കാരിയറിന് എതിര്‍ ഹാഫിലെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലം എളുപ്പം തിരിച്ചറിയാനുള്ള വഴിയൊരുക്കും. എന്നാല്‍ മാന്‍ മാര്‍ക്കിങ്ങില്‍ മികച്ചവരും മികച്ച ബാക്ക്ലൈനുമുള്ള എതിരാളികള്‍ക്കെതിരേ ഈ തന്ത്രം ഫലപ്രദമാകില്ലെന്ന് ഫ്ളിക്കിനറിയാം. അത്തരക്കാര്‍ക്കെതിരെ മറ്റൊരു തന്ത്രവും ബാഴ്സയ്ക്കുണ്ട്. ഒരു മുന്നേറ്റം തുടങ്ങുമ്പോള്‍ എതിര്‍ ഹാഫില്‍ ബാഴ്സ താരങ്ങളെ എതിര്‍ ടീം കൃത്യമായി മാര്‍ക്ക് ചെയ്യുകയാണെങ്കില്‍ പന്തുമായി വരുന്ന ബാഴ്സ താരം അത് പാസ് ചെയ്യാതെ സ്വന്തം കാലിലാക്കി മുന്നേറും. ഇതോടെ എതിര്‍ ടീമിന്റെ സെക്കന്‍ഡ് ലൈന്‍ ഡിഫന്‍സിന് ഒന്നുകില്‍ പന്തുമായി വരുന്ന താരത്തെ പ്രതിരോധിക്കേണ്ടിവരും. ഇതോടെ കടുത്ത മാര്‍ക്കിങ്ങില്‍ നിന്ന് ഒന്നോ രണ്ടോ ബാഴ്സ താരങ്ങള്‍ സ്വതന്ത്രരാകും. ഞൊടിയിടവില്‍ ഇവര്‍ എതിരാളികളുടെ ഓഫ്സൈഡ് കെണി പൊളിച്ച് പൊസിഷന്‍ ചെയ്യുകയും പന്ത് കൃത്യമായി അവരിലേക്കുതന്നെ എത്തുകയും ചെയ്യും. ഇനി പന്തുമായി മുന്നേറുന്ന ഈ ബാഴ്സ താരത്തെ പ്രതിരോധിക്കാന്‍ എതിര്‍ ടീം ശ്രമിച്ചില്ലെങ്കില്‍ അയാള്‍ക്ക് എളുപ്പത്തില്‍ എതിര്‍ ടീമിന്റെ ബാക്ക്ലൈന്‍ വരെയെത്താനും സാധിക്കും.

എന്നാല്‍ മികച്ച ഹൈലൈനും മികച്ച പ്രസ്സിങ് ഗെയിമും പുറത്തെടുക്കുന്ന ഒരു ടീമിനെതിരേ ഫ്‌ളിക്കിന്റെ ഈ കളിശൈലി ഫലം കാണില്ല. അത്തരമൊരു എതിരാളിക്കെതിരേ മുന്നേറ്റം അഡ്വാന്‍സ് ചെയ്ത് കളിക്കുന്നതും സെന്റര്‍ ബാക്ക് പന്തുമായി മുന്നേറുന്നതും ആത്മഹത്യാപരമാണ്. ഫ്‌ളിക്കിനും അതറിയാം. ഇതിനും ഒരു മറുതന്ത്രം അദ്ദേഹം ബാഴ്‌സയില്‍ നടപ്പാക്കിയിട്ടുണ്ട്. സെന്റര്‍ ബാക്കുകളെ പരസ്പരം അകറ്റി നിര്‍ത്തി സെന്റര്‍ മിഡ്ഫീല്‍ഡര്‍മരായ പിവിറ്റുകളെയും ഒരു ഫുള്‍ ബാക്കിനെയും അവരെ പിന്തുണയ്ക്കാനായി അണിനിരത്തുകയാണ് ഫ്‌ളിക്ക് ചെയ്യുന്നത്. ഇത് എതിര്‍ ടീമിന്റെ മുന്നേറ്റനിര ബാഴ്‌സയുടെ സെന്റര്‍ ബാക്കുകള്‍ക്കുമേല്‍ സൃഷ്ടിക്കുന്ന സമ്മര്‍ദം അകറ്റും. സെന്റര്‍ ബാക്കുകളായ കുബാര്‍സിക്കും അരാഹോയ്ക്കും ഇനിഗോ മാര്‍ട്ടിനസിയും പന്ത് അനായാസം പാസ് ചെയ്യാനാകും. ഇനി ഈ തന്ത്രത്തിന് മറ്റൊരു പ്രയോജനം കൂടിയുണ്ട്. ബാഴ്‌സയുടെ സെന്റര്‍ ബാക്കുകളെ സമ്മര്‍ദത്തിലാക്കാന്‍ എതിര്‍ ടീം മുന്നേറ്റനിര ശ്രമിക്കുമ്പോള്‍ എതിര്‍ ഹാഫില്‍ അതുവഴി ഫ്രീ സ്‌പേസ് രൂപപ്പെടും. പിവിറ്റുകളെ ഉപയോഗിച്ച് അതുവഴി അനായാസം ഒരു അപകടകരമായ മുന്നേറ്റം സൃഷ്ടിക്കാനും ടീമിന് സാധിക്കും. ഫ്‌ളിക്കിന്റെ ഗെയിം പ്ലാനില്‍ പെഡ്രി നിര്‍ണായക സാന്നിധ്യമാകുന്നതും ഈ പിവിറ്റ് രൂപത്തിലാണ്.
ഇനി ടീമിലെ മുന്നേറ്റത്തിലെ മറ്റു താരങ്ങളില്‍ നിന്നും വ്യത്യസ്തമായി ലമിന്‍ യമാലിന് ഫ്‌ളിക്ക് മറ്റൊരു ചുമതല കൂടി കൊടുത്തിട്ടുണ്ട്. മേല്‍പ്പറഞ്ഞ ബാഴ്‌സയുടെ തന്ത്രങ്ങളില്‍ പലതിലും മുന്നേറ്റനിരയിലെ താരങ്ങളായ റഫീഞ്ഞ്യയും റോബര്‍ട്ട് ലെവന്‍ഡോസ്‌കിയും ഡാനി ഓല്‍മോയും പെഡ്രിയും ഫെരാന്‍ ടോറസും ഗാവിയും ഫെര്‍മിന്‍ ലോപ്പസുമെല്ലാം ഇടയ്‌ക്കെങ്കിലും ഒരു സര്‍ക്കിളിനുള്ളിലെന്ന പോലെ നിലയുറപ്പിക്കാറുണ്ട്. എതിര്‍ ടീം പ്രസ് ചെയ്യുന്ന സമയത്താണ് മിക്കപ്പോഴും ഇങ്ങനെ ബാഴ്‌സ നിരയെ കാണാറ്. സെന്റര്‍ ബാക്കുകളില്‍ നിന്നും ഫുള്‍ ബാക്കുകളില്‍ നിന്നും പന്ത് സ്വീകരിക്കാനാണ് ഇത്തരമൊരു നീക്കം. എന്നാല്‍ എത്ര തന്നെ കടുത്ത പ്രസ്സിങ്ങാണെങ്കിലും യമാല്‍ ഇവരില്‍ നിന്നെല്ലാം വിട്ട് വലതുവിങ്ങില്‍ തന്നെ നിലയുറപ്പിക്കുന്നതായി