എല്ലാ മത്സരങ്ങളും ആധികാരികമായി ജയിച്ച് ഫൈനലില്‍. ജപ്പാന്റെ ലോകചാമ്പ്യനും ലോക ഒന്നാംനമ്പര്‍ താരവുമായ യുയി സുസാക്കിയെ അടക്കം അട്ടിമറിച്ചായിരുന്ന ആ ഗംഭീര പ്രവേശം. യുക്രൈന്റെ ഒക്‌സാന ലിവാച്ച്, ക്യൂബയുടെ യുസ്‌നെയ്‌ലിസ് ഗുസ്മാന്‍ തുടങ്ങിയവരെയെല്ലാം പരാജയപ്പെടുത്തിയുള്ള ആ മുന്നേറ്റം പക്ഷേ, ഒട്ടും പ്രതീക്ഷിക്കാത്ത രൂപത്തിലാണ് അവസാനിച്ചത്. 

To advertise here,

ഫൈനല്‍ ദിവസത്തിന്റെ അന്ന് രാവിലെ നടത്തിയ ഭാരപരിശോധനയില്‍ അനുവദിച്ച 50 കിലോഗ്രാം ഭാരത്തേക്കാള്‍ കേവലം നൂറ് ഗ്രാം അധികം തൂക്കം കണ്ടു. തലേന്ന് രാത്രി മുഴുവന്‍ ഒരുപോള കണ്ണടയ്ക്കാതെ കഠിനവ്യായാമം നടത്തി ശരീരഭാരം രണ്ട് കിലോയോളം കുറച്ചിരുന്നു. രാത്രി മുഴുവന്‍ സൈക്ലിങ്ങും മറ്റു വ്യായാമങ്ങളും നടത്തി. ഡീഹൈഡ്രേഷന്‍ നടത്തി. രക്തം പുറന്തള്ളുകയും മുടി മുറിക്കുകപോലും ചെയ്തിരുന്നു. എന്നിട്ടും നൂറ് ഗ്രാം വില്ലനായി വഴിമുടക്കിയെത്തി. അതോടെ ഫൈനലില്‍ തോറ്റാലും ലഭിക്കുമായിരുന്ന വെള്ളിയും ഇല്ലാതായി. ഭാരപരിശോധനയില്‍ പരാജയപ്പെട്ടതോടെ ഒരു റാങ്കും ഇല്ലാതെ അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 

ആശുപത്രിവാസം, വിരമിക്കല്‍

പിന്നാലെ വിനേഷിനെ ഡീഹൈഡ്രേഷന്‍ കാരണം ഒളിമ്പിക്‌ വില്ലേജിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത വ്യായാമമുറകള്‍ വിനേഷിനെ വല്ലാതെ ക്ഷീണിപ്പിച്ചിരുന്നു. അതുകഴിഞ്ഞ് 'ഗുഡ് ബൈ റസ്ലിങ്' എന്ന് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ട് ഗുസ്തിയില്‍നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു. 'എനിക്കെതിരായ മത്സരത്തില്‍ ഗുസ്തി ജയിച്ചു, ഞാന്‍ പരാജയപ്പെട്ടു... ക്ഷമിക്കൂ, നിങ്ങളുടെ സ്വപ്‌നങ്ങളും എന്റെ ധൈര്യവും നശിച്ചു. ഇനിയെനിക്ക് ശക്തിയില്ല. ഗുഡ്‌ബൈ റസ്ലിങ്‌ 2001-2024' എന്നായിരുന്നു ആ പോസ്റ്റ്. 

കായികകോടതിയില്‍

അയോഗ്യയാക്കപ്പെട്ട നടപടിക്കെതിരേ കായിക തര്‍ക്ക പരിഹാര കോടതിയില്‍ അപ്പീല്‍ നല്‍കുകയാണ് പിന്നീട് ചെയ്തത്. നിയമാനുസൃതമായ രീതിയിലും ഭാരത്തിലുമാണ് ഫൈനല്‍ വരെ മത്സരിച്ചതെന്നും അതിനാല്‍ വെള്ളി മെഡല്‍ പങ്കിടണമെന്നും ആവശ്യപ്പെട്ടാണ് ഫോഗട്ട് അപ്പീല്‍ നല്‍കിയത്. ഓഗസ്റ്റ് ഒന്‍പതിന് കായിക കോടതി അപ്പീല്‍ ഫയലില്‍ സ്വീകരിക്കുകയും ചെയ്തു. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് നിര്‍ദേശം നല്‍കി. രാജ്യത്തെ പ്രമുഖരെല്ലാം വിനേഷിന് പിന്തുണയുമായെത്തി. 

തുടര്‍ന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനെ പ്രതിനിധാനം ചെയ്ത് പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ കായിക കോടതിയില്‍ കോടതിയില്‍ ഹാജരാവാന്‍ തീരുമാനിച്ചു. ഒളിമ്പിക്‌സ് കഴിയുന്നതിനു മുന്നേ വിധി വരുമെന്നായിരുന്നു പ്രതീക്ഷിച്ചതെങ്കിലും കായിക കോടതി വിഷയത്തില്‍ ഇടപെട്ടില്ല. ഒന്നാമതും രണ്ടാമതും മൂന്നാമത് തവണയും കേസ് മാറ്റിവെച്ചു. ഇതിനിടെ വിനേഷ് ഫോഗട്ടിനെ കൈയൊഴിഞ്ഞ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും രംഗത്തെത്തി. അയോഗ്യതയ്ക്കിടയാക്കിയ ശരീരഭാരം സംബന്ധിച്ച ഉത്തരവാദിത്വം അസോസിയേഷന്‍ നിയമിക്കുന്ന ചീഫ് മെഡിക്കല്‍ ഓഫീസര്‍ക്ക് ഇല്ലെന്നായിരുന്നു വിശദീകരണം. ഗുസ്തി, ബോക്‌സിങ്, ജൂഡോ ഇനങ്ങളില്‍ ഉത്തരവാദിത്വം താരത്തിനും പരിശീലകനുമാണ്. ഒളിമ്പിക് അസോസിയേഷന്‍ മെഡിക്കല്‍ ടീമിനെതിരായി നടക്കുന്ന വിദ്വേഷപ്രചാരണത്തെ അപലപിക്കുന്നുവെന്നും ഐ.ഒ.എ. അധ്യക്ഷ പി.ടി. ഉഷ പറഞ്ഞു. 

തിരിച്ചടിയായത് 53-ല്‍നിന്ന് 50-ലേക്ക് മാറിയത്‌

സാധാരണ ഗതിയില്‍ 53 കിലോഗ്രാം വിഭാഗത്തിലായിരുന്നു വിനേഷ് ഫോഗട്ട് മത്സരിച്ചുവന്നിരുന്നത്. ഇതില്‍നിന്ന് മാറി 50 കിലോഗ്രാം വിഭാഗത്തിലേക്ക് താഴ്ത്തിപ്പിടിച്ചു. ഇതിനായി കഠിന ശരീര നിയന്ത്രണം ആവശ്യമായിരുന്നു. അതെല്ലാം പാലിച്ച് ഫൈനല്‍ വരെ രാജകീയമായിത്തന്നെ മുന്നേറി. പക്ഷേ, ഫൈനലിനു തലേദിവസത്തെ മൂന്ന് മത്സരങ്ങള്‍ ശരീരഭാരത്തെ തകിടംമറിച്ചു. ഇടയ്ക്കിടെ റിഫ്രഷ്‌മെന്റ് എടുക്കേണ്ടിവന്നതോടെ അനുവദനീയമായതിലും രണ്ട് കിലോഗ്രാം ഭാരം കൂടി. 

ഒളിമ്പിക്സില്‍ ഓരോ ഘട്ടത്തിലും ഭാരപരിശോധനയുണ്ടാകും. സെമി ഫൈനല്‍ കഴിഞ്ഞ് 12 മണിക്കൂറിനകം ഭാരപരിശോധനയുണ്ടായിരുന്നു. ആ 12 മണിക്കൂറിനുള്ളില്‍ രണ്ട് കിലോഗ്രാം ഭാരം കുറയ്ക്കുക എന്നത് വെല്ലുവിളിയായി ഏറ്റെടുത്തു. രാത്രി മുഴുവന്‍ ഉറങ്ങാതെ കഠിനപ്രയത്നം നടത്തിയും ഡീഹൈഡ്രേഷന്‍ സൃഷ്ടിച്ചും വസ്ത്രത്തിന്റെ അളവ് വ്യത്യാസപ്പെടുത്തിയുമെല്ലാം ആവത് ശ്രമിച്ചതാണ്. പക്ഷേ, രാവിലെ ഭാരം പരിശോധിച്ചപ്പോള്‍ നൂറ് ഗ്രാം അധികം. ഇതോടെ അയോഗ്യത കല്‍പിക്കപ്പെട്ടു, ആ സ്വപ്നം പൊലിഞ്ഞു.

ഒളിമ്പിക്‌സ് തകര്‍ച്ചകള്‍

2015-ല്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയതിന്റെ പകിട്ടുമായാണ് വിനേഷ് ബ്രസീലിലെ റിയോ ഡി ജനൈറോയിലേക്ക് വിമാനം കയറിയത്. ഇസ്താംബുളില്‍ നടന്ന ഒളിമ്പിക് യോഗ്യതാ മത്സരത്തില്‍ പോളിഷ് ഗുസ്തി താരം ഇവോന മൊട്ട്കോവ്സ്‌കയെയടക്കം തോല്‍പ്പിച്ച് വന്‍ മുന്നേറ്റം നടത്തിയായിരുന്നു ആ വരവ്. 48 കിലോഗ്രാം വിഭാഗത്തിലായിരുന്നു മത്സരം. 21-ാം വയസ്സില്‍ തനിക്ക് ലഭിച്ച അവസരം അവര്‍ മുതലെടുക്കുകതന്നെ ചെയ്തു. ആദ്യ മത്സരത്തില്‍ റൊമാനിയയുടെ എമിലിയ അലിന വുസിനെ 11-0 ന് തകര്‍ത്ത് തുടക്കമിട്ടു. മത്സരത്തിനിടെ വലത് കൈമുട്ടിന് പരിക്കേറ്റിട്ടും അവര്‍ നിരാശയായില്ല. 

ക്വാര്‍ട്ടറില്‍ ചൈനയുടെ സുന്‍ യനാനായിരുന്നു എതിരാളി. മത്സരം കടുത്തു മുന്നേറവേ, വിനേഷിന്റെ കാല്‍മുട്ടിന് പരിക്കേറ്റു. തുടര്‍ന്ന് അവരെ സ്ട്രെച്ചറില്‍ വഹിച്ചുകൊണ്ടുപോവേണ്ടിവന്നു. കുന്നോളം പ്രതീക്ഷയോടെ കന്നി ഒളിമ്പിക്സിനെത്തിയ താരത്തിന് അങ്ങനെ ഒട്ടും പ്രതീക്ഷിക്കാത്ത വിധത്തില്‍ മടങ്ങേണ്ടി വന്നു. രണ്ടുവര്‍ഷം കഴിഞ്ഞാണ് പരിക്ക് പൂര്‍ണമായി ഭേദമായത്. റിയോ, ടോക്യോ ഒളിമ്പിക്സുകള്‍ക്കിടയില്‍ 17 ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുത്ത വിനേഷ്, 16-ലും മെഡല്‍ നേടി. ഒന്‍പത് സ്വര്‍ണവും ആറ് വെള്ളിയും ഒരു വെങ്കലവും. 

2019-ല്‍ കസാഖ്സ്താനില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയതോടെ ടോക്യോ ഒളിമ്പിക്സിന് യോഗ്യത നേടി. അപ്പോഴേക്കും വിനേഷ് 53 കിലോഗ്രാം വിഭാഗത്തിലേക്ക് മാറിയിരുന്നു. കോവിഡ് കാരണം ഒരുവര്‍ഷം വൈകിയാണ് ടോക്യോ ഒളിമ്പിക്സ് നടത്തിയത്. അന്ന് ലോക ഒന്നാംനമ്പര്‍ താരമാണ് വിനേഷ്. 53 കി.ഗ്രാം വെയ്റ്റ്ക്ലാസില്‍ ടോപ് സീഡും 2021-ലെ ഏഷ്യന്‍ ചാമ്പ്യനുമായി കത്തിനില്‍ക്കുന്ന സമയം. 

പക്ഷേ, കടലാസിലെ വിനേഷ് ഫോഗട്ടിനെയായിരുന്നില്ല ഗോദയില്‍ കണ്ടത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെലാറസിന്റെ വനെസ കലഡ്സിന്‍സ്‌കയയോട് 9-2ന്റെ തോല്‍വി ഏറ്റുവാങ്ങി പുറത്തായി. ഇതോടെ മാനസികമായി തകര്‍ന്ന താരം ഗുസ്തിയില്‍നിന്ന് ഇടവേളയെടുക്കുന്നതായി അറിയിച്ചു.