
ഗോവന്‍ ഫുട്‌ബോളിനോടുള്ള പ്രണയം ഉള്ളില്‍ വളര്‍ത്തിയത് വാസ്‌കോ. മുന്നേറ്റ നിരയിലെ 'എ ബി സി ഡി' കൂട്ടുകെട്ട് ഒരു ഹരമായിരുന്നു അന്ന്. ആന്‍ഡ്രൂ, ബെനഡിക്ട്, കറ്റാവോ, പിന്നെ ഡൊമിനിക്കും. നാലു പേരും ശൂന്യതയില്‍ നിന്ന് ഗോളുകള്‍ സൃഷ്ടിക്കാന്‍ കെല്‍പ്പുള്ള ഐന്ദ്രജാലികര്‍. ജോര്‍ജ്ജ് റോസ്മണ്ടും ചാത്തുണ്ണിയും ഉള്‍പ്പെട്ട മലയാളി സാന്നിധ്യം വേറെ.
വാസ്‌കോയുടെ പ്രതാപം മങ്ങിത്തുടങ്ങിയപ്പോള്‍ സാല്‍ഗോക്കറിനോടായി ഭ്രമം. പച്ചയും വെള്ളയും ഇടകലര്‍ന്ന ജേഴ്സിയണിഞ്ഞ് വന്ദ്യവയോധികനായ കോച്ച് ഒളിമ്പ്യന്‍ ഷണ്‍മുഖത്തിന്റെ നേതൃത്വത്തില്‍ സാല്‍ഗോക്കര്‍ ടീം മൈതാനത്തേക്ക് ഇറങ്ങിവരുന്നത് കാണാന്‍ തന്നെയുണ്ടായിരുന്നു ഒരു ചന്തം. കൂട്ടത്തില്‍ ഒരാളോട് ഇത്തിരി ആരാധന കൂടും - ഗോള്‍ക്കീപ്പര്‍ ബ്രഹ്‌മാനന്ദ് ശംഖ്വാള്‍ക്കറിനോട്.
സാല്‍ഗോക്കറിന്റെ സീനിയര്‍ ടീം ഓര്‍മ്മയാകാന്‍ പോകുന്നു എന്ന വാര്‍ത്തയറിഞ്ഞപ്പോള്‍ ആദ്യം മനസ്സില്‍ വന്നു നിറഞ്ഞത് ബ്രഹ്‌മയുടെ രൂപമാണ്. പറന്നുയര്‍ന്നും കമിഴ്ന്നും മലര്‍ന്നും മുട്ടുകുത്തിയും പോസ്റ്റില്‍ നിന്ന് പോസ്റ്റിലേക്ക് വായുവില്‍ നീന്തിയും ഷോട്ടുകള്‍ കയ്യിലൊതുക്കുന്ന കാവല്‍ ഭടന്റെ. എതിരാളികള്‍ കേരള ടീമുകളാണെങ്കില്‍ പോലും സാല്‍ഗോക്കറിന്റെ വിജയത്തിനായി പ്രാര്‍ത്ഥിക്കാനുള്ള പ്രേരണയും ആ ഭ്രമമായിരുന്നല്ലോ.

കാഴ്ചയില്‍ സൗമ്യന്‍, മിതഭാഷി, ഏകാന്തപഥികന്‍, ശ്രീരാമകൃഷ്ണ ഭക്തന്‍, സമാധാനപ്രേമി. പക്ഷേ മുഴുക്കയ്യന്‍ ജേഴ്സിയും ഗ്ലൗസുമണിഞ്ഞു പോസ്റ്റില്‍ ചെന്ന് നിന്നാല്‍ പൂച്ച പുലിയാകും. വെറും പുലിയല്ല, ഈറ്റപ്പുലി. കാലുകള്‍ വിടര്‍ത്തി, നീണ്ട കൈകള്‍ രണ്ടും വായുവിലെറിഞ്ഞ് ക്രോസ് ബാറിനടിയില്‍ പെനാല്‍റ്റി കാത്തു നില്‍ക്കുന്ന ബ്രഹ്‌മയുടെ ചിത്രം എങ്ങനെ മറക്കാന്‍?
മൂന്ന് പതിറ്റാണ്ടിലേറെ പഴക്കമുള്ള ഒരു ചിത്രമുണ്ട് ഓര്‍മയില്‍. പേടിപ്പെടുത്തുന്ന ഒരു ഫ്രെയിം. ധാക്ക മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗിന് വേണ്ടി കളിച്ചിരുന്ന നൈജീരിയയുടെ ലോകകപ്പ് താരം എമേക്ക എസ്യൂഗോയുടെ തീപാറുന്ന സ്‌പോട്ട് കിക്ക് നെഞ്ചിലൊതുക്കി ബ്രഹ്‌മ പിടഞ്ഞുവീണപ്പോള്‍ കലങ്ങിപ്പോയത് ഗാലറികളില്‍ വീര്‍പ്പടക്കിയിരുന്ന ഞങ്ങളുടെ നെഞ്ചാണ്. അത്ര അകലെ നിന്ന് പോലും കേള്‍ക്കാമായിരുന്നു ആ കിണ്ണം കാച്ചിയ ഷോട്ടിന്റെ മൂളക്കം. കിടന്ന കിടപ്പില്‍ നിന്ന് നിമിഷങ്ങള്‍ കഴിഞ്ഞിട്ടും ബ്രഹ്‌മ എഴുന്നേല്‍ക്കാതായപ്പോള്‍ പിരിമുറുക്കം ആശങ്കയായി, ഉള്‍ക്കിടിലമായി. കിക്കെടുത്ത എസ്യൂഗോ ഉള്‍പ്പെടെ സര്‍വരും ടെന്‍ഷനില്‍. ഈശ്വരാ, എന്തെങ്കിലും പറ്റിയോ ബ്രഹ്‌മക്ക്?
എന്തു പറ്റാന്‍? പുഴയുടെ ആഴങ്ങളില്‍ നിന്ന് സ്ലോമോഷനില്‍ പൊന്തിവരുന്ന 'നരസിംഹ'ത്തിലെ മോഹന്‍ലാലിനെ പോലെ അടുത്ത നിമിഷം നിലത്തുനിന്ന് കൈയില്‍ പന്തുമായി ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു ബ്രഹ്‌മാനന്ദ്. മുഖത്ത് സ്ഥായിയായ നിസ്സംഗഭാവം. പന്തുമായി മുന്നിലേക്ക് നടന്നു ചെന്ന് എമേക്ക എസ്യൂഗോയുടെ കൈപിടിച്ച് കുലുക്കുന്നു ബ്രഹ്‌മ. 'എന്നെ തോല്‍പ്പിക്കാന്‍ എസ്യൂഗോ വേറെ ജനിക്കണം' എന്ന് മനസ്സില്‍ പറഞ്ഞിരിക്കണം ആ നിമിഷം ബ്രഹ്‌മ.

പിറ്റേന്ന് കാലത്ത്, താമസിക്കുന്ന ഹോട്ടലില്‍ ചെന്ന് കണ്ടപ്പോള്‍ അവിശ്വസനീയമായ ആ സേവിനെ കുറിച്ച് ബ്രഹ്‌മ പറഞ്ഞ വാക്കുകള്‍ ഇന്നുമുണ്ട് ഓര്‍മ്മയില്‍: 'ചില നിമിഷങ്ങളില്‍ ദൈവം നമ്മുടെ കൈകളില്‍ അവതരിക്കും; നാം പോലും നിനച്ചിരിക്കാതെ. അത് അത്തരമൊരു നിമിഷമായിരുന്നു..'