കാണാം. യമാലിന്റെ കഴിവ് ഉപയോഗപ്പെടുത്തിയുള്ള ഫ്‌ളിക്കിന്റെ മറ്റൊരു പദ്ധതിയാണിത്. എതിര്‍ ടീം ബോക്‌സിനടത്ത് ബാഴ്‌സയ്ക്ക് അനുകൂലമായി ഫ്രീ കിക്കുകള്‍ ലഭിക്കുമ്പോള്‍ ഇനി യമാല്‍ എവിടെയാണ് നില്‍ക്കുന്നതെന്ന് ശ്രദ്ധിച്ചുനോക്കിക്കോളൂ. ആ ഫ്രീ കിക്ക് മുതലാക്കാന്‍ ബോക്‌സിനകത്ത് നിങ്ങള്‍ക്ക് യമാലിനെ കാണാനാകില്ല. മറിച്ച് ബോക്‌സിന് പുറത്ത് റീബൗണ്ട് (സെക്കന്‍ഡ് ബോള്‍) വരുന്ന പന്തില്‍ ഗോളവസരം സൃഷ്ടിക്കാനാണിത്. അസാധാരണമായ ഡ്രിബ്ലിങ് സ്‌കില്ലും ഷൂട്ടിങ് സ്‌കില്ലുമുള്ള യമാലിന് ഇത്തരത്തില്‍ റീബൗണ്ടായി വരുന്ന പന്തുകള്‍ വലയിലെത്തിക്കുന്നതില്‍ പ്രത്യേക മികവുണ്ട്. ഇക്കഴിഞ്ഞ യൂറോ കപ്പില്‍ സ്‌പെയ്‌നിനായി താരത്തിന്റെ ഇത്തരത്തിലുള്ള ഗോളുകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. താരത്തിന്റെ ഈ മികവില്‍ നിന്നാണ് ഫ്‌ളിക്ക് ഇത്തരത്തിലൊരു തന്ത്രം മെനഞ്ഞത്.

കൃത്യസമയത്ത് എതിര്‍ ടീമിന്റെ ഡിഫന്‍സീവ് ലൈന്‍ ഭേദിച്ചുള്ള പാസുകള്‍ ഒരുക്കാന്‍ പിവിറ്റുകളെയും (സെന്റര്‍ മിഡ്ഫീല്‍ഡര്‍മാര്‍) സെന്റര്‍ ബാക്കുകളെയും വലിയ തോതില്‍ ആശ്രയിക്കുന്നതാണ് ഫ്‌ളിക്കിന്റെ ഈ തന്ത്രങ്ങള്‍. അതിനാല്‍ തന്നെ വെറുതെ പ്രതിരോധത്തിലൂന്നി കളിക്കുന്ന ഡിഫന്‍ഡര്‍മാരേക്കാള്‍ മികച്ച പന്തടക്കവും പാസിങ് മികവുമുള്ള ഡീപ് ലൈയിങ് പ്ലേമേക്കര്‍മാര്‍ക്കാണ് ഫ്‌ളിക്കിന്റെ ടീമില്‍ പ്രാധാന്യം. ബയേണ്‍ മ്യൂണിക്കിന്റെ പരിശീലകനായിരിക്കേ തിയാഗോ അല്‍കാന്‍ട്രയേയും ജോഷ്വാ കിമ്മിച്ചിനെയും ഫ്‌ളിക്ക് ഇത്തരത്തില്‍ ഉപയോഗിച്ചിരുന്നു. മൈതാനത്തുള്ള ഫ്രീ സ്‌പേസ് കൃത്യമായി കണ്ടെത്തുന്നതിലും ഡയറക്ട് പാസ് നല്‍കുന്നതിലും പ്രത്യേക മികവുള്ളവരായിരുന്നു ഇരുവരും.
ടീമിലെ ഒമ്പതോളം പേര്‍ ഇത്തരത്തില്‍ ഒന്നിച്ച് മുന്നേറുമ്പോള്‍ അതില്‍ എതിര്‍ ടീമിന്റെ കൗണ്ടര്‍ അറ്റാക്ക് എന്ന ഭീഷണിയും ഒളിഞ്ഞിരിപ്പുണ്ട്. ഇത്തരം മുന്നേറ്റങ്ങള്‍ സ്വന്തം ഹാഫില്‍ സൃഷ്ടിക്കുക വലിയൊരു ഫ്രീ സ്‌പേസാണ്. പ്രതിരോധത്തില്‍ ഫോക്കസ് നഷ്ടപ്പെടാനും ഇതുവഴിയൊരുക്കും. ഒരു കൗണ്ടര്‍ അറ്റാക്ക് വന്നാല്‍ അത് പ്രതിരോധിക്കുക ബുദ്ധിമുട്ടാകും. ഇതിന് മറുമരുന്നായി ഫ്‌ളിക്ക് ജര്‍മന്‍ സ്റ്റൈല്‍ ഗെഗെന്‍ പ്രസ്സിങ് എന്ന കൗണ്ടര്‍ പ്രസ്സിങ് രീതിയാണ് ബാഴ്‌സയില്‍ നടപ്പാക്കിയത്. അതായത് മുന്നേറ്റത്തിനിടെ പന്തിന്റെ പൊസഷന്‍ നഷ്ടപ്പെട്ടാല്‍ കളിക്കാര്‍ അതിവേഗത്തില്‍ തങ്ങളുടെ മുഴുവന്‍ സ്റ്റാമിനയും പുറത്തെടുത്ത് പന്ത് തിരിച്ചെടുത്തിരിക്കണം. ഇത്തരത്തില്‍ പന്ത് തിരിച്ചെടുക്കും വരെ ഓരോ ബാഴ്‌സ താരവും ഈ പ്രക്രിയയില്‍ ഏര്‍പ്പെടും.
ഇത്തരത്തിലുള്ള ഫ്‌ളിക്കിന്റെ തന്ത്രങ്ങള്‍ക്ക് പെട്ടെന്ന് മൈതാനത്തിന്റെ വലിയ ഏരിയ കവര്‍ ചെയ്യാന്‍ സാധിക്കുന്ന കളിക്കാര്‍ വേണം. അതിനാല്‍ തന്നെ കളിക്കാര്‍ക്ക് മികച്ച സ്റ്റാമിനയും ആവശ്യമാണ്. മുന്നേറ്റവും പ്രതിരോധവും ഇത്തരത്തില്‍ കഠിനമാകുമ്പോള്‍ കളിക്കാര്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യതയും ഏറെയാണ്. അത് തടയുന്നതിനാണ് ഫ്‌ളിക്ക് കൃത്യമായി ടീമില്‍ റൊട്ടേഷന്‍ നടപ്പിലാക്കുന്നത്. വ്യത്യസ്ത താരങ്ങളെ ഉപയോഗപ്പെടുത്തി മൈതാനത്ത് ഇത്തരം തന്ത്രങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കുന്നു എന്നതുതന്നെയാണ് അദ്ദേഹത്തിന്റെ മികവ്.

സാവിക്കു ശേഷം 2024 മേയ് 29-ന് ബാഴ്സയുടെ പരിശീലക സ്ഥാനം ഏറ്റെടുത്തതിനു പിന്നാലെ ഹൈ പ്രസ്സിങ്ങിനും പെട്ടെന്നുള്ള ട്രാന്‍സിഷന്‍സിനും പ്രധാന്യം നല്‍കുന്ന 4-2-3-1 സിസ്റ്റം നടപ്പാക്കുകയാണ് ഫ്ളിക്ക് ചെയ്തത്. 2024 ഓഗസ്റ്റ് 18-ന് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് വലന്‍സിയയെ കീഴടക്കി ഫ്ളിക്കിന്റെ പുതിയ ബാഴ്സ സീസണ്‍ തുടങ്ങി. തുടര്‍ന്ന് അത്ലറ്റിക് ക്ലബ്ബ് (2-1), റയോ വല്ലെകാനോ (2-1) എന്നിവരെയും കീഴടക്കി മുന്നേറ്റം. എന്നാല്‍ വയ്യാഡോളിഡിനെതിരായ നാലാം മത്സരത്തിലാണ് ഫ്ളിക്കിന്റെ ബാഴ്സയുടെ മാറിയ മുഖം ഫുട്ബോള്‍ ലോകം കണ്ടത്. റഫീഞ്ഞ്യ ഹാട്രിക്ക് നേടിയ മത്സരത്തില്‍ എതിരില്ലാത്ത ഏഴു ഗോളുകള്‍ക്കാണ് ബാഴ്സ അന്ന് ജയിച്ചുകയറിയത്. തൊട്ടടുത്ത മത്സരത്തില്‍ ജിറോണയെ 4-1നും തകര്‍ത്തു. പക്ഷേ പിന്നീട് ചാമ്പ്യന്‍സ് ലീഗില്‍ മൊണാക്കോയോട് തോറ്റു (1-2). എന്നാല്‍, വിയ്യാറയലിനെ 5-1ന് തകര്‍ത്ത് തിരിച്ചുവന്നു. തുടര്‍ന്ന് ഗെറ്റഫെയേയും കീഴടക്കിയെങ്കിലും അടുത്ത മത്സരത്തില്‍ ഒസാസുനയോട് 4-2ന് തോറ്റത് ക്ഷീണമായി. ഈ തോല്‍വികളെല്ലാം തന്നെ പക്ഷേ ടീമിന് ഉപകാരമാകുകയാണ് ചെയ്തത്. സീസണില്‍ വലിയ ടീമുകളില്‍ നിന്നുള്ള വെല്ലുവിളിക്ക് മുമ്പുതന്നെ തന്റെ ടീമിലെയും പുതിയ തന്ത്രങ്ങളിലെയും പ്രശ്നങ്ങള്‍ മനസിലാക്കാന്‍ ഈ തോല്‍വികള്‍ ഫ്ളിക്കിനെ സഹായിച്ചു.
എന്നാല്‍ 2024 ഒക്ടോബര്‍ മാസം ബാഴ്സയുടെ സമീപകാല ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സമയമായിരുന്നു. ഒക്ടോബര്‍ രണ്ടാം തീയതി ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ യങ് ബോയ്സിനെ 5-0നാണ് ബാഴ്സ തകര്‍ത്തത്. പിന്നാലെ ആറാം തീയതി ലാ ലിഗയില്‍ അലാവസിനെ എതിരില്ലാത്ത മൂന്നു ഗോളിന് തകര്‍ത്തു. പിന്നാലെ സെവിയ്യയ്ക്കെതിരേ 5-1ന്റെ ജയം. എന്നാല്‍ ഒക്ടോബര്‍ 24-ാം തീയതി ചാമ്പ്യന്‍സ് ലീഗില്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിനെ 4-1ന് തകര്‍ത്തതോടെ ഫ്ളിക്കിന്റെ ബാഴ്സ ചില്ലറക്കാരല്ലെന്ന് ഫുട്ബോള്‍ ലോകം മനസിലാക്കി. റഫീഞ്ഞ്യ വീണ്ടും ഹാട്രിക്കുമായി തിളങ്ങിയ മത്സരത്തില്‍ 39 ശതമാനം സമയം മാത്രമാണ് ബാഴ്സ പന്ത് കൈവശം വെച്ചത്. പന്തടക്കത്തിലല്ല ഗോളടിക്കുന്നതിലാണ് കാര്യമെന്ന് ഫ്ളിക്ക് തന്റെ മുന്‍ ക്ലബ്ബിനെതിരേ തന്നെ തെളിയിച്ചു. തന്റെ മുന്‍ ക്ലബ്ബിനെതിരേ ഒരു ഗോള്‍ സ്‌കോര്‍ ചെയ്ത് റോബര്‍ട്ട് ലെവന്‍ഡോസ്‌കിയും ബാഴ്സയുടെ വിജയത്തില്‍ പങ്കാളിയായി. മൂന്നു വര്‍ഷം മുമ്പ് ബയേണില്‍ നിന്നേറ്റ നാണംകെട്ട തോല്‍വിയില്‍ തലതാഴ്ത്തിനടന്നിരുന്ന ബാഴ്സ ആരാധകര്‍ ഫ്ളിക്കിനെയും ഫ്ളിക്കിന്റെ പുതിയ ബാഴ്സപ്പടയേയും നെഞ്ചോടു ചേര്‍ത്തു. ലോകമെമ്പാടുമുള്ള ബാഴ്സ ആരാധകരുടെ വാട്ട്സ് ആപ്പ് സ്റ്റാറ്റസുകളിലും ഇന്‍സ്റ്റഗ്രാം സ്റ്റോറികളിലും ബാഴ്സ താരങ്ങള്‍ നിറഞ്ഞു.

എന്നാല്‍ സീസണിലെ ബാഴ്സ മാജിക് അവിടംകൊണ്ടും തീര്‍ന്നില്ല. തൊട്ടടുത്ത മത്സരം സീസണില്‍ എല്ലാവരും കാത്തിരുന്ന ആദ്യ എല്‍ ക്ലാസിക്കോ ആയിരുന്നു. റയല്‍ മാഡ്രിഡിന്റെ സ്വന്തം മൈതാനമായ സാന്തിയാഗോ ബെര്‍ണബ്യുവില്‍ നടന്ന ആ പോരാട്ടം അക്ഷരാര്‍ഥത്തില്‍ ലോകമെമ്പാടുമുള്ള ബാഴ്സ ആരാധകര്‍ക്ക് വിരുന്നായിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിയില്‍ കിലിയന്‍ എംബാപ്പെയെ അടക്കം ഓഫ്സൈഡ് കെണിയില്‍ പിടിച്ചുനിര്‍ത്തിയ ഫ്ളിക്കിന്റെ ബാഴ്സ, രണ്ടാം പകുതിയില്‍ റയലിന്റെ വലയിലാക്കിയത് എണ്ണംപറഞ്ഞ നാലു ഗോളുകളായിരുന്നു. കളിയില്‍ എട്ടു തവണയാണ് എംബാപ്പെ, ബാഴ്സയുടെ ഓഫ്സൈഡ് ട്രാപ്പില്‍ കുടുങ്ങിയത്. കാര്‍ലോ ആന്‍സലോട്ടിയും സംഘവും ഈ ബാഴ്സയ്ക്കു മുന്നില്‍ മറുപടിയില്ലാതെ കുഴഞ്ഞു. പിന്നീട് എസ്പാന്യോള്‍ (3-1), ചാമ്പ്യന്‍സ് ലീഗില്‍ സെര്‍വെന സ്വേസ്ദ (5-2), ബ്രെസ്റ്റ് (3-0), മയ്യോര്‍ക്ക (5-1), കോപ്പ ഡെല്‍ റേയില്‍ ബാര്‍ബസ്ട്രോ (4-0) എന്നിവര്‍ക്കെല്ലാമെതിരേയും തകര്‍പ്പന്‍ ജയംനേടി ബാഴ്സയുടെ യുവനിര കരുത്തുകാട്ടി.

2025 ജനുവരി 13-ാം തീയതി മറ്റൊരു എല്‍ ക്ലാസിക്കോയ്ക്കും അരങ്ങൊരുങ്ങി. സൗദിയിലെ കിങ് അബ്ദുള്ള സ്പോര്‍ട്സ് സിറ്റിയില്‍ നടന്ന സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍ ചിരവൈരികളായ റയലിനെ അക്ഷരാര്‍ഥത്തില്‍ തകര്‍ത്തുകളയുകയായിരുന്നു ബാഴ്സ. കഴിഞ്ഞ എല്‍ ക്ലാസിക്കോയിലെ തോല്‍വിക്ക് പകരംവീട്ടാനിറങ്ങിയ റയല്‍, അഞ്ചാം മിനിറ്റില്‍ തന്നെ എംബാപ്പെയിലൂടെ മുന്നിലെത്തി. എന്നാല്‍ പിന്നീട് ഫുട്ബോള്‍ ലോകം കണ്ടത് ബാഴ്സയുടെ കടന്നാക്രമണമായിരുന്നു. ആദ്യ പകുതിയില്‍ എണ്ണം പറഞ്ഞ അഞ്ചു ഗോളുകള്‍ റയലിന്റെ വലയിലേക്ക് അടിച്ചുകയറ്റിയ ബാഴ്സ, റയലിന് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോല്‍വി സമ്മാനിക്കുമെന്ന തോന്നലുയര്‍ന്നു. എന്നാല്‍ മത്സരത്തിന്റെ 56-ാം മിനിറ്റില്‍ ഗോള്‍കീപ്പര്‍ വോയ്സെച് ഷെസ്നി ഫൗളിനെ തുടര്‍ന്ന് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെയാണ് ബാഴ്സയുടെ ആക്രമണത്തിന് മൂര്‍ച്ച കുറഞ്ഞത്. 10 പേരായി ചുരുങ്ങിയ ബാഴ്സയ്ക്കെതിരേ രണ്ടാം പകുതിയില്‍ റയലിനെ പോലൊരു ടീമിന് നേടാനായത് ഒരേയൊരു ഗോള്‍മാത്രമാണ് എന്നറിയുമ്പോഴാണ് ആ ടീമിന്റെ പ്രതിരോധത്തിന്റെ യഥാര്‍ഥ കരുത്തും മനസിലാകുന്നത്.
പിന്നീട് വലന്‍സിയയെ ഏഴു ഗോളിന് തകര്‍ക്കുന്ന ബാഴ്സയേയും ബെന്‍ഫിക്കയ്ക്കെതിരായ ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ ഒരു ഘട്ടത്തില്‍ 4-2ന് പിന്നിലായ ശേഷം തിരിച്ചടിച്ച് 5-4ന് ജയിച്ചുകയറിയ ബാഴ്സ കരുത്തും ഫുട്ബോള്‍ ലോകം കണ്ടു. എല്ലാ തരത്തിലും പ്രതികൂലമായിരുന്ന ആ മത്സരം കടുത്ത പോരാട്ടംകൊണ്ടാണ് ബാഴ്‌സ വെട്ടിപ്പിടിച്ചത്.

തനിക്ക് ലഭിച്ച ബാഴ്സയിലെ യുവതാരങ്ങളുടെ ശാരീരികവും മാനസികവുമായ കരുത്ത് വര്‍ധിപ്പിക്കുകയാണ് ഫ്ളിക്ക് ആദ്യം ചെയ്തത്. അദ്ദേഹത്തിന്റെ പരിശീലന സെഷനുകളിലും ഈ മാറ്റം കാണാനാകും. ബാഴ്സയുടെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നതിനു മുമ്പുതന്നെ ക്ലബ്ബിന്റെയും താരങ്ങളുടെയും ദൗര്‍ബല്യം ഫ്ളിക്ക് മനസിലാക്കിയിരുന്നു. ബാഴ്സയിലെയും ലാ മാസിയയിലെയും കളിക്കാര്‍ ശാരീരിക ബലത്തിന്റെ കാര്യത്തില്‍ അല്‍പം പിന്നിലാണ്. ഫ്ളിക്കിനാകട്ടെ തന്റെ കടുപ്പമേറിയ അതിവേഗ മുന്നേറ്റങ്ങള്‍ക്കും ഗെഗന്‍ പ്രസ്സിങ്ങിനും (കൗണ്ടര്‍ പ്രസ്സിങ്) കരുത്തുറ്റ താരങ്ങളെ ആവശ്യമുണ്ട്. അതിനായി ഫ്ളിക്ക് താരങ്ങളുടെ ഫിറ്റ്നസ് ഘടനയില്‍ തന്നെ മാറ്റംവരുത്തി. രാവിലെയും വൈകീട്ടും അതികഠിനമായ ഫിറ്റ്നസ് സെഷനിലാണ് ബാഴ്സ താരങ്ങള്‍ പങ്കെടുക്കുന്നത്. കരുത്തും സ്റ്റാമിനയും തന്ത്രപരമായ അവബോധവും ഉണ്ടാക്കിയെടുക്കുന്നതിലാണ് ഫ്ളിക്ക് പ്രാധാന്യം നല്‍കുന്നത്. താരങ്ങളുടെ ഫിറ്റ്നസിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധകൊടുക്കാന്‍ പ്രശസ്ത ഫിറ്റ്നസ് പരിശീലകന്‍ ജൂലിയോ ടോസിനെയാണ് ഫ്ളിക്ക് ക്ലബ്ബിലെത്തിച്ചത്. കളിക്കാരും ഇതിനോട് പൂര്‍ണമായും സഹകരിച്ചതോടെ ബാഴ്സയിലെ ഫ്ളിക്കിന്റെ പിള്ളേര്‍ അതിവേഗക്കാരും കരുത്തരുമായി മാറി. 90 മിനിറ്റിനു ശേഷവും കരുത്തോടെ മൈതാനത്തുണ്ടായിരുന്ന റഫീഞ്ഞ്യ, ബെന്‍ഫിക്കയ്‌ക്കെതിരായ മത്സരത്തില്‍ നേടിയ ഗോളിനു പിന്നിലും അയാളുടെ ഫിറ്റ്‌നസ് മികവുണ്ടായിരുന്നു. സാമ്പത്തിക പ്രശ്നങ്ങളില്‍ പെട്ട് വലഞ്ഞ് പുതിയ താരങ്ങളെ ക്ലബ്ബില്‍ എത്തിക്കാന്‍ സാധിക്കാത്ത ബാഴ്സയെയാണ് ഫ്ളിക്ക് ഇത്തരത്തില്‍ മാറ്റിയെടുത്തതെന്നോര്‍ക്കണം.

റയലടക്കമുള്ള വമ്പന്‍ ക്ലബ്ബുകള്‍ ലോകോത്തര സൈനിങ് നടത്തി വമ്പന്‍ സ്‌ക്വാഡിനെ കെട്ടിപ്പടുക്കുമ്പോള്‍ ഫ്‌ളിക്ക് ലാ മാസിയയില്‍ നിന്നുള്ള യുവരക്തങ്ങളെ കൊണ്ടുവന്നാണ് ബാഴ്‌സയില്‍ വിപ്ലവം നടത്തുന്നത്. അതും ടീമിലെ മിക്ക താരങ്ങളും 18 വയസിനും 21 വയസിനും ഇടയില്‍ പ്രായമുള്ളവരാണെന്ന് അറിയുമ്പോഴാണ് ഫ്‌ളിക്കിലെ തന്ത്രജ്ഞന്റെ മികവും ലാ മാസിയ അക്കാദമിയുടെ കരുത്തും ലോകത്തിന് മനസിലാകുന്നത്. ലമിന്‍ യമാലും പെഡ്രിയും ഗാവിയും പാവു കുബാര്‍സിയും മാര്‍ക്ക് കസാഡോയും അലെയാന്‍ഡ്രോ ബാല്‍ഡെയും ഫെര്‍മിന്‍ ലോപ്പസുമെല്ലാം ഇത്തരത്തില്‍ ബാഴ്‌സയുടെ യൂത്ത് അക്കാദമിയില്‍ നിന്ന് ഫസ്റ്റ് സ്‌ക്വാഡിലേക്ക് എത്തിപ്പെട്ടവരാണ്.
അതെ ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ഘട്ടം പോലും കടക്കാനാകാതെ പുറത്തായ സാഹചര്യത്തില്‍ നിന്ന് ഇന്ന് പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായി ബാഴ്‌സ അവസാന 16-ല്‍ ഇടംനേടിയിരിക്കുന്നു. ലാ ലിഗയില്‍ ഗോള്‍ വ്യത്യാസത്തിലാണെങ്കില്‍ പോലും റയലിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നു. ലയണല്‍ മെസ്സിയും നെയ്മറും സാവിയും ഇനിയെസ്റ്റയും ബുസ്‌ക്വെറ്റ്‌സും പ്യുയോളും മഷെരാനോയുമെല്ലാം നിറഞ്ഞ ആ പഴയ ബാഴ്‌സയെ തങ്ങള്‍ക്കു തിരിച്ചുകിട്ടിയെന്ന് ചിലരെങ്കിലും കരുതുന്നുണ്ട്. ആരാധകരും ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവരും കാത്തിരിക്കുകയാണ് ഈ ബാഴ്‌സലോണ ഇനിയും മൈതാനങ്ങള്‍ കീഴടക്കുന്നതു കാണാന്‍.
Content Highlights: Hansi Flick`s transformative impact on FC Barcelona`s tactics, shifting from Tiki-Taka to a high-pre
Published: 22 Feb 2025, 12:30 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented