" പഴയ ഫോട്ടോഗ്രാഫുകളുടെ മഞ്ഞ നിറമുള്ള ഒരു ഓർമയിൽ പി.ടി മാഷ് ദൂരെ ഒരു കവുങ്ങും ചാരി നിൽക്കുന്നത് കണ്ണിന്റെ സീമകളിൽ പാട പറ്റിക്കിടക്കുമ്പോൾത്തന്നെ ഗീവർഗീസ് കാലുയർത്തി അടിച്ചു. വിരി നെഞ്ചിൽ പന്തെടുത്ത് തലകൊണ്ടടിച്ചു. അടുത്ത അടി കാലു പൊക്കിയായിരുന്നു. പിന്നെ സ്ലോമോഷനിൽ ആ അടി ആവർത്തിച്ചു. നിലത്തു വീണ ജബ്ബാറിന്റെ മൂക്കിൽ നിന്ന് ചോര പടർന്നു. വലിയ അക്ഷരത്തിൽ ഒക്ലഹോമോ എന്നെഴുതിയ ബനിയൻ കൂട്ടിപ്പിടിച്ച് എഴുന്നേൽപ്പിച്ച് ഗീവർഗീസ് അച്ചൻ പറഞ്ഞു.: നാളെ സൂര്യോദയം എന്നൊന്നുണ്ടെങ്കിൽ നിന്നെ ദില്ലിയിൽ കണ്ടു പോകരുത്". (ഹിഗ്വിറ്റ, എൻ.എസ്. മാധവൻ)
സുപ്രസിദ്ധ മലയാളചെറുകഥയായ ഹിഗ്വിറ്റയിലെ ഫുട്ബോൾ പ്രേമിയായ ഗീവറുഗീസ് അച്ചൻ, ലൈംഗിക ചൂഷണത്തിന് ഇരയാകുന്ന പെൺകുട്ടിയോടുള്ള സഹാനുഭൂതി മൂലം, സാമ്പ്രദായിക പൗരോഹിത്യത്തിന്റെ ചട്ടങ്ങൾ ലംഘിച്ച് വേട്ടക്കാരനെ (കഥയിൽ ജബ്ബാർ) കാൽപന്തുകളിയിലെ എതിരാളിയെ പോലെ നേരിടുകയും, പരാജയപ്പെടുത്തുകയും ചെയ്യുന്ന ക്ലൈമാക്സാണിത്. ഫുട്ബോൾ അഥവാ കാൽപ്പന്തുകളി എന്ന ജനപ്രിയ കായിക വിനോദത്തിലൂടെയാണ് നമ്മുടെ ലോകം പലപ്പോഴും അതിന്റെ ദേശാർത്തികൾക്കപ്പുറത്തുള്ള സാംസ്ക്കാരിക/ സാമ്പത്തിക ചരിത്രങ്ങൾ അറിയുന്നത്. അത് ലോകമെമ്പാടും നിലനിൽക്കുന്ന വികാരമാണ്. പ്രതിരോധത്തിന്റെ കാൽ വിരുതുകൾ കാഴ്ചവെയ്ക്കുന്ന ഈ വിനോദത്തിൽ പലപ്പോഴും രാഷ്ട്രീയ ബലതന്ത്രങ്ങളുടെ അടിയൊഴുക്കുകൾ ഉണ്ടാവാറുണ്ട്. കായിക വിനോദങ്ങൾ പലപ്പോഴും കായികക്ഷമത, ശാരീരിക പ്രദർശനം, ആയുധ അഭ്യാസം, ദ്വന്ദ്വയുദ്ധം തുടങ്ങി പലതരം കായിക പ്രകടനങ്ങളിലായി പരന്നുകിടക്കുന്നു. പ്രാചീന പാശ്ചാത്യ സംസ്കാരങ്ങളിലെല്ലാം തന്നെ മനുഷ്യശരീരത്തിന്റെ കായിക പ്രകടനങ്ങളേയും, അഭ്യാസങ്ങളേയും പ്രദർശിപ്പിക്കാനുള്ള ഇനങ്ങളായി കണ്ടു വന്നിട്ടുണ്ട്. പൊതു വേദികളിലുള്ള ഇത്തരം പ്രകടനങ്ങളെല്ലാം തന്നെ പുരുഷൻമാരുടേത് മാത്രവുമായിരുന്നു. വീരാരാധനയും പുരുഷന്റെ കായികക്ഷമതയുമെല്ലാം വിവിധ സംസ്കാരങ്ങളിലെല്ലാം തന്നെ ആഘോഷിക്കപ്പെട്ടിട്ടുണ്ട്. ഒളിമ്പിക്സിന്റെ ഉത്ഭവം തന്നെ പ്രാചീന ഗ്രീസിൽ നിന്നായിരുന്നല്ലോ.
ആധുനിക ദേശരാഷ്ട്രങ്ങളിൽ പുരുഷ സമൂഹത്തിന്റെ കായികക്ഷമതയും, സഹനവും, ഒരുമയും കൂടുതലളവിൽ ഒത്തുചേരേണ്ടയിടങ്ങളാണ് കായിക, പ്രതിരോധമേഖലകൾ. സഹനവും, സ്പോർട്സ്മാൻ സ്പിരിറ്റും, ദേശസ്നേഹവും, ഒത്തൊരുമയും ആധുനിക സമൂഹത്തിൽ ഇത്രയേറെ ആവശ്യപ്പെടുന്ന ആഗോള കായിക വിനോദമാണ് കാൽപ്പന്തുകളി. പലപ്പോഴും ആധുനിക ദേശരാഷ്ട്ര വാദങ്ങളെ ദുർബലപ്പെടുത്തുന്ന ഔദ്യോഗിക ഫുട്ബോൾ ടീമുകൾ ഇപ്പോൾ സുലഭമാണ്. അതുകൊണ്ടാണ് ജർമൻ ടീമിൽ ഡെന്നിസ് ഉണ്ടാവ് (കുർദിഷ് വംശജൻ), നിലവിൽ ഫ്രഞ്ച് ഫുൾബോൾ ടീം നായകനായ കീലിയൻ എംബാപ്പെ (ആഫ്രിക്കൻ വംശജൻ) തുടങ്ങിയവർ കളത്തിലിറങ്ങുമ്പോൾ അത് ചരിത്രപരമായ കാവ്യനീതിയാകുന്നത്. ദേശരാഷ്ട്ര സീമകൾക്കതീതമായി എല്ലാവരേയും ചേർത്തു നിൽക്കുന്ന വികാരമാണ് ഫുട്ബോൾ എന്നു പറയുമ്പോഴും, ഈ ആഗോള കായിക വിനോദത്തിൽ വേണ്ടത്ര രീതിയിൽ വനിതകൾക്ക് പ്രാതിനിധ്യവും ദൃശ്യതയും ലഭിച്ചിട്ടുണ്ടോയെന്നുള്ള പ്രശ്നം പല തലങ്ങളിൽ നിന്നും പഠിക്കപ്പെടേണ്ടതാണ്.
ഫുട്ബോൾ ചരിത്രത്തിലുടനീളം പുരുഷന്റെ വിനോദമായിരുന്നു. ഈ ലേഖനത്തിന്റെ ആദ്യ ഭാഗത്ത് പരാമർശിച്ച ചെറുകഥയിൽ കടന്നുവന്ന അതിക്രമം ഫുട്ബോൾ എന്ന രൂപകത്തിലൂടെ വിദഗ്ധമായി അവതരിപ്പിക്കുകയാണ് കഥാകാരൻ. സമൂഹം വാർത്തെടുത്ത 'പുരുഷ കർതൃത്ത്വത്തെ ' കാൽപ്പന്തുകളിയിലെ കായിക ശരീരം സംതൃപ്തപ്പെടുത്തുന്നു. ഇവിടെ കളിക്കാരന്റെയോ, ആരാധകനായ പുരുഷ സമൂഹത്തിന്റെയോ അതിക്രമങ്ങൾ (aggresion) പലപ്പോഴും സാധൂകരിക്കപ്പെട്ട സാധാരണ ചേഷ്ടകളായാണ് എടുക്കാറുള്ളത്. ആദിമ ഗോത്രസമൂഹങ്ങളിലെ പുരുഷൻ തന്റെ കഴിവു തെളിയിച്ചിരുന്ന മൃഗയ/നായാട്ടിലെ മത്സരം, അക്രമണം, ഇരയെ കീഴ്പ്പെടുത്തൽ തുടങ്ങിയ 'പുരുഷ സ്വഭാവങ്ങളുടെ' ആധുനിക അടയാളപ്പെടുത്തൽ കൂടിയാണ് ഫുട്ബോളെന്ന് നിരവധി സാമൂഹിക ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടിട്ടുണ്ട്. പ്രസിദ്ധ ചിന്തകനായ എമിൽ ദർഖീം മുന്നോട്ടു വെച്ച 'റിച്വൽ' എന്ന ആചരണത്തിലൂടെ മാത്രമേ ഏതൊരു സമൂഹത്തിനും അതിന്റെ മൂല്യങ്ങളെയും, ചിട്ടവട്ടങ്ങളേയും അടിയുറപ്പിക്കാനും, ഏകീകരിക്കാനും, ശാക്തീകരിക്കാനും കഴിയുകയുള്ളു. ഫുട്ബോൾ എന്ന കായിക കൂട്ടായ്മയിലൂടെ ആചരിക്കപ്പെടുന്നതും ആധുനികവും / പ്രാക്തനവുമായ മൂല്യബോധങ്ങളാണ്. ആധുനിക കാലത്ത് ഇവ കളിയുടെ 'ടെക്നിക് ' ആയി ചുരുക്കപ്പെട്ടുവെന്ന് മാത്രം.
നമ്മുടെ സംസ്ക്കാരത്തിൽ ഫുട്ബോളെന്ന കായികവിനോദം 'അതിപൗരുഷത്തിന്റെ (hyper masculinity) ആഘോഷം കൂടിയാണ്. പൗരുഷത്തിലുള്ള അമിതാഭിമാനവും, സാഹസങ്ങളിൽ ഏർപ്പെടാനുള്ള മനോഭാവവും, സ്ത്രീകളെ ഇകഴ്ത്തൽ എന്നിവ അതി പൗരുഷത്തിന്റെ സ്വഭാവ രീതികളായി കാണപ്പെടുന്നു. ഫുട്ബോൾ മത്സരങ്ങൾ കാണുന്നതിലൂടെ കൃത്യമായി അക്രമണോത്സുകതയും, മാത്സര്യവും നൈസർഗികമായി പുരുഷ സമൂഹത്തിന് ലഭിക്കുന്നതാണെന്ന പ്രതീതി കാണികളിൽ ദൃശ്യമാധ്യമങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഫുട്‌ബോൾ കളിക്കളത്തിലെ വാക്കേറ്റവും, അധിക്ഷേപവുമൊക്കെ പൗരുഷത്തിന്റെ സ്വഭാവിക പ്രകടനങ്ങളായി സാമാന്യവൽക്കരിക്കുന്നു. യൂറോപ്യൻ ഫുട്ബോളർ ഒരു ആഫ്രിക്കൻ ഫുട്ബോളറിനോട് നടത്തുന്ന വംശീയധിക്ഷേപത്തിൽ ലിംഗപരമായ മേധാവിത്വവും അടങ്ങിയിട്ടുണ്ട്. ബ്രിട്ടീഷ് മനഃശാസ്ത്രജ്ഞനായ പീറ്റർ മാർഷ് അക്രമണോത്സുകതയുടെ പ്രതീകാത്മകമായ പ്രദർശനമാണ് കായിക ഇനങ്ങൾ എന്ന് നിരീക്ഷിച്ചിട്ടുണ്ട്. പുരുഷത്വം സമൂഹത്തിന്റെ നിർമിതിയാണോ അതോ ജീവശാസ്ത്രപരമായ നിർണയമാണോ എന്നുള്ള ചർച്ചകൾക്ക് ഇനിയും ശരിയായ ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു. എങ്കിലും ഫുട്ബോൾ എന്ന കായികവിനോദത്തിൽ സ്ത്രീകളുടെ പ്രാതിനിധ്യത്തെപ്പറ്റി ചരിത്രപരമായ ഒരു വിശകലനം ആവശ്യമാണ്.
കിട്ടാവുന്ന ചരിത്രത്തിൽ വെച്ച് സ്കോട്ടിഷ് രാജ്ഞിയായ മേരി ഫുട്ബോൾ കളിയെ പ്രോത്സാഹിപ്പിച്ചിരുന്നതായി ആദ്യകാല സൂചനകൾ കാണാവുന്നതാണ്. പത്തൊൻപതാം നൂറ്റാണ്ടിലാണ് ആദ്യമായി വനിതകൾ ഫുട്ബോൾ ഗ്രൗണ്ടിലേക്കിറങ്ങിയത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ കാലങ്ങളിലുണ്ടായ ഒന്നാം ലോക മഹായുദ്ധം സ്ത്രീകളെ വീടകങ്ങളിൽ നിന്നും തൊഴിൽ ശാലകളി (പൊതുയിടങ്ങൾ)ലേക്ക് എത്തിച്ചു. പുരുഷൻമാർ സാമ്പ്രദായികമായി ചെയ്തിരുന്ന പല തൊഴിലുകളിലും സ്ത്രീകൾ ഏർപ്പെട്ടുവന്നു. അക്കാലത്ത് പല ബ്രിട്ടീഷ് ഫാക്ടറികൾക്കും സ്വന്തമായി വനിതാ ഫുട്ബോൾ ടീം ഉണ്ടായിരുന്നു. എന്നാൽ യുദ്ധാവസാനം 1921 ഡിസംബർ 5 ന് വനിതാ ഫുട്ബോളിന് കൂച്ചുവിലങ്ങ് വീണു. ഫുട്ബോൾ സ്ത്രീകളുടെ ആരോഗ്യത്തെ സാധിക്കുന്ന വിനോദമാണെന്നും അതിനാലവർക്കതിനനുയോജ്യമല്ലെന്നും പറഞ്ഞായിരുന്നു വിലക്ക് ഏർപ്പെടുത്തിയത്. ദീർഘകാലം നിലനിന്നിരുന്ന ഈ വിലക്ക് പിന്നീട് മാറ്റപ്പെട്ടത് 1970 കളിലായിരുന്നു. 1991 ലാണ് ഫിഫ ഔദ്യോഗികമായി വനിതാ ഫുട്ബോൾ ലോകകപ്പ് മത്സരം ആരംഭിച്ചത്. അപ്പോഴേക്കും വനിതാ ടെന്നീസ് ലോകമെമ്പാടും പ്രചാരം നേടിയ കായിക വിനോദമായി മാറിയിരുന്നു. 2000 നു ശേഷം വനിതാ ഫുട്ബോൾ കൂടുതലായി ദൃശ്യ മാധ്യമ സംസ്ക്കാരത്തിന്റെ ഭാഗമായി. എങ്കിലും തുച്ഛമായ സ്പോൺസർഷിപ്പും അസന്തുലിതമായ ഫണ്ടിംങ്ങും വനിതാ ഫുട്ബോളിനെ വലച്ചു. ഫിഫ വേൾഡ് കപ്പ് പ്രൈം ടൈമിൽ മത്സരങ്ങൾ നടത്തുമ്പോൾ വനിതാ ഫുട്ബോൾ മത്സരങ്ങൾ പ്രദർശിപ്പിക്കുന്നത് പ്രൈം ടൈമിലല്ല. 2010 നു ശേഷം വനിതാ ഫുട്ബോളർമാർ തന്നെ ഫിഫ പിൻതുടരുന്ന ലിംഗവ്യത്യാസങ്ങൾക്കെതിരെ പ്രതിഷേധമുയർത്തി തുടങ്ങി. പുരുഷൻമാർ യഥാർത്ഥ ടർഫിൽ കാൽപ്പന്തു കളിക്കുമ്പോൾ തങ്ങൾക്ക് ഫിഫ നൽകുന്ന കൃത്രിമ ടർഫ് ബഹിഷ്ക്കരിക്കാനും അവർ മുന്നിട്ടിറങ്ങി. 2027ൽ അടുത്ത ഫിഫ വനിതാ ഫുട്ബോൾ ലോകകപ്പ് ലിംഗ സമത്വത്തിനു വേണ്ടിയുള്ള മറ്റൊരു വേദിയാകുമെന്നുറപ്പാണ്.
ഇതേ സമയം തന്നെ ആഗോളതലത്തിലും ഫുട്ബോളിൽ സ്ത്രീകളുടെ ദൃശ്യതക്കായുള്ള സർഗാത്മക സൃഷ്ടികളുമുണ്ടായിട്ടുണ്ട്. 2006 ൽ പുറത്തിറങ്ങിയ ഇറാനിയൻ സംവിധായകൻ ജാഫർ പനാഹിയുടെ 'ഓഫ് സൈഡ്' എന്ന ചലച്ചിത്രം ഫുട്ബോളിലെ സ്ത്രീ വിരുദ്ധതയെ തുറന്നു കാട്ടുന്നു. ഇറാനിയൻ സ്ത്രീകൾക്ക് ഫുട്ബോൾ മൈതാനങ്ങൾ വിലക്കപ്പെട്ട ഇടമാണ്. മതപരമായ വിലക്കുകളെ ഫുട്ബോൾ പ്രേമികളായ സ്ത്രീകൾ പുരുഷ വേഷം ധരിച്ച് ഫുട്ബോൾ മത്സരം കാണാൻ പോവുന്നതാണ് ഇതിന്റെ ഇതിവൃത്തം. പുരുഷൻമാരുടെ പരസ്യാഘോഷങ്ങൾ നടക്കുന്ന ഫുട്ബോൾ മൈതാനങ്ങൾ ഇന്നും സ്ത്രീകൾക്ക് അന്യമാണോ എന്ന ചോദ്യമെറിഞ്ഞാണ് സംവിധായകൻ കളിയെ പൂണ്ടു നിൽക്കുന്ന സ്ത്രീവിരുദ്ധതയെ നോക്കിക്കാണുന്നത്. 2019 ൽ പുറത്തിറങ്ങിയ നസിഹ അറേബിയുടെ ഫ്രീഡം ഫീൽഡ്സ് എന്ന ലിബിയൻ ഡോക്യുമെന്ററി ചിത്രവും ഫുട്ബോളിലെ മനുഷ്യാവകാശ ലംഘനങ്ങളെ സ്ത്രീകളുടെ വീക്ഷണകോണിലൂടെ അവതരിപ്പിക്കുന്നു. ലിബിയൻ വനിതാ ഫുട്ബോളർമാർ ഗദ്ദാഫി എന്ന ആഫ്രിക്കൻ ഏകാധിപതിക്കെതിരെ നടത്തുന്ന ലിംഗ നീതി സമരവും അവരുടെ സഹനങ്ങളുമാണ് ചലച്ചിത്രത്തിലൂടെ തുറന്നു പറയുന്നത്.
1986 ലെ ലോകകപ്പിൽ അർജന്റീന ക്യാപ്റ്റൻ ഡീഗോ മറഡോണ ബ്രിട്ടീഷ് ഗോൾകീപ്പറായ പീറ്റർ ഷിൽട്ടണിന്റെ ഗോൾ വലയം ഭേദിക്കുമ്പോൾ മാത്രമല്ല ഇതിഹാസ ഗോളുകൾ രാഷ്ട്രീയമാകുന്നത് എന്ന ഓർമപ്പെടുത്തൽ കൂടിയാണ് ഇത്തരം ചലച്ചിത്രങ്ങൾ. പാകിസ്താനിലും, അഫ്ഗാനിസ്ഥാനിലും ഭേദപ്പെട്ട വനിതാ ഫുട്ബോൾ ടീമുകൾ ഉണ്ടെങ്കിൽപ്പോലും മതപരവും, ലിംഗപരവുമായ രാഷ്ട്രീയ ധാരകൾ അവരുടെ ദൃശ്യത കുറയ്ക്കുന്നു. ഇന്ത്യയിലും സ്ഥിതി ആശ്വാസകരമല്ല. 2026 ൽ ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം (ബ്ലൂ ടൈഗ്രസ്)സാഫ് കപ്പ് നേടിയിരുന്നു. ഈ ടീമിൽ അംഗമായ മലയാളിയായ മാളവിക പ്രസാദ് ഈ രംഗത്ത് ഉയർന്നു വരുന്ന പ്രതീക്ഷയാണ്. 2001 ൽ കൊച്ചിക്കാരിയായ ബെന്റില ഡിക്കോത്ത സൗത്തേഷ്യക്കാരിയായ ആദ്യ വനിത റഫറിയായി ഫിഫ തിരെഞ്ഞെടുക്കപ്പെട്ട് 25 വർഷത്തിനു ശേഷമാണ് അഭിമാനകരമായ ഈ നേട്ടം എന്നോർക്കണം. ഫുട്ബോളിനുള്ളിൽ ചൂഴ്ന്നു നിൽക്കുന്ന സ്ത്രീ വിരുദ്ധത എത്ര മാത്രമാണെന്ന് ബെൻറിലയ്ക്കുണ്ടായ അനുഭവങ്ങളിൽ നിന്ന് ഊഹിക്കാൻ പറ്റും. തന്റെ കഴിവും, പരിശ്രമവും കൊണ്ടായ അന്തരാഷ്ട്രനേട്ടത്തെ ഫ്രിഫ റഫറി) 'കുറുക്കുവഴി നേട്ടമായാണ്' (വനിതാ ഫുട്ബോളറായതുകൊണ്ട് പുരുഷനുള്ള മാനദണ്ഡങ്ങളല്ല) അവരെ ഇന്ത്യൻ ഫുട്ബോളിന്റെ നേതൃത്വ സ്ഥാനങ്ങളിലുള്ളവർ മാനസികമായി അപകീർത്തിപ്പെടുത്തിയതായി അവർ പരസ്യമായി വെളിപ്പെടുത്തിയിരുന്നു. പുരുഷനും സ്ത്രീയും ജീവശാസ്ത്രപരമായി വ്യത്യസ്തതകൾ പുലർത്തുന്നവരാണ്. പുരുഷ താരത്തിനു നിശ്ചയിക്കപ്പെട്ട കായിക മാനദണ്ഡങ്ങൾ സ്ത്രീയുടെ ശാരീരിക ക്ഷമതയുടെ അളവുകോൽ ആകുന്നതെങ്ങനെയാണ്?. ഫുട്ബോളിനെ പൊതിഞ്ഞിരിക്കുന്ന പുരുഷാധിപത്യ മൂല്യങ്ങളെ 'ഡിഫൻഡ്' ചെയ്തു വരുന്ന ഈ താരങ്ങൾ ആഗോളതലത്തിൽ തന്നെ കടന്നുപോകുന്നത് മാനസിക സമ്മർദ്ദങ്ങളും, ലിംഗ അനീതികളും തുല്യ വേതനമില്ലായ്മയും അതിജീവിച്ചാണ്.
ഇപ്പോൾ ലോകമെമ്പാടും ഫുട്ബോൾ ലഹരിയിലാണ്. ആഗോളതലത്തിൽ വനിതാ ഫുട്ബോളിൽ ചെറുതല്ലാത്ത ചില മാറ്റങ്ങൾ നടക്കുമ്പോളും വനിതാ ഫുട്ബോൾ മത്സരങ്ങളുടെ ദൃശ്യതയും ലിംഗ നീതിയുമെല്ലാം ചോദ്യചിഹ്നങ്ങളായി നിൽക്കുന്നു. പുരുഷന് യൗവ്വനം അവന്റെ വിനോദത്തെ പരിപോഷിപ്പിക്കാനും പാഷനുകളെ പിന്തുടരാനും മത്സരങ്ങളുടെ ആവേശം നെഞ്ചിലേറ്റാനും തടസമില്ലാത്ത സമൂഹമാണ് നമ്മുടേത്. നേരം പുലരും വരെയുള്ള ഫുട്ബോൾമത്സരങ്ങൾക്ക് കാണികളാവുന്ന സ്ത്രീകളുടെ എണ്ണം എത്രയാണ്?. ഫുട്ബോൾ മത്സരങ്ങൾ ദൃശ്യമാധ്യമങ്ങളിൽ വരുമ്പോൾ അതിന്റെ ഭാഗമാകുന്ന കമന്റേറ്റർമാരിൽ എത്ര സ്ത്രീകൾ ഉണ്ട്?. അൽബേനിയൻ ടീമിൽ ഔദ്യോഗിക കളിക്കാരനും, വിഖ്യാത സാഹിത്യകാരനുമായ അൽബേർ കാമ്യൂ പുരുഷൻമാർ ഏറ്റവും സന്തോഷിക്കുന്ന ഇടം ഫുട്ബോൾ മൈതാനമാണെന്ന് പറഞ്ഞിട്ടുണ്ട്. സ്വാതന്ത്ര്യത്തോടെയും സന്തോഷത്തോടെയും സ്ത്രീകൾക്ക് ഫുട്ബോൾ കാണാൻ എത്ര നാൾ കാത്തിരിക്കേണ്ടി വരും?.
Content Highlights: The article explores the deeply entrenched hypermasculinity and systemic gender inequality within global football, tracing its history from cultural representations like NS Madhavan's 'Higuita' to the modern struggles of female athletes for equal pay and visibility.
Published: 12 Jul 2026, 03:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented