ലിയോ ഇല്ലാത്ത ലോകത്ത് നമ്മൾ ആർക്കുവേണ്ടിയാണ് ഇനി ലോകകപ്പ് കാലത്ത് കാത്തിരിക്കേണ്ടത്.

മാഞ്ഞുപോയൊരു ശീതളച്ഛയായിരുന്നു ലയണൽ മെസ്സിക്ക് അച്ഛൻ ഹോർഹെ. വെയിൽവഴിയിൽ കരുതലിന്റെ ആ തണൽ എന്നെന്നേക്കുമായി മാഞ്ഞുപോയതോടെ ശരിക്കും അനാഥത്വത്തിന്റെ പെരുവഴിയിലേയ്ക്ക് വലിച്ചെറിയപ്പെട്ടതുപോലെയായിരുന്നു ലിയോ. മുപ്പത്തിയൊൻപതാം വയസ്സിലും അയാൾ അച്ഛനെ ഓർത്ത് ഒരു കുഞ്ഞിനെപ്പോലെ കണ്ണീരൊഴുക്കുന്നത് നമ്മൾ കണ്ടു. മെറ്റ്‌ലൈഫിലെയും കാൻസാസ് സിറ്റിയിലെയും ആർക്ക്‌ലൈറ്റിന്റെ വെട്ടത്തിൽ മൈതാനമധ്യത്തിൽ നിന്നയാൾ വിതുമ്പുന്നതും നമ്മളറിഞ്ഞു. അച്ഛന്റെ മരണം അയാളെ അത്രമേൽ അടിമുടി ഉലച്ചുകളഞ്ഞിരുന്നു. ഒരുപക്ഷേ, അച്ഛൻ ഹോർഹെ ഉയിരോടെയുണ്ടായിരുന്നെങ്കിൽ ഇന്ന് ലോകത്തെ ഞെട്ടിച്ച ആ വിരമിക്കൽ പ്രഖ്യാപനം ഉണ്ടാകുമായിരുന്നില്ല. രണ്ട് വർഷത്തിനപ്പുറമുള്ള കോപ്പ അമേരിക്കയിൽ നാൽപത്തിയൊന്നുകാരനായ മെസ്സിയുടെ മാജിക്ക് നമ്മൾ ഒരിക്കൽക്കൂടി കാണുമായിരുന്നു. നാലു വർഷത്തിനപ്പുറമുള്ള ലോകകപ്പിൽ, നാൽപത്തിമൂന്നാം വയസ്സിൽ അയാളുടെ മാന്ത്രിക ഗോളുകളും കണ്ട് കൈയടിക്കുമായിരുന്നു. ആ മരണമാണ് നമ്മൾ കിനാവ് കൊളുത്തിവെച്ച, ഉയിരിനോട് ചേർത്തുവെച്ച നീലവരയൻ കുപ്പായത്തിലെ സമാനതകളില്ലാത്ത ആ കരിയറിന് അവസാനവിസിലൂതിയത്.
പ്രതിഭയുടെ ഉറവ വറ്റിക്കഴിഞ്ഞിട്ടില്ല മെസ്സിയിൽ. കാൽപന്തുകളിയുടെ കാലം ഇയിയുമെത്രയോ ബാക്കിയുണ്ട് അയാളിൽ. കുമ്മായവരകൾക്കുള്ളിൽ, പച്ചപ്പുൽത്തകിടിയിൽ നമ്മളത് ഇന്നും കണ്ടുകൊണ്ടിരിക്കുന്നു. പ്രായം പണ്ടേക്കു പണ്ടേ അയാൾക്ക് മുന്നിൽ തോറ്റുമടങ്ങിക്കഴിഞ്ഞതാണ്. അയാൾ തോറ്റുപോയത് കാലത്തിന് മുന്നിലല്ല. ഗ്രൗണ്ടിലെ കടുത്ത ടാക്ലിങ്ങുകൾക്ക് മുന്നിലുമല്ല. അത് അച്ഛൻ എന്നൊരൊറ്റ വികാരബിന്ദുവിന് മുന്നിൽ മാത്രമാണ്. ഗോൾദാഹമോ കിരീടമോഹങ്ങളോ അല്ല, അച്ഛൻ എന്ന ഊർജസ്രോതസ്സാണ് മെസ്സിയെന്ന പ്രതിഭാസത്തിന്റെ ജീവനാഡി. ഹോർഹെ മെസ്സി എന്ന ഒരൊറ്റ നാളത്തിൽ നിന്നാണ് ഈ ഐതിഹാസികജീവിതം ജ്വലിച്ചുകത്തിയത്. അത് എന്നെന്നേക്കുമായി അണഞ്ഞതോടെയാണ് ലിയോ അക്ഷരാർഥത്തിൽ തളർന്നുപോയത്. കളത്തിലും പുറത്തും ആദ്യമായി തോൽവി സമ്മതിച്ചത്. വികാരനിർഭരമായ കുറിപ്പിട്ട് നീലവരയൻ കുപ്പായത്തോട് വിട പറഞ്ഞത്. അർജന്റീനയുടെ കോടിക്കണക്കിന് വരുന്ന ആരാധകരെ നൈരാശ്യത്തിന്റെ പടുകുഴിയിലാക്കി അന്താരാഷ്ട്ര കരിയറിൽ അവസാന കിക്കെടുത്തത്.
ലയണൽ മെസ്സി എന്ന റൊസാരിയോയിലെ ബാലനിൽ നിന്ന് ഇന്നു കാണുന്ന ഫുട്‌ബോൾ ഇതിഹാസത്തിലേയ്ക്കുളള വളർച്ചയുടെ കഥ തുടങ്ങുന്നതും ഹോർഹെ മെസ്സി എന്ന ഈ അച്ഛനിൽ നിന്നായിരുന്നു. ജനഹൃദയങ്ങളിലേയ്ക്ക് അയാൾ പിന്നീട് വളർന്നുപന്തലിക്കുന്നത് ഈ അച്ഛനിലൂടെയാണ്. കാൽപന്ത് കൊണ്ട് ഇന്ദ്രജാലം കാട്ടുന്ന മെസ്സി എന്ന മഹാകാവ്യം പൂർണമാവണമെങ്കിൽ ആ ജീവിതം, ഹോർഹെ മെസ്സി എന്ന ഈ അച്ഛന്റെ കണ്ണിലൂടെ വേണം വായിക്കാൻ.
ഹോർഹെ, ലയണൽ മെസ്സിക്ക് അച്ഛൻ മാത്രമായിരുന്നില്ല. വളർച്ചാ ഹോർമോണിന്റെ കുറവ് മൂലം ജീവിതവഴിയിൽ വിളറിനിന്ന ലിയോ എന്ന റൊസാരിയോയിലെ ബാലന്റെ ജീവിതം അടിമുടി മാറിമറിഞ്ഞിട്ടുണ്ടങ്കിൽ, കാലം ആ ജീവിതം കമ്പോടുകമ്പ് മാറ്റിയെഴുതിയിട്ടുണ്ടെങ്കിൽ, അതിന്റെ ബഹുമതിയത്രയും മകന്റെ പ്രതിഭയ്ക്കുവേണ്ടി സ്വജീവിതമത്രയും മാറ്റിവെച്ച ആ അച്ഛനുള്ളതാണ്. ഗ്രാൻഡോളിയിൽ നിന്നോ ന്യൂവെൽസ് ഓൾഡ് ബോയ്‌സിൽ നിന്നോ ലാ മാസിയയിൽ നിന്നോ അല്ല, ആ ജീവിതത്തിൽ നിന്നാണ് ലിയോയുടെ കഥ ആരംഭിക്കുന്നത്. അത് വളർന്ന് ലോകം മുഴുവൻ ഇതിഹാസതുല്ല്യമായി പടർന്നുപന്തലിച്ചുനിൽക്കുന്നത്.
ഒരു ഭാഗത്ത് വളർച്ചാ ഹോർമോണിന്റെ കുറവ്. മറുഭാഗത്ത് അതുല്ല്യമായ പ്രതിഭ. ഈ രണ്ട് ലോകങ്ങൾക്കിടയിൽപ്പെട്ട് പകച്ചുപോയതായിരുന്നു, റൊസാരിയോയിലെ ലിയോയുടെ ബാല്യം. ഉയരവും തണ്ടും തടിയുമില്ലാത്ത ബാലനെ കൂടെകൂട്ടാൻ ടീമുകൾ തയ്യാറാവാതിരുന്ന കാലമായിരുന്നു ഇത്. ചികിത്സയ്ക്ക് ലക്ഷങ്ങൾ വേണം. അച്ഛനും മകനും ഒരുപോലെ തളർന്നിരുന്നുപോയ കാലം.
അവിടെ നിന്നാണ് ന്യൂവെൽസ് ഓൾ ബോയ്‌സിന്റെ അക്കാദമി വിട്ട്
ബാഴ്‌സയുടെ പുകൾപെറ്റ ലാ മാസിയ അക്കാദമിയിലേയ്ക്കുള്ള അവരുടെ രണ്ടുംകൽപിച്ചുള്ള യാത്ര ആരംഭിക്കുന്നത്. എളുപ്പമായിരുന്നില്ല തുടക്കകാലം. രണ്ട് ധ്രുവങ്ങളിലുള്ള രണ്ട് ലോകങ്ങളുണ്ടായിരുന്നു അവർക്ക് മുന്നിൽ. ഒറ്റവരിയിൽ ഉത്തരമില്ലാതിരുന്ന രണ്ട് ചോദ്യങ്ങളും. സ്‌പെയിനോ അർജന്റീനയോ.ഇതിൽ ഏത് ലോകം തിരഞ്ഞെടുക്കണമെന്ന ദശാസന്ധിയിൽ കാറ്റലൻകുന്നുകളെ സാക്ഷിയാക്കി ഹോർഹെ ഒരു ദിവസം മകനോട് തന്നെ ആ ചോദ്യം ചോദിച്ചു: 'നാട്ടിലേയ്ക്ക് മടങ്ങണോ അതോ സ്‌പെയിനിൽ തന്നെ നിന്ന് ഭാഗ്യപരീക്ഷണം തുടരണോ.?' സ്‌പെയിൻ മതിയെന്ന, തളർന്നു തുടങ്ങിയ മകന്റെ കരളുറപ്പുള്ള തീരുമാനത്തിൽ അന്നയാൾ ആദ്യമായി കൈയൊപ്പിട്ടു. പുതിയ രാജ്യം, പുതിയ സംസ്‌കാരം, പുതിയ ജീവിതം... അടിമുടി മാറിയ ലോകത്ത് മകന് ചുവടുപിഴയ്ക്കാതിരിക്കാൻ തണലായി ഹോർഹെ സദാ നിലകൊണ്ടു. അവർ അർജന്റീനയും റൊസാരിയോയും ഉപേക്ഷിച്ച് സ്‌പെയിനിലേയ്ക്ക് ചേക്കേറി. അതിനുവേണ്ടി സ്റ്റീൽ കമ്പനിയിലെ ജോലി ഉപേക്ഷിച്ചു.
ആശങ്കകളുടെ ആ കാലത്തേയ്ക്കാണ് കാർലോസ് റെക്സാച്ച് എന്നൊരു മനുഷ്യൻ കടന്നുവരുന്നത്. ബാഴ്സയുടെ അന്നത്തെ സ്പോർട്ടിങ് ഡയറക്ടർ. കുഞ്ഞു ലിയോയുടെ കാലിലെ ഇന്ദ്രജാലം കണ്ട് ബോധിച്ച കാർലോസ് അന്ന് ക്ലബിലെ സകല വാതിലിലും മുട്ടി. നൗക്യാബിൽ അന്നാർക്കുമുണ്ടായില്ല റിസ്‌ക്കെടുക്കാനുള്ള ചങ്കൂറ്റം. തണ്ടും തടിയുമില്ലാത്ത, ഉയരമില്ലാത്ത, ഒന്നാഞ്ഞൂതിയാൽ പറക്കുന്ന ഒരു പയ്യനെ ചികിത്സയ്ക്ക് ഇത്രയും വലിയ തുകയെറിഞ്ഞ് എന്തിന് കളിപ്പിക്കണം. ചോദ്യങ്ങൾക്ക് മുന്നിൽ കാർലോസ് കുഴങ്ങി. ആ പയ്യന്റെ കാലിലെ മഹേന്ദ്രജാലം കണ്ട് അന്തംവിട്ടതിന്റെ ബോധ്യം മാത്രമായിരുന്നു ഉത്തരം. എല്ലാവരും കൈയൊഴിഞ്ഞപ്പോൾ കാർലോസ് സ്വയം ഒരു തീരുമാനം കൈക്കൊണ്ടു. 2000 ഡിസംബർ പതിനാലിന് മെസ്സിയുടെ കുടുംബത്തെ ബാഴ്സയിലെ ഒരു ഹോട്ടലിലേയ്ക്ക് ഉച്ചഭക്ഷണത്തിന് ക്ഷണിച്ചു. അവരോട് ലോകഫുട്‌ബോളിന്റെ തെന്ന ഗതി മാറ്റിമറിച്ച ആ തീരുമാനം പ്രഖ്യാപിച്ചു. മകനെ ലാ മാസിയയിലെടുക്കുന്നു. കാർലോസിന്റെ കൈയിൽ അന്ന് ഔദ്യോഗിക ലെറ്റർപാഡ് ഉണ്ടായിരുന്നില്ല. പക്ഷേ, അതിന്റെ ഔപചാരികയ്ക്കായി കാത്തുനിന്നില്ല. ഹോട്ടലിലെ മേശപ്പുറത്തുണ്ടായിരുന്ന ഒരു ടിഷ്യു പേപ്പറിൽ ആ കരാർ എഴുതി അടിയിൽ കോടികൾ വിലയുള്ള ഒപ്പു ചാർത്തി. ചുരുട്ടി വലിച്ചെറിയുമായിരുന്ന ആ തുണ്ടുകടലാസ് അങ്ങനെ ഒരു ചരിത്രരേഖയായി. മെസ്സിൽ ഒരു പുതിയ ജന്മത്തിന്റെ, ലോകഫുട്‌ബോളിൽ പതിറ്റാണ്ടുകൾ നീണ്ടുനിന്ന, സമാനതളില്ലാത്ത പുതിയൊരു യുഗത്തിന്റെ തുടക്കമായി. ലാ മാസിയയിൽ നിന്നവൻ ബാഴ്സയിലേയ്ക്ക് വളർന്നു. അവിടെ നിന്ന് ലോകത്തിന്റെ നെറുകയിലേയ്ക്ക്. ജനസഹസ്രങ്ങളുടെ ഹൃദയങ്ങളിലേയ്ക്ക്. അവരുടെ ജീവശ്വാസമായി. നിത്യപ്രണയമായി.... ഫുട്ബോൾ ലോകത്തിന്റെ ഒരേയൊരു മിശിഹയായി.
ആ മിശിഹയാണിതാ രണ്ട് പതിറ്റാണ്ടിനുശേഷം പരശതം അസുലഭ നിമിഷങ്ങൾ ഹൃദയങ്ങളിൽ അവശേിപ്പിച്ച് നമ്മുടെ കൺമുന്നിൽ നിന്ന് നീലവരയൻ ചിറകുകൾ ഉപേക്ഷിച്ച് പടിയിറങ്ങിപ്പോകുന്നത്.
ഈ രണ്ടു പതിറ്റാണ്ടുകാലത്തെ യാത്രയിലത്രയും, തളർച്ചയിലും വളർച്ചയിലും അവന്റെ ഉയിര് ഈ വിരമിക്കലിന് ആഴ്ചകൾ മുൻപ് മാത്രം നിത്യതയിൽ ലയിച്ച അവന്റെ അച്ഛനായിരുന്നു. ഹോർഹെ ലിയോയ്ക്ക് അച്ഛൻ മാത്രമായിരുന്നില്ല. അവന്റെ മാനേജരായിരുന്നു. ഏജന്റായിരുന്നു. എല്ലാ തീരുമാനങ്ങളുടെയും അവസാന ഒപ്പുകാരനായിരുന്നു. കോടികൾ കിലുങ്ങുന്ന, ചതിക്കുഴികൾ നിറഞ്ഞ, മാരീചരൂപങ്ങൾ മാടിവിളിക്കുന്ന ഫുട്ബോളിന്റെ മായികലോകത്ത് അയാളായിരുന്നു മകന്റെ വഴിവിളക്ക്. അവിടെ അവനെ കാലിടറാതെ നയിച്ചത് ഹോർഹെ മാത്രമായിരുന്നു. ഇന്നും മെസ്സി കളത്തിലും പുറത്തും കറയേൽക്കാത്ത, കളങ്കമേശാത്ത അപൂർവ പ്രതിഭയായി തുടരുന്നുണ്ടെങ്കിൽ അതിനുള്ള ബഹുമതിയത്രയും ഹോർഹെ എന്ന ഈ അച്ഛന് അവകാശപ്പെട്ടതാണ്.
ഏതാണ്ട് രണ്ട് പതിറ്റാണ്ടിനുശേഷം ബാഴ്‌സയിൽ നിന്ന് പുറത്തുവരാനുള്ള വൈകാരികമായ തീരുമാനത്തിനും മെസ്സിക്ക് തുണയും താങ്ങുമായത് ഹോർഹെയായിരുന്നു. അവിടെ നിന്ന് പിഎസ്ജി വഴി ഇന്റർ മിയാമിയിലേയ്ക്കുള്ള യാത്രയുടെയും അവസാന തീരുമാനക്കാരൻ അച്ഛൻ ഹോർഹെ തന്നെയായിരുന്നു. ഒരു ലോകകപ്പും രണ്ട് കോപ്പയും നാല് ചാമ്പ്യൻസ് ലീഗും പത്ത് ലാ ലീഗ കിരീടവും എട്ട് ബാലൺ ദ്യോറും രണ്ട് ഫിഫ സുവർണ പാദുകങ്ങളും സ്വന്തമാക്കി പകരക്കാരില്ലാത്ത ഇതിഹാസമായിമാറിയിട്ടും അച്ഛന്റെ ആ കൈയൊപ്പില്ലാതെ ഒരു ചെറു തീരുമാനം പോലും ലയണൽ മെസ്സി കൈക്കൊണ്ടിട്ടില്ലെന്ന് സാരം. ഓരോ മത്സരം കഴിയുമ്പോഴും അച്ഛനോട് അഭിപ്രായം ചോദിക്കുന്ന പതിവുണ്ടെന്ന് ലിയോ വെളിപ്പെടുത്തിയിട്ട് ഏറെക്കാലമൊന്നുമായിട്ടില്ല. കരുതലിന്റെ ഈ ശീതളച്ഛായയാണ് ഈ ഓഗസ്റ്റ് എട്ടിന് മാഞ്ഞുപോയത്. പെരുമഴയിൽ കുട നഷ്ടപ്പെട്ട കുട്ടിയെപ്പോലെ മുപ്പത്തിയൊൻപതുകാരനായ മെസ്സി റൊസാരിയോയിൽ വിതുമ്പിക്കരഞ്ഞു. മാഞ്ഞുപോയ ഈ ശീതളഛായപോലെ മറ്റൊന്നും, ഒരു തോൽവിയും ലയണൽ മെസ്സിയെ അത്രമേൽ തകർത്തുകളഞ്ഞിരിക്കില്ല. കാൻസാസ് സിറ്റി സ്റ്റേഡിയത്തിൽ അൾജീരിയക്കെതിരെയുള്ള ആദ്യ മത്സരത്തിൽ കരഞ്ഞുകലങ്ങിയ മെസ്സിയുടെ കണ്ണുകളിൽ നമ്മളത് മുൻപേ കണ്ടതാണ്. സുവർണമുദ്ര പതിപ്പിച്ച ആ ഹാട്രിക്കിനേക്കാൾ അത് നമ്മുടെ മനസ്സിൽ തങ്ങിനിന്നു. അച്ഛൻ മഹാരോഗത്തിന്റെ ടാക്ലിങ്ങിൽ വീണുപോയ കഥ അന്നാണ് ലോകമറിഞ്ഞത്. കലാശപ്പോരിനുശേഷമുള്ള മെസ്സിയുടെ കണ്ണീരിനേക്കാൾ ആർദ്രമായിരുന്നു, ഉള്ളുലയ്ക്കുന്നതായിരുന്നു കാൻസാസിൽ അന്ന് പൊഴിഞ്ഞ ആ കണ്ണീർ. ആ വേദന ഉള്ളിലടക്കിയാണ് കലാശപ്പോര് വരെ മെസ്സി ഇന്ദ്രജാലം കാട്ടിയത്. ഗോളുകൾ അടിച്ചുകൂട്ടിയത്. അവിശ്വസനീയമായ തിരിച്ചുവരവുകളുടെ അമരക്കാരനായത്. എന്നാൽ, ഹോർഹെയ്ക്ക് ജീവിതത്തിൽ ഒരു തിരിച്ചുവരവ് ഉണ്ടായില്ല. ലോകകപ്പ് കഴിഞ്ഞ് ഒരു മാസം തികയുംമുൻപ് തന്നെ കാലം ആ ജീവിതത്തിന് അവസാന വിസിലൂതി. അച്ഛൻകുട്ടിയായ റൊസാരിയോയിലെ ആ പഴയ അഞ്ചുവയസ്സുകാരൻ മുപ്പത്തിയൊൻപതാം വയസ്സിലും മെസ്സിയിലുണ്ടെന്ന് കാൻസാസ് സിറ്റി, മെറ്റ്‌ലൈഫ് സ്‌റ്റേഡിയങ്ങളിൽ പൊഴിഞ്ഞ കണ്ണീർ നമ്മളോട് പറഞ്ഞു.
ആ മരണത്തിൽ നിന്ന് തിരിച്ചുവരാൻ മെസ്സിക്ക് ഇനിയും കഴിഞ്ഞിട്ടില്ല എന്നുതന്നെയാണ് തീർത്തും അപ്രതീക്ഷിതമായ ഇപ്പോഴത്തെ ഈ വിരമിക്കൽ പ്രഖ്യാപനം സൂചിപ്പിക്കുന്നത്. ഫുട്ബോളും അച്ഛനുമില്ലാത്ത ലോകത്ത് അയാൾ കരയിൽ വീണു പിടിയുന്ന മത്സ്യം പോലെയായിരുന്നു. ആ പിടച്ചിൽ നമുക്ക് വിരമിക്കലിനൊപ്പമുള്ള കുറിപ്പിലെ വൈകാരികാക്ഷരങ്ങളിൽ വായിച്ചെടുക്കാം. കളിക്കളത്തിലെ മെസ്സിയെന്ന മിശഹയേക്കാൾ എത്രയോ മുകളിലാണ് കളത്തിന് പുറത്തെ മെസ്സിയെന്ന മനുഷ്യനെന്ന് ഈ വാക്കുകൾ നമ്മളോട് പറയുന്നു. ഗ്രൗണ്ടിൽ മാത്രമല്ല, പുറത്തും നമ്മൾ മെസ്സിയെ മിസ് ചെയ്യും. അച്ഛനില്ലാത്ത മെസ്സിയെപ്പോലെയാണ് നമുക്ക് മെസ്സിയില്ലാത്ത അർജന്റീനയും. ആ നീലക്കുപ്പായത്തിൽ മെസ്സിയില്ലാതെ നമ്മൾ ഇനി എങ്ങനെ ഇനിയൊരു ലോകകപ്പ് കാണും? റൊസാരിയോയിൽ ഓഗസ്റ്റ് എട്ടിന് അവസാനശ്വാസമെടുത്തത് ഹോർഹെ മെസ്സി മാത്രമല്ല, ലിയോയിൽ നമ്മൾ കൊരുത്തുവെച്ച സ്വപ്നങ്ങൾ കൂടിയായിരുന്നു. ലിയോ ഇല്ലാത്ത ലോകത്ത് നമ്മൾ ആർക്കുവേണ്ടിയാണ് ഇനി ലോകകപ്പ് കാലത്ത് കാത്തിരിക്കേണ്ടത്. എന്തിനുവേണ്ടിയാണ് ഉറക്കമൊഴിയേണ്ടത്. ഈ വിരമിക്കൽ ഉയർത്തുന്ന ചോദ്യത്തിന് ഇനി അടുത്ത അവതാരപ്പിറവിവരെയെങ്കിലും ഉത്തരമില്ല.
Content Highlights: Jorge Messi was not just Lionel Messi's father but his manager, agent, and greatest source of strength. The passing of Jorge Messi profoundly impacted Lionel, leading to his emotional retirement announcement., From a tissue paper contract at Barcelona to global superstardom, Jorge guided every step of Messi's career., Fans worldwide now face a football era without Messi in the iconic blue-and-white striped jersey.
Published: 01 Sept 2026, 09:38 am IST
ABOUT THE AUTHOR
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented