
ഇന്ത്യയില്‍ കബഡി എന്ന കായിക ഇനത്തിന്റെയും കബഡി താരങ്ങളുടെയും ജാതകം തിരുത്തിക്കുറിച്ചത് പ്രോ കബഡി ലീഗാണ് (പി.കെ.എല്‍). 2014ല്‍ തുടങ്ങി പതിനൊന്നാം സീസണില്‍ എത്തി നില്‍ക്കുമ്പോള്‍ ജനപ്രീതിയില്‍ ഏറെ മുന്നിലുണ്ട് കബഡി ലീഗ്. ഐ.പി.എല്‍ കഴിഞ്ഞാല്‍ ഇന്ത്യയില്‍ ടി.വി.പ്രേക്ഷകരുടെ ഇഷ്ട ഇനവും പി.കെ.എല്ലാണ്.
അതിലും വലുതാണ് കബഡി താരങ്ങളുടെ കരിയറിലും ജീവിതത്തിലും ഇതുണ്ടാക്കിയ മാറ്റം. കബഡി താരങ്ങള്‍ക്ക് അംഗീകാരം മാത്രമല്ല സാമ്പത്തിക ഭദ്രതയും ലഭിച്ചു. പല പ്രമുഖ താരങ്ങള്‍ക്കും താരലേലത്തില്‍ കോടികള്‍ പ്രതിഫലവും കിട്ടി. ഇന്ത്യന്‍ താരങ്ങള്‍ മാത്രമല്ല, ഏഷ്യയിലെ മുന്‍നിര കബഡി രാജ്യമായ ഇറാനില്‍ നിന്നും ദക്ഷിണ കൊറിയയില്‍ നിന്നും യൂറോപ്പില്‍ നിന്നും ആഫ്രിക്കയില്‍ നിന്നുമൊക്കെ താരങ്ങള്‍ പ്രോ കബഡിയുടെ ഭാഗമായി. ഇതില്‍ ഇറാനില്‍ നിന്നുളള താരങ്ങളാണ് ഏറെ തിളങ്ങിയത്.
അവരിലൊരാള്‍ കഴിഞ്ഞയാഴ്ച പ്രോ കബഡി ലീഗില്‍ അഭിമാനകരമായ ഒരു നേട്ടത്തിനുടമയായി. ഇറാനെ 2018ല്‍ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണത്തിലെത്തിച്ചതില്‍ മുഖ്യ പങ്കു വഹിച്ച ഫസല്‍ അട്രാച്ചലിയെന്ന പ്രതിരോധ നിരതാരമാണ് പ്രോ കബഡി ലീഗില്‍ ആദ്യമായി 500 ടാക്കിള്‍ പോയന്റ് സ്വന്തമാക്കുന്ന പ്രതിരോധ നിര താരമെന്ന ബഹുമതി സ്വന്തമാക്കിയത്.
നിലവില്‍ ബംഗാള്‍ വാരിയേഴ്‌സിന്റെ ക്യാപ്റ്റനായ ഫസല്‍ കഴിഞ്ഞയാഴ്ച പുനേരി പള്‍ട്ടാനെതിരെ നടന്ന മത്സരത്തിലാണ് 500 ടാക്കിള്‍ പോയന്റെന്ന മാന്ത്രിക സംഖ്യയിലെത്തിയത്. ഇരു ടീമുകളും 32 പോയന്റു വീതം നേടി ടൈ പിടിച്ച മത്സരത്തിന്റെ ആദ്യ പകുതിയില്‍ പള്‍ട്ടാന്റെ മോഹിത് ഗോയതിനെ ടാക്കിള്‍ ചെയ്താണ് ചരിത്രത്തില്‍ ഇടം പിടിച്ചത്. പ്രോ കബഡി ലീഗിലെ അദ്ദേഹത്തിന്റെ 173ാമത്തെ മത്സരത്തിലായിരുന്നു ഇത്.
പ്രോ കബഡിയിലെ മിന്നും താരം
കബഡി ലോകത്ത് സുല്‍ത്താന്‍ എന്നവിളിപ്പേരിലാണ് ഫസല്‍ അറിയപ്പെടുന്നത്. കളിക്കളത്തില്‍ വര്‍ഷങ്ങളായി വിയര്‍പ്പൊഴുക്കി നേടിയ പേരാണിത്. പ്രോ കബഡി ലീഗിലെ ഏറ്റവും വിജയിച്ച ക്യാപ്റ്റന്‍മാരിലും താരങ്ങളിലുമൊരാളാണ് ഫസല്‍. രണ്ടു തവണ പ്രോ കബഡി ലീഗില്‍ ജേതാവാകാനും രണ്ടു തവണ റണ്ണേഴ്‌സ് അപ്പാകാനും അദ്ദേഹത്തിനു സാധിച്ചു.
പ്രോ കബഡി ലീഗിലെ ഫസലിന്റെ കരിയര്‍ ഗ്രാഫ് കാണുന്ന ആരും അദ്ദേഹം കബഡിയിലെ സുല്‍ത്താന്‍ തന്നെയാണ് എന്നു ശരിവയ്ക്കും. 2015ല്‍ ലീഗിന്റെ രണ്ടാം സീസണിലാണ് ഫസലിന്റെ അരങ്ങേറ്റം. മലയാളിയായ ഇ.ഭാസ്‌കരന്‍ പരിശീലിപ്പിച്ച യു മുംബൈ ടീമിനൊപ്പം ആദ്യ കിരീടം. നാലാം സീസണില്‍ പാറ്റ്‌ന പൈറേറ്റ്‌സിലേക്ക് കൂടു മാറി. അവിടെയും അരങ്ങേറ്റത്തില്‍ തന്നെ കിരീടം.
അടുത്ത സീസണില്‍ ഗുജറാത്ത് ജയന്റ്‌സിനൊപ്പം ഫൈനല്‍ വരെയെത്തി. ഒമ്പതാം സീസണില്‍ പുണേരി പള്‍ട്ടാനൊപ്പവും ഫൈനലില്‍ കടന്നെങ്കിലും കിരീടത്തിലെത്താനായില്ല. പ്രോ കബഡി ലീഗില്‍ രണ്ടു തവണ മികച്ച ഡിഫന്‍ഡറായി തിരഞ്ഞെടുക്കപ്പെട്ട മൂന്നു താരങ്ങളില്‍ ഒരാളെന്ന ബഹുമതിയും ഫസലിനുണ്ട്.

ഗ്വാങ്ചൗ ഏഷ്യന്‍ ഗെയിംസിലൂടെ തുടക്കം
2010ലെ ഗ്വാങ്ചൗ ഏഷ്യന്‍ ഗെയിംസില്‍ വെള്ളി നേടിയ ഇറാന്‍ ടീമില്‍ അംഗമായിരുന്നു ഫസല്‍. അന്ന് ഫൈനലില്‍ ഇന്ത്യയോടാണ് ഇറാന്‍ ടീം തോറ്റത്. അരങ്ങേറ്റ ഏഷ്യന്‍ ഗെയിംസില്‍ തന്നെ ടീമിനൊപ്പം മെഡല്‍ സ്വന്തമാക്കുകയെന്ന നേട്ടം താരത്തിന് സ്വന്തമായി. 2014ലെ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിലാണ് ശ്രദ്ധേയമായ പ്രകടനം നടത്താന്‍ ഫസലിനായത്. ഏഷ്യന്‍ ഗെയിംസ് കബഡിയിലെ അതികായരായ ഇന്ത്യയെ കലാശക്കളിയില്‍ വിറപ്പിക്കാന്‍ ഇഞ്ചിയോണില്‍ ഫസലിന്റെ ക്യാപ്റ്റന്‍സിയില്‍ ഇറങ്ങിയ ഇറാന്‍ ടീമിന് സാധിച്ചു.
അന്നത്തെ പുരുഷ, വനിതാ ഫൈനല്‍ മത്സരങ്ങള്‍ നേരിട്ടു കാണാനും അതിന്റെ ആവേശത്തില്‍ പങ്കാളിയാകാനും മാതൃഭൂമിക്കായി ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസ് റിപ്പോര്‍ട്ട് ചെയ്ത ഈ ലേഖകന് അവസരമുണ്ടായി. ഏഷ്യന്‍ ഗെയിംസ കബഡിയില്‍ ഇന്ത്യയുടെ മേധാവിത്വത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ ഇറാനു സാധിക്കുമെന്നു തെളിയിക്കുന്ന പ്രകടനമാണ് അവരുടെ പുരുഷ, വനിതാ ടീമുകള്‍ അന്ന് നടത്തിയത്. ലീഡ് നില അങ്ങോട്ടുമിങ്ങോട്ടും മാറിമറിഞ്ഞ ത്രസിപ്പിക്കുന്ന ഫൈനലുകള്‍. ഇറാനുവേണ്ടി ആര്‍പ്പുവിളിക്കാനും പ്രോത്സാഹിപ്പിക്കാനും അവിടെ നിന്നുള്ള വനിതകളടക്കമുള്ള ഇരുപതോളം മാധ്യമപ്രവര്‍ത്തകര്‍. ഇന്ത്യക്കുവേണ്ടി ആരവമുയര്‍ത്തി ഇന്ത്യന്‍ മാധ്യമ സംഘവും. ഒടുവില്‍ പരിചയ സമ്പത്ത് കൈമുതലാക്കി ഇരു വിഭാഗത്തിലും ഇന്ത്യ സ്വര്‍ണം നിലനിര്‍ത്തി.
കബഡി ഫൈനലുകള്‍ കഴിഞ്ഞ ശേഷം ഇറാനില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കാന്‍ അവസരം ലഭിച്ചു. കബഡി മുഖ്യ കായിക വിനോദമായി എടുത്തിരിക്കുന്ന 600ഓളം കബഡി ഗ്രാമങ്ങള്‍ ഇറാനിലുണ്ടെന്ന് അവര്‍ പറഞ്ഞതോര്‍ക്കുന്നു. ഫൈനലില്‍ തോറ്റെങ്കിലും മറ്റു ഇറാന്‍ താരങ്ങള്‍ക്കൊപ്പം ഫസലിന്റെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു.പിന്നാലെ അടുത്ത വര്‍ഷം പി.കെ.എല്ലില്‍ യു മുംബൈയിലേക്ക്.
അരങ്ങേറ്റം കിരീടത്തോടെ
ഇന്ത്യന്‍ പുരുഷ ടീമിനെ 2010ലും വനിതാ ടീമിനെ 2014ലും ഏഷ്യന്‍ ഗെയിംസ് സ്വര്‍ണത്തിലെത്തിച്ച പരിശീലകനാണ് മലയാളിയായ ഇ. ഭാസ്‌കരന്‍. പ്രോ കബഡി ലീഗിന്റെ രണ്ടാം സീസണിലാണ് (2015ല്‍) ഭാസ്‌കരന്‍ യു.മുംബയുടെ പരീശീലകനായെത്തുന്നത്. അനൂപ്കുമാര്‍ നയിച്ച താരനിബിഡമായ ടീമില്‍ പ്രതിരോധത്തില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ച വയ്ക്കാന്‍ ഫസലിനായി.ആദ്യ സീസണില്‍ ഗംഭീര പ്രകടനം കാഴ്ച വച്ചിട്ടും ഫൈനലില്‍ ജയ്പുര്‍ പിങ്ക് പാന്തേഴ്‌സിനോട് തോറ്റതിന്റെ ക്ഷീണം തീര്‍ക്കാനിറങ്ങിയ യു മുംബ രണ്ടാം സീസണില്‍ രാജകീയമായ പ്രകടനങ്ങളോടെയാണ് കിരീടം സ്വന്തമാക്കിയത്.
ഗ്രൂപ്പില്‍ 14 മത്സരങ്ങളില്‍ 12ലും വിജയിച്ചാണ് ടീം സെമി ഫൈനലിന് യോഗ്യത നേടിയത്. സെമിയില്‍ പാറ്റ്‌ന പൈറേറ്റ്‌സിനെ തകര്‍ത്ത് (3518) യു മുംബയുടെ മുന്നില്‍ കലാശക്കളിയില്‍ ബെംഗളുരു ബുള്‍സും വീണു (3630). ഫസലിനും അഭിമാനിക്കാവുന്ന നേട്ടമായി പി.കെ.എല്‍ കിരീടം. പി.കെ.എല്ലില്‍ പ്രതിരോധത്തില്‍ ലെഫ്റ്റ് കവറില്‍ റെയ്ഡര്‍മാര്‍ക്ക് ഫസല്‍ പേടി സ്വപ്നമായി മാറുന്നതാണ് തുടര്‍ന്ന് കണ്ടത്.പത്ത് വര്‍ഷത്തിനുള്ളില്‍ നാല് ടീമുകളുടെ ഭാഗമാകാന്‍ കഴിഞ്ഞുവെന്നത് ഇറാന്‍ താരത്തിന്റെ താരമൂല്യം വ്യക്തമാക്കുന്നതാണ്.
പി.കെ.എല്ലിലെ ഫസല്‍ അടക്കമുള്ള ഇറാന്‍ താരങ്ങളുടെ കരുത്തിലാണ് 2018 ഏഷ്യന്‍ ഗെയിംസിന്റെ സെമി ഫൈനലില്‍ ഇറാന്‍ , ഇന്ത്യയെ അട്ടിമറിച്ചത്. ഫൈനലില്‍ ദക്ഷിണ കൊറിയയെ തോല്‍പ്പിച്ച് അവര്‍ ഏഷ്യന്‍ ഗെയിംസ് ചരിത്രത്തിലാദ്യമായ കബഡി സ്വര്‍ണവും നേടി. ഇറാന്‍ കബഡിയിലെ പി.കെ.എല്‍ ഇഫക്റ്റ്.
ടീമംഗങ്ങളെ അവരുടെ താഴ്ചയിലും ഉയര്‍ച്ചയിലും ഒരു പോലെ കൂടെ നിന്ന് പ്രചോദിപ്പിക്കുന്ന ക്യാപ്റ്റന്‍ കൂടിയാണ് ഫസല്‍. കബഡി കളി തുടങ്ങിയ കാലത്ത് ഏറെ വിമര്‍ശനങ്ങള്‍ അദ്ദേഹം കേട്ടിട്ടുണ്ട്. കബഡിയില്‍ വിജയിക്കാനുള്ള പ്രതിഭ ഇല്ലെന്നുള്ളതായിരുന്നു പ്രധാന ആരോപണം. അതിനെയൊക്കെ കാറ്റില്‍ പറത്തിയാണ് പി.കെ.എല്ലിലെ ഏറ്റവും മികച്ച പ്രതിരോധ നിര താരമെന്നല്ല എക്കാലത്തെയും മികച്ച താരങ്ങളിലൊരാളെന്ന ബഹുമതിയിലേക്ക് നടന്നു കയറുന്നത്.

നീക്കങ്ങള്‍ മുന്‍പേ കാണുന്ന ഡിഫന്‍ഡര്‍
റെയ്ഡര്‍മാരുടെ ചലനങ്ങള്‍ വിശകലനം ചെയ്യാനും അവരുടെ അടുത്ത നീക്കം എന്താണെന്ന് മൂന്‍കൂട്ടികാണാനുമുള്ള കഴിവാണ് ഡിഫന്‍ഡര്‍ എന്ന നിലയില്‍ ഫസലിന്റെ പ്ലസ് പോയന്റെന്ന് യു മുംബ ടീമില്‍ താരത്തിന്റെ പരിശീലകനായിരുന്ന ഇ.ഭാസ്‌കരന്‍ പറയുന്നു. ' ഒരു റെയ്ഡറുടെ എല്ലാ ചനലനങ്ങളും നിരീക്ഷിക്കുക, അതില്‍ നിന്നും അവരുടെ അടുത്ത നീക്കം എന്താണെന്ന് കൃത്യമായി മൂന്‍കൂട്ടി കാണാന്‍ കഴിയുക. അവിടെയാണ് കബഡിയില്‍ ഡിഫന്‍ഡറുടെ വിജയം. ആ കഴിവ് ഫസലിനുണ്ട്. അതാണ് ഫസലിന്റെ മിക്ക ടാക്കിളുകളും വിജയിക്കുന്നതിനു കാരണം' ഭാസ്‌കരന്‍ ശിഷ്യനെ വിലയിരുത്തുന്നു. ' 'ഈ ഗുണം കാരണം സിംഗിള്‍ ടാക്കിളില്‍ തന്നെ റെയ്ഡറെ കീഴ്‌പ്പെടുത്താന്‍ ഫസലിനു കഴിയുന്നുണ്ട്. മറ്റ് പ്രതിരോധ നിരതാരങ്ങളുടെ സഹായം മിക്കവാറും ഫസലിന് ആവശ്യമായി വരുന്നതേയില്ല.' പി.കെ.എല്ലില്‍ ഫസലിന്റെ ടാക്കിളുകള്‍ കാണുന്നവര്‍ ഇത് ശ്രദ്ധിച്ചിട്ടുള്ള കാര്യമാണ്.
'ഇറാനില്‍ നിന്നുള്ള കബഡി താരങ്ങളില്‍ ഭൂരിഭാഗവും ചെറുപ്പത്തില്‍ തന്നെ റസലിങ് പരിശീലിച്ചിട്ടുള്ളവരാണ്. അത് അവരുടെ ശരീരത്തിന് നല്‍കുന്ന കരുത്തും ചലനങ്ങള്‍ക്ക് നല്‍കുന്ന അനായാസതയും കബഡിയില്‍ പ്രയോജനപ്പെടുന്നുണ്ട്. റസലിങ് പരിശീലിച്ചിട്ടുള്ള ഫസലിന് ഇതും ഗുണം ചെയ്യുന്നുണ്ട്'. യു മുംബയില്‍ മൂന്നു സീസണുകളില്‍ ഭാസ്‌കരന്‍ ഇറാന്‍ താരത്തെ പരിശീലിപ്പിച്ചിരുന്നു.
കൂള്‍ ജന്റില്‍മാന്‍
കളിക്കളത്തില്‍ അങ്ങേയറ്റം മാന്യനാണ് ഫസലെന്നും ഭാസ്‌കരന്‍ സാക്ഷ്യപ്പെടുത്തുന്നു. 2018ല്‍ നഷ്ടമായ ഏഷ്യന്‍ ഗെയിംസ് കബഡിയിലെ പുരുഷ സ്വര്‍ണം തിരിച്ചു പിടിക്കാന്‍ ഇന്ത്യ വിശ്വാസമര്‍പ്പിച്ചത് ഭാസ്‌കരനിലായിരുന്നു. കഴിഞ്ഞ ഹാങ്ചൗ ഏഷ്യന്‍ ഗെയിംസില്‍ കലാശക്കളിയില്‍ പ്രതീക്ഷിച്ചതുപോലെ ഇന്ത്യയും ഇറാനും ഫൈനലില്‍ മുഖാമുഖം വന്നു. 2018-ല്‍ സെമിയിലേറ്റ തോല്‍വിക്ക് ഇന്ത്യക്ക് മറുപടി പറയേണ്ടതുണ്ടായിരുന്നു. ഇരു ടീമുകളും വാശിയോടെ പൊരുതിയ ഫൈനലില്‍ ഇടയ്ക്ക് ഒരു പോയന്റിനെച്ചൊല്ലി ഇറാന്‍ താരങ്ങള്‍ പ്രതിഷേധിച്ചു. ഇതോടെ മത്സരം മണിക്കൂറുകളോളം തടസപ്പെട്ടിരുന്നു. അപ്പോഴും ഫസല്‍ വ്യത്യസ്തനായിരുന്നുവെന്ന് ഭാസ്‌കരന്‍ സാക്ഷ്യപ്പെടുത്തുന്നു.
'കളിയുടെ നിയമങ്ങളെക്കുറിച്ച് നല്ല ധാരണയുള്ളയാളാണ് ഫസല്‍. അവന്‍ കൂട്ടുകാര്‍ക്കൊപ്പം പ്രതിഷേധിക്കാനോ ബഹളം വയ്ക്കാനോ കൂടിയില്ല. കോര്‍ട്ടിന്റെ ഒരു വശത്ത് ചിരിച്ചുകൊണ്ടു മാറിനില്‍ക്കുകയായിരുന്നു. കബഡി നിയമം അനുസരിച്ച് ന്യായം ഇന്ത്യയുടെ ഭാഗത്താണെന്ന് അവന് അറിയാമായിരുന്നു. കളിക്കളത്തില്‍ എപ്പോഴും കൂളായി പെരുമാറുന്ന, സഹതാരങ്ങളോടും എതിരാളികളോടും കലഹിക്കാത്ത ഒരു കൂള്‍ ജന്റില്‍മാന്‍ ' ഭാസ്‌കരന്‍ തന്റെ ശിഷ്യന് നൂറില്‍ നൂറ് മാര്‍ക്കാണ് നല്‍കുന്നത്. അന്ന് ഏഷ്യന്‍ ഗെയിംസ് കലാശക്കളിയില്‍ ഇറാനെ കീഴടക്കി ഇന്ത്യ സ്വര്‍ണം തിരിച്ചു പിടിച്ചു. ഭാസ്‌കരന് തന്റെ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാനുമായി.
പ്രതിരോധമാണ് ഇറാനില്‍ നിന്നുള്ള കബഡി താരങ്ങളില്‍ മിക്കവരുടെയും കരുത്ത്. മിറാജ് ഷേക്ക്, ഹാദി ഒഷ്ടറോക്ക് തുടങ്ങിയ നിരവധി താരങ്ങള്‍ പി.കെ.എല്ലില്‍ അത് തെളിയിച്ചിട്ടുമുണ്ട്. അവരില്‍ സുല്‍ത്താന്‍ താന്‍ തന്നെയാണെന്ന് തെളിയിച്ചാണ് ഫസല്‍ പി.കെ.എല്ലില്‍ വെന്നിക്കൊടി പാറിക്കുന്നത്.
Content Highlights: Fazel Atrachali,known as the `Sultan`of Kabaddi, achieves a historic milestone in Pro Kabaddi League
Published: 05 Nov 2024, 10:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented