പ്പിനും കൊലക്കയറിനും ഇടയില്‍ സെസര്‍ ലൂയിസ് മെനോട്ടി എന്ന പരിശീലകന് മുന്നില്‍ പണ്ടൊരു  ചോദ്യം ഉയര്‍ന്നുവന്നു. ആദ്യമായി ആതിഥേയത്വം വഹിക്കുന്ന 1978ലെ ലോകകപ്പിനുള്ള അര്‍ജന്റീന ടീമില്‍ ആരെ ഉള്‍പ്പെടുത്തും. പതിനേഴുകാരനായ അന്നത്തെ സെന്‍സേഷന്‍ ഡീഗോ മാറഡോണയെയോ ഒരു ലോകകപ്പിന്റെ അനുഭവസമ്പത്തുള്ള ഇരുപത്തിനാലുകാരന്‍ മരിയോ കെംപസിനെയോ. അത്ഭുതപ്രതിഭാസമായ ഡീഗോയ്ക്കുവേണ്ടി സമ്മര്‍ദവും മുറവിളിയും ഉണ്ടായിട്ടും മെനോട്ടി കുലുങ്ങിയില്ല. സകലരെയും ഞെട്ടിച്ചുകൊണ്ട് കെംപസിനെ ടീമിലെടുത്തു.

To advertise here,

ലോകം മുഴുവന്‍ വിമര്‍ശിച്ചിട്ടും, നാട്ടില്‍ തോറ്റാല്‍ മിലിട്ടറി ഭരണകൂടത്തിന്റെ ദയാരഹിതമായ ശിക്ഷ ഏറ്റുവാങ്ങേണ്ടിവരുമെന്ന് ഉറപ്പായിട്ടും മെനോട്ടി ഒരടി പിന്നോട്ടുപോയില്ല. ഈ ചൂതാട്ടം തെറ്റിയില്ല. മിലിട്ടറി ജുണ്ടയുടെ കണ്‍വെട്ടത്ത് വിവാദങ്ങള്‍ വേണ്ടുവോളം അരങ്ങേറിയ ടൂര്‍ണമെന്റില്‍ ജയിച്ച് അര്‍ജന്റീന ആദ്യമായി ലോകചാമ്പ്യന്മാരായി. ഹോളണ്ടിനെതിരായ ഫൈനലിലെ ഇരട്ട ഗോളടക്കം മൊത്തം ആറ് ഗോളുമായി കെംപസായിരുന്നു ടോപ് സ്‌കോറര്‍. അര്‍ജന്റീന ഫുട്‌ബോളില്‍ അത് പുതിയൊരു യുഗത്തിന്റെ തുടക്കവുമായി. 

placeholder
1978 ഫുട്‌ബോള്‍ ലോകകപ്പ് ഫൈനലിലെ തന്റെ ഗോള്‍ നേട്ടം ആഘോഷിക്കുന്ന മരിയോ കെംപസ്. ഫൈനലിലെ കെംപസിന്റെ ഇരട്ട ഗോളുകളാണ് അര്‍ജന്റീനയെ ചാമ്പ്യന്മാരാക്കിയത്.

'യുക്തമെന്ന് തോന്നുന്നതാണ് ഞാന്‍ ചെയ്തത്. മാറഡോണ അന്ന് തീരേ ചെറുപ്പമായിരുന്നു. വളരെ ചെറുതും. പ്രതീക്ഷയുടെ ഭാരം പേറാനാവില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു'-പതിവ് തത്വജ്ഞാനശൈലിയില്‍ മെനോട്ടി പില്‍ക്കാലത്ത് പറഞ്ഞു.

മെനോട്ടി പക്ഷേ, മാറഡോണയെ കൈവിട്ടില്ല. തൊട്ടടുത്ത വര്‍ഷം ജപ്പാനില്‍ നടന്ന അണ്ടര്‍ 20 യൂത്ത് ലോകകപ്പില്‍ ഡീഗോയെ നായകനാക്കി. ടൂര്‍ണമെന്റില്‍ അര്‍ജന്റീന ആദ്യമായി കിരീടം ചൂടി. മികച്ച താരത്തിനുള്ള ഗോള്‍ഡണ്‍ ബോളും ആറ് ഗോളുമായി മികച്ച രണ്ടാമത്തെ ഗോള്‍സ്‌കോററുമായി ഡീഗോ ലോകഫുട്‌ബോളിലേയ്ക്കുള്ള തന്റെ അത്ഭുതവരവ് അറിയിക്കുകയും ചെയ്തു. നാലു വര്‍ഷത്തിനുശേഷം അര്‍ജന്റീന ബ്രിട്ടനോട് ഫാല്‍ക്കണ്‍ യുദ്ധം തോല്‍ക്കുകയും ഡീഗോയ്ക്ക് സസ്‌പെന്‍ഷന്‍ കാരണം ഇടയ്ക്ക് മടങ്ങേണ്ടിവരികയും ചെയ്ത 1982ലെ സ്‌പെയിന്‍ ലോകകപ്പ് മെനോട്ടിയുടെ അവസാന ലോകകപ്പായി. അടുത്ത ലോകകപ്പോടെ ഡീഗോ മാറഡോണ ഒരു പ്രതിഭാസമായി ലോകം കീഴടക്കുകയും ചെയ്തു. തന്റെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളില്‍ ഡി സ്‌റ്റെഫാനോയ്ക്കും യൊവാന്‍ ക്രൈഫിനും പെലെയ്ക്കുമൊപ്പം മാറഡോണയെയും നെഞ്ചോട് ചേര്‍ക്കുന്നുണ്ട് മെനോട്ടി. പിന്നീട് ഇതേ ഡീഗോയ്ക്ക് ചുറ്റും പുതിയൊരു അര്‍ജന്റീന ടീം രൂപപ്പെട്ടതിനും മെസ്സി വരെ നീളുന്ന പുതിയൊരു പ്രതാപകാലം തിരിച്ചുവന്നതിനും കാലം സാക്ഷി.

മെലിഞ്ഞുനീണ്ട, തോളറ്റം മുടി നീട്ടിവളര്‍ത്തിയ, ചുണ്ടില്‍ സദാ സിഗരറ്റ് എരിയുന്ന എല്‍ ഫിഗോ എന്ന അപരനാമം പേറുന്ന സെസനര്‍ മെനോട്ടിയെന്ന പരിശീലകന്‍ മുന്നില്‍ നിന്നു നയിച്ച ഈ രണ്ട് ചാമ്പ്യന്‍ഷിപ്പുകളാണ്, സത്യത്തില്‍, അര്‍ജന്റൈന്‍ ഫുട്‌ബോളിന്റെ തലക്കുറി തിരുത്തിക്കുറിച്ചത്. വ്യക്തമായ രാഷ്ട്രീയ നിലപാടും കാഴ്ചപ്പാടുമുള്ള മെനോട്ടി ചുമതല ഏറ്റെടുക്കുംവരെ അത്ര ശുഭകരമായിരുന്നില്ല അര്‍ജന്റൈന്‍ ഫുട്‌ബോളിന്റെ അവസ്ഥ. രാഷ്ട്രീയത്തിലെ അസ്ഥിരതയും ആശങ്കകളും കളിയിലും നിഴലിട്ടത് സ്വാഭാവികം. നാലു കൊല്ലം മുന്‍പ് ഡച്ച് ടോട്ടല്‍ ഫുട്‌ബോളിനോട് നാണംകെട്ട് ജര്‍മനിയില്‍ നിന്ന് മടങ്ങേണ്ടിവന്നതു മുതല്‍ ഒരു രക്ഷാമാര്‍ഗത്തിനുവേണ്ടിയുള്ള തിരച്ചിലായിരുന്നു അര്‍ജന്റീന. 

അറുപതുകളില്‍ ഓസ്‌വാള്‍ഡോ സുബേല്‍ഡിയയുടെ ആന്റി ഫുട്‌ബോള്‍ എന്ന അമിത പ്രതിരോധ, രസംകൊല്ലി ശൈലിയുടെ പിടിയിലായിരുന്നു അന്നുവരെ ടീം. യൂറോപ്പിന്റെ ദ്രുതവേഗ ഫുട്‌ബോളിന് മുന്നില്‍ കേവലം കാഴ്ചക്കാരായിപ്പോയ കാലം. ഇതേ കാലത്തു തന്നെയാണ്, പക്ഷേ, അയല്‍ക്കാരായ ബ്രസീല്‍ ജോഗോ ബൊണീറ്റോ, അഥവാ ബ്യൂട്ടിഫുള്‍ ഗെയിമിന്റെ വക്താക്കളായി യൂറോപ്പിനെ നെഞ്ചുവിരിച്ച് നേരിട്ടത് എന്നത് മറ്റൊരു കാര്യം. എഴുപതിലെ ലോകകപ്പില്‍ പെലെയുടെ നേതൃത്വത്തിലുള്ള ബ്രസീലിന്റെ സുന്ദര ഫുട്‌ബോള്‍ കണ്ട് കൊതിച്ച് കോച്ചിങ്ങിലേയ്ക്ക് ഇറങ്ങിയ മെനോട്ടി ആദ്യം ചെയ്തത് ഈ ശൈലി അടിമുടി പൊളിച്ചു പണിയുകയായിരുന്നു. രാഷ്ട്രീയ അനിശ്ചിതത്വത്തിലും സൈനിക ഭരണത്തിന്റെ കിരാതവാഴ്ചയിലും വീര്‍പ്പുമുട്ടിക്കഴിഞ്ഞ ജനതയുടെ സ്വാതന്ത്ര്യവാഞ്ജയെ കളിക്കളത്തിലേയ്ക്ക് തുറന്നുവിടുകയായിരുന്നു, പെപെലെയ്‌ക്കൊപ്പം പണ്ട് സാന്റോസില്‍ കളിച്ച മെനോട്ടി. ഇത് അര്‍ജന്റൈന്‍ ഫുട്‌ബോളിന് കണ്ടു മറന്നൊരു പുതിയ സൗന്ദര്യം തിരിച്ചുകൊടുത്തു. മുപ്പതുകളില്‍ കളിച്ചു മറന്ന ഈ ശൈലിയാണ് ന്യൂവെല്‍സ് ഓള്‍ഡ് ബോയ്‌സിലും ഹുറാക്കനിലും അര്‍ജന്റീന ദേശീയ ടീമിലും പില്‍ക്കാലത്ത് റയല്‍ മാഡ്രിഡിലുമെല്ലാം നടത്തിയത്. കണ്ണിന് ആനന്ദം പകരുന്ന വിരുന്ന് എന്നാണ് ഹുറാക്കന്റെ കളിയെക്കുറിച്ച് അന്നൊരു പത്രം മുഖപ്രസംഗം എഴുതിയത്. അര്‍ജന്റൈന്‍ ജനത ആഗ്രഹിച്ച പൊടിക്കൈകളെല്ലാം ആ ശൈലിയിലുണ്ടായിരുന്നു. ഡീഗോ മാറഡോണയും മരിയോ കെംപസും ഡാനിയല്‍ പാസറെല്ലയും പോലുള്ള വ്യക്തിഗത മികവുള്ള താരങ്ങള്‍ക്ക് അറിഞ്ഞ് വിളയാടാനുള്ള സകല ചേരുവകളും. തൊണ്ണൂറുകളുടെ തുടക്കത്തില്‍ കാര്‍ലോസ് ബിലാര്‍ഡോ വരുംവരെ മെനോട്ടിസ്‌മൊ എന്ന ഈ ശൈലിയിലായിരുന്നു അര്‍ജന്റീന. മാഴ്‌സെലോ ബിയല്‍സയെയും യോര്‍ഗെ സാംപോളിയെയും പോലുള്ളവര്‍ ഈ ശൈലിയുടെ പ്രചാരകരായി. ഈ രണ്ട് ശൈലികള്‍ക്കിടയിലുള്ള ചാഞ്ചാട്ടം ഏതാണ്ട് ഒരു പതിറ്റാണ്ടുകാലം അര്‍ജന്റീനയുടെ ധര്‍മസങ്കടമായി തുടര്‍ന്നു.

placeholder
ലൂയിസ് മെനോട്ടി - 2007-ലെ ചിത്രം | AP

വിഡ്ഢികളെ സൃഷ്ടിക്കുന്ന പഴയ വലതുപക്ഷ ശൈലിയെ നഖശിഖാന്തം വിമര്‍ശിക്കുകയും ചെയ്തു കറകളഞ്ഞ ഇടതുപക്ഷക്കാരനായ മെനോട്ടി. കേവല ജയങ്ങള്‍ക്ക് അപ്പുറത്തേയ്ക്ക് വളരുന്നതായിരുന്നു മെനോട്ടിയുടെ ഫുട്‌ബോള്‍ ഫിലോസഫി. തന്ത്രങ്ങള്‍ക്കല്ല, ആശയങ്ങള്‍ക്കാണ് ഇതില്‍ വില. വിപ്ലവകാരികള്‍ക്കേ ഫുട്‌ബോളില്‍ സ്ഥാനമുള്ളൂ എന്നു വാദിച്ച മെനോട്ടി പെപ് ഗ്വാര്‍ഡിയോളയെ ഫുട്‌ബോളിലെ ചെ ഗ്വവേരയെന്നാണ് വിശേഷിപ്പിച്ചത്. ശൈലിയാണ് ഫുട്‌ബോളിന്റെ പ്രാണന്‍. അതുതന്നെയാണ് കളിയുടെ രാഷ്ട്രീയമെന്നും മെനോട്ടിയിലെ രാഷ്ട്രീയക്കാരന്‍ വാദിച്ചു.

രാഷ്്ട്രീയപരമായി എതിര്‍ ചേരിയില്‍ നിലകൊള്ളുമ്പോഴും എതിര്‍ശബ്ദങ്ങളെ നിഷ്‌കരുണം നിശബ്ദമാക്കിയ സൈനിക ഏകാധിപതി യോര്‍ഗെ റാഫേല്‍ വിദേലയുമായി കൊമ്പുകോര്‍ക്കാതിരിക്കാനുള്ള മെയ്‌വഴക്കവും മെനോട്ടി പ്രദര്‍ശിപ്പിച്ചു. ഇടതുചേര്‍ന്നു പോകുന്ന അര്‍ജന്റൈന്‍ ഫുട്‌ബോളും വലതുഭരണകൂടവും ഇങ്ങനെ തമ്മിലുടക്കാതെ മുന്നേറി. ലോകകപ്പ്‌നേട്ടം അര്‍ജന്റീനയുടെ പഴയ പ്രതാപകാലത്തിന് സമര്‍പ്പിച്ച മെനോട്ടി സൈനിക ഭരണത്തിന് മുന്‍പുള്ള കാലത്തെ സ്വാതന്ത്ര്യത്തെ ഓര്‍മപ്പെടുത്താനും മറന്നിരുന്നില്ല. പുറത്ത് ജനത അസ്വാതന്ത്ര്യത്തില്‍ കഴിയുമ്പോള്‍ കളിക്കളത്തില്‍ കളിക്കാര്‍ സര്‍വസ്വാതന്ത്ര്യവും അനുഭവിച്ചു. ഈ സ്വാതന്ത്ര്യം തന്നെയായിരുന്നു ടീമിന്റെ ശൈലിയും സൗന്ദര്യവും. പല തന്ത്രികളില്‍ വിരിയുന്ന സംഗീതം എന്നായിരുന്നു അന്നതിന് വിശേഷണം. അതങ്ങനെ മറ്റൊരു രൂപത്തിലുള്ള പ്രതിവിപ്ലവമായി. പുറത്തുനിന്ന് പൊരുതുന്നതിനേക്കാള്‍ നല്ലത് അകത്തു നിന്ന് പൊരുതുന്നതാണ് എന്നായിരുന്നു അക്കാലത്ത് അര്‍ജന്റീനയിലെ സ്‌പോര്‍ട്‌സ് മാസികയായ എല്‍ ഗ്രാഫിക്കോ ഈ വിചിത്ര പൊരുത്തത്തെക്കുറിച്ച് എഴുതിയത്.

ദേശീയ ടീമിന്റെ ഘടനയെയും അടിമുടി മാറ്റിമറിച്ചാണ് മെനോട്ടി എഴുപത്തിയെട്ടിലെ ലോകകപ്പിന് ഇറങ്ങിയത്. നഗഗരങ്ങളിലെ വമ്പന്‍ ക്ലബുകള്‍ക്ക് പകരം പകരം പ്രവിശ്യകളിലെ കളിക്കാരെ വച്ചാണ് മെനോട്ടി ടീം പുന:സംഘടിപ്പിച്ചു. എതിര്‍പ്പ് വലുതായിരുന്നു. പക്ഷേ, മെനോട്ടി കാര്യമാക്കിയില്ല. കര്‍ക്കശ ക്യാമ്പുകള്‍ കൊണ്ടാണ് കളിക്കാരെ സാങ്കേിതകമായും ശൈലീപരമായും പുതിയ അച്ചിലേയ്ക്ക് കളിക്കാരെ മാറ്റി വാര്‍ത്തത്. ഇതിന്റെയെല്ലാം ആകെത്തുകയാണ് ആ ലോകകപ്പില്‍ കണ്ടത്. പെറുവിന് വലിയ മാര്‍ജിനില്‍ തോല്‍ക്കാന്‍ കൈക്കൂലി കൊടുത്തുവെന്നും ഭാര്യയെയും മക്കളെയും ബന്ദികളാക്കി യൊവാന്‍ ക്രൈഫിനെ കളിയില്‍ നിന്ന് അകറ്റിനിര്‍ത്തി എന്നുമെല്ലാം സൈനിക ഭരണകൂടത്തിനെതിരേ ആരോപണശരങ്ങള്‍ ഏറെയുണ്ടെങ്കിലും അതൊന്നും മെനോട്ടിയുടെ നേട്ടങ്ങളുടെ നിറംകെടുത്തുന്നില്ല. വാസ്തവത്തില്‍ ഡീഗോ മാറഡോണയ്ക്കും ലയണല്‍ മെസ്സിക്കും ഒപ്പം തന്നെയാണ് അര്‍ജന്റീന ഫുട്‌ബോളില്‍ മെനോട്ടിയുടെയും സ്ഥാനം. കളിക്കളത്തിലെ ശൈലിക്കും പുറത്തെ രാഷ്ട്രീയ നിലപാടിനും എക്കാലത്തും മെനോട്ടിയെ വിമര്‍ശിച്ച ആളാണ് നിലവിലെ പ്രസിഡന്റ് ഹാവിയര്‍ മിലെയ്. രാജ്യത്ത് സന്തോഷം സമ്മാനിച്ച ഏറ്റവും വലിയ ആള്‍ എന്നാണ് മെനോട്ടിയെ മിലെയ് വിശേഷിപ്പിച്ചത്. മെനോട്ടിയുടെ കളി ശൈലിയോട് യോജിപ്പില്ലെങ്കിലും ആ സംഭാവനകളെ അങ്ങേയറ്റം വിലമതിക്കുന്നുവെന്നും മിലെയ് അനുശോചനക്കുറിപ്പില്‍ പറഞ്ഞു.

placeholder
ഡീഗോ മാറഡോണ, സെസര്‍ ലൂയിസ് മെനോട്ടി, അലെയ്ന്‍ ജിറെസ്സെ എന്നിവര്‍

പുകവലിയായിരുന്നു മെനോട്ടിയുടെ ജീവിതത്തിലെ ഏറ്റവും വലിയ വില്ലന്‍. അര്‍ബുദം കാരണം അച്ഛനെ ചെറിയ പ്രായത്തില്‍ തന്നെ നഷ്ടപ്പെട്ടെങ്കിലും സിഗരറ്റ് ചുണ്ടില്‍ നിന്ന് ഒഴിവാക്കാന്‍ മെനോട്ടിക്ക് കഴിഞ്ഞിരുന്നില്ല. ഒന്നില്‍ നിന്ന് മറ്റൊന്ന് കൊളുത്തുന്ന ഈ സിഗരറ്റ് മെനോട്ടിയുടെ മുഖമുദ്രയാവുകയും ചെയ്തു. ഇത് ശ്വാസകോശത്തെ ഗുരുതരമായി ബാധിച്ച് ആരോഗ്യം വഷളായി. ഒടുവില്‍ മരണത്തില്‍ കലാശിക്കുകയും ചെയ്തു. മെനോട്ടി മണ്‍മറഞ്ഞു. പക്ഷേ, ഫുട്‌ബോള്‍ ലോകത്ത് വലിയൊരു ചിന്താധാര ബാക്കിവെച്ചാണ് ആ മടക്കം. അവസാന കാലത്ത് ഒരിക്കല്‍ മെനോട്ടി പറഞ്ഞു: കളിക്കാര്‍ക്ക് ഓട്ടം നിര്‍ത്താം. ദീര്‍ഘകാലം കളിക്കാതെയിരിക്കാം. പക്ഷേ, ചിന്തിക്കാതിരിക്കാന്‍ മാത്രം കഴിയില്ല. സെസര്‍ മെനോട്ടി ബാക്കിവയ്ക്കുന്നത് ഈ മെനോട്ടിസ്‌മോ തന്നെയാണ്.