അതുപോലുള്ള എത്രയെത്ര ദൈവിക നിമിഷങ്ങള്‍. മനഃപാഠമായിരുന്നു അന്നത്തെ സാല്‍ഗോക്കര്‍ ലൈനപ്പ്. ഡെറിക് പെരേര, നോര്‍ബര്‍ട്ട് ഗോണ്‍സാല്‍വസ്, സാവിയോ മഡേര, ലോറന്‍സ് ഗോംസ്, ബ്രൂണോ കുടീന്യോ, റോയ് ബറേറ്റോ....എല്ലാവരും അസാമാന്യ പ്രതിഭകള്‍. ദേശീയ ലീഗും ഫെഡറേഷന്‍ കപ്പും സേട്ട് നാഗ്ജിയും ഉള്‍പ്പെടെ എണ്ണമറ്റ അഖിലേന്ത്യാ ടൂര്‍ണമെന്റുകളില്‍ സാല്‍ഗോക്കറിന്റെ അവിസ്മരണീയ വിജയങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഒരാള്‍ക്ക് എങ്ങനെ ഈ അസാന്നിധ്യം ഉള്‍ക്കൊള്ളാനാകും? കളി റിപ്പോര്‍ട്ട് ചെയ്തിട്ട് വര്‍ഷങ്ങളായെങ്കിലും സാല്‍ഗോക്കര്‍ ഇന്നും ഒരു ലഹരിയായി ഉള്ളിലുണ്ട്. ബ്രഹ്‌മാനന്ദിന്റെ അക്രോബാറ്റിക് സേവുകളും.

1956-ലാണ് ഗോവന്‍ ഫുട്‌ബോളില്‍ സാല്‍ഗോക്കറിന്റെ ഉദയം. ആദ്യ ഫസ്റ്റ് ഡിവിഷന്‍ കിരീടവിജയം 1961-ല്‍. ഫെഡറേഷന്‍ കപ്പും ദേശീയ ലീഗ് കിരീടവും ഡ്യൂറന്‍ഡ് കപ്പും ആദ്യമായി ഗോവയിലേക്ക് കൊണ്ടുവന്നത് സാല്‍ഗോക്കറാണ്. ഐ എസ് എല്ലിന്റെ വരവോടെ ഇന്ത്യന്‍ ഫുട്‌ബോള്‍ ഭൂപടത്തില്‍ നിന്ന് മാഞ്ഞുതുടങ്ങിയ സാല്‍ഗോക്കര്‍ ഏറെക്കാലമായി മുഖ്യധാരയില്‍ ഉണ്ടായിരുന്നില്ല. സീനിയര്‍ തലത്തില്‍ ഇനി ക്ലബ്ബ് മത്സര രംഗത്തുണ്ടാവില്ല എന്ന പ്രഖ്യാപനം അതുകൊണ്ടുതന്നെ ഞെട്ടലുളവാക്കുന്നില്ല താനും.
മഫത്ത്‌ലാല്‍, മഹീന്ദ്രാസ്, ജെ സി ടി, സേസ, പ്രീമിയര്‍ ടയേഴ്സ്, അലിന്‍ഡ്.... ഫുട്‌ബോളിന്റെ മുഖ്യധാരയില്‍ നിന്ന് അപ്രത്യക്ഷമായ അസംഖ്യം ഇന്ത്യന്‍ ക്ലബുകളുടെ നിരയിലേക്കിതാ പ്രിയപ്പെട്ട സാല്‍ഗോക്കറും. ദുഖമുണ്ട്. കളിയെഴുത്തിന് ചൂരും ചൂടും ദിശാബോധവും പകര്‍ന്ന ടീമുകള്‍ ഒന്നൊന്നായി മായുമ്പോള്‍ എങ്ങനെ ദുഃഖിക്കാതിരിക്കും?
Content Highlights: Brahmanand Sankhwalkar and Salgaocar fc Goan stalwart
Published: 28 Jun 2023, 10:04 pm IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